This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗെയ്റ്റ്സ്കല്‍, ഹ്യൂ (1906 - 63)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗെയ്റ്റ്സ്കല്‍, ഹ്യൂ (1906 - 63)

Gaitskell, Hugh

ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവ്. 1906 ഏ. 9-നു ലണ്ടനില്‍ ജനിച്ചു. വിന്‍ചെസ്റ്റര്‍, ഓക്സ്ഫഡ് എന്നിവിടങ്ങളിലായിരുന്നു ഗെയ്റ്റ്സ്കലിന്റെ വിദ്യാഭ്യാസം. 1926-ല്‍ ഇദ്ദേഹം ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. ഓണേഴ്സ് ബിരുദം നേടിയതിനുശേഷം 1939 വരെ ലണ്ടന്‍ സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗത്തില്‍ അധ്യാപകനായി ജോലി നോക്കി. വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ ഭരണകാലത്ത് ഗെയ്റ്റ്സ്കല്‍ 1940 മുതല്‍ 45 വരെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല വഹിക്കുന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നു. 1945-ല്‍ ഇദ്ദേഹം ദക്ഷിണ ലീഡ്സ് മണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റംഗമായി. ലേബര്‍ പാര്‍ട്ടി ഗവണ്‍മെന്റില്‍ ഗെയ്റ്റ്സ്കല്‍ ഇന്ധന ഊര്‍ജ വകുപ്പിന്റെയും (1947-50) സാമ്പത്തിക കാര്യങ്ങളുടെയും (1950-51) ചുമതല വഹിച്ചിരുന്ന മന്ത്രിയായി. 1950 ഒ.-ല്‍ ഇദ്ദേഹം ചാന്‍സലര്‍ ഒഫ് എക്സ്ചെക്കറായി. യാഥാസ്ഥിതിക കക്ഷി അധികാരത്തില്‍ വന്നപ്പോള്‍ (1951) ഇദ്ദേഹം പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതൃനിരയിലായിരുന്നു. 1954-ല്‍ ലേബര്‍ പാര്‍ട്ടിയുടെ ട്രഷററായും 1955-ല്‍ പാര്‍ട്ടി നേതാവായും തെരഞ്ഞെടുക്കപ്പെട്ടു. 1957-ല്‍ ചലഞ്ച് ഒഫ് കോ-എക്സിസ്റ്റന്‍സ് എന്ന ഗ്രന്ഥം രചിച്ചു. 1963 ജനു. 18-നു ലണ്ടനില്‍ അന്തരിച്ചു.

(ഷീല ഐറിന്‍ ജയന്തി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍