This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗെറിക്ക്, ഓട്ടോ ഫൊണ്‍ (1602 - 86)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗെറിക്ക്, ഓട്ടോ ഫൊണ്‍ (1602 - 86)

Guericke, Otto Von

ജര്‍മന്‍ ഭൗതിക ശാസ്ത്രജ്ഞന്‍. ഹാന്‍സ് ഗെറിക്ക്, അന്ന ഫൊണ്‍ സീഡ്റഫ് ദമ്പതികളുടെ മകനായി 1602 ന. 20-നു മാഗ്ഡിബര്‍ഗില്‍ ജനിച്ചു. നിയമം, ഗണിതശാസ്ത്രം, ബലതന്ത്രം, മിലിട്ടറി എന്‍ജിനീയറിങ് എന്നീ ശാഖകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ സഞ്ചരിച്ച ഗെറിക് ജര്‍മന്‍ നഗരമായ എര്‍ഫര്‍ട്ടില്‍ എന്‍ജിനീയറായി ഉദ്യോഗത്തില്‍ പ്രവേശിച്ചു. 1627-ല്‍ ഇദ്ദേഹം മാഗ്ഡിബര്‍ഗില്‍ തിരിച്ചെത്തി രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. ആ സമയം മാഗ്ഡിബര്‍ഗില്‍ യുദ്ധം (Thirty Years of War) നടക്കുകയായിരുന്നു. 1631-ല്‍ യുദ്ധംമൂലം തകര്‍ന്നടിഞ്ഞ ജന്മനഗരം വിട്ട് ഗെറിക്കും കുടുംബവും സ്വീഡനിലേക്ക് രക്ഷപ്പെട്ടു. അവിടെ ഗുസ്താവ് II അഡോള്‍ഫസിന്റെ സൈന്യത്തില്‍ കുറേക്കാലം സേവനമനുഷ്ഠിച്ചു. പിന്നീട് മാഗ്ഡിബര്‍ഗിലേക്കു തന്നെ മടങ്ങിവന്ന ഗെറിക്ക് വീണ്ടും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. അതോടൊപ്പം ആ നഗരത്തെ ഉദ്ധരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഒരു എന്‍ജിനീയര്‍ എന്ന നിലയിലുള്ള സേവനങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തു. ക്രമേണ ജനപ്രീതി നേടിയെടുത്ത ഗെറിക്ക് 1646-ല്‍ ആ നഗരത്തിന്റെ മേയറായി. 35 വര്‍ഷം ആ സ്ഥാനത്ത് തുടരുകയും ചെയ്തു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ഇദ്ദേഹം ശാസ്ത്രനിരീക്ഷണ-പരീക്ഷണങ്ങള്‍ക്ക് സമയം കണ്ടെത്തിയിരുന്നു.

നിര്‍വാതനത്തെപ്പറ്റിയുള്ള പഠനങ്ങള്‍ക്കിടയില്‍ ഗെറിക്ക് 1650-ല്‍ എയര്‍ പമ്പ് (വാക്വം പമ്പ്) കണ്ടുപിടിച്ചു. ഇതുപയോഗിച്ച് ലോഹഗോളങ്ങള്‍ക്കുള്ളില്‍ താരതമ്യേന ഉയര്‍ന്ന ശൂന്യത സൃഷ്ടിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ഫെര്‍ഡിനന്‍ഡ് കകക ചക്രവര്‍ത്തിയുടെ മുന്‍പാകെ 1654-ല്‍ ഇദ്ദേഹം നടത്തിയ പരീക്ഷണം പ്രസിദ്ധമാണ്. 3.66 മീ. വ്യാസം വരുന്ന രണ്ടു വെങ്കല അര്‍ധഗോളങ്ങള്‍ ചേര്‍ത്തു വച്ച് ഉള്ളിലെ വായു മുഴുവന്‍ പമ്പുചെയ്തു നീക്കി. ഇരുവശത്തുനിന്നും 8 കുതിരകള്‍ വീതം കിണഞ്ഞു ശ്രമിച്ചിട്ടും അവയെ വേര്‍പെടുത്താനായില്ല. എന്നാല്‍ തിരികെ വായു നിറച്ചപ്പോള്‍ അവ എളുപ്പത്തില്‍ വേര്‍പെട്ടു. ഗ്രീക്കു ഭാഷയില്‍ എഴുതിയ ന്യൂമാഗ്ഡിബര്‍ഗ് എക്സ്പെരിമെന്റ് ഓണ്‍ എംപ്റ്റി സ്പേസ് (1672) എന്ന കൃതിയില്‍ തന്റെ പരീക്ഷണ ഫലങ്ങള്‍ ഇദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഘര്‍ഷണവൈദ്യുതിയുമായി ബന്ധപ്പെട്ട ചില പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും വൈദ്യുത പ്രഭാവത്തെപ്പറ്റി ഗെറിക്ക് കാര്യമായി മനസ്സിലാക്കിയിരുന്നില്ല. മാധ്യമമില്ലാതെ വാക്വത്തിലൂടെ ശബ്ദം പ്രസരിക്കുകയില്ലെന്ന് ഇദ്ദേഹം അനുമാനിച്ചു. കോസ്മോളജിയിലും ഇദ്ദേഹം ചില പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.

1686 മേയ് 11-നു ഹാംബെര്‍ഗില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍