This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൊണോറിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൊണോറിയ

Gonorrhea

ഗോണോകോക്കസ് എന്ന ബാക്റ്റീരിയമൂലമുണ്ടാകുന്ന ഒരു ലൈംഗികരോഗം. ജനന-മൂത്ര-നാളത്തിലെ ശ്ളേഷ്മസ്തരത്തെയാണ് ഈ ബാക്റ്റീരിയ ആക്രമിക്കുക. ഇവിടെ നിന്നു ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും രോഗം ബാധിക്കും.

ലോകവ്യാപകമായി കാണപ്പെടുന്ന ഒരു രോഗമാണ് ഗൊണോറിയ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമാകെ ലക്ഷക്കണക്കിനു ഗൊണോറിയ രോഗികള്‍ ഓരോ വര്‍ഷവും പുതുതായുണ്ടാകുന്നുണ്ട്. ലൈംഗികബന്ധത്തിലൂടെ മാത്രം പകരുന്ന ഒരു രോഗമാണിത്. പ്രകൃത്യാമനുഷ്യന്‍ മാത്രമാണ് ഈ ബാക്റ്റീരിയയുടെ അതിഥി. ലൈംഗികശേഷി കൂടുതല്‍ പ്രകടമാക്കുന്ന യൗവനകാലഘട്ടങ്ങളില്‍ ഗൊണോറിയ പകര്‍ച്ചയും കൂടുതലാണ്.

ഗൊണോറിയ ബാക്റ്റീരിയ

രോഗനിര്‍ണയനം. 1879-ല്‍ ആല്‍ബര്‍ട്ട് നെയ്സര്‍ (Albert Neisser) എന്ന ശാസ്ത്രജ്ഞനാണ് ഗൊണോറിയ രോഗാണു കണ്ടെത്തിയതും വേര്‍തിരിച്ചതും. യൂറിത്രൈറ്റിസും സെര്‍വിസൈറ്റിസും ബാധിച്ച സ്ത്രീകളുടെ പൂയസ്രവത്തില്‍ നിന്നും, രോഗസംക്രമണമുണ്ടായ ശിശുക്കളുടെ നേത്രപടലത്തില്‍ നിന്നും ഇദ്ദേഹം രോഗാണുവിനെ വേര്‍തിരിച്ചെടുത്തു. അണുവിന് ഗോണോകോക്കസ് എന്ന് നാമകരണം ചെയ്തു.

ഇരട്ട കാപ്പിക്കുരുവിന്റെ ആകൃതിയിലുള്ള ഗോണോകോക്കസ് ഗ്രാം-നെഗറ്റീവ് സ്വഭാവമുള്ളവയാണ്. 0.6 മുതല്‍ 1.0 മൈക്രോ മീ. വരെ വലുപ്പമുള്ള കോക്കൈയെയും രോഗത്തിന്റെ ആദ്യനാളുകളില്‍ കാണാറുണ്ട്. ശരീരത്തില്‍ നിന്നെടുക്കുന്ന സ്മിയറുകളില്‍ പല രീതിയിലാണ് രോഗാണു വിതരണം ചെയ്യപ്പെട്ടു കാണുന്നത്. മിക്ക ലൂക്കോസൈറ്റുകളിലും രോഗാണുക്കള്‍ കാണപ്പെടുകയില്ല. എന്നാല്‍ വെള്ള ഫാഗോസൈറ്റിക് സെല്ലുകളില്‍ ഡസന്‍ കണക്കിന് ഡിപ്ലോ കോക്കൈയെ കാണാന്‍ കഴിയും. ഗോണോകോക്കൈയുമായി വളരെ സാമ്യമുള്ള ചില ബാക്റ്റീരിയങ്ങള്‍ ഉള്ളതുകൊണ്ട് സ്മിയര്‍ പരിശോധന കൊണ്ടുമാത്രം രോഗനിര്‍ണയം നടത്തുന്നത് ശരിയല്ല. സംവര്‍ധകമാധ്യമത്തില്‍ രോഗാണുവിനെ വളര്‍ത്തിയെടുത്തുള്ള പരിശോധനയാണ് ഏറ്റവും നല്ലത്.

രോഗാണു വളര്‍ത്തലും വേര്‍തിരിക്കലും. ഗോണോകോക്കസ് വേര്‍തിരിക്കാന്‍ പ്രയാസമുള്ള രോഗാണുവാണ്. വേര്‍തിരിക്കലിന്റെ ആദ്യഘട്ടത്തില്‍ പ്ലാസ്മ, ഹീമോഗ്ലോബിന്‍, രക്തം ഇവയിലേതെങ്കിലും സംവര്‍ധക മാധ്യമത്തില്‍ ചേര്‍ക്കേണ്ടതുണ്ട്. സംവര്‍ധക മാധ്യമത്തിലേക്ക് ചിലതരം ആന്റിബയോട്ടിക്കുകള്‍ ചേര്‍ക്കുന്നതുകൊണ്ട് വേര്‍തിരിക്കല്‍ ലളിതമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മാധ്യമത്തിലുള്ള മറ്റു ബാക്റ്റീരിയങ്ങളെ ഇത്തരം ആന്റിബയോട്ടിക്കുകള്‍ നശിപ്പിക്കുന്നതോടെ ഗൊണോറിയ അണുക്കള്‍ പെരുകി വളരുന്നു. ഗോണോകോക്കസ് ഒരു ഓക്സിജീവി (aerobic) ആണെങ്കിലും പല വിഭേദത്തിനും 2 മുതല്‍ 10 വരെ ശ.മാ. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ അന്തരീക്ഷമാണ് വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നത്. 35oCനും 36oCനും ഇടയ്ക്കുള്ള താപനിലയാണ് ഊഷ്മായന സമയത്ത് ഉത്തമം. ഗോണോകോക്കസിനെ പരീക്ഷണശാലയിലെ മൃഗങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ചിമ്പാന്‍സികളില്‍ ഗൊണോറിയ സംക്രമിപ്പിക്കാനും പലതരം എലികളുടെ ശരീരത്തില്‍ ശസ്ത്രക്രിയ ചെയ്ത് അകത്തു കടത്തി വളര്‍ത്തുവാനും കഴിഞ്ഞിട്ടുണ്ട്.

രോഗലക്ഷണം. സ്ത്രീകളുടെ ഗര്‍ഭപാത്രമുഖത്തും പുരുഷന്മാരുടെ മൂത്രദ്വാരത്തിലുമാണ് ആദ്യ സംക്രമണം പ്രത്യക്ഷപ്പെടുന്നത്. സ്ത്രീകളില്‍ രണ്ടാം ഘട്ടത്തില്‍ പാരായൂറിത്രല്‍ ഗ്രന്ഥിയിലേക്കും ഗുദപ്രദേശത്തുള്ള ശ്ലേഷ്മസ്തരത്തിലേക്കും സംക്രമണം വ്യാപിക്കുന്നു. സ്വവര്‍ഗഭോഗികളായ പുരുഷന്മാരിലും ഗുദപ്രദേശത്തു ഗൊണോറിയ സംക്രമണം ഉണ്ടാകാറുണ്ട്. വദനസുരതത്തെ(fellation)ത്തുടര്‍ന്ന് പുരുഷന്മാരിലും സ്ത്രീകളിലും, വായിലും ഗളനാളത്തിലും രോഗലക്ഷണങ്ങള്‍ ഉണ്ടാവാറുണ്ട്.

പുരുഷന്മാരില്‍ രോഗാണുവിന്റെ ഊഷ്മായനകാലം സാധാരണ 2 മുതല്‍ 5 വരെ ദിവസമാണ്; ദീര്‍ഘമായ കാലയളവും ചിലപ്പോള്‍ ഉണ്ടാവാറുണ്ട്. മൂത്രംമൊഴിക്കുമ്പോള്‍ കഠിനമായ നൊമ്പരവും തുടര്‍ന്ന് മൂത്രദ്വാരത്തില്‍ക്കൂടി കൊഴുത്ത സ്രവവും ഉണ്ടാകുന്നു. ഇതിനു ശേഷം അല്പകാലത്തിനുള്ളില്‍ സംക്രമണം പശ്ച-മൂത്ര മാര്‍ഗം (Posterior urethra) പ്രോസ്റ്റേറ്റ് ഗ്രന്ഥി, സെമിനല്‍ വെസിക്കിള്‍സ്, എപിഡിഡിമിസ് എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നു. ഗോണോകോക്കല്‍ എപിഡിഡിമിറ്റിസ് വന്ധ്യതയ്ക്ക് കാരണമാകും. അധികം സ്ത്രീകളിലും രോഗലക്ഷണങ്ങള്‍ കാണാറില്ല. രോഗമുള്ള പുരുഷന്മാരുമായി രമിച്ച സംഭവമോ, ഗര്‍ഭാശയത്തില്‍ നിന്നുള്ള സ്രവത്തില്‍ അണുക്കളുടെ സാന്നിധ്യമോ ആണ് രോഗനിര്‍ണയത്തെ സഹായിക്കുക. ചില സ്ത്രീകള്‍ കൂടെക്കൂടെ മൂത്രം പോകുന്നുവെന്നോ വേദനയുണ്ടെന്നോ യോനീസ്രവം കാണുന്നുവെന്നോ പരാതിപ്പെടാറുണ്ട്. ഗര്‍ഭപാത്രഗ്രന്ഥി (Cervical glands) യില്‍ നിന്ന് ഫലോപ്പിയന്‍ (ബീജവാഹിനി) കുഴലിലേക്ക് രോഗം സംക്രമിക്കുമ്പോള്‍ വസ്തിപ്രദേശത്ത് (pelvic) നീര്‍ക്കെട്ടുണ്ടാകുന്നു (salsingitis). ഇതുമൂലം പനി, ഓക്കാനം, ഛര്‍ദി, അടിവയറ്റില്‍ വേദന എന്നിവ അനുഭവപ്പെടുന്നു. സ്ഥായിയായി സാല്‍പിന്‍ജൈറ്റിസ് ഉണ്ടായാല്‍ വടുക്കള്‍ ഉണ്ടാവുകയും വന്ധ്യതയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ചിലപ്പോള്‍ ഗോണോകോക്കൈ രക്തധാരയില്‍ കലരുകയും സെപ്റ്റിസീമിയ എന്ന മാരകമായ രക്തദൂഷ്യരോഗത്തിനു കാരണമാവുകയും ചെയ്യും. ചിലപ്പോള്‍ രോഗാണുക്കള്‍ ശരീരസന്ധികളില്‍ കുമിഞ്ഞുകൂടി വളര്‍ന്നു കഠിനമായ ആര്‍ത്രൈറ്റിസ് ഉണ്ടാവുകയും ചെയ്യാറുണ്ട്. മെനിഞ്ജൈറ്റിസ്, എന്‍ഡോ കാര്‍ഡൈറ്റിസ് എന്നിവയും അപൂര്‍വമായി ഗൊണോറിയമൂലം ഉണ്ടാകാറുണ്ട്. അപൂര്‍വമാണെങ്കിലും അത്യധികം കാഠിന്യ സ്വഭാവം ഈ രോഗങ്ങള്‍ക്കുള്ളതുകൊണ്ട് പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.

ഗൊണോറിയാരോഗത്തിന്റെ വ്യാപനത്തെ വിജയകരമായി തടയുന്നതിന് പലതരം ബുദ്ധിമുട്ടുകളാണ് അനുഭവപ്പെടുന്നത്. രോഗാണുവിന്റെ ഹ്രസ്വമായ ഊഷ്മായനകാലം, പ്രകൃത്യാ ഉള്ളതോ പില്ക്കാലത്ത് സംഭവിച്ചതോ ആയ മനുഷ്യന്റെ രോഗപ്രതിരോധ ശക്തിയില്ലായ്മ, പെനിസിലിനോട് പ്രതികരിക്കുന്നതില്‍ രോഗാണുവിന് കാലക്രമേണയുണ്ടാകുന്ന വിമുഖത, മനുഷ്യന്റെ സന്മാര്‍ഗ ശീലത്തിനു സംഭവിച്ചു കൊണ്ടിരിക്കുന്ന വീഴ്ച മുതലായവയാണ് ഈ രോഗം ഭൂമുഖത്തുനിന്നും തുടച്ചു നീക്കുന്നതിന് വിലങ്ങായി വര്‍ത്തിക്കുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ കിടക്കുന്ന രോഗാണുക്കളെ വഹിക്കുന്നവര്‍ വലിയ ആപത്തു സൃഷ്ടിക്കുന്നു. പുരുഷന്മാരെക്കാളധികം സ്ത്രീകളാണിത്തരക്കാര്‍. ജനങ്ങളുടെ ഇടയില്‍ കൂടെക്കൂടെ നടത്തുന്ന വ്യാപകമായ പരിശോധനയിലൂടെ മാത്രമേ ഇത്തരം രോഗികളെ കണ്ടെത്താനാകൂ. ഗൊണോറിയയ്ക്കുള്ള വാക്സിന്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. രോഗികളായ സ്ത്രീകളുടെ നവജാത ശിശുവിന്റെ നേത്ര ശ്ലേഷ്മപടലത്തിന് പ്രസവ വേളയില്‍ കിട്ടുന്ന രോഗസംക്രമണം (ophthalmia neonatorum) ഒഴിച്ചാല്‍ രതിജന്യമായിട്ടു മാത്രമേ ഗൊണോറിയ സംക്രമിക്കുകയുള്ളു. നവജാതശിശുക്കളെ ഈ രോഗസംക്രമണം അന്ധരാക്കുന്നു. ഇത്തരത്തില്‍ അന്ധരായിട്ടുള്ളവരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാല്‍ സില്‍വര്‍ നൈട്രേറ്റുലായനിയോ ഏതെങ്കിലും ആന്റിബയോട്ടിക് ലായനിയോ നവജാതശിശുവിന്റെ നേത്രത്തില്‍ ഒഴിച്ചാല്‍ സംക്രമണം തടയാന്‍ സാധിക്കും. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുപോലും രോഗം കാണപ്പെട്ടപ്പോള്‍ ഗൊണോറിയാരോഗം രോഗികളുടെ വസ്ത്രത്തിലൂടെയും മറ്റും പകരും എന്നൊരു ധാരണയുണ്ടാകാന്‍ കാരണമായി. എന്നാല്‍ വിശദമായ പരിശോധനയിലൂടെ കണ്ടെത്തിയത് അത്തരം കുട്ടികള്‍ ലൈംഗികാസക്തിക്ക് ഉപയോഗിക്കപ്പെട്ടിരുന്നു എന്നാണ്. അതിനാല്‍ ലൈംഗികവേഴ്ച വഴിയല്ലാതെ ഈ രോഗം പകരുകയില്ലെന്ന് അസന്ദിഗ്ധമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

ചികിത്സ. പെനിസിലിനും മറ്റു ചില ആന്റിബയോട്ടിക്കുകളുമാണ് ഗൊണോറിയയുടെ ചികിത്സയില്‍ ഉപയോഗിച്ചു വരുന്നത്. എന്നാല്‍ അടുത്തകാലത്തായി പെനിസിലിനോട് വഴങ്ങായ്ക (resistance) ഈ അണുക്കള്‍ കാണിച്ചുവരുന്നു. അതിനാല്‍ കൂടുതല്‍ ഡോസ് കഴിക്കേണ്ടി വരുന്നു. പെനിസിലിനോട് അലര്‍ജിയുള്ള രോഗികളെ ടെട്രാസൈക്ലിനോ, സ്പെക്ടിനോ മൈസിനോ നല്കി ചികിത്സിക്കണം. ഗൊണോറിയയുടെ ഫലമായുണ്ടാകുന്ന ആര്‍ത്രൈറ്റിസ്, സെപ്റ്റിസീമിയ തുടങ്ങിയ അസുഖങ്ങള്‍ക്ക് കൂടുതല്‍ അളവ് പെനിസിലിന്‍ നല്കി ചികിത്സിക്കേണ്ടതാണ്. നോ: ആന്റിബയോട്ടിക്കുകള്‍; ഗുഹ്യരോഗങ്ങള്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%8A%E0%B4%A3%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍