This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗെര്‍ഹാര്‍ട്ട് ഹോപ്റ്റ്മാന്‍ (1862 - 1946)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗെര്‍ഹാര്‍ട്ട് ഹോപ്റ്റ്മാന്‍ (1862 - 1946)

Gehart Hauptmann

നോബല്‍ പുരസ്കാര ജേതാവായ (1912) ജര്‍മന്‍ നാടകകൃത്തും നോവലിസ്റ്റും. ജര്‍മന്‍ സാഹിത്യത്തില്‍ നാച്വറലിസ്റ്റ് പ്രസ്ഥാനത്തിന്റെ വക്താവും ഇരുപതാംനൂറ്റാണ്ടിലെ പ്രമുഖ നാടകകൃത്തുക്കളില്‍ ഒരാളുമായ ഇദ്ദേഹത്തിന്റെ പല നാടകങ്ങളും ഇന്നും അവതരിപ്പിക്കപ്പെടുന്നു. പൂര്‍ണനാമം, ഗെര്‍ഹാര്‍ട്ട് ജോണ്‍ റോബര്‍ട്ട് ഹോപ്റ്റ്മാന്‍.

ഹോപ്റ്റ്മാന്‍ ഗെര്‍ഹാര്‍ട്ട്

1862 ന. 15-ന് ഇന്നത്തെ പോളണ്ടിലെ ഒബര്‍സാല്‍സ്ബനിലെ ഒരു മധ്യവര്‍ഗ കുടുംബത്തില്‍ ജനിച്ചു. ജന്മദേശത്തുനിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ഇദ്ദേഹം ബ്രസ്ളേയിലെ ആര്‍ട്സ് അക്കാദമിയില്‍ പഠനം നടത്തി. തുടര്‍ന്ന്, ജീനയിലേക്കുപോയ ഇദ്ദേഹം അവിടത്തെ ഒരു സര്‍വകലാശാലയില്‍ നിന്നും ചരിത്രത്തില്‍ ബിരുദം കരസ്ഥമാക്കി.

ഗെര്‍ഹാര്‍ട്ടിന്റെ സര്‍ഗസിദ്ധി ആദ്യമായി ശ്രദ്ധിക്കപ്പെട്ടത് ഇദ്ദേഹം റോമിലെ ആര്‍ട്സ് സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു. പ്രൊമിത്യൂസിന്റെ ഐതിഹ്യത്തെ (myths) ആസ്പദമാക്കിയെഴുതിയ ഒരു കാല്പനിക കവിതയായിരുന്നു ഇതിന്റെ തുടക്കം. 1885-ല്‍ വിവാഹിതനായ ഇദ്ദേഹം പിന്നീട് ബെര്‍ലിനില്‍ താമസമാക്കി. ഇവിടെ നിന്നുമാണ് നോവല്‍-നാടക രചനാരംഗത്ത് ഇദ്ദേഹം സജീവമാകുന്നത്. അക്കാലത്തെ   പ്രമുഖ കവിയും നാടകകൃത്തുമായിരുന്ന ആര്‍നോഹോള്‍സി (1863-1929) നോടൊപ്പമുള്ള പ്രവര്‍ത്തനങ്ങളും ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ വലിയ മുതല്‍ക്കൂട്ടായി.

1889-ല്‍ അവതരിപ്പിക്കപ്പെട്ട 'ബിഫോര്‍ ഡോണ്‍' ആണ് ഇദ്ദേഹത്തിന്റെ ആദ്യനാടകം. മറ്റൊരു നാടകമായ 'ദ് വീവേഴ്സ്' ഏറെ ശ്രദ്ധിക്കപ്പെട്ടു. വ്യവസായ വിപ്ലവകാലത്ത് യന്ത്രവത്കരണത്തിനെതിരെ നടന്ന കലാപങ്ങളാണ് ഈ നാടകത്തിലെ പ്രതിപാദ്യം. 'ദ് ബീവര്‍ കോട്ട്' (1893), 'ഡ്രെമാന്‍ ഹെന്‍ഷല്‍' (1903), 'ഡൈ റാട്ടന്‍' (1911), 'ദി അസംപ്ഷന്‍ ഒഫ് ഹാനലെ' (1893), 'ദ് ഡൈ ഒഫ് ഒഡീസസ്' (1914) തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന നാടകങ്ങള്‍. 'ദ് ഹെറെട്ടിക് ഒഫ് സൊയാന' (1918), 'അറ്റ് ലാന്റിസ്' (1912), 'ഫാന്റം' (1923), 'അന്ന' (1921), 'ബുക്ക് ഒഫ് പാഷന്‍' (1930) തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന നോവലുകള്‍.

അഡ്വഞ്ചര്‍ ഒഫ് മൈ യൂത്ത് എന്ന പേരില്‍ രണ്ട് വാല്യങ്ങളിലായി (1939-ലും 1949-ലും) ആത്മകഥ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 1942-ല്‍ ഇദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത രചനകള്‍ 17 വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1911-ലെ 'ദ് റാറ്റ്സ്' (Die Ratten) എന്ന നാടകത്തെ മുന്‍ നിര്‍ത്തിയാണ് ഇദ്ദേഹത്തിന് തൊട്ടടുത്തവര്‍ഷം നോബല്‍ പുരസ്കാരം ലഭിച്ചത്.

1946 ജൂണ്‍ 6-ന് പോളണ്ടിലെ ആഗ്നേട്ടന്‍ഡോര്‍ഫില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍