This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗെയുസ് (എ.ഡി. 2-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗെയുസ് (എ.ഡി. 2-ാം ശ.)

Gaius

റോമന്‍ നിയമപണ്ഡിതന്‍. എ.ഡി. 2-ാം ശ.-ത്തില്‍ ജീവിച്ചിരുന്നു. ഇദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇദ്ദേഹത്തിന്റെ പൂര്‍ണ നാമധേയവും ലഭ്യമല്ല. റോമില്‍ അക്കാലത്ത് പലര്‍ക്കും ഉണ്ടായിരുന്ന ഒരു പേരായിരുന്നു ഗെയുസ്. ഏതെങ്കിലും പ്രവിശ്യാനഗരത്തിലായിരിക്കണം ഇദ്ദേഹം ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. തന്മൂലം ഇദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റിയോ ഗ്രന്ഥങ്ങളെപ്പറ്റിയോ സമകാലീന വിവരങ്ങളും ലഭ്യമല്ല. മെച്ചപ്പെട്ട ഭരണസംവിധാനം ഉണ്ടായിരുന്ന റോമാസാമ്രാജ്യം അതിന്റെ ഔന്നത്യത്തിലെത്തിയിരുന്ന എ.ഡി. 130-നും 180-നും ഇടയ്ക്കുള്ള കാലത്തായിരിക്കണം ഗെയുസ് നിയമഗ്രന്ഥങ്ങള്‍ രചിച്ചത്. ഇദ്ദേഹത്തിന്റെ മരണശേഷം ഗ്രന്ഥങ്ങളൊക്കെ ആധികാരികങ്ങളായി അംഗീകരിക്കപ്പെട്ടു. വ്യവഹാരങ്ങള്‍ക്കു തീര്‍പ്പു കല്പിക്കുമ്പോള്‍ നീതിന്യായോദ്യോഗസ്ഥര്‍ പപിനിയന്‍, ഉള്‍പിയന്‍, മൊദെസ്തനീസ്, പൗളൂസ്, ഗെയുസ് എന്നീ അഞ്ചു നിയമജ്ഞരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കണമെന്ന് ചക്രവര്‍ത്തി വാലെന്റിനിയന്‍ III കല്പന പുറപ്പെടുവിച്ചിരുന്നു. റോമന്‍ നിയമത്തിന്റെ പ്രഭവങ്ങളില്‍ പ്രധാനസ്ഥാനം ഈ അഞ്ചു നിയമപണ്ഡിതന്മാരുടെ ഗ്രന്ഥങ്ങള്‍ക്കായിരുന്നു.

റോമന്‍ നിയമത്തിന്റെ പ്രാഥമിക തത്ത്വങ്ങളുടെ സമഗ്ര വിവരണമാണ് ഗെയുസിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടെസ് എന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ഇദ്ദേഹം രചിച്ച മറ്റു കൃതികളാണ് ഈഡിക്റ്റ്സ് ദ് മജിസ്റ്റ്രേട്ട്സ്, കമന്ററീസ് ഓണ്‍ ദ ട്വല്‍വ് ടേബിള്‍സ്, ലെക്സ് പാപിയാ പോപ്പിയാ തുടങ്ങിയ പ്രബന്ധങ്ങള്‍. റോമന്‍ നിയമത്തിന്റെ സ്രോതസ്സുകളില്‍ ഗെയുസിനുണ്ടായിരുന്ന താത്പര്യംമൂലം ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ആദ്യകാലസ്ഥാപനങ്ങളുടെ ചരിത്രരചനയില്‍ ചരിത്രകാരന്മാര്‍ക്ക് സഹായകമായി. റോമന്‍ നിയമജ്ഞരുടെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ അതെയുസ് കാപിറ്റോയുടെ പിന്‍ഗാമികളെന്നു കരുതപ്പെടുന്ന സബിനിയരുടെ ചേരിയിലായിരുന്നു ഗെയുസ്.

ഗെയുസിന്റെ ഗ്രന്ഥങ്ങളിലെ പല ഉദ്ധരണികളും ജസ്റ്റിനിയന്റെ ഡൈജസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. ഗെയുസിന്റെയും ജസ്റ്റിനിയന്റെയും ഇന്‍സ്റ്റിറ്റ്യൂട്ടെസുകള്‍ താരതമ്യം ചെയ്താല്‍ ഗെയുസിന്റെ വിഷയവിവരണക്രമം ഏതാണ്ട് അതുപോലെതന്നെ ജസ്റ്റിനിയന്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഗെയുസിന്റെ ചില ഖണ്ഡികകള്‍ അക്ഷരം പ്രതി ജസ്റ്റിനിയനില്‍ ചേര്‍ത്തിട്ടുണ്ടെന്നും കാണാം. ജസ്റ്റിനിയന്‍ നിയമസംഹിതകളില്‍ ഗെയുസിന്റെ നിയമശകലങ്ങള്‍ ഉള്‍പ്പെടുത്തിയതോടെ റോമന്‍ നിയമത്തിലൂടെ ഗെയുസ് ശാശ്വതപ്രതിഷ്ഠ നേടിയെന്നു പറയാം.

1816 വരെ ആധുനിക പണ്ഡിതന്മാര്‍ക്ക് ഗെയുസിന്റെ നിയമഗ്രന്ഥങ്ങളെക്കുറിച്ച് ഒരറിവുമില്ലായിരുന്നു. അഞ്ചാം ശതകത്തിലേതെന്നു കരുതപ്പെടുന്ന ഒരു കൈയെഴുത്തുപ്രതി വെറോണയിലെ ചാപ്റ്റര്‍ ലൈബ്രറിയില്‍ നിന്നു ബി.ജി. നീബുര്‍ കണ്ടെടുത്തു. ഇതിലെ വിവരങ്ങളും സു. 250-ലെ ഓക്സിറിങ്കസ് പാപ്പിറിയില്‍ നിന്നും നാലാം ശതകത്തിലെയോ അഞ്ചാം ശതകത്തിന്റെ തുടക്കത്തിലെയോ എന്നു കരുതപ്പെടുന്ന ഈജിപ്ഷ്യന്‍ ശകലങ്ങളില്‍ (അന്റിനോയെറ്റെ) നിന്നും ഉള്ള വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് നാലു ഭാഗങ്ങളുള്ള ഇന്‍സ്റ്റിറ്റ്യൂട്ടെസിനു പൂര്‍ണരൂപം ഉണ്ടാക്കിയത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍