This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോകക്, വി.കെ. (1909 - 92)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോകക്, വി.കെ. (1909 - 92)

വി.കെ. ഗോകക്

ബഹുമുഖ പ്രതിഭയായ കന്നഡ കവിയും സാഹിത്യകാരനും. വിദ്യാഭ്യാസ വിചക്ഷണനും ചിന്തകനുമായ വിനായക് കൃഷ്ണ ഗോകക് കര്‍ണാടകയിലെ ധാര്‍വാഡില്‍ 1909 ആഗ. 9-നു ജനിച്ചു. ധാര്‍വാഡിലെയും പൂണെയിലെയും ഉന്നത വിദ്യാഭ്യാസത്തിനുശേഷം ഇദ്ദേഹം ഓക്സ്ഫഡില്‍ നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദങ്ങള്‍ നേടി. നാട്ടില്‍ മടങ്ങിയെത്തിയ ഗോകക് അധ്യാപനവൃത്തിയിലേര്‍പ്പെട്ടു. 1959 വരെ ധാര്‍വാഡിലെ കര്‍ണാടക കോളജിലെ പ്രിന്‍സിപ്പലായിരുന്നു. കര്‍ണാടക കവി സമ്മേളനത്തിന്റെ അധ്യക്ഷനായും കേന്ദ്ര സാഹിത്യ അക്കാദമി അംഗമായും ഹൈദരാബാദിലെ കേന്ദ്ര ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ധാര്‍വാഡ്, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളില്‍ ജോലി നോക്കിയശേഷം ഇദ്ദേഹം ബാംഗ്ളൂര്‍ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറായി. 1983 മുതല്‍ അഞ്ചു വര്‍ഷം കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിരുന്ന ഇദ്ദേഹത്തെ കേന്ദ്ര സര്‍ക്കാര്‍ 'പദ്മശ്രീ' നല്കി ആദരിച്ചിട്ടുണ്ട്.

കന്നഡത്തിലെ കവിത, നോവല്‍, നാടകം, വിമര്‍ശനം, യാത്രാവിവരണം എന്നിവയില്‍ വ്യക്തിമുദ്ര പതിപ്പിച്ച സാഹിത്യകാരനാണ് ഗോകക്. ജ്ഞാനപീഠജേതാക്കളായ ഡി. ആര്‍. ബേന്ദ്രെ, കൂവംപൂ എന്നീ കന്നഡ കവികള്‍ക്കൊപ്പം ഗോകകിനും സ്ഥാനമുള്ളതായി നിരൂപകന്മാര്‍ രേഖപ്പെടുത്തുന്നു. ആധുനിക കന്നഡ കവിതാപ്രസ്ഥാനമായ 'നവ്യകവിതേ'യുടെ ഉപജ്ഞാതാക്കളിലൊരാളാണ് ഗോകക്. 'നവ്യകാവ്യ' എന്ന പേര് നല്കിയത് ഇദ്ദേഹമാണ്. 1950-ല്‍ മുംബൈയില്‍ കൂടിയ കന്നഡ സാഹിത്യസമ്മേളനത്തില്‍ ഗോകക് നടത്തിയ പ്രസംഗത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. വികസ്വരമായ രാജ്യത്തിന് അനുയോജ്യമായ കവിതയാണ് ഇനി എഴുതപ്പെടേണ്ടതെന്ന് അന്ന് ഇദ്ദേഹം ഉദ്ബോധിപ്പിച്ചു. കവിതയില്‍ പരീക്ഷണത്തിന്റെ ആവശ്യകത എടുത്തുകാട്ടിക്കൊണ്ട് ഭാഷയും രൂപകല്പനകളുടെ താളബോധവും മാറ്റണമെന്ന് ഇദ്ദേഹം യുവകവികളെ ആഹ്വാനം ചെയ്തു.

പതിനെട്ടാമത്തെ വയസ്സില്‍ ഒരു ഇംഗ്ലീഷ് കവിത എഴുതിക്കൊണ്ടാണ് ഗോകക് കാവ്യക്ഷേത്രത്തില്‍ പ്രവേശിച്ചത്. ഇരുപത്തി ഏഴാമത്തെ വയസ്സില്‍ ഇദ്ദേഹമെഴുതിയ 'പ്രതിജ്ഞ'യെന്ന കന്നഡ കവിത ഭാഷയിലെ ആദ്യത്തെ പരീക്ഷണകവിതയായിരുന്നു. ഇക്കാലത്തിദ്ദേഹം ബേന്ദ്രെ സ്ഥാപിച്ച 'ഗേളേയര്‍ ഗുംപു'വിന്റെ പ്രധാന പ്രവര്‍ത്തകരിലൊരാളായി. കലോപാസക ചയണ്‍, സമുദ്രഗീതഗളു, ത്രിവിക്രമര്‍, ആകാശഗംഗേ, നവ്യകവിതേഗളു, ദ്യാവാപൃഥി എന്നിവയാണ് ഗോകകിന്റെ കവിതാസമാഹാരങ്ങള്‍. നവ്യകവിതേഗളുവിലെ 'ക്ളോറോഫോം' തുടങ്ങിയ കവിതകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളവയാണ്. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡു നേടിയ ദ്യാവാപൃഥി ഗോകകിന്റെ പ്രാതിനിധ്യ സ്വഭാവമുള്ള കവിതകളുടെ സമാഹാരമാണ്. പല കവിതകളുടെയും ഇതിവൃത്തം പ്രപഞ്ച ഗഹനതയും അതിന്റെ വശ്യസൗന്ദര്യവുമാണ്. ഇതിലെ രണ്ടു നീണ്ട കവിതകളാണ് 'നീരദ'യും 'ഇളാഗീത'വും. സഫലമായ ബിംബങ്ങളാലും കാല്പനിക ചാരുതയാലും സമ്പന്നമായ ഈ സമാഹാരങ്ങളിലെ കവിതകള്‍ക്ക് ദാര്‍ശനികതയുടെ മിഴിവുണ്ട്.

സമരസവേ ജീവന (സമരഞ്ജനമാണ് ജീവിതം-നോവല്‍, 1950) ഗോകകിന് കന്നഡ സാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിക്കൊടുത്തു. 'ജീവിതത്തിലെ സ്വരച്ചേര്‍ച്ച' എന്നര്‍ഥമുള്ള ആയിരത്തഞ്ഞൂറില്‍പ്പരം പേജുള്ള ഈ ബൃഹത്കൃതി ജീവിത ചൈതന്യത്തിന്റെ അപൂര്‍വമായ ഒരു ഇതിഹാസമാണെന്ന് നിരൂപകന്മാര്‍ വിലയിരുത്തുന്നു. പാശ്ചാത്യവും പൗരസ്ത്യവുമായ ഒരു ജീവിതപശ്ചാത്തലമാണ് ഈ കൃതിയില്‍ അനാവരണം ചെയ്യപ്പെടുന്നത്.

സമുദ്ര ദാ ചെയിരു എന്ന യാത്രാവിവരണഗ്രന്ഥം മുപ്പതുകളുടെ അവസാന വര്‍ഷങ്ങളില്‍ ഇംഗ്ലണ്ടില്‍ താമസിച്ചിരുന്നപ്പോള്‍ ഗ്രന്ഥകാരനുണ്ടായ അനുഭവങ്ങളുടെ വിവരണമാണ്. ജനനായക് (1939), യുഗാന്തരം എന്നിവയാണ് ഗോകകിന്റെ നാടകങ്ങള്‍. ജനനായകനില്‍ ഒരു നേതാവിന്റെ കുടുംബജീവിതവും ബാഹ്യജീവിതവും തമ്മിലുള്ള സംഘര്‍ഷം ചിത്രീകരിച്ചിരിക്കുന്നു. യുഗാന്തരം കമ്യൂണിസത്തിന്റെയും അധ്യാത്മവാദത്തിന്റെയും സമന്വയ സന്ദേശം ഉള്‍ക്കൊള്ളുന്നു. ബേന്ദ്രെ സ്കൂളിലെ പ്രമുഖനായ ഗോകക് നവന്യേ ഹാഗൂ കാവ്യജീവന്‍, സാഹിത്യ ദല്ലി പ്രഗതി, കവികാവ്യ മഹോഗതി തുടങ്ങിയ വിമര്‍ശ ഗ്രന്ഥങ്ങളുടെ കര്‍ത്താവു കൂടിയാണ്. 'ഇംദിന കാവ്യ ദഗൊത്തു ഗരിഗളു' (വര്‍ത്തമാനകാല കവിതകളുടെ സ്വഭാവ ലക്ഷണങ്ങള്‍, 1946) എന്ന കൃതിയില്‍ നവോദയ സാഹിത്യത്തിനുവേണ്ടി വാദിച്ച ഇദ്ദേഹം കവന ഗളല്ലി സങ്കീര്‍ണതെ (കവിതകളിലെ സങ്കീര്‍ണത, 1978) യില്‍ നവ്യകവിത അവകാശപ്പെടുന്ന സങ്കീര്‍ണത അതിന്റെ മാത്രം കുത്തകയല്ലെന്നും രേഖപ്പെടുത്തുന്നു.

ദ സോങ്ങ് ഒഫ് ലൈഫ് (1948), ദ പോയറ്റിക് അപ്രോച്ച് റ്റു ലാങ്ഗ്വേജ് (1952) എന്നീ ഇംഗ്ലീഷ് കൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1990-ല്‍ ഇദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു.

ഗോകകിനെ ശക്തമായി സ്വാധീനിച്ച ദര്‍ശനം ശ്രീഅരവിന്ദന്റേതാണ്. 1992 ഏ. 28-നു മുംബൈയില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍