This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗേബിള്‍, (വില്യം) ക്ലാര്‍ക്ക് (1901 - 60)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗേബിള്‍, (വില്യം) ക്ലാര്‍ക്ക് (1901 - 60)

Gable, (William) Clark

അമേരിക്കന്‍ ചലച്ചിത്രനടന്‍. വില്യം എച്ച്. ഗേബിളിന്റെ പുത്രനായി 1901 ഫെ. 1-നു കാഡിസില്‍ (ഒഹയോ) ജനിച്ചു. മികച്ച ചലച്ചിത്ര നായകന്മാരുടെ കൂട്ടത്തില്‍ 'രാജാവ്' എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. 70-ല്‍ അലധികം ചലച്ചിത്രങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 30 വര്‍ഷത്തോളം അഭിനയരംഗത്തുണ്ടായിരുന്നു. തന്റെ അഭിനയത്തെപ്പറ്റി ഇദ്ദേഹം ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: "ഞാനൊരു നടനല്ല, ഒരിക്കലും ആയിരുന്നുമില്ല. ജനങ്ങള്‍ രംഗത്തുകാണുന്നത് എന്നെയാണ്.

27-മത്തെ വയസ്സില്‍ മക്കിനല്‍ എന്ന നാടകത്തില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഗേബിളിന്റെ അഭിനയജീവിതം തുടങ്ങുന്നത്. 1930-ലാണ് ഗേബിള്‍ ഹോളിവുഡ്ഡില്‍ എത്തിയത്. 1931 മുതല്‍ 54 വരെ ഇദ്ദേഹം മെട്രോ-ഗോള്‍ഡ്വിന്‍ മേയര്‍ സ്റ്റുഡിയോയുമായി കരാറില്‍ ഏര്‍പ്പെട്ടു. പ്രധാപ്പെട്ട പല വേഷങ്ങളും അവതരിപ്പിച്ചു. ഗോണ്‍ വിത്ത് ദ വിന്‍ഡിലെ (1939) റെറ്റ് ബട്ലര്‍ ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ വേഷങ്ങളില്‍ മികച്ചതായിരുന്നു.

'ദ പെയിന്റഡ് ഡെസെര്‍ട്ട്' (1932), 'ഇറ്റ് ഹാപ്പന്‍ഡ് വണ്‍ നൈറ്റ്' (1934), 'മ്യൂട്ടിനി ഓണ്‍ ദ ബൌണ്ടി' (1935) എന്നിവയാണ് ഗേബിള്‍ അഭിനയിച്ച മികച്ച ചിത്രങ്ങള്‍. 'ഇറ്റ് ഹാപ്പന്‍ഡ് വണ്‍ നൈറ്റ്' എന്ന ചിത്രത്തിലെ അഭിനയത്തിന് (1934) ഗേബിളിന് ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചു. 41 സിനിമകളില്‍ നിന്നായി 63 ദശലക്ഷം ഡോളര്‍ ഇദ്ദേഹം സമ്പാദിച്ചുവെന്നാണ് കണക്ക്.

രണ്ടാം ലോകയുദ്ധകാലത്ത് ഗേബിള്‍ അമേരിക്കന്‍ സൈന്യത്തില്‍ ചേര്‍ന്നു. അഞ്ചു ബോംബാക്രമണങ്ങളില്‍ വിജയകരമായി പങ്കെടുത്തതിന് 'എയര്‍മെഡല്‍' നേടുകയും 'മേജര്‍' പദവിയിലേക്കുയരുകയും ചെയ്തു.

അവസാനത്തെ ചിത്രമായ ദ മിസ്ഫിറ്റ്സ് എന്ന ചലച്ചിത്രത്തിലെ അഭിനയം പൂര്‍ത്തിയാക്കിയതിനുശേഷമാണ് ഹൃദ്രോഗബാധിതനായി 1960 ന. 16-ന് ഹോളിവുഡ്ഡില്‍ ഇദ്ദേഹം അന്തരിച്ചത്. ഗേബിളിനെക്കാള്‍ 17 വയസ്സ് പ്രായം കൂടിയതും ബ്രോഡ്വേയിലെ നാടകക്കളരി പരിശീലകയുമായിരുന്ന ജോസഫൈന്‍, ദില്ലൊണ്‍, കരോള്‍ ലൊംബാര്‍ഡ്, കേ വില്യംസ്, സ്പ്രെക്കെസ് എന്നീ അഞ്ചുപേരെ ഗേബിള്‍ വിവാഹം കഴിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍