This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോംബര്‍ഗ്, മോസസ് (1866 - 1947)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോംബര്‍ഗ്, മോസസ് (1866 - 1947)

Gomberg, Moses

റഷ്യന്‍ വംശജനായ അമേരിക്കന്‍ രസതന്ത്രജ്ഞന്‍. ആദ്യത്തെ സ്വതന്ത്ര റാഡിക്കലായ ട്രൈഫീനൈല്‍ മീഥൈന്‍ വേര്‍തിരിച്ചെടുത്തത് ഇദ്ദേഹമാണ്.

ഉക്രെയിനിലെ യെലിസാവെത്ഗ്രേഡില്‍ (ഇന്നത്തെ കിറോവോ ഗ്രേഡ്) 1866 ഫെ. 8-ന് ജനിച്ചു. 1884-ല്‍ ഇദ്ദേഹവും കുടുംബവും അമേരിക്കയിലേക്കു പോയി. മിച്ചിഗണ്‍ സര്‍വകലാശാലയില്‍നിന്നാണ് പിഎച്ച്.ഡി. നേടിയത് (1894). 1927 മുതല്‍ 36 വരെ അവിടത്തെ രസതന്ത്ര വകുപ്പുതലവനായിരുന്നു.

ബെന്‍സീനിന്റെ നാലു വലയങ്ങള്‍ ഒറ്റ കാര്‍ബണ്‍ അണുവില്‍ ബന്ധിപ്പിച്ചുള്ള ടെട്രാഫീനൈല്‍ മീഥൈന്‍ എന്ന യൗഗികം സംശ്ളേഷണം ചെയ്തെടുക്കുന്നതിലാണ് ആദ്യം ഗോംബര്‍ഗ് വിജയിച്ചത്. പിന്നീട് ആറ് ബെന്‍സീന്‍ വലയങ്ങള്‍ ഒന്നിനോടൊന്നു ഘടിപ്പിക്കപ്പെട്ട, രണ്ട് കാര്‍ബണ്‍ അണുക്കളില്‍ ബന്ധിപ്പിച്ചുള്ള ഹെക്സാഫീനൈല്‍ ഈഥൈന്‍ എന്ന യൗഗികം സംശ്ളേഷണം ചെയ്തെടുക്കുവാന്‍ ശ്രമിക്കുകയും സ്വതന്ത്ര റാഡിക്കലായ ട്രൈഫീനൈല്‍ മീഥൈന്‍ കണ്ടെത്തുകയുമാണുണ്ടായത് (1900).

സ്വതന്ത്ര കാര്‍ബണ്‍ റാഡിക്കലുകളുടെ ഗവേഷണത്തില്‍ തുടര്‍ന്നും ഇദ്ദേഹം വ്യാപൃതനാവുകയും ട്രൈ അറൈല്‍ മീഥൈന്‍ റാഡിക്കലുകളുടെ ധാരാളം ഉദാഹരണങ്ങള്‍ നിര്‍മിച്ചെടുക്കുകയും ചെയ്തു. ഇവയുടെ ഘടനയും ഗുണധര്‍മങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും ഇദ്ദേഹം ധാരാളം പഠനങ്ങള്‍ നടത്തുകയുണ്ടായി. 1947 ഫെ. 12-ന് മിഷിഗണില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍