This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗെയ്ഥേ, യോഹാന്‍ വുള്‍ഫ്ഗാങ് ഫൊന്‍ (1749 - 1832)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗെയ്ഥേ, യോഹാന്‍ വുള്‍ഫ്ഗാങ് ഫൊന്‍ (1749 - 1832)

Gothe, Johann Wolfgang Von

ജര്‍മന്‍ സാഹിത്യകാരന്‍. ധൈഷണിക ജീവിതത്തിന്റെ ഒട്ടെല്ലാ മേഖലകളിലും കര്‍മനിരതനായിരുന്നു ഈ ബഹുമുഖ പ്രതിഭ. ചിത്രകാരന്‍, പത്രപ്രവര്‍ത്തകന്‍, തിയെറ്റര്‍മാനേജര്‍, നാടക സംവിധായകന്‍, പ്രകൃതിദാര്‍ശനികന്‍, ശാസ്ത്രജ്ഞന്‍ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. നവോത്ഥാന വ്യക്തിത്വത്തിന്റെ നാനാത്വം പ്രകടിപ്പിച്ച ഏറ്റവും ഒടുവിലത്തെ യൂറോപ്യനായിരുന്നു ഗെയ്ഥേ. ജര്‍മന്‍ സാഹിത്യത്തിന് ഈടുറ്റ ഭാവഗാനങ്ങളും നോവലുകളും കാവ്യനാടകങ്ങളും ഇദ്ദേഹം   സംഭാവന ചെയ്തു. സാഹിത്യ നിര്‍മാണത്തിലെന്നപോലെ നിരൂപണത്തിലും ഗെയ്ഥേ കൃതഹസ്തനായിരുന്നു. പ്രകാശശാസ്ത്രത്തിലും ജീവശാസ്ത്രത്തിലും ഇദ്ദേഹം പഠന പരീക്ഷണങ്ങള്‍ നടത്തി. വിവിധ ശാസ്ത്രശാഖകളെപ്പറ്റി ഇദ്ദേഹം രചിച്ച പ്രബന്ധങ്ങള്‍ പതിനാലു ബൃഹദ്വാല്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.

യോഹാന്‍ വുള്‍ഫ്ഗാങ് ഫൊന്‍ ഗെയ്ഥേ

1749 ആഗ. 28-നു ഗെയ്ഥേ ജനിച്ചു. ഫ്രാങ്ക്ഫര്‍ട്ടിലെ ഒരു അഭിഭാഷകനായ യോഹാന്‍ കാസ്പര്‍ ഗെയ്ഥേ ആയിരുന്നു പിതാവ്. ഫ്രാങ്ക്ഫര്‍ട്ട് മേയറുടെ പുത്രി കാതറൈന്‍ എലിസബത്ത് ടെക്സ്റ്റര്‍ ആയിരുന്നു മാതാവ്. പതിനാറു വയസ്സുവരെ ഗെയ്ഥേ വീട്ടില്‍ത്തന്നെ കഴിഞ്ഞു. ഇക്കാലത്ത് ഇറ്റാലിയനും ഹീബ്രുവും ഇംഗ്ലീഷും പഠിച്ചു. സംഗീതത്തിലും ചിത്രകലയിലും സാമാന്യ പരിചയം നേടി. ക്ലാസ്സിക് ഗ്രന്ഥങ്ങള്‍ പഠിച്ചു. തന്റെ ബാല്യകാല ജീവിതം സന്തോഷകരമായിരുന്നു എന്ന് കവിതയും സത്യവും എന്ന ആത്മകഥയില്‍ ഗെയ്ഥേ അനുസ്മരിച്ചിട്ടുണ്ട്.

1765-ല്‍ നിയമ പഠനാര്‍ഥം ഗെയ്ഥേ ലിപ്സീഗ് യൂണിവേഴ്സിറ്റിയിലേക്ക് അയയ്ക്കപ്പെട്ടു. എന്നാല്‍ നിയമഗ്രന്ഥങ്ങളെക്കാള്‍ സാഹിത്യകൃതികളാണ് ഇദ്ദേഹത്തെ ആകര്‍ഷിച്ചത്. ഒരു പ്രേമബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തന്നെ ആഹ്ളാദിപ്പിക്കുകയും അലോസരപ്പെടുത്തുകയും ചെയ്ത എന്തിനെയും കവിതയോ ചിത്രമോ ആക്കി മാറ്റുന്നതിലായിരുന്നു അക്കാലത്തെ തന്റെ മുഖ്യതാത്പര്യം എന്ന് ഗെയ്ഥേ പില്ക്കാലത്തു രേഖപ്പെടുത്തുകയുണ്ടായി.

രോഗം ബാധിച്ചതിനാല്‍ പഠനം പൂര്‍ത്തിയാക്കാതെ 1768-ല്‍ ഫ്രാങ്ക്ഫര്‍ട്ടിലേക്കു മടങ്ങി. നീണ്ട വിശ്രമവേളയ്ക്കു ശേഷം 1770 ഏപ്രിലില്‍ സ്റ്റ്രാസ്ബര്‍ഗിലേക്കു പോയി. അവിടെ വച്ചാണ് യോഹാന്‍ ഗോട്ട്ഫ്രീഡ് ഹെര്‍ഡറുമായി പരിചയപ്പെട്ടത്. നേത്രരോഗ ചികിത്സാര്‍ഥം ഹെര്‍ഡര്‍ അന്ന് സ്റ്റ്രാസ്ബര്‍ഗില്‍ കഴിയുകയായിരുന്നു. ജര്‍മന്‍ സാഹിത്യത്തിന്റെ മുഖം മൂടിവച്ചിരുന്ന ദാരിദ്യ്രത്തിന്റെ ആവരണം ചീന്തിയെറിഞ്ഞ സാഹിത്യകാരന്‍ എന്ന് ഗെയ്ഥേ തന്നെ പില്ക്കാലത്ത് വിശേഷിപ്പിച്ച ഹെര്‍ഡര്‍, ഗെയ്ഥേയുടെ ജീവിത വീക്ഷണത്തിലും സാഹിത്യാവബോധത്തിലും സാരമായ സ്വാധീനം ചെലുത്തി. മനുഷ്യന്റെ മൗലികവും ചൈതന്യ ധന്യവുമായ ഭാഷയാണു കവിതയെന്ന് ഇദ്ദേഹം മനസ്സിലാക്കി. പുതിയൊരു കാവ്യശൈലിയുടെ ആവശ്യകത ബോധ്യമായി. നൂതനമായി സിദ്ധിച്ച ഈ അവബോധം ആദ്യം പ്രതിഫലിച്ചത് ഭാവഗീതങ്ങളിലാണ്. ഇദ്ദേഹത്തിന്റെ ഭാവഗീതങ്ങള്‍ ജര്‍മന്‍ സാഹിത്യത്തില്‍ പുതിയൊരു ദശാസന്ധി തുറന്നിട്ടു.

1771 ആഗ.-ല്‍ നിയമപഠനം പൂര്‍ത്തിയാക്കി ഗെയ്ഥേ ഫ്രാങ്ക്ഫര്‍ട്ടില്‍ തിരിച്ചെത്തി, വെറ്റ്സ്ലാറിലെ കോടതിയില്‍ അഭിഭാഷകവൃത്തിയില്‍ പ്രവേശിച്ചു. പക്ഷേ, നിയമ വ്യവഹാരങ്ങളില്‍ നിന്നകന്നുമാറി സാഹിത്യസൃഷ്ടി നടത്താനാണ് ഇദ്ദേഹം തീരുമാനിച്ചത്. 16-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഇതിഹാസ പുരുഷനായ ഗോട്ട്സ് എന്ന പ്രഭുവിന്റെ ജീവിതത്തെപ്പറ്റി ഒരു നാടകം രചിക്കുകയെന്നതായിരുന്നു ആദ്യസംരംഭം. 1773-ല്‍ ഗോട്ട്സ് പ്രസിദ്ധീകരിച്ചു. ഇതിനിടെ ഷാര്‍ലറ്റ് ബഫ് എന്നൊരു യുവതിയുമായി പരിചയപ്പെട്ടു. പരിചയം വളര്‍ന്നു പ്രേമമായി. ഗെയ്ഥേ എന്ന കാമുകന്റെ പ്രേമോഷ്മളമായ ഉള്‍ത്തുടിപ്പുകള്‍ വെര്‍തറുടെ ദുഃഖങ്ങള്‍ എന്ന നോവലായി രൂപംപൂണ്ടു. 1774-ല്‍ പ്രസിദ്ധീകൃതമായ ഈ നോവല്‍ നാലാഴ്ചക്കാലം കൊണ്ട് 'ഒരു സ്വപ്നാടകനെപ്പോലെ' രചിച്ചതാണെന്ന് ഗെയ്ഥേ ആത്മകഥയില്‍ വിവരിച്ചിരിക്കുന്നു.

ഗോട്ട്സും വെര്‍തറും ഗെയ്ഥേയെ സാഹിത്യരംഗത്ത് പ്രശസ്തനാക്കിത്തീര്‍ത്തു; പ്രത്യേകിച്ചും വെര്‍തര്‍. ഈ കൃതികള്‍ ജര്‍മന്‍ സാഹിത്യത്തില്‍ 'കൊടുങ്കാറ്റും ഉഗ്രതയും' എന്നറിയപ്പെടുന്ന പ്രതിപാദന ശക്തിയുടേതായ ഒരു പ്രസ്ഥാനം ഉദ്ഘാടനം ചെയ്തു. യൂറോപ്പിലുടനീളം വെര്‍തറിന് അനുകര്‍ത്താക്കളുണ്ടായി. വെര്‍തറുടെ വേഷവിധാനംപോലും യൂറോപ്പിലെ ചെറുപ്പക്കാര്‍ക്ക് ഫാഷനായി മാറി. തുടര്‍ന്ന് വളരെക്കാലം ഗെയ്ഥേ അറിയപ്പെട്ടത് വെര്‍തറുടെ കര്‍ത്താവ് എന്ന നിലയില്‍ മാത്രമായിരുന്നു.

വെര്‍തറുടെ ദുഃഖങ്ങള്‍ നേടിക്കൊടുത്ത പ്രശസ്തിയുടെ ഉച്ചകോടിയില്‍ നിന്നുകൊണ്ടുതന്നെ ഗെയ്ഥേ സാഹിത്യത്തോട് താത്കാലികമായിട്ടെങ്കിലും വിടപറഞ്ഞു. കാള്‍ അഗസ്റ്റ് പ്രഭുവിന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹം വീമാറിലേക്ക് പോയി. അവിടെ രാജ്യഭരണ കാര്യങ്ങളില്‍ നിമഗ്നനാകുകയും ചെയ്തു. ഇതേപ്പറ്റി ആത്മകഥയില്‍ ഇദ്ദേഹം ഇങ്ങനെ എഴുതി: "ഒരു പാമ്പിനെപ്പോലെയാണ് ഞാന്‍; പഴയ പടം പൊഴിച്ചു കളയുന്നു. പുതിയ ഒന്നു വളര്‍ത്തുകയും ചെയ്യുന്നു. ഗെയ്ഥേ സാഹിത്യത്തില്‍ നിന്നു പിന്‍വാങ്ങിയതില്‍ ഇദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അസ്വസ്ഥത പ്രകടിപ്പിച്ചു എങ്കിലും ഗെയ്ഥേ അതൊന്നും വകവച്ചില്ല.

വീമാറില്‍ കഴിച്ചുകൂട്ടിയ പത്തുവര്‍ഷക്കാലം ഗെയ്ഥേയെ സംബന്ധിച്ചിടത്തോളം സാഹിത്യപരമായി വന്ധ്യമായിരുന്നു. യാതൊരു സാഹിത്യ സൃഷ്ടിയിലും ഏര്‍പ്പെട്ടതേയില്ല. അഥവാ ഭരണകാര്യവ്യഗ്രതയ്ക്കിടയില്‍ അതിനു നേരം കിട്ടിയിരുന്നില്ല. കൗണ്‍സിലര്‍ എന്ന നിലയില്‍ പ്രീവികൗണ്‍സിലില്‍ പങ്കെടുത്തു. തടവുകാരുടെ വിചാരണയ്ക്കു നേതൃത്വം നല്കിയും യുദ്ധകാര്യങ്ങളുടെ തന്ത്രപ്രധാനമായ ചുമതല വഹിച്ചും ധനകാര്യ കമ്മിഷന്റെയും-ഖനി-ഗതാഗതവകുപ്പുകളുടെയും ഭരണസാരഥ്യം വഹിച്ചും ഒരു തികഞ്ഞ രാജ്യതന്ത്രജ്ഞനായിത്തന്നെ ഇദ്ദേഹം ജീവിച്ചു. 1782-ല്‍ ഇദ്ദേഹത്തിനു പ്രഭുസ്ഥാനം നല്കപ്പെട്ടു. അതോടെ ഭരണസമിതിയുടെ അധ്യക്ഷനായും കുറേനാള്‍ സേവനമനുഷ്ഠിച്ചു.

വീമാറിലെ ജീവിതം സാഹിത്യ വിമുഖമായിരുന്നെങ്കിലും ശാസ്ത്രപഠനത്തിനു സഹായകമായി ഭവിച്ചു. സ്റ്റ്രാസ്ബര്‍ഗില്‍ വച്ചേ തുടങ്ങിയിരുന്ന ശരീരശാസ്ത്ര പഠനം ഗെയ്ഥേ പുനരാരംഭിച്ചു. മനുഷ്യനില്‍ അന്തര്‍ മാക്സിലറി അസ്ഥികള്‍ അവികസിതാവസ്ഥയില്‍ സ്ഥിതിചെയ്യുന്നുവെന്ന് ഇദ്ദേഹം കണ്ടെത്തി. ഈ കണ്ടെത്തലാണ് പിന്നീട് പരിണാമവാദം വിശദീകരിക്കുവാന്‍ ഡാര്‍വിന് ഒരളവുവരെ സഹായകമായത്. ഇക്കാര്യം ഡാര്‍വിന്‍ നന്ദിപൂര്‍വം അനുസ്മരിച്ചിട്ടുണ്ട്. ചെടികളുടെ ഘടനയും വളര്‍ച്ചയും ഗെയ്ഥേയുടെ പഠനവിഷയമായി. ചെടികളുടെ രൂപാന്തരണം എന്നൊരു ഗ്രന്ഥം ഇദ്ദേഹം പില്ക്കാലത്ത് പ്രസിദ്ധീകരിച്ചു. പ്രകാശ ശാസ്ത്രത്തെപ്പറ്റി ഗെയ്ഥേ നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളാണ് പിന്നീട് പ്രസിദ്ധീകരിച്ച 'പ്രകാശ സിദ്ധാന്ത'ത്തില്‍ വിവരിക്കപ്പെടുന്നത്.

വീമാറിലെ ഔദ്യോഗിക ജീവിതം തന്റെ സാഹിത്യസൃഷ്ടിക്ക് വിഘാതമാണെന്ന് അവസാനം ഗെയ്ഥേ മനസ്സിലാക്കി. തന്റെ സര്‍ഗശക്തിയെ സ്വയം വിലങ്ങിട്ടു നിര്‍ത്തിയ ആ കാലഘട്ടത്തെപ്പറ്റി പശ്ചാത്താപപൂര്‍വമാണ് ഇദ്ദേഹം ആത്മകഥയില്‍ വിവരിക്കുന്നത്. സാഹിത്യത്തിലേക്കു തിരിച്ചുപോകാതിരിക്കാന്‍ ആ പ്രതിഭാധനനു കഴിഞ്ഞില്ല. വീമാറില്‍ നിന്നും ഒരു വ്യാപാരിയുടെ പ്രച്ഛന്നവേഷത്തില്‍ ഇദ്ദേഹം ഇറ്റലിയിലേക്കു പോയി. 22 മാസക്കാലം അവിടെ താമസിച്ചു. ക്ലാസ്സിക്കല്‍ സാഹിത്യത്തിന്റെ സത്ത ഉള്‍ക്കൊള്ളാന്‍ ഇറ്റലിയിലെ ജീവിതം അദ്ദേഹത്തിന് സഹായകമായി. ശാശ്വതികത്വം അവകാശപ്പെടാവുന്ന പ്രവൃത്തികളില്‍ മാത്രമേ മേലില്‍ ഏര്‍പ്പെടുകയുള്ളു എന്നു ശപഥം ചെയ്തു.

1778-ല്‍ വീമാറില്‍ തിരിച്ചെത്തിയെങ്കിലും പഴയ ഔദ്യോഗിക ജീവിതത്തോട് എന്നേക്കുമായി വിടപറഞ്ഞു. ഇറ്റലിയിലെ താമസത്തിനിടയില്‍ തന്റെ കാമുകിയെ ഇദ്ദേഹത്തിനു നഷ്ടപ്പെട്ടു. ഒരു ഫാക്ടറി തൊഴിലാളിയായിരുന്ന ക്രിസ്റ്റ്യാനോ വള്‍പിയസ് എന്നൊരു യുവതിയെ കൂടെ താമസിപ്പിച്ചു. ഇത് ഒട്ടേറെ അപവാദങ്ങള്‍ക്കിടനല്കി. ഒടുവില്‍ 1806-ല്‍ ആ സ്ത്രീയെ ഇദ്ദേഹം വിവാഹം ചെയ്തു.

ഇതിനിടെ ജര്‍മന്‍ സാഹിത്യരംഗത്ത് ഷില്ലര്‍ പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു. ഷില്ലറാണ് തന്റെ മുഖ്യ എതിരാളി എന്ന് ഗെയ്ഥേ വിശ്വസിച്ചു. എന്നാല്‍ 1794-ല്‍ അവര്‍ ഉറ്റ ചങ്ങാതികളായി മാറി. താന്‍ പുതുതായി തുടങ്ങിയ ഒരു പത്രത്തിന് ലേഖന സഹായം ആവശ്യപ്പെട്ടുകൊണ്ട് ഷില്ലര്‍ അയച്ച ക്ഷണം ഗെയ്ഥേ സ്വീകരിച്ചു.

ഗെയ്ഥേയുടെ പില്ക്കാല സാഹിത്യ ജീവിതത്തിലെ ഏറ്റവും വലിയ പ്രേരകശക്തിയായിരുന്നു ഷില്ലര്‍. ഗെയ്ഥേ ആയിരുന്നു ഷില്ലറുടെ പ്രോത്സാഹകന്‍. ഇദ്ദേഹം ഷില്ലറുടെ നാടകങ്ങള്‍ സംവിധാനം ചെയ്തവതരിപ്പിച്ചു. ഇരുവരും ചേര്‍ന്ന് ഗ്രന്ഥങ്ങള്‍ രചിച്ചു. അവയില്‍ സെനിയന്‍ എന്ന കൃതി സമകാലീന സാഹിത്യാഭാസങ്ങളെ നിശിതമായി ആക്രമിക്കുന്ന ഒന്നാണ്. ഇരുവരും പ്രത്യേകമായും സാഹിത്യ സൃഷ്ടികള്‍ നടത്തിക്കൊണ്ടിരുന്നു. വില്‍ഹെം മെയിസ്റ്റേഴ്സ് അപ്രന്റീസ്ഷിപ്പ്, ഹെര്‍മന്‍ ആന്‍ഡ് ഡൊറോത്തിയ എന്നീ നാടകങ്ങളും ഒട്ടേറെ ലഘുകവിതകളും ഇക്കാലത്ത് ഗെയ്ഥേ രചിച്ചു. ഷില്ലറുടെ പ്രേരണയാല്‍ ഗെയ്ഥേ തന്റെ ഫൗസ്റ്റ് എന്ന കാവ്യനാടകത്തിന്റെ നിര്‍മിതി പുനരാരംഭിച്ചു. 1774-ല്‍ ആണ് ഗെയ്ഥേ ഫൌസ്റ്റ് എഴുതാന്‍ തുടങ്ങിയത്. 1790-ല്‍ അതിന്റെ ഒരു ഭാഗം പ്രസിദ്ധീകരിക്കുകയുണ്ടായി. ഒന്നാം ഭാഗം 1805-ല്‍ പൂര്‍ത്തിയാക്കി. ഹാര്‍ദവമായ സ്വീകരണമാണ് ഇതിനു ലഭിച്ചത്. ക്ലാസ്സിക്കല്‍ പ്രസ്ഥാനത്തിന്റെ വിരോധികള്‍ പോലും ഫൗസ്റ്റിനെ സ്വാഗതം ചെയ്തു.

ഷില്ലറുടെ മരണത്തിനു ശേഷം ഗെയ്ഥേ വീണ്ടും സാഹിത്യത്തില്‍ പരാങ്മുഖനായി; എങ്കിലും വീമാര്‍ തിയെറ്ററിനു വേണ്ടി ഇദ്ദേഹം നാടക സംവിധാനം നിര്‍വഹിച്ചുകൊണ്ടിരുന്നു.

1824-ല്‍ ഫൗസ്റ്റിന്റെ രണ്ടാം ഭാഗത്തിന്റെ രചന തുടങ്ങുകയും 1832-ല്‍ അതു പൂര്‍ത്തിയാക്കുകയും ചെയ്തു. അതേ വര്‍ഷം മാര്‍ച്ച് 22-ന് ഗെയ്ഥേ അന്തരിച്ചു. മൃതദേഹം വീമാറിലെ പ്രഭുക്കളുടെ ശ്മശാനത്തില്‍ കാള്‍ അഗസ്റ്റിന്റെ ശവകുടീരത്തിനു സമീപം സംസ്കരിക്കപ്പെട്ടു. ഷില്ലറുടെ ഭൗതികാവശിഷ്ടവും പിന്നീട് ഇവിടേക്ക് മാറ്റുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍