This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൈസ്ലര്‍ ഹെന്റിച്ച് (1815 - 79)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൈസ്ലര്‍ ഹെന്റിച്ച് (1815 - 79)

Geissler, Henrich

ജര്‍മന്‍ ശാസ്ത്രോപകരണ നിര്‍മാതാവ്. ജോര്‍ജ് ജേക്കബ് ഗൈസ്ലര്‍, റോസിന്‍ എന്നിവരുടെ മകനായി 1815 മേയ് 26-ന് ജനിച്ചു. ഗൈസ്ലറുടെ ജീവിതത്തെക്കുറിച്ച് അധികമൊന്നും അറിയപ്പെട്ടിട്ടില്ല. ചെറുപ്പത്തിലേ കുടുംബത്തൊഴിലായ ഗ്ലാസ്സ് നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടു. മ്യൂണിക്ക്, നെതര്‍ലന്‍ഡ്, ഹേഗ്, ബോണ്‍ എന്നിവിടങ്ങളിലെ വര്‍ക്ക് ഷോപ്പുകളില്‍ മെക്കാനിക്ക് ആയി ജോലി ചെയ്ത് വിവിധയിനം ശാസ്ത്രോപകരണങ്ങള്‍ നിര്‍മിച്ചു. ബോണ്‍ യൂണിവേഴ്സിറ്റിയുടെ 50-ാം വാര്‍ഷികത്തില്‍ (1868) ഗൈസ്ലര്‍ക്ക് ഓണററി ബിരുദം ലഭിച്ചു.

ഗൈസ്ലറുടെ പേരില്‍ പ്രസിദ്ധി നേടിയവയാണ് ഗൈസ്ലര്‍ ട്യൂബുകള്‍. ചെറിയ ഗ്ലാസ്സ് കുഴലുകളുടെ അഗ്രങ്ങളില്‍ ഇലക്ട്രോഡുകള്‍ ഘടിപ്പിച്ച് ഉള്ളില്‍ നേര്‍പ്പിച്ച വാതകം നിറച്ചവയായിരുന്നു ഇത്തരം ട്യൂബുകള്‍. കാഥോഡ്കിരണപഠനങ്ങള്‍ക്ക് ഈ ട്യൂബുകള്‍ ശാസ്ത്രജ്ഞരെ വളരെ സഹായിച്ചു. പിന്നീട് മറ്റു പല ശാസ്ത്രീയാവശ്യങ്ങള്‍ക്കുമായി ഗൈസ്ലര്‍ ട്യൂബുകള്‍ പരിഷ്കരിക്കുകയുണ്ടായി. കാപ്പിലാരിതാതത്ത്വം ഉപയോഗപ്പെടുത്തി, കട്ടികുറഞ്ഞ ഗ്ലാസ് കൊണ്ട് ഗൈസ്ലര്‍ ഉണ്ടാക്കിയ കൃത്യതയേറിയ തെര്‍മോ മീറ്ററുകള്‍ ശ്രദ്ധേയമായി. ഇത്തരം തെര്‍മോമീറ്ററുകളുടെ അംശശോധനയ്ക്കായി താരതമ്യേന സംവേദനശീലത കൂടിയ ഗ്ലാസ് ബാലന്‍സും ഇദ്ദേഹം ഉപയോഗിച്ചിരുന്നു. വീഞ്ഞ്, ദ്രാവക അമോണിയ എന്നിവയുടെ പ്രബലത അളക്കുന്നതിനായി ഗൈസ്ലര്‍ രൂപകല്പന ചെയ്ത ഉപകരണമാണ് വേപ്പറി മീറ്റര്‍. 1855-ല്‍ ഇദ്ദേഹം മെര്‍ക്കുറി എയര്‍ പമ്പ് നിര്‍മിച്ചു.

1873-ല്‍ വിയന്നയില്‍ നടന്ന വേള്‍ഡ് എക്സിബിഷനില്‍ 'ദ ഗോള്‍ഡന്‍ ക്രോസ് ഒഫ് മെരിറ്റ് ഇന്‍ ആര്‍ട്ട് ആന്‍ഡ് സയന്‍സ്' ബഹുമതി ഗൈസ്ലര്‍ക്ക് ലഭിച്ചു. 1879 ജനു. 24-ന് ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍