This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗെദെല്‍, കൂര്‍ട്ട് (1906 - 78)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗെദെല്‍, കൂര്‍ട്ട് (1906 - 78)

Godel, Kurt

ഗണിതശാസ്ത്രം, തത്ത്വചിന്ത, യുക്തിവാദം എന്നീ മേഖലകളില്‍ പ്രഗല്ഭനായിരുന്ന ആസ്റ്റ്രിയന്‍-അമേരിക്കന്‍ ശാസ്ത്രജ്ഞന്‍. 1906 ഏ. 28-ന് അന്ന് ആസ്റ്റ്രിയ-ഹംഗറിയിലായിരുന്ന ബ്രണ്‍ നഗരത്തില്‍ (ഇന്ന് ചെക് റിപ്പബ്ലിക്കിലെ ബര്‍നോ) ജനിച്ചു. വിയന്ന സര്‍വകലാശാലയില്‍ നിന്ന് 1930-ല്‍ പിഎച്ച്. ഡി. ബിരുദം നേടി. പിന്നീട് കുറേക്കാലം പ്രിന്‍സ്ടണ്‍ സര്‍വകലാശാലയില്‍ സേവനമനുഷ്ഠിച്ചു. 1940-ല്‍ യു.എസ്.എ. യിലേക്കു കുടിയേറിയ ഇദ്ദേഹം 1976-ല്‍ പ്രൊഫസറായിരിക്കുമ്പോള്‍ ജോലിയില്‍ നിന്നും വിരമിച്ചു.

കൂര്‍ട്ട് ഗെദെല്‍

ഗണിതീയ തര്‍ക്ക ശാസ്ത്രം (mathematical logic), ഗണസിദ്ധാന്തം (set theory) എന്നീ ശാഖകളിലായിരുന്നു ഗെദെലിന്റെ മുഖ്യ സംഭാവനകള്‍. 1931-ല്‍ ഇദ്ദേഹം പ്രസിദ്ധമായ ഗെദെല്‍സ് പ്രൂഫ് എന്ന ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു. ഗണിതാശയ രംഗത്ത് ഒരു വഴിത്തിരിവിനും പ്രൂഫ് തിയറി എന്ന പുതുശാഖയ്ക്കും ഇതു തുടക്കം കുറിച്ചു. ആപേക്ഷികതാ സിദ്ധാന്തത്തില്‍ 'കറങ്ങുന്ന പ്രപഞ്ചമാതൃക' (Rotating Universe Model) അവതരിപ്പിച്ചതും ഇദ്ദേഹമാണ്.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ അവാര്‍ഡ് (1951), നാഷണല്‍ മെഡല്‍ ഒഫ് സയന്‍സ് (1975) എന്നിവയുള്‍പ്പെടെ ഒട്ടേറെ ശാസ്ത്ര ബഹുമതികളും അവാര്‍ഡുകളും ഗെദെലിനു ലഭിച്ചു. എയ്ല്‍ (Yale), ഹാര്‍വാഡ്, റോക്ഫെല്ലര്‍ എന്നീ സര്‍വകലാശാലകള്‍ ഇദ്ദേഹത്തിന് ഓണററി ബിരുദങ്ങള്‍ നല്കി. അമേരിക്കന്‍ അക്കാദമി ഒഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സസ്, നാഷണല്‍ അക്കാദമി ഒഫ് സയന്‍സ്, റോയല്‍ സൊസൈറ്റി ഒഫ് ലണ്ടന്‍, ബ്രിട്ടീഷ് അക്കാദമി എന്നിവയുടെ ഫെലോ ആയി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

ദ് കണ്‍സിസ്റ്റന്‍സി ഒഫ് ദ് കണ്ടിന്യുവം ഹൈപോതിസിസ് (The Consistency of the Coutinuum Hypothesis) എന്ന ലഘുലേഖയും ബി. ബെല്‍റ്റ്സര്‍ (B. Beltzer) ഓണ്‍ ഫോര്‍മലി അണ്‍ഡിസൈഡബിള്‍ പ്രൊപൊസിഷന്‍സ് എന്ന പേരില്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്ത ഗ്രന്ഥവും ഇദ്ദേഹത്തിന്റെ രചനകളാണ്. 1978 ജനു. 14-ന് ന്യൂജെഴ്സിയില്‍ ഗെദെല്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍