This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗെപ്പര്‍ട്ട്, മയര്‍ മരിയെ (1906 - 72)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗെപ്പര്‍ട്ട്, മയര്‍ മരിയെ (1906 - 72)

Geoppert, Mayer Marie

ജര്‍മനിയില്‍ ജനിച്ച് അമേരിക്കയില്‍ കുടിയേറിയ ഭൗതിക ശാസ്ത്രജ്ഞ. 1963-ലെ ഊര്‍ജതന്ത്രത്തിനുള്ള നോബല്‍ സമ്മാനാര്‍ഹരില്‍ ഇവരും ഉള്‍പ്പെടുന്നു. 1906 ജൂണ്‍ 28-ന് ഇന്ന് പോളണ്ടിന്റെ ഭാഗമായിരിക്കുന്ന കാട്ടോവിസില്‍ ജനിച്ചു. ഗോട്ടിംഗന്‍ സര്‍വകലാശാലയില്‍ നിന്ന് 1930-ല്‍ പിഎച്ച്.ഡി. ബിരുദം നേടി. ശാസ്ത്രജ്ഞനായ മയറെ വിവാഹം ചെയ്ത് അമേരിക്കയിലേക്കു കുടിയേറിയ മരിയെ 1933-ല്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ച് അവിടെ സ്ഥിരതാമസമുറപ്പിച്ചു. അതിനുശേഷം ജോണ്‍സ് ഹോപ്റ്റിന്‍സ്, കൊളംബിയ, കാലിഫോര്‍ണിയ, ചിക്കാഗോ എന്നീ സര്‍വകലാശാലകളില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തു.

ഹാന്‍സ് ജെന്‍സണ്‍, യൂജിന്‍ പോള്‍ വിഗ്നര്‍ എന്നീ ശാസ്ത്രകാരന്മാരുമൊത്ത് മരിയെ 'ന്യൂക്ലിയര്‍ ഷെല്‍ തിയറി' (Nuclear Shell Theory)യില്‍ ഗവേഷണം നടത്തി. ഇവര്‍ മൂവരും ചേര്‍ന്ന് 1963-ലെ നോബല്‍സമ്മാനം പങ്കിടുകയും ചെയ്തു. അറ്റോമിക ഷെല്‍ മാതൃകയ്ക്കു സമാനമായി ന്യൂക്ലിയസ്സുകളില്‍ പ്രോട്ടോണുകളും ന്യൂട്രോണുകളും അടുക്കിയിരിക്കുന്നതായി വിശദീകരിക്കുന്നതാണ് ഈ സിദ്ധാന്തം. ചില ന്യൂക്ലിയസുകള്‍ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ സ്ഥിരത(stability)യും ഒരു നിശ്ചിതഎണ്ണം ഐസോടോപ്പുകളും ഉണ്ടായിരിക്കുമെന്ന് സമര്‍ഥിക്കാന്‍ ഈ സിദ്ധാന്തത്തിനു കഴിഞ്ഞു.

ക്വാണ്ടം ബലതന്ത്രം (Quantum Mechanics), സാംഖ്യിക ബലതന്ത്രം (Statistical Mechanics), അണുകേന്ദ്രീയ ഭൗതികം (Nuclear Physics), ക്രിസ്റ്റലീയ ജാലികാ സിദ്ധാന്തം (Crystal Lattice Theory) എന്നീ വിഷയങ്ങളില്‍ മരിയെ പല പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. അമേരിക്കന്‍ അക്കാദമി ഒഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിലെ അംഗമായിരുന്നു ഇവര്‍. 1972 ഫെ. 20-നു കാലിഫോര്‍ണിയയില്‍ ദിവംഗദയായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍