This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൊദാര്‍ഡ്, റോബര്‍ട്ട് ഹച്ചിങ്സ് (1882 - 1945)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൊദാര്‍ഡ്, റോബര്‍ട്ട് ഹച്ചിങ്സ് (1882 - 1945)

Goddard, Robert Hutchings

അമേരിക്കന്‍ റോക്കറ്റ് നിര്‍മാണ വിദഗ്ധന്‍. നാഹം ഡാന്‍ഫോഡ് ഗൊദാര്‍ഡ്, ഫാനി ഹൊയ്ത് ഗൊദാര്‍ഡ് എന്നിവരുടെ മകനായി 1882 ഒ. 5-ന് അമേരിക്കയിലെ വൂസ്റ്ററില്‍ (Worcester) ജനിച്ചു. ബാല്യകാലത്ത് പിടിപെട്ട അസുഖം നിമിത്തം സ്കൂള്‍ വിദ്യാഭ്യാസത്തിന് ഇടയ്ക്കിടെ തടസ്സം നേരിട്ടു. 1911-ല്‍ ക്ലാര്‍ക്ക് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്.ഡി. ബിരുദം നേടുകയും 1914-ല്‍ അതേ സര്‍വകലാശാലയില്‍ പ്രൊഫസറായി ചേരുകയും 43-ല്‍ റിട്ടയര്‍ ചെയ്യുകയും ചെയ്തു.

ആദ്യമായി ദ്രാവക ഇന്ധന റോക്കറ്റ് രൂപകല്പന ചെയ്തത് ഗൊദാര്‍ഡ് ആയിരുന്നു. 1919-ല്‍ പ്രസിദ്ധീകരിച്ച എ മെതേഡ് ഒഫ് റീച്ചിങ് എക്സ്ട്രീം ആള്‍ട്ടിറ്റ്യൂഡ്സ് എന്ന മൊണോഗ്രാഫില്‍ ബഹിരാകാശ യാത്രയെക്കുറിച്ചും റോക്കറ്റ് സംവിധാനത്തെക്കുറിച്ചും ഇദ്ദേഹം തന്റെ ആശയങ്ങള്‍ പ്രകടിപ്പിച്ചു. സ്മിത് സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ (Smithsonian Institution), ഗുഗന്‍ഹെയ്മ് കുടുംബം (Guggenheim family), യു.എസ്. നേവി, ക്ലാര്‍ക്ക് യൂണിവേഴ്സിറ്റി എന്നിവര്‍ പരീക്ഷണങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കി. 1926 മാ. 16-ന് സ്വന്തം സിദ്ധാന്തത്തിനനുസൃതമായി രൂപകല്പന ചെയ്തുണ്ടാക്കിയ ദ്രാവക ഇന്ധന റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. 12 മീറ്ററോളം ഉയര്‍ന്ന് 2.5 സെക്കന്റ് നീണ്ടുനിന്നതായിരുന്നു ഈ ആദ്യപറക്കല്‍. പിന്നീട് വരുത്തിയ പല പരിഷ്കാരങ്ങള്‍ വഴി 20 കി.മീ. ഉയര്‍ച്ചയും സൂപ്പര്‍സോണിക് വേഗതയും കൈവരിക്കാന്‍ ഗൊദാര്‍ഡിന്റെ റോക്കറ്റുകള്‍ക്കു കഴിഞ്ഞു.

1930-ല്‍ പരീക്ഷണ സൗകര്യാര്‍ഥം ഗൊദാര്‍ഡ് ന്യൂമെക്സിക്കോയിലേക്കു താമസം മാറ്റി. ഗൈറോസ്കോപിക് നിയന്ത്രണ സംവിധാനങ്ങളോടെയുള്ള റോക്കറ്റു നിര്‍മാണത്തിലായി പിന്നീട് ഇദ്ദേഹത്തിന്റെ ശ്രദ്ധ. ഒന്നും രണ്ടും ലോകയുദ്ധകാലങ്ങളില്‍ യു.എസ്. ആര്‍മിയെയും നേവിയെയും സഹായിക്കാന്‍ ഇദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചു.

റോക്കറ്റ് നിര്‍മാണ സാങ്കേതിക രംഗത്ത് ഇരുന്നൂറിലധികം പേറ്റന്റുകള്‍ ഗോഡാര്‍ഡിന്റെ പേരിലുണ്ട്. 1945 ആഗ. 10-ന് ബാള്‍ട്ടിമോറില്‍ (Baltimore) നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍