This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൊരുരു രാമസ്വാമി അയ്യങ്കാര്‍ (1904 - 91)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൊരുരു രാമസ്വാമി അയ്യങ്കാര്‍ (1904 - 91)

കന്നഡ സാഹിത്യകാരനും സാമൂഹിക പ്രവര്‍ത്തകനും. 1904 ജൂല. 4-നു കര്‍ണാടകയിലെ ഹസ്സന്‍ ജില്ലയിലുള്ള ഗൊരൂരില്‍ ജനിച്ചു. മദ്രാസ് സര്‍വകലാശാലയില്‍നിന്നും സംസ്കൃതത്തില്‍ വിദ്വാന്‍ പരീക്ഷ പാസായി. 1952 മുതല്‍ 64 വരെ കര്‍ണാടക ലെജിസ്ളേറ്റീവ് കൗണ്‍സിലില്‍ അംഗമായിരുന്നു. മൈസൂര്‍ സര്‍വകലാശാല ഓണററി ഡി. ലിറ്റ്. ബിരുദം നല്കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

ഹേമവതി (നോവല്‍ 1950), വയ്യാരി (ചെറുകഥകള്‍, 1952), ഹല്ലിയ ചിത്രഗലു (1930), നമ്മ ഉരിന രസികരു (കത്തുകള്‍, 1932), അമേരിക്ക ദല്ലിഗൊരൂര്‍ (യാത്രാവിവരണം), ഹല്ലിയ ബലു (നാടോടി സാഹിത്യം, 1948) എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യകൃതികള്‍. യാത്രാവിവരണ ഗ്രന്ഥത്തിന്റെ പേരില്‍, 1980-ല്‍ ഇദ്ദേഹത്തിനു കര്‍ണാടക സാഹിത്യ അക്കാദമിയുടെ അവാര്‍ഡു ലഭിക്കുകയുണ്ടായി. ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, റഷ്യന്‍ തുടങ്ങിയ ഭാഷകളിലേക്ക് ഇദ്ദേഹത്തിന്റെ പല കൃതികളും തര്‍ജുമ ചെയ്യപ്പെട്ടിട്ടുണ്ട്.

മിക്ക സാഹിത്യശാഖകളിലും വ്യാപരിച്ചിട്ടുണ്ടെങ്കിലും ചെറുകഥാകാരന്‍ എന്ന നിലയിലാണ് ഗൊരുരു പ്രസിദ്ധനായത്. ഗ്രാമീണ ജീവിതമാണ് ഇദ്ദേഹം തന്റെ കഥകളില്‍ ആവിഷ്കരിക്കുന്നത്; ഒരു ഗ്രാമീണന്റെ നിലയില്‍ നിന്നുകൊണ്ടു തന്നെ. ചെറുകഥ എന്ന പേരിനുപരിയായി അവയെ വ്യക്തിചിത്രണങ്ങളെന്നോ പ്രബന്ധങ്ങള്‍ എന്നോ വിളിക്കുകയാവും കൂടുതല്‍ ഉചിതം. ഗ്രാമീണ ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ സാകലേന്യ സൂക്ഷ്മാവലോകനം ചെയ്യാന്‍ ഇദ്ദേഹത്തിനു കഴിയുന്നു. ഫലിതം, പരിഹാസം, സോപഹാസ വിമര്‍ശനം തുടങ്ങി ഹാസ്യത്തിന്റെ സകല ഭാവങ്ങളും ഈ കഥകള്‍ക്കു രസനീയത പകരുന്നു. കഥാപാത്രങ്ങളുടെ വൈവിധ്യവും അയത്നലളിതമായ ആഖ്യാനശൈലിയുമാണ് ഈ കഥകളുടെ ഇതര സവിശേഷതകള്‍. അസമത്വം, അനീതി, ആത്മവഞ്ചന തുടങ്ങിയ ദുശ്ചിന്തകളെ നുള്ളിയെറിഞ്ഞ് സമൂഹമനഃസാക്ഷിയെ വിമലീകരിക്കുക എന്നത് തന്റെ രചനാലക്ഷ്യമായി ഗൊരുരു കരുതുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍