This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗേണ്‍സി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗേണ്‍സി

Guernsey

ബ്രിട്ടന്റെ ചാനല്‍ ദ്വീപുകളുടെ കൂട്ടത്തില്‍ ഏറ്റവും പടിഞ്ഞാറേ അറ്റത്തുള്ളതും വലുപ്പത്തില്‍ രണ്ടാമത്തേതുമായ ദ്വീപ്. ജേഴ്സി ദ്വീപാണ് ഏറ്റവും വലുത്. ഫ്രഞ്ചു തീരത്തുനിന്ന് 32 കി.മീ. പടിഞ്ഞാറും ഇംഗ്ലീഷ് തീരത്തുനിന്ന് 12 കി.മീ. തെക്കുമായി ഇംഗ്ലീഷ് ചാനലിലാണ് ഗേണ്‍സിയുടെ സ്ഥാനം. ഉദ്ദേശം 15 കി.മീ. നീളവും 10. കി.മീ. വരെ വീതിയുമുള്ള ഈ ദ്വീപിന് ഏതാണ്ട് ത്രികോണാകൃതിയാണുള്ളത്; വിസ്തീര്‍ണം: 65 ച. കി.മീ.; ജനസംഖ്യ: 56000.

വിനോദസഞ്ചാരികള്‍ ധാരാളമായി വന്നുപോകുന്ന ഒരു ഒഴിവുകാല സുഖവാസകേന്ദ്രമാണ് ഗേണ്‍സി. ഇതിന്റെ തെ. ഭാഗം കൂടുതലും പാറക്കൂട്ടങ്ങളും ചെങ്കുത്തായ വശങ്ങളുള്ള താഴ്വാരങ്ങളും നിറഞ്ഞതാണ്. 61 മുതല്‍ 105 വരെ മീ. ഉയരമുള്ള ഇവിടത്തെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ് 106 മീ. ഉയരമുള്ള ഹോട്ട് നെസ്. ഗേണ്‍സിയുടെ വ. ഭാഗം പൊതുവേ താണ പ്രദേശങ്ങളാണ്. അതിമനോഹരമായ കുറെയേറെ ഉള്‍ക്കടലുകള്‍ ഗേണ്‍സിത്തീരത്തുണ്ട്. മുഖ്യമായും കര്‍ഷകരായ ദ്വീപുവാസികള്‍ തക്കാളിയും പൂക്കളും ധാരാളമായി കൃഷിചെയ്യുന്നു. ഗ്ലാസ് ഹൌസുകളാണ് പ്രധാന കൃഷികേന്ദ്രങ്ങള്‍. ഏതാണ്ട് 21.6 കി.മീ. സ്ഥലം കൃഷിഭൂമിയാണ്. കാലിവളര്‍ത്തലും മറ്റൊരു മുഖ്യതൊഴില്‍ തന്നെ. പ്രസിദ്ധമായ 'ഗേണ്‍സി' പശുക്കളുടെ ജന്മദേശം കൂടിയാണ് ഇവിടം.

ഗേണ്‍സി ഗ്രേറ്റ് ബ്രിട്ടന്റെ ഒരു ആശ്രിതരാജ്യമാണെങ്കിലും സ്വന്തം നിയമസഭ തുടങ്ങി നഗരഭരണ സംവിധാനവും നിയമങ്ങളും കോടതികളും വരെ ഇവിടെയുണ്ട്. ഇംഗ്ലീഷാണ് പൊതുവായി ഉപയോഗിക്കപ്പെടുന്ന ഭാഷ. ഫ്രഞ്ചിന്റെ ഒരു വ്യത്യസ്ത രൂപവും ഇവിടെ പ്രചാരത്തിലുണ്ട്. കല്‍ക്കരി, പെട്രോള്‍, എണ്ണ എന്നിവ ഇറക്കുമതി ചെയ്യപ്പെടുന്ന മുഖ്യവസ്തുക്കളാണ്. തക്കാളി, പുഷ്പങ്ങള്‍, ഫേണുകള്‍, സ്വീറ്റ് പെപ്പര്‍, വിവിധയിനം ചെടികള്‍, മറ്റു സസ്യങ്ങള്‍, കന്നുകാലികള്‍, ഗ്രാനൈറ്റ് എന്നിവയെല്ലാം ഇവിടെ നിന്ന് ധാരാളമായി കയറ്റുമതി ചെയ്യപ്പെടുന്നു.

1066-ല്‍ നോര്‍മന്‍ ആക്രമണത്തോടെയാണ് ചാനല്‍ ദ്വീപുകള്‍ ഇംഗ്ലണ്ടുമായി ബന്ധപ്പെട്ടുതുടങ്ങിയത്. രണ്ടാം ലോകയുദ്ധകാലം ഏതാണ്ട് മുഴുവനുംതന്നെ ഗേണ്‍സി ജര്‍മനിയുടെ അധീനതയിലായിരുന്നു. ആല്‍ഡേര്‍ണി, ബ്രച്ചൗ, ഗ്രേറ്റ് സാര്‍ക്, ലിറ്റില്‍ സാര്‍ക്, ഹാം, ജാതൌ, ലീഹൂ എന്നിവ ഗേണ്‍സിയുടെ ആശ്രിത പ്രദേശങ്ങളാണ്.

തലസ്ഥാനമായ സെന്റ് പീറ്റര്‍ പോര്‍ട്ടില്‍ നല്ല ഒരു തുറമുഖമുണ്ട്. എന്നാല്‍ കരിങ്കല്ലില്‍ തീര്‍ത്ത മനോഹര ഭവനങ്ങള്‍ ധാരാമുള്ള ഇവിടത്തെ തെരുവുകള്‍ ഇടുങ്ങിയതും ചുറ്റിവളഞ്ഞുപോകുന്നതുമാണ്. തുറമുഖത്തിന്റെ പ്രവേശനകവാടത്തില്‍ പുരാതന കോട്ടയായ 'കോര്‍ണറ്റ് കൊട്ടാരം' സ്ഥിതിചെയ്യുന്നു. ഇതിനു വടക്കായിട്ടാണ് പ്രസിദ്ധമായ സെന്റ് സാംസണ്‍സ് പട്ടണം. ലാ വിലിയേസ് വിമാനത്താവളത്തില്‍ ഭീമന്‍ ബോയിങ്ങുകളെ വരെ സ്വീകരിക്കാന്‍ വേണ്ട ആധുനിക സജ്ജീകരണങ്ങളെല്ലാമുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%87%E0%B4%A3%E0%B5%8D%E2%80%8D%E0%B4%B8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍