This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൊദാര്‍ഡ്, ഴാങ് ലുക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൊദാര്‍ഡ്, ഴാങ് ലുക്ക്

Godard, Jean-Luc

ചലച്ചിത്രസംവിധായകന്‍. ഫ്രഞ്ച് നവതരംഗ സംവിധായകരില്‍ പ്രമുഖനും. 1930 ഡി. 3-ന് ഫ്രഞ്ച്-സ്വിസ് ദമ്പതികളായ ഒഡേയ്ലിന്റെയും പോളിന്റെയും മകനായി പാരിസില്‍ ജനിച്ചു, സ്വിറ്റ്സര്‍ലണ്ടില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം 1948-ല്‍ പാരിസില്‍ തിരികെയെത്തി ബിരുദപഠനം പൂര്‍ത്തിയാക്കി. ഇക്കാലത്ത് ആന്ദ്രേ ബസായിനെപ്പോലുള്ള ചലച്ചിത്ര സൈദ്ധാന്തികരുടെ പ്രേരണയില്‍ ഗൊദാര്‍ഡ് നവതരംഗ സിനിമാ പ്രസ്ഥാനത്തിലേക്ക് കടന്നുവന്നു.

ഴാങ് ലുക്ക് ഗൊദാര്‍ഡ്

സ്വന്തം സിനിമകളുടെ സൗന്ദര്യപരതയിലോ ആഖ്യാനത്തിലോ യാതൊരു നിയമങ്ങളും ഒരിക്കലും അദ്ദേഹം പാലിച്ചിട്ടില്ല. വ്യത്യസ്തങ്ങളായ ശൈലികളും സങ്കേതങ്ങളും കൂട്ടിക്കലര്‍ത്തിയും, ദൃശ്യപരവും വാചികവുമായ സകലസാധ്യതകളും ഉപയോഗപ്പെടുത്തിയും, ശാസനകള്‍ക്ക് വിധേയമാക്കപ്പെടാതെ അദ്ദേഹത്തിന്റെ സിനിമകള്‍ നാട്ടുനടപ്പുകളോടും, സാമ്പ്രദായികതകളോടും നിരന്തരമായി കലഹിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കനിസത്തെ അതിവര്‍ത്തിക്കുന്ന ഒന്നാണ് ഗൊദാര്‍ഡിന്റെ സര്‍ഗാത്മകത എന്ന് പീറ്റര്‍ വോളനെപ്പോലുള്ള നിരൂപകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിലുപരിയായി ഫ്രഞ്ചു ജീവിതത്തിലും സംസ്കാരത്തിലും ആഴത്തില്‍ വേരോട്ടമുള്ള, നിരന്തരം കലഹിക്കുന്ന രണ്ട് ധാരകള്‍ അദ്ദേഹത്തിന്റെ സിനിമയില്‍ കാണാം. ആധുനിക ജീവിത ശൈലിയുടെ ആഘോഷപരതയും സാമാന്യ ജീവിതത്തിന്റെ വിമര്‍ശനവുമാണ് ഈ രണ്ട് ധാരകള്‍ പ്രതിനിധാനം ചെയ്യുന്നത്. ഗൊദാര്‍ഡ് സിനിമകളുടെ ഈയൊരുതലമാണ് അദ്ദേഹത്തെ സാംസ്കാരിക ബാരോമീറ്ററും, രാഷ്ട്രീയ വിമര്‍ശകനും ആക്കിത്തീര്‍ത്തത്.

'വീക്ക് എന്‍ഡി'ന് ശേഷം ഏതാനും വര്‍ഷക്കാലം ഗൊദാര്‍ഡ് പരീക്ഷണസിനിമകളാണ് കൂടുതലും ചെയ്തത്. നവസിനിമയുടെ സാങ്കേതികവിദ്യകളെ മാറ്റിനിര്‍ത്തി രാഷ്ട്രീയ പ്രമേയങ്ങളിലൂന്നിയുള്ളവയായിരുന്നു അവയെല്ലാം. 'ദ് ജോയ് ഒഫ് നോയിങ്' (1972), 'പ്രാവ്ദ' (1969), 'ലെറ്റര്‍ റ്റു ജെയ്ന്‍' (1972) തുടങ്ങിയവയെല്ലാം അത്തരം സിനിമകള്‍ക്ക് ഉദാഹരണമാണ്. 1980-കളുടെ തുടക്കത്തില്‍ ഗൊദാര്‍ഡ് മുഖ്യധാരാചലച്ചിത്രലോകത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടു. 'സേവ് യുവര്‍ ലൈഫ്' (1979), 'പാഷന്‍' (1982), 'ഡിറ്റക്ടീവ്' (1985), 'കിങ് ലിയര്‍' (1987) തുടങ്ങിയ, അക്കാലത്ത് ചിത്രീകരിച്ച സിനിമകള്‍ രണ്ടാം തരംഗചിത്രങ്ങള്‍ എന്നാണറിയപ്പെടുന്നത്. അതിനുശേഷം ഇരുപതോളം ചലച്ചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്യുകയുണ്ടായി. 'ന്യൂ വേവ്' (1990), 'ഫോര്‍ എവര്‍ മൊസാര്‍ട്ട്' (1996), 'അവര്‍ മ്യൂസിക്' (2004) തുടങ്ങിയവയാണ് അതില്‍ പ്രധാനപ്പെട്ടവ. 'സോഷ്യലിസ'വും എറിക് റോമറെപ്പറ്റിയുള്ള ഒരു ഡോക്യുമെന്ററിയുമാണ് 2010-ലെ ഗൊദാര്‍ഡിന്റെ പ്രധാന ചിത്രങ്ങള്‍.

1968-ലെ പാരിസ് കലാപം ഗൊദാര്‍ഡിന്റെ സിനിമകളെ തീവ്രസ്വഭാവമുള്ളവയാക്കിത്തീര്‍ത്തു. ഇതേകാലത്തെ ഗൊദാര്‍ഡിന്റെ സിനിമാജീവിതത്തിന് രണ്ടു ഭാഗങ്ങളുണ്ട്. തികച്ചും തീവ്രസ്വഭാവം പ്രകടിപ്പിക്കുന്ന മാവോയിസ്റ്റ് കാലഘട്ടവും, പരീക്ഷണോന്മുഖമായ വീഡിയോ ചിത്രങ്ങളുടെ ഗ്രനോബിള്‍ കാലഘട്ടവും. പ്രധാനമായും കുടുംബ-വ്യക്തി ബന്ധങ്ങളുടെ അന്വേഷണമാണ് രണ്ടാംഘട്ടത്തില്‍ കാണാവുന്നത്. ഇതാകട്ടെ സ്ത്രീവാദപ്രസ്ഥാനങ്ങളുടെ സ്വാധീനത്തിന്റെ ഫലവുമായിരുന്നു.

ജന്മനാടായ സ്വിറ്റ്സര്‍ലണ്ടിലേക്ക് 1976-ല്‍ തിരിച്ചു പോകുന്നതോടെയാണ് ഇദ്ദേഹത്തിന്റെ സിനിമാജീവിതത്തിന്റെ മറ്റൊരുഘട്ടം തുടങ്ങുന്നത്. മുന്‍കാല ഗൊദാര്‍ഡിയന്‍ ശൈലിയില്‍ നിന്നുളള വിച്ഛേദമാണ് ഈ കാലം. ഗൊദാര്‍ഡിന്റെ സമീപകാല സിനിമാജീവിതത്തിന്റെ മുഖ്യസവിശേഷത ഹിസ്റ്ററി ദു സിനിമയാണ്. അത് സിനിമയുടെ നൂറുവര്‍ഷത്തിന്റെ വസ്തുതാ കഥനവും ഒപ്പം ആത്മകഥാനുപരവുമാണ്.

മുന്‍പറഞ്ഞ ഓരോ സിനിമാക്കാലവും ഈ സവിശേഷ മാധ്യമത്തിന്റെ ചരിത്രത്തിലേക്കും അതേപോലെ സമൂഹത്തിലേക്കും അദ്ദേഹം നടത്തുന്ന യാത്രകളാണ്. രാഷ്ട്രീയവും രൂപപരവുമായ അന്വേഷണങ്ങള്‍ക്ക് മുഖം തിരിക്കാതെ ഇരുപതാംനൂറ്റാണ്ടിന്റെ ബീഭത്സതയിലേക്കും സൗന്ദര്യാത്മകതയിലേക്കുമാണ് അതിയാഥാര്‍ഥ്യത്തിലൂടെയുള്ള ഗൊദാര്‍ഡിയന്‍ അന്വേഷണങ്ങള്‍ നീളുന്നത്.

(സി.എസ്. വെങ്കിടേശ്വരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍