This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗെഡ്ഡിസ്, പാട്രിക് (1854 - 1932)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗെഡ്ഡിസ്, പാട്രിക് (1854 - 1932)

Geddes, Patrick

സ്കോട്ടിഷ് സാമൂഹിക ശാസ്ത്രജ്ഞനും ജീവശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനും നഗരാസൂത്രകനും. 1854 ഒ. 2-ന് ബല്ലാറ്റെറില്‍ ജനിച്ചു. ഗ്രാമീണ നാഗരിക ജീവിതത്തെക്കുറിച്ച് മൊത്തത്തില്‍ ഒരു ധാരണയുണ്ടാക്കാനും മനുഷ്യന്‍ ഉള്‍പ്പെടെ ജീവജാലങ്ങളെ മുഴുവന്‍ അവയുടെ ചുറ്റുപാടില്‍ വിലയിരുത്താനും പെര്‍ത്തിലെ ബാല്യകാല ജീവിതം ഇദ്ദേഹത്തെ പ്രാപ്തനാക്കി. 16-ാമത്തെ വയസ്സില്‍ പെര്‍ത്തില്‍ നിന്നും ബിരുദം നേടിയശേഷം 18 മാസത്തോളം ഒരു ബാങ്ക് അപ്രന്റിസായി സേവനമനുഷ്ഠിച്ചു. പിന്നീട് രസതന്ത്രം, ഭൂവിജ്ഞാനീയം, ജീവശാസ്ത്രം എന്നീ വിഷയങ്ങളില്‍ പഠനം തുടര്‍ന്നു. 20-ാമത്തെ വയസ്സില്‍ ടി.എച്ച്. ഹക്സ്ലിയുടെ കീഴില്‍ ജന്തുശാസ്ത്ര പഠനത്തില്‍ ഏര്‍പ്പെട്ടു. മെക്സിക്കോ പര്യവേക്ഷണപര്യടനകാലത്ത് കാഴ്ചശേഷി കുറഞ്ഞതോടെ ഇദ്ദേഹം ശാസ്ത്രപരീക്ഷണങ്ങളില്‍ നിന്ന് പിന്‍വാങ്ങി. ഇക്കാലത്ത് ഇദ്ദേഹത്തിന്റെ ശ്രദ്ധ ദാര്‍ശനിക തലത്തിലേക്കു തിരിഞ്ഞു. ആഗസ്ത് കോംതെയുടെ സാമൂഹിക ശാസ്ത്ര ചിന്തകളും സ്ഥലം, തൊഴില്‍, കുടുംബം എന്നിവയെ സംബന്ധിച്ച ഫ്രെഡറിക് ല്-പ്ലെയുടെ തൊഴില്‍പര സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങളും സമന്വയിപ്പിച്ച് ഇദ്ദേഹം ഒരു ദേശീയ സംരചന (സ്ഥലം → തൊഴിള്‍→ ജനങ്ങള്‍ : : ജനങ്ങള്‍ → തൊഴിള്‍→ സ്ഥലം) വികസിപ്പിച്ചെടുത്തു.

പാട്രിക് ഗെഡ്ഡിസ്

സ്കോട്ട്ലന്‍ഡില്‍ മടങ്ങിയെത്തിയതോടെ (1880) ഇദ്ദേഹത്തിന്റെ കാഴ്ചശക്തി വീണ്ടും കുറഞ്ഞു. സൂക്ഷ്മദര്‍ശിനി ഉപയോഗിച്ചുള്ള പഠനങ്ങള്‍ സാധ്യമല്ലാതായതോടെ ഇദ്ദേഹം ഗവേഷണം ഉപേക്ഷിച്ച് എഡിന്‍ബറോ സര്‍വകലാശാലയില്‍ സസ്യശാസ്ത്ര വിഭാഗത്തില്‍ അധ്യാപകനായി. ഇക്കാലത്ത് ഊര്‍ജ-ജീവശാസ്ത്ര സങ്കല്പങ്ങള്‍ സാമ്പത്തിക ശാസ്ത്ര-സാംഖ്യിക മേഖലകളില്‍ പ്രയോഗിക്കാന്‍ ഇദ്ദേഹം ശ്രമിച്ചു. സഹകരണവും സ്ഥിതിസമത്വവാദവും, തൊഴിലും മുതലും എന്നിവയെക്കുറിച്ച് പ്രസംഗങ്ങള്‍ നടത്തുകയും സര്‍വകലാശാലാ വ്യാപനം, മറ്റു വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ എന്നിവയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു.

1886-ല്‍ ഇദ്ദേഹം സംഗീതവിദുഷിയായ അന്നാമോട്ടിനെ വിവാഹം ചെയ്തു. പിന്നീട് ഗെഡ്ഡിസ് ദമ്പതികള്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി എഡിന്‍ബറോ സോഷ്യല്‍ യൂണിയന്‍ സ്ഥാപിച്ചു. ഡണ്‍ഡി സര്‍വകലാശാലയില്‍ സസ്യശാസ്ത്രവിഭാഗത്തില്‍ പാര്‍ട്ട്ടൈം പ്രൊഫസറായി (1888) ജോലി സ്വീകരിച്ചുകൊണ്ട് ഇദ്ദേഹം യൂറോപ്പില്‍ വേനല്‍ക്കാല വിദ്യാലയങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചുവന്നു. ഇതില്‍ ആദ്യത്തേതാണ് എഡിന്‍ബറോയില്‍ 1887-98 കാലത്ത് സ്ഥാപിച്ചവ. 'ലോകത്തെ ആദ്യത്തെ സാമൂഹ്യശാസ്ത്ര പരീക്ഷണശാല' എന്നു വിശേഷിപ്പിക്കപ്പെടുന്ന 'ഔട്ട്ലുക്ക് ടവര്‍' 1892-ല്‍ തുറന്നു. ചികിത്സയ്ക്കു മുമ്പ് രോഗനിര്‍ണയം, ചേരിപ്രദേശങ്ങളുടെ സമൂഹനശീകരണത്തിനുപകരം സംരക്ഷണ ശസ്ത്രക്രിയ തുടങ്ങിയ നഗരാസൂത്രണ സങ്കല്പങ്ങള്‍ ഗെഡ്ഡിസ് ഇവിടെ പ്രായോഗികമാക്കി.

കാഴ്ചശക്തി കുറഞ്ഞതോടെ ജീവശാസ്ത്രവിഷയങ്ങളില്‍ പഠനങ്ങള്‍ നടത്താനായില്ലെങ്കിലും തന്റെ ശിഷ്യനും പില്ക്കാലത്ത് പ്രശസ്തനുമായിത്തീര്‍ന്ന ജെ. ആര്‍തര്‍ തോംസണിന്റെ സഹകരണത്തോടെ ഇദ്ദേഹം പ്രസാധനം ചെയ്ത എവലുഷന്‍ ഒഫ് സെക്സ് (1889) എന്ന ഗ്രന്ഥം ആ മേഖലയിലെ ഒരു നാഴികക്കല്ലാണ്.

സാമ്പത്തിക മിഷണറികളായി സൈപ്രസിലെത്തിയ (1897) ഗെഡ്ഡിസ് ദമ്പതികള്‍ ഊഷര ഭൂമികള്‍ കൃഷിക്കനുയോജ്യമാക്കിയും ഗ്രാമീണ വ്യവസായങ്ങള്‍ ആരംഭിച്ചും അവിടത്തെ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി. 1899-ലും 1900-ലും യു.എസ്സില്‍ പ്രസംഗ പരമ്പരകള്‍ നടത്തിയതിനിടയില്‍ പാരിസ് പ്രദര്‍ശനത്തില്‍ അമേരിക്കന്‍ വിഭാഗം സംഘടിപ്പിച്ചു. പാരിസിലെ മികച്ച ദേശീയ പവിലിയനുകള്‍ സ്ഥിരം അന്താരാഷ്ട്ര മ്യൂസിയങ്ങളാക്കി സംരക്ഷിക്കാന്‍ ഒരു പദ്ധതി ഇദ്ദേഹം ആസൂത്രണം ചെയ്തു. യുണെസ്കോയുടെ ഇന്നത്തെ ശ്രമങ്ങളെ അതിശയിപ്പിക്കുന്നതായിരുന്നു ഗെഡ്ഡിസിന്റെ അന്നത്തെ ഈ സംരംഭം. അന്ന് അസാധ്യമായിരുന്ന ആ സംരംഭത്തെ ഗെഡ്ഡിസിന്റെ 'ഏറ്റവും മഹത്തായ പരാജയം' എന്നാണ് വിശേഷിപ്പിക്കുന്നത്.

ആന്‍ഡ്രൂ കാര്‍ണെജിയുടെ ജന്മസ്ഥലമായ ഡന്‍ഫെര്‍മ്ലൈനിന്റെ വികസനത്തിനുവേണ്ടി സ്കോട്ടിഷ് ട്രസ്റ്റികള്‍ 25 ലക്ഷം ഡോളര്‍ സംഭാവന ചെയ്യുകയും അവിടത്തെ വികസന സര്‍വേക്ഷണം നടത്താന്‍ ഗെഡ്ഡിസിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ചരിത്രം സൃഷ്ടിക്കാന്‍പോന്ന ആ റിപ്പോര്‍ട്ട് ട്രസ്റ്റികള്‍ നിരസിച്ചതിനെത്തുടര്‍ന്ന് ഗെഡ്ഡിസ് സ്വന്തം ചെലവില്‍ പ്രസിദ്ധീകരിച്ചു. ഗെഡ്ഡിസിന്റെ ചിന്തകളുടെയും ആസൂത്രണ പ്രവിധികളുടെയും സമാഹാരമായ ഒരു ക്ലാസ്സിക്കാണ് സ്റ്റഡി ഇന്‍ സിറ്റി ഡെവലപ്മെന്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ റിപ്പോര്‍ട്ട്.

1914 മുതല്‍ 24 വരെയുള്ള ഒരു ദശകക്കാലത്ത് ഇദ്ദേഹം ഇന്ത്യയിലും പലസ്തീനിലും പര്യടനം നടത്തി. 50 ഇന്ത്യന്‍ നഗരപ്രദേശങ്ങളുടെ രോഗനിര്‍ണയ-ചികിത്സാ സര്‍വേകള്‍ ഇദ്ദേഹം നടത്തിയിരുന്നു. ഇന്‍ഡോര്‍ നഗരത്തിനെ സംബന്ധിച്ച പഠന റിപ്പോര്‍ട്ടായ ടൗണ്‍ പ്ലാനിങ് ടുവേഡ്സ് സിറ്റി ഡെവലപ്മെന്റ് (1918, 2 വാല്യം) എന്ന ഗ്രന്ഥവും 1915-ല്‍ പ്രസാധനം ചെയ്ത സിറ്റീസ് ഇന്‍ എവലുഷന്‍ എന്ന ഗ്രന്ഥവും ഇദ്ദേഹത്തിന്റെ ദ്വിപ്രവര്‍ത്തന സംരചനയുടെ പ്രായോഗിക പ്രയോജനത്തെക്കുറിച്ച് ആസൂത്രകരില്‍ ഉണര്‍വുണ്ടാക്കാന്‍ പര്യാപ്തമാണ്.

1919-ല്‍ ഡണ്‍ഡിയില്‍നിന്നു പിരിഞ്ഞശേഷം ഇദ്ദേഹം ബോംബെ സര്‍വകലാശാലയില്‍ സാമൂഹിക ശാസ്ത്ര-പൗരധര്‍മ വിഭാഗ പ്രൊഫസറായി. ഇന്ത്യയിലേക്കു വരുന്നവഴി ജറുസലേമില്‍ തങ്ങിയ ഇദ്ദേഹം അവിടെ മിലിട്ടറി ഗവര്‍ണര്‍ക്കുവേണ്ടി നഗരാസൂത്രണപദ്ധതികള്‍ തയ്യാറാക്കുകയും സിയോണിസ്റ്റുകള്‍ക്കുവേണ്ടി ഒരു സര്‍വകലാശാലയുടെ രൂപകല്പന നടത്തുകയും ചെയ്തു.

അനാരോഗ്യംമൂലം 1924-ല്‍ യൂറോപ്പിലേക്കു മടങ്ങിയ ഗെഡ്ഡിസ് ദക്ഷിണ ഫ്രാന്‍സില്‍ എത്തിയതോടെ ആരോഗ്യം വീണ്ടെടുത്തു. മോണ്ട്പെല്ലിയെയ്ക്കു സമീപം ഇദ്ദേഹം ചെറിയ തോതില്‍ ഒരു ഔട്ട് ലുക്ക് ടവറും ഒരു യൂണിവേഴ്സിറ്റി ഹാളും സ്ഥാപിച്ചു. 1925-ലാണ് ഗെഡ്ഡിസ് തന്റെ അവസാന സംരംഭമായ മെഡിറ്ററേനിയന്‍ സിറ്റി യൂണിവേഴ്സിറ്റിയുടെ ആദ്യഘട്ടമായ സ്കോട്ട്സ് കോളജ് തുറന്നത്. 1932 ഏ. 17-നു മോണ്ട്പെല്ലിയെയില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍