This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൊറില്ല-Gorilla

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൊറില്ല

Gorilla

മനുഷ്യക്കുരങ്ങുകളുടെ കൂട്ടത്തില്‍ ഏറ്റവും വലിയ ഇനം. ചിമ്പാന്‍സിയെപ്പോലെ ഇവയും ഘടനയിലും സ്വഭാവ വിശേഷണങ്ങളിലും മനുഷ്യരോട് ഏറ്റവുമടുത്ത ജീവികളാണ്. പ്രൈമേറ്റ് (Primate) സസ്തനിവര്‍ഗത്തിലെ പോംഗിഡേ (Pongidae) കുടുംബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഗൊറില്ല ഗൊറില്ല (Gorilla Gorilla) എന്ന ഒറ്റ സ്പീഷീസ് മാത്രമേയുള്ളു. പര്‍വതപ്രദേശങ്ങളില്‍ കാണപ്പെടുന്ന 'മൗണ്ടന്‍ ഗൊറില്ല' (Mountain gorilla), സമതലപ്രദേശങ്ങളില്‍ കാണപ്പെടുന്ന 'ലോ ലാന്‍ഡ് ഗൊറില്ല' എന്നിങ്ങനെ രണ്ട് ഉപസ്പീഷീസ് ഉണ്ട്. കിഴക്കന്‍ കോങ്ഗോ, പടിഞ്ഞാറന്‍ ഉഗാണ്ട എന്നിവിടങ്ങളിലാണ് മൗണ്ടന്‍ ഗൊറില്ലകള്‍ ഉള്ളത്. കോങ്ഗോ നദീതട പ്രദേശങ്ങളും സമീപവനങ്ങളുമാണ് 'ലോ ലാന്‍ഡ് ഗൊറില്ല'കളുടെ താവളം. എണ്ണത്തില്‍ ഈയിനമാണ് കൂടുതലുള്ളത്. മൗണ്ടന്‍ ഗൊറില്ലകളുടെ എണ്ണം ആകെ പതിനായിരത്തില്‍ താഴെ മാത്രമാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. തലയില്‍ എഴുന്നു നില്‍ക്കുന്ന ഒരു പിടി കുറ്റിരോമങ്ങളാണ് 'മൗണ്ടന്‍ഗൊറില്ല'കളെ 'ലോ ലാന്‍ഡ് ഗൊറില്ല'കളില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നത്.

ഗൊറില്ല
ഗൊറില്ല അസ്ഥികൂടം

പ്രായപൂര്‍ത്തിയെത്തിയ ഒരു ആണ്‍ ഗൊറില്ലയ്ക്ക് 168-170 സെ.മീ. ഉയരം വരും; ഭാരം ഏകദേശം 180 കി.ഗ്രാമും. ജനനസമയത്ത് ഇവയ്ക്ക് 2 കി. ഗ്രാമോളമേ തൂക്കം കാണാറുള്ളൂ. ഏതാണ്ട് രണ്ടു വയസ് പ്രായമാകുന്നതോടെ തൂക്കം 16 കി. ഗ്രാം എത്തുന്നു. ബന്ധനാവസ്ഥയില്‍ ഗൊറില്ലകള്‍ക്ക് നൈസര്‍ഗിക സാഹചര്യങ്ങളില്‍ വളരുന്നവയെക്കാള്‍ വളരെക്കൂടുതല്‍ തൂക്കം വയ്ക്കാറുണ്ട്. വളര്‍ച്ചയെത്തിയ ഗൊറില്ലയുടെ കൈകള്‍ വശങ്ങളിലേക്ക് നീട്ടിപ്പിടിച്ചാല്‍ രണ്ടരമീറ്ററോളം നീളമുണ്ടാവും. ഇവയ്ക്ക് വലിയ വായും വായ്ക്കുള്ളില്‍ ശക്തിയേറിയ പല്ലുകളും ഉണ്ട്. ഓരോ താടിയിലും രണ്ടു ഉളിപ്പല്ലുകള്‍ (incisors), ഒരു കോമ്പല്ല് (canine), രണ്ട് അഗ്രചര്‍വണങ്ങള്‍ (premolars), മൂന്ന് ചര്‍വണങ്ങള്‍ അഥവാ കടപ്പല്ലുകള്‍ (molars) എന്നിങ്ങനെ പല്ലുകള്‍ ക്രമീകരിച്ചിരിക്കുന്നു. കൈവിരലുകള്‍ കുറിയവയാണ്. കാലുകള്‍ക്കും താരതമ്യേന നീളക്കുറവാണുള്ളത്.

ആണ്‍ഗൊറില്ലയുടെ മുഖത്തിന് നല്ല കറുപ്പു നിറമാണ്. ശരീരത്തിന് ചാരനിറമോ തിളങ്ങുന്ന കറുപ്പോ ആയിരിക്കും. പെണ്‍ ഗൊറില്ലയ്ക്കും കുഞ്ഞുങ്ങള്‍ക്കും തവിട്ടുമുതല്‍ കറുപ്പുവരെയുള്ള നിറങ്ങളാണ് സാധാരണ കണ്ടുവരുന്നത്.

സില്‍വര്‍ ബ്ലാക് ഗൊറില്ല

ഓരോ ഗൊറില്ലയും തന്റെ ഇണയും കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബമായിട്ടാണ് കഴിയുക. സാധാരണ ഗതിയില്‍ ജീവിതാവസാനം വരെ ഇണകള്‍ തമ്മില്‍ പിരിയാറില്ല. ചിലപ്പോള്‍ നാല്പതോളം കുടുംബങ്ങള്‍ ചേര്‍ന്ന് സംഘങ്ങളായും വനങ്ങളില്‍ ഗൊറില്ലകള്‍ കഴിഞ്ഞുകൂടാറുണ്ട്. ഈ സംഘങ്ങള്‍ക്ക് ഒരു പ്രധാന നേതാവും ഏതാനും ഉപനേതാക്കളും കാണും. ഇടയ്ക്കിടെ ഒരു സംഘത്തിലെ അംഗങ്ങള്‍ ചേരിതിരിഞ്ഞ് സംഘട്ടനങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. 25-40 ച.കി.മീ സ്ഥലം ഒരു സംഘം തങ്ങളുടെ വിഹാരരംഗമായി തിരഞ്ഞെടുക്കുന്നു.

തറയില്‍ത്തന്നെ കഴിഞ്ഞുകൂടാനാണ് ഗൊറില്ലകള്‍ ഇഷ്ടപ്പെടുന്നത്. രണ്ടുകാലില്‍ നിവര്‍ന്ന് ഇവ വളരെ ചെറിയ ദൂരം മാത്രമേ സഞ്ചരിക്കാറുള്ളു. കൈകളില്‍ ശരീരഭാരം താങ്ങിയാണിവ സാധാരണ നടക്കാറുള്ളത്. പെണ്‍ ഗൊറില്ലകളും കുഞ്ഞുങ്ങളും അപൂര്‍വമായി മരങ്ങളില്‍ പിടിച്ചു കയറാറുണ്ട്. സമതലങ്ങള്‍ താവളമാക്കിയിട്ടുള്ള ഇനങ്ങള്‍ മരങ്ങള്‍ക്ക് ചുവട്ടിലും അധികം ഉയരമില്ലാത്ത വൃക്ഷശിഖരങ്ങളിലുമായി രാത്രികാലം ചെലവഴിക്കും. പെണ്‍ ഗൊറില്ലകള്‍ കുഞ്ഞുങ്ങളുടെ സഹായത്തോടെ മരക്കൊമ്പുകളും ഇലകളും വള്ളികളും കൊണ്ട് മെനഞ്ഞുണ്ടാക്കിയ താത്കാലിക ശയ്യകള്‍ ഉണ്ടാക്കും. പര്‍വതങ്ങളില്‍ നിവസിക്കുന്ന ഗൊറില്ലാ കുടുംബാംഗങ്ങള്‍ ഒന്നായിച്ചേര്‍ന്ന് തറയില്‍ത്തന്നെ കിടന്നുറങ്ങുന്നു. ദിവസം തോറും ഇവ താവളം മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യും.

ഗൊറില്ലകള്‍ സസ്യാഹാരികളാണ്. ഇലകളും വേരുകളും ഇളം തണ്ടുകളും കായ്കനികളുമാണ് പ്രധാനാഹാരം. ഇവ ഒരിക്കലും ആഹാരാവശ്യത്തിനായി അന്യജന്തുക്കളെ കൊല്ലാറില്ല. ഭക്ഷണ പ്രിയനായ ഗൊറില്ല മിക്കസമയവും എന്തെങ്കിലും കൊറിച്ചു കൊണ്ടിരിക്കും. പകല്‍ സമയം ഇരതേടി ഇവ മൂന്നുനാലു കി.മീ. വരെ ചുറ്റിക്കറങ്ങാറുണ്ട്. കാട്ടില്‍ തീറ്റ ലഭ്യമാവാതെ വരുമ്പോള്‍ നാട്ടുമ്പുറങ്ങളിലേക്കു കടന്ന് കൃഷിയിടങ്ങള്‍ കൈയേറാനും ഇവ മടിക്കാറില്ല.

അന്യജന്തുക്കളെ ശല്യപ്പെടുത്താതെ ശാന്തമായ ജീവിതം നയിക്കാനിഷ്ടപ്പെടുന്ന ജീവികളാണ് ഗൊറില്ലകള്‍. എങ്കിലും ചിലപ്പോള്‍ ഇവ നിവര്‍ന്ന് നിന്ന് അമറുകയും കൂവുകയും ചെയ്യാറുണ്ട്. മനുഷ്യരുടെ ചില സ്വഭാവങ്ങളും ഗൊറില്ലകള്‍ക്കുണ്ട്. രാവിലെ ഉണരുമ്പോള്‍ കോട്ടുവായിട്ട് മൂരി നിവര്‍ക്കുക, മൂക്കിനുള്ളില്‍ വിരല്‍ കടത്തി മൂക്കു വൃത്തിയാക്കുക. ദേഹം ചൊറിഞ്ഞ് അസന്തുഷ്ടി പ്രകടിപ്പിക്കുക, മുറിവുകളില്‍ പച്ചിലകള്‍ കശക്കിപ്പിഴിഞ്ഞ് ചാറു പുരട്ടി സ്വയം ചികിത്സിക്കുക തുടങ്ങിയ പല പ്രത്യേകതകളും ഇവയും പ്രദര്‍ശിപ്പിക്കാറുണ്ട്.

പന്ത്രണ്ടു വയസ്സു പ്രായമാകുന്നതോടെ ആണ്‍ ഗൊറില്ലകളുടെ ലൈംഗിക വളര്‍ച്ച പൂര്‍ത്തിയാകുന്നു. എന്നാല്‍ പെണ്‍ ഗൊറില്ലകള്‍ 6-7 വയസ്സാകുന്നതോടെ പ്രായപൂര്‍ത്തി കൈവരിക്കും. ഏതാണ്ട് നാലുവര്‍ഷത്തിലൊരിക്കല്‍ ഒരു കുട്ടിയെ വീതം പെണ്‍ ഗൊറില്ലകള്‍ പ്രസവിക്കുന്നു. ഗര്‍ഭകാലം ഒന്‍പതു മാസമാണ്. ജനനസമയത്തു കുഞ്ഞുങ്ങള്‍ക്ക് ശരിയായ ചലനശേഷി ഉണ്ടാവാറില്ല. പെണ്‍ ഗൊറില്ല കുഞ്ഞിനെ കൈയിലെടുത്തുകൊണ്ട് നടക്കുകയാണ് പതിവ്. ഇവ ബന്ധനാവസ്ഥയില്‍ പ്രജനനം നടത്താറില്ല. അതുകൊണ്ട് ഇവയുടെ ഉത്പാദന പ്രക്രിയകളെപ്പറ്റിയും മറ്റും അധിക വിവരമൊന്നും ലഭ്യവുമല്ല. മൃഗശാലകളില്‍ 35 വയസ്സുവരെ ഇവ ജീവിച്ചിട്ടുള്ളതായി രേഖകളുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍