This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗേയ്ക്ക്വാദ് ഓറിയന്റല്‍ സീരീസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗേയ്ക്ക്വാദ് ഓറിയന്റല്‍ സീരീസ്

ബറോഡയിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന സംസ്കൃത ഗ്രന്ഥപരമ്പര. സംസ്കൃതത്തിലെ വിഖ്യാതമായ ഒട്ടേറെ ഗ്രന്ഥങ്ങള്‍ പഠനവ്യാഖ്യാനങ്ങളോടും സൂചികകളോടുംകൂടി ഈ സീരീസില്‍ പ്രകാശനം ചെയ്തിട്ടുണ്ട്. ബറോഡയിലെ ഭരണാധിപനായിരുന്ന സയാജിറാവു ഗേയ്ക്ക്വാദ് രാജ്യതന്ത്രജ്ഞന്‍ മാത്രമല്ല, ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ രക്ഷകനും പരിപോഷകനും കൂടിയായിരുന്നു. ഇദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതാണ് ഈ പ്രസാധനത്തിന്റെ നാമധേയം. ഇദ്ദേഹം 1910-ല്‍ സ്ഥാപിച്ച ബറോഡ സെന്‍ട്രല്‍ ലൈബ്രറിക്ക് വിപുലമായ സംസ്കൃത ഗ്രന്ഥശേഖരമുണ്ടായിരുന്നു. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും കൈയെഴുത്തു ഗ്രന്ഥങ്ങള്‍ ശേഖരിക്കുന്നതിലും രാജാവ് സവിശേഷ നിഷ്കര്‍ഷ പുലര്‍ത്തി. 1916-ല്‍ ഈ സംസ്കൃത വിഭാഗത്തിലാണ് ഗേയ്ക്ക്വാദ് ഓറിയന്റല്‍ സീരീസ് ജന്മം കൊണ്ടത്. രാജശേഖരന്റെ കാവ്യമീമാംസ സി.ഡി. ദലാലും ആര്‍. അനന്തകൃഷ്ണശാസ്ത്രിയും ചേര്‍ന്നു എഡിറ്റുചെയ്തു പ്രകാശിപ്പിച്ചതാണ് ഈ സീരീസിലെ ആദ്യത്തെ പ്രസിദ്ധീകരണം.

1927 ആയപ്പോഴേക്കും 40 ഗ്രന്ഥങ്ങള്‍ പുറത്തിറക്കിക്കഴിഞ്ഞ സംസ്കൃത വിഭാഗം സെന്‍ട്രല്‍ ലൈബ്രറിയില്‍ നിന്നു മാറ്റി, സ്വതന്ത്രപദവിയുള്ള ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആക്കി. 35,000-ത്തോളം ഗ്രന്ഥങ്ങളും 30,000-ത്തോളം കൈയെഴുത്തു പ്രതികളുമുള്ള ഒരു ലൈബ്രറി അപ്പോള്‍ സജ്ജമായിക്കഴിഞ്ഞിരുന്നു. 1984-ല്‍ ഈ ഗ്രന്ഥപരമ്പരയിലെ 171-ാമത്തെ പുസ്തകം പുറത്തുവന്നു.

സംസ്കൃത ഭാഷയില്‍ വിവിധ വിഷയങ്ങളിലായി ഉണ്ടായിട്ടുള്ള ഒട്ടുവളരെ ഗ്രന്ഥങ്ങള്‍ സവിശേഷ പഠനങ്ങളോടെ പുറത്തിറക്കാന്‍ ഓറിയന്റല്‍ സീരീസിനു കഴിഞ്ഞിട്ടുണ്ട്. അഭിനവഗുപ്തന്റെ വ്യാഖ്യാനത്തോടുകൂടിയ ഭരതമുനിയുടെ നാട്യശാസ്ത്രം, രാമചന്ദ്രന്റെയും ഗുണചന്ദ്രന്റെയും നാട്യദര്‍പ്പണം, ശാരദാതനയന്റെ ഭാവപ്രകാശനം എന്നിവ ഈ സീരീസില്‍ വന്ന അലങ്കാരങ്ങളില്‍ എടുത്തുപറയേണ്ടവയാണ്. രാഷ്ട്രൌധവംശകാവ്യം, ഹമ്മീര മദമര്‍ദനം, കുമാരപാലാപ്രതിബോധം, പദ്മാനന്ദമഹാകാവ്യം എന്നിവ ചരിത്രകാവ്യങ്ങളാണ്. തത്ത്വസംഗ്രഹം, അദ്വയവര്‍ജസംഗ്രഹം, ഗുഹ്യസമാജതന്ത്രം, പ്രജ്ഞവിനിശ്ചയ സിദ്ധി എന്നിവ ബുദ്ധമത തത്ത്വചിന്തകള്‍ ഉള്‍ക്കൊള്ളുന്നവയാണ്. വേദാന്തഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ സിദ്ധാന്തബിന്ദു (മധുസൂദന സരസ്വതി), ഇഷ്ടസിദ്ധി (വിമുക്താത്മമുനി) തുടങ്ങിയവ പ്രാധാന്യമര്‍ഹിക്കുന്നു. ധര്‍മശാസ്ത്ര സംബന്ധിയാണ് ലക്ഷ്മീധരന്റെ കൃത്യകല്പതരുവും (14 വാല്യങ്ങള്‍) വര്‍ധമാനന്റെ ദണ്ഡവിവേകവും. കവീന്ദ്രാചാര്യസൂചി കൈയെഴുത്തു ഗ്രന്ഥങ്ങളുടെ പട്ടികയാണ്. കത്തുകള്‍, ശിലാലിഖിതങ്ങള്‍, ആധാരങ്ങള്‍ തുടങ്ങിയവയുടെ മാതൃകകള്‍ ഉള്‍ക്കൊള്ളുന്നതാണ് ലേഖപദ്ധതി. ഭോജരാജന്റെ സമരാംഗണസൂത്രധാരം, സോമേശ്വരന്റെ മാനസോല്ലാസം അഥവാ അഭിലഷിതാര്‍ഥചിന്താമണി എന്നിവ വിജ്ഞാനകോശസ്വഭാവമുള്ള ഗ്രന്ഥങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

(കെ.വി. ശര്‍മ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍