This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൃഹഭരണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൃഹഭരണം

കുടുംബാംഗങ്ങള്‍ക്ക് ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ച് കുടുംബത്തിന്റെ ലക്ഷ്യം നിറവേറ്റുന്ന പ്രക്രിയ. കുടുംബത്തിന്റെ ലക്ഷ്യം കുടുംബാംഗങ്ങളുടെ സംതൃപ്തിയും സന്തോഷവുമാണ്. കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെട്ടാല്‍ മാത്രമേ കുടുംബത്തില്‍ സംതൃപ്തിയും സന്തോഷവും ഉളവാകുകയുള്ളു. ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം, ആവശ്യങ്ങള്‍ ഏറെയും, അവ സഫലീകരിക്കാനുതകുന്ന ഉപാധികള്‍-വിഭവങ്ങള്‍-പരിമിതവുമാണ്.

ഗൃഹഭരണത്തെപ്പറ്റിയുള്ള അവലോകനത്തില്‍ മൂന്നു കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. ഗൃഹഭരണത്തില്‍ എന്തിനെയാണ് നാം കൈകാര്യം ചെയ്യുന്നത്, എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്, എന്തിനാണ് കൈകാര്യം ചെയ്യുന്നത് എന്നിവയാണവ.

വിഭവങ്ങള്‍. ഗൃഹഭരണത്തില്‍ നാം വിഭവങ്ങളാണ് കൈകാര്യം ചെയ്യുന്നത്. കുടുംബത്തിന്റെ ക്ഷേമം വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു വേണ്ടി എടുക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. വിഭവങ്ങളെ രണ്ടായി തരം തിരിക്കാവുന്നതാണ്- മാനുഷികമെന്നും മാനുഷികേതരമെന്നും. സമയം, ഊര്‍ജം, അഭിരുചി, കഴിവ്, നൈപുണ്യം, ജ്ഞാനം അല്ലെങ്കില്‍ അറിവ്, മനോഭാവം ഇവ മാനുഷിക വിഭവങ്ങളാണ്. പണം, ഉദ്യാനങ്ങള്‍, ഗ്രന്ഥശാലകള്‍ മുതലായ സാമൂഹിക വിഭവങ്ങള്‍ മാനുഷികേതര വിഭവങ്ങളുമാണ്.

വിഭവങ്ങള്‍ പല ഇനത്തില്‍ പെട്ടവയാണെങ്കിലും, ഇവയുടെ സ്വഭാവങ്ങള്‍ക്കു തമ്മില്‍ വളരെ സാമ്യമുണ്ട്. ഒന്നാമതായി, എല്ലാ വിഭവങ്ങളും പ്രയോജനമുള്ളവയാണ്. ഉപയോഗമുള്ള ഏതു വസ്തുവും, വിഭവമാണ്. രണ്ടാമതായി വിഭവങ്ങളുടെ അളവിനും ഗുണത്തിനും പരിമിതിയുണ്ട്. വിഭവങ്ങള്‍ക്ക് പരിമിതിയില്ലായിരുന്നുവെങ്കില്‍, ഗൃഹഭരണത്തിന്റെ ആവശ്യകതതന്നെ ചോദ്യം ചെയ്യപ്പെടുമായിരുന്നു. പരിമിതിയുടെ പരിമാണമനുസരിച്ച് ഗൃഹഭരണത്തില്‍ ആ വിഭവത്തിന്റെ പ്രാധാന്യവും കൂടും. എന്നാല്‍ അളവു കുറഞ്ഞതു കൊണ്ടുമാത്രം അതിന്റെ പ്രാധാന്യം കൂടണമെന്നില്ല. കുടുംബത്തിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ആ വിഭവം എത്രമാത്രം ആവശ്യമാണെന്നതിനെ ആശ്രയിച്ചായിരിക്കും അതിന്റെ പ്രാധാന്യം. ഉദാഹരണമായി പുസ്തകപാരായണം ഒരു ആവശ്യമാണെന്നു കരുതാത്ത വീട്ടമ്മ ആ പ്രദേശത്ത് ഒരു ഗ്രന്ഥശാലയില്ല എന്ന് വേവലാതിപ്പെടാനിടയില്ല. മൂന്നാമതായി, വിഭവങ്ങളുടെ ഉപയോഗത്തിന് പരസ്പര ബന്ധമുണ്ട്. ഗൃഹഭരണത്തില്‍ ഒരു വിഭവം കൈകാര്യം ചെയ്യുന്നതിനെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നത്, പല വിഭവങ്ങളുടെയും സമ്മിശ്രമായ ഉപയോഗമാണ്. നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റണമെങ്കില്‍ പല ഇനത്തില്‍പ്പെട്ട വിഭവങ്ങള്‍ ഉപയോഗിക്കേണ്ടിവരും. ഉദാ. ഒരു ഡോക്ടറായ വീട്ടമ്മയ്ക്ക് പെണ്‍കുട്ടികളുടെ ഉടുപ്പുകള്‍ തുന്നാനുള്ള അഭിരുചി ഉണ്ട്, നൈപുണ്യമുണ്ട്, വീട്ടില്‍ തയ്യല്‍ യന്ത്രമുണ്ട്, തുണിവാങ്ങാനുള്ള പണത്തിന് ബുദ്ധിമുട്ടില്ല, അണിയുവാന്‍ മകളുമുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഒരു വിഭവത്തിന്റെ കുറവുണ്ട്-സമയം. അങ്ങനെ ആ ലക്ഷ്യം നിറവേറാതെ പോകുന്നു. അതുകൊണ്ട്, ഒരു വിഭവത്തിന്റെ അഭാവം മറ്റൊന്നു കൊണ്ട് നികത്തുവാന്‍ എപ്പോഴും പറ്റുകയില്ല. ആവശ്യമുള്ള എല്ലാ വിഭവങ്ങളും ലഭ്യമാക്കുക തന്നെവേണം. നാലാമതായി കാര്യനിര്‍വഹണശേഷി ഉപയോഗിച്ച് വിഭവങ്ങള്‍ കൈകാര്യം ചെയ്ത് സംതൃപ്തി കൈവരുത്താവുന്നതാണ്. ഏതു വിഭവവും കൈകാര്യം ചെയ്യുമ്പോള്‍ അതെങ്ങനെ വേണമെന്ന് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുക, ഉദ്ദേശിച്ചതുപോലെയാണോ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെന്ന് ശ്രദ്ധിക്കുക. ഒരു വ്യക്തിയുടെ ജീവിതനിലവാരം അവര്‍ വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയെ ആശ്രയിച്ചായിരിക്കും നിര്‍ണയിക്കപ്പെടുന്നത്.

വിഭവങ്ങള്‍ പരിമിതമാണെങ്കിലും, ഒരു പരിധിവരെ അവയുടെ സംഭരണം വര്‍ധിപ്പിക്കാം. ഉദാ. പുസ്തകപാരായണം വഴി അറിവ് കൂട്ടാം. സമീഹൃതാഹാരം കഴിച്ച് ഊര്‍ജത്തിന്റെ അളവ് വര്‍ധിപ്പിക്കാം. ഒഴിവു സമയം ഫലപ്രദമായി വിനിയോഗിച്ച് പണം സമ്പാദിക്കാം. വിഭവങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത, ഒരു വിഭവം കൂടുതല്‍ ഉപയോഗിക്കുന്നതിനെക്കാള്‍ പല വിഭവങ്ങളുടെയും സംയുക്തോപയോഗമാണ് നല്ലത് എന്നതാണ്. ഉദാ. ഒരു ടി.വി. വാങ്ങുമ്പോള്‍ അതിനുള്ള പണം മാത്രം പോരാ. പണം ഫലവത്തായി ഉപയോഗിക്കണമെങ്കില്‍ വിവിധ കമ്പനികള്‍ ഉണ്ടാക്കുന്ന ടി.വി.കളെപ്പറ്റിയുള്ള അറിവ്, അവ ലഭിക്കുന്ന കടകള്‍ ഏതെല്ലാമാണ്, അതുപയോഗിക്കുന്ന രീതിയെപ്പറ്റിയുള്ള അറിവ്, പോയിവാങ്ങാനുള്ള സമയം, ഊര്‍ജം എന്നീ വിഭവങ്ങളും വേണം. അതായത് വിഭവങ്ങളുടെ സമതുലിതമായ അളവ് പ്രധാനമാണ്. കഴിവും പണവും ഉപയോഗിക്കേണ്ട സന്ദര്‍ഭങ്ങളില്‍ കഴിവിനു പകരം കൂടുതല്‍ പണം വിനിയോഗിച്ചാല്‍ ഉദ്ദേശിച്ച സംതൃപ്തി ഉളവായില്ലെന്നുവരും.

വിഭവങ്ങളുടെ കൈകാര്യത്തില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു സംഗതി, ഒരു വിഭവം കൊണ്ട് പല പ്രയോജനങ്ങളുണ്ടെന്നും ഒരു ലക്ഷ്യം പല വിഭവങ്ങള്‍ കൊണ്ട് നിറവേറ്റാമെന്നുമുള്ളതാണ്.

ഗൃഹഭരണമെന്ന പ്രക്രിയ. നമ്മുടെ ആവശ്യങ്ങളില്‍ മുഖ്യമായവ ആഹാരം, വസ്ത്രം, താമസസൗകര്യം എന്നിവ ആയതിനാല്‍ ഗൃഹഭരണത്തിലെ പ്രധാന ജോലികള്‍ ആഹാരം പാകം ചെയ്യലും, തുണികഴുകലും വീടു വൃത്തിയാക്കലും മറ്റുമാണ്. എന്നാല്‍ ഗൃഹഭരണം ശാരീരിക പ്രവൃത്തി മാത്രമല്ല, ഒരു മാനസിക പ്രക്രിയ കൂടിയാണ്. പരിമിതമായ വിഭവങ്ങള്‍ കൊണ്ട് എണ്ണമറ്റ ആവശ്യങ്ങള്‍ എത്രത്തോളം നിറവേറ്റപ്പെടുമെന്നുള്ളത് ഗൃഹഭരണത്തിന്റെ മേന്മയെ ആശ്രയിച്ചിരിക്കും. ഉദാ. ക്ഷീണിച്ചിരുന്ന മകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്, അവള്‍ക്ക് ദിവസവും മുട്ട കൊടുക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിക്കുന്നു. ഇതിനുവേണ്ടിയുള്ള പണം മാസവരുമാനത്തില്‍ നിന്നും ചെലവാക്കുവാനില്ല. വേറെ ഏതെങ്കിലും ചെലവു നിയന്ത്രിച്ച് അതില്‍ നിന്നും മിച്ചം പിടിക്കുന്ന പണം വേണം മുട്ട വാങ്ങിക്കുന്നതിനു വിനിയോഗിക്കാന്‍. അളവില്‍ സ്വല്പം കുറഞ്ഞാലും കുഴപ്പമില്ലാത്ത തേങ്ങ, എണ്ണ, മുതലായ സാധനങ്ങളുടെ ചെലവ് നിയന്ത്രിക്കാന്‍ വീട്ടമ്മ തയ്യാറാവണം. കൂടുതല്‍ തേങ്ങ അരച്ച കറികളെയും വറുത്ത പലഹാരങ്ങളെയും അപേക്ഷിച്ച് മകള്‍ക്ക് മുട്ടയാണ് ആവശ്യമെന്നു ഗൃഹനായിക നിശ്ചയിക്കുന്നു. മുട്ട പാകം ചെയ്ത് മകള്‍ക്ക് കൊടുക്കുക എന്നത് ഒരു ശാരീരിക പ്രവൃത്തിയാണെങ്കിലും ദിവസവും ഒരു മുട്ട മകള്‍ക്ക് കൊടുക്കണമെങ്കില്‍ അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങളെ തരണം ചെയ്യുന്നത് ഒരു മാനസിക പ്രക്രിയയാണ്. ഇതാണ് ഗൃഹഭരണം. ഇവിടെയാണ് ശമ്പളത്തിനു നില്‍ക്കുന്ന അടുക്കളക്കാരിയും ഗൃഹംഭരിക്കുന്ന വീട്ടമ്മയും തമ്മിലുള്ള അന്തരം. അടുക്കളക്കാരികള്‍ക്ക് മുട്ട പുഴുങ്ങുക എന്ന ശാരീരിക പ്രവൃത്തി മാത്രമേ ചെയ്യേണ്ടതുള്ളു. എന്നാല്‍ വീട്ടമ്മയ്ക്ക് മുട്ട വാങ്ങാനുള്ള പണം അന്വേഷിക്കണം, നല്ല മുട്ട മിതമായ വിലയ്ക്ക് എവിടെ കിട്ടുമെന്നറിയണം. ഏതു പാചക രീതിയാണ് മകള്‍ക്ക് ഇഷ്ടമുള്ളതെന്ന് മനസ്സിലാക്കണം. അതനുസരിച്ച് പാകം ചെയ്ത് സമയത്തിനു കൊടുക്കണം. ഈ പ്രവൃത്തികളിലെല്ലാം വിഭവങ്ങളുടെ കൈകാര്യമാണ് നിഴലിക്കുന്നത്. ചുരുക്കത്തില്‍ പരിമിതമായ വിഭവങ്ങള്‍ എങ്ങനെ ഉപയോഗിച്ചാലാണ് കൂടുതല്‍ ആവശ്യങ്ങള്‍ നിറവേറ്റി സംതൃപ്തി ഉളവാക്കാന്‍ സാധിക്കുക എന്ന തീരുമാനങ്ങളുടെ പരമ്പരയാണ് ഗൃഹഭരണം. തീരുമാനമെടുക്കലാണ് ഗൃഹഭരണത്തിന്റെ കാതല്‍. അതിനാലാണ് ഗൃഹഭരണം കൂടുതലും ഒരു മാനസിക പ്രക്രിയ എന്നു പറയുന്നത്.

ഓരോ തീരുമാനം എടുക്കുമ്പോഴും പ്രധാനമായും മൂന്നു ഘട്ടങ്ങളാണ് തരണം ചെയ്യേണ്ടത്: 1 പക്ഷാന്തര ഉപാധികള്‍ കണ്ടു പിടിക്കുക; 2 ഓരോന്നിന്റെയും ഗുണഗണങ്ങള്‍ നിര്‍ണയിക്കുക; 3 ഏറ്റവും മെച്ചപ്പെട്ടവ തിരഞ്ഞെടുക്കുക. കുടുംബത്തില്‍ ഈയിടെ കണ്ടുവരുന്ന പ്രശ്നങ്ങള്‍ ഇപ്രകാരമാണെന്നിരിക്കട്ടെ. ജീവശാസ്ത്രം ഐച്ഛികമായെടുത്ത് ഉപരിപഠനം നടത്തുന്ന മകള്‍ പ്രശസ്ത വിജയം കൈവരിക്കുന്നു. ഐച്ഛികവിഷയങ്ങള്‍ക്ക് തൊണ്ണൂറ്റിയഞ്ച് ശതമാനം മാര്‍ക്കുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അവള്‍ക്ക് എം.ബി.ബി.എസ്. പ്രവേശന പരീക്ഷയില്‍ വിജയിക്കുവാന്‍ സാധിച്ചില്ല. ബിരുദ കോഴ്സിനു ചേരണം. ഒരു തവണ കൂടി പ്രവേശന പരീക്ഷ എഴുതി നോക്കണം. അതിലും വിജയിച്ചില്ലെങ്കില്‍ മാന്യമായ ഒരുദ്യോഗം ലഭിക്കണമെന്നാഗ്രഹമുണ്ട്. ഇങ്ങനെയുള്ള പരിതഃസ്ഥിതിയില്‍ ഏതു വിഷയമാണ് ബിരുദ കോഴ്സിനു പഠിക്കേണ്ടതെന്നതാണ് പ്രശ്നം. ഇതിനെപ്പറ്റിയുള്ള തീരുമാനം എങ്ങനെയാണ് എടുക്കേണ്ടതെന്ന് പരിശോധിക്കാം. ആദ്യമായി പക്ഷാന്തര ഉപാധികള്‍ കണ്ടുപിടിക്കണം. ബിരുദ കോഴ്സിന് എന്തെല്ലാം ഐച്ഛിക വിഷയങ്ങള്‍, ഏതെല്ലാം കോളജുകളില്‍ പഠിപ്പിക്കുണ്ടെന്നാരായണം. ഇപ്രകാരം ചിന്തിക്കുന്നതിനെയാണ് തത്തുല്യമായ ഉപാധികള്‍ കണ്ടുപിടിക്കുക എന്നു പറയുന്നത്. അടുത്ത നടപടിയായി ഓരോ ഉപാധിയുടെയും ഗുണദോഷങ്ങള്‍ വിലയിരുത്തണം. ഓരോ വിഷയവും എടുത്താലുള്ള ഫലത്തെപ്പറ്റി ആലോചിക്കണം. ഒരിക്കല്‍ക്കൂടി പ്രവേശന പരീക്ഷ എഴുതുവാന്‍ നിശ്ചയിച്ചിരിക്കുന്നതുകൊണ്ട് അതിന് പ്രയോജപ്പെടുന്ന ഏതെങ്കിലും വിഷയമാണ് ഉചിതം. അപ്പോള്‍ ആദ്യമായി ആര്‍ട്സ് വിഷയങ്ങളെ മാറ്റിനിര്‍ത്താം. അവ എടുക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല. രസതന്ത്രം, ഊര്‍ജതന്ത്രം, ജന്തുശാസ്ത്രം, സസ്യശാസ്ത്രം, ഗാര്‍ഹികശാസ്ത്രം എന്നീ വിഷയങ്ങളാണ് മെഡിസിനുമായി ബന്ധമുള്ള വിഷയങ്ങള്‍. ഗാര്‍ഹിക ശാസ്ത്രം പഠിക്കുവാന്‍ ഇഷ്ടമാണ്. സൂക്ഷ്മജന്തുശാസ്ത്രവും ശരീരശാസ്ത്രവുമാണ് ഒന്നാം വര്‍ഷത്തിലെ വിഷയങ്ങള്‍. ഊര്‍ജതന്ത്രവും രസതന്ത്രവും ഉപവിഷയങ്ങളായി പഠിക്കാം. പ്രവേശന പരീക്ഷയ്ക്ക് ഇതെല്ലാം അനുകൂലമായ സംഗതികളാണ്. എന്നാല്‍ ഗവേഷണവും മറ്റും ചെയ്യുവാന്‍ ഈ വിഷയത്തില്‍ വലിയ സാധ്യത ഇല്ല. ഊര്‍ജതന്ത്രത്തോടൊപ്പം ഉപവിഷയമായി രസതന്ത്രം എടുത്താല്‍ പ്രവേശന പരീക്ഷയ്ക്ക് പ്രയോജനമുണ്ട്. വീടിനടുത്തുള്ള കോളജില്‍ പഠിക്കാം. അഥവാ മെഡിസിനു കിട്ടിയില്ലെങ്കിലും പ്രയത്നിച്ചു പഠിക്കുകയാണെങ്കില്‍ ഏതെങ്കിലും ഒരു ശാസ്ത്രവിഷയത്തില്‍ എം.എസ്സി പഠിച്ച് ഗവേഷണം ചെയ്യുകയോ ഏതെങ്കിലും ഉദ്യോഗത്തില്‍ കയറുകയോ ചെയ്യാം. ഈ വിലയിരുത്തലാണ് തീരുമാനമെടുക്കലിന്റെ രണ്ടാമത്തെ ഘട്ടം. ഇങ്ങനെയുള്ള വിലയിരുത്തലില്‍ നിന്നും ഏതു വിഷയമാണ് ഏറ്റവും മെച്ചപ്പെട്ടതെന്നു മനസ്സിലാകുന്നു. അത് പഠിക്കാന്‍ നിശ്ചയിക്കുന്നു. ഇതാണ് അവസാനത്തെ ഘട്ടം. അതായത് ഏറ്റവും മെച്ചപ്പെട്ട ഉപാധി തിരഞ്ഞെടുക്കുക. ഏതൊരു പ്രവൃത്തിയും ഇപ്രകാരം പടിപടിയായി ആലോചിച്ച് തീരുമാനമെടുത്ത് ചെയ്യുകയാണെങ്കില്‍ അത് വളരെ തൃപ്തികരമാകുമെന്നുള്ളതില്‍ യാതൊരു സംശയവുമില്ല.

ഒരു തീരുമാനമെടുക്കുമ്പോള്‍ മേല്പറഞ്ഞ മൂന്നു ഘട്ടങ്ങളും അത്യന്താപേക്ഷിതമാണെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ദൈനംദിന ജീവിതത്തില്‍ സര്‍വസാധാരണമായ തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമ്പോള്‍ ഓരോ ഘട്ടവും അസ്പഷ്ടമായി തോന്നിയേക്കാം.

കുടുംബത്തിന്റെ സംതൃപ്തി കുടുംബാംഗങ്ങള്‍ എടുക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഗൃഹഭരണമെന്ന മാനസിക പ്രക്രിയയില്‍ മൂന്നു ഘട്ടങ്ങളുണ്ട്. ഒന്നാമതായി, ആസൂത്രണം. രണ്ടാമതായി ആസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഉദ്ദേശിച്ചതുപോലെ തന്നെയാണോ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെന്നു ശ്രദ്ധിക്കല്‍. അവസാനമായി നടപ്പിലാക്കിയ പദ്ധതികള്‍ വിലയിരുത്തല്‍. ഉദാ. വീട്ടാവശ്യങ്ങള്‍ക്ക് കുറച്ച് പാത്രങ്ങള്‍ വാങ്ങണം. ഏതെല്ലാം പാത്രങ്ങളാണ് അത്യന്താപേക്ഷിതമായിട്ടുള്ളത്, എത്ര രൂപയ്ക്കാണ് വാങ്ങേണ്ടത്, എന്നും മറ്റും ചിന്തിക്കുന്നതിനെയാണ് ആസൂത്രണമെന്നു പറയുന്നത്. അടുത്തതായി പാത്രങ്ങള്‍ വാങ്ങുമ്പോള്‍ നേരത്തെ അതിന് വകകൊള്ളിച്ച പണം മാത്രമാണോ ചെലവാക്കുന്നത്, നേരത്തെ നിശ്ചയിച്ചതുപോലെയുള്ള പാത്രങ്ങളാണോ വാങ്ങുന്നത് എന്നും ശ്രദ്ധിക്കണം. ഇതാണ് രണ്ടാമത്തെ ഘട്ടം. അവസാനമായി നടപ്പാക്കിയ പദ്ധതി വിലയിരുത്തണം. അതായത് ഇനിയൊരിക്കല്‍ പാത്രം വാങ്ങുമ്പോള്‍ എന്തെല്ലാമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നു മനസ്സിലാക്കണം.

ഒരു വ്യക്തിയുടെ എല്ലാ പ്രവൃത്തികള്‍ക്കും മാര്‍ഗദര്‍ശനം നല്കുന്നത് ജീവിതമൂല്യങ്ങളാണ്. ആരോഗ്യം, സൗന്ദര്യം, സ്നേഹം, അറിവ്, സന്തോഷം, സുഖം, ഐശ്വര്യം, ജ്ഞാനം, കാര്യക്ഷമത, വിനോദം, മതം എന്നിവ ജീവിതമൂല്യങ്ങളാണ്. ഓരോ കുടുംബത്തിനും ഒന്നില്‍ കൂടുതല്‍ മൂല്യങ്ങള്‍ കാണും. ഈ മൂല്യങ്ങള്‍ നേടിയെടുക്കുക എന്നതാണ് ഗൃഹഭരണത്തിന്റെ ലക്ഷ്യം. വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെപ്പറ്റി ഒരു വ്യക്തി എടുക്കുന്ന തീരുമാനങ്ങള്‍, അയാളുടെ ജീവിതമൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഉദാ. കുടുംബത്തിന്റെ സന്തോഷം സുഖസൗകര്യങ്ങളിലാണെന്നു വിശ്വസിക്കുന്ന വ്യക്തി അതിലേക്ക് പണം ചെലവഴിക്കും. അറിവിന് കൂടുതല്‍ പ്രാധാന്യം കല്പിക്കുന്ന ആള്‍ കുട്ടികളുടെ പഠനത്തിന് കൂടുതല്‍ പണം ചെലവഴിക്കും. ആരോഗ്യമാണ് കുടുംബത്തിന്റെ ധനമെന്നു വിശ്വസിക്കുന്ന വ്യക്തി ആഹാരരീതി മെച്ചപ്പെടുത്താന്‍ പണം ചെലവഴിക്കും. ജീവിതമൂല്യങ്ങളാണ് ഓരോ വ്യക്തിക്കും പ്രവര്‍ത്തിക്കാനുള്ള പ്രേരണ നല്കുന്നതെങ്കിലും ജീവിതലക്ഷ്യങ്ങള്‍ക്കനുസൃതമായാണ് ഓരോരുത്തരും പ്രവര്‍ത്തിക്കുന്നത്. അങ്ങനെ ഗൃഹഭരണത്തിന്റെ ഉദ്ദേശ്യം കുടുംബാംഗങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റി മൂല്യങ്ങള്‍ ലഭ്യമാക്കുക എന്നതാണ്. ചില ലക്ഷ്യങ്ങള്‍ ഉടനെ നിറവേറ്റപ്പെടുന്നതായിരിക്കും-ഹ്രസ്വകാല ലക്ഷ്യങ്ങള്‍. മറ്റു ചിലത് അഞ്ചും പത്തും വര്‍ഷങ്ങള്‍ക്കപ്പുറത്തേക്കുള്ള പദ്ധതികളായിരിക്കും-ദീര്‍ഘകാല ലക്ഷ്യങ്ങള്‍. ഒരു കുടുംബത്തിന്റെ ലക്ഷ്യങ്ങള്‍ യഥാര്‍ഥവും പരിമിതകാലയളവില്‍ നിറവേറ്റപ്പെടാവുന്നവയുമാണെങ്കില്‍ കൂടുതല്‍ സംതൃപ്തി ഉളവാകും.

ഗൃഹത്തിന്റെ ഐശ്വര്യം, കുടുംബത്തിന്റെ ക്ഷേമം, കുടുംബാംഗങ്ങളുടെ സംതൃപ്തി എന്നിവ കാര്യക്ഷമമായ ഗൃഹഭരണത്തെ ആശ്രയിച്ചിരിക്കുന്നു. എല്ലാ ഭരണകര്‍ത്താക്കളെയും പോലെ ഗൃഹഭരണം നടത്തുന്നവര്‍ക്കും ചില ഗുണങ്ങളൊക്കെ ഉണ്ടായിരിക്കേണ്ടതാണ്. സന്ദര്‍ഭമനുസരിച്ച് തീരുമാനമെടുക്കാനുള്ള അവരുടെ സാമര്‍ഥ്യത്തെ ആശ്രയിച്ചാണ് കാര്യക്ഷമത തിട്ടപ്പെടുത്തേണ്ടത്. കോളജ് തുറക്കുമ്പോള്‍ മകള്‍ക്ക് ഫീസ് കൊടുക്കുവാന്‍ ഒരു തുക ആവശ്യമുണ്ടെന്നിരിക്കട്ടെ. ഈ തുക വരുമാനത്തില്‍ മിച്ചം വരുത്തുവാന്‍ മറ്റേതു ചെലവുകള്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് നിശ്ചയിക്കുവാനും അതനുസരിച്ച് തുക സ്വരൂപിക്കാനും കഴിവുള്ളയാള്‍ ഗൃഹഭരണത്തില്‍ നൈപുണ്യം നേടി എന്നു പറയാം. ഇങ്ങനെ നിരന്തരമായി തീരുമാനങ്ങള്‍ എടുക്കുവാനും നടപ്പിലാക്കുവാനും പല സ്വഭാവവിശേഷങ്ങളും ആവശ്യമാണ്.

ഗൃഹഭരണം ആഹാരം പാകം ചെയ്യലും, വീട് വൃത്തിയാക്കലും മറ്റുമായ ശാരീരിക പ്രവൃത്തിമാത്രമാണെന്നും അതിനാല്‍ ഗൃഹം ഭരിക്കുന്നതിന് ബുദ്ധി ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നും ഒരു തെറ്റായ ധാരണയുണ്ട്. ഗൃഹഭരണം, നേതൃത്വം വഹിക്കുന്ന ഒരു അംഗത്തില്‍ നിക്ഷിപ്തമാണെന്ന ധാരണയാണ് മറ്റൊന്ന്. എന്നാല്‍ ഗൃഹഭരണം ഒരു കുടുംബപ്രക്രിയയാണ്. കുടുംബാംഗങ്ങളുടെ സഹകരണം കൂടുതലുണ്ടെങ്കില്‍ കുടുംബത്തിന്റെ ശ്രേയസ്സ് ഉയര്‍ന്നിരിക്കും. ഗൃഹഭരണത്തിനുള്ള കഴിവ് ജന്മസിദ്ധമാണെന്ന ഒരു തെറ്റിദ്ധാരണയുമുണ്ട്. ഇതും ശരിയല്ല, ഏതു വ്യക്തിക്കും ഈ കഴിവ് ആര്‍ജിക്കാവുന്നതാണ്. എല്ലാ പ്രക്രിയകളിലും ഉള്ളതുപോലെ ഇതിലും ചില തത്ത്വങ്ങളുണ്ട്. അവ മനസ്സിലാക്കണമെന്നുമാത്രം. ഗൃഹഭരണം എന്ന പ്രക്രിയ ഒരു ലക്ഷ്യം അല്ല. ലക്ഷ്യത്തിലേക്കുള്ള ഉപായമാണ്. കുടുംബാംഗങ്ങളുടെ സംതൃപ്തിയാണ് ലക്ഷ്യം. ഒട്ടേറെ ആവശ്യങ്ങള്‍ നിറവേറിയാല്‍ മാത്രമേ സംതൃപ്തി ഉളവാകുകയുള്ളു. ഇന്നത്തെ കാലഘട്ടത്തില്‍ ഗൃഹഭരണം മനുഷ്യന്റെ കഴിവിനോടുള്ള ഒരു വെല്ലുവിളിയാണ്. കാരണം, ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ അത് കുടുംബാംഗങ്ങളെ വരവിനനുസരിച്ച് ജീവിക്കുവാന്‍ നിര്‍ബന്ധിതരാക്കുന്നു.

(വി. പുഷ്പ)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%83%E0%B4%B9%E0%B4%AD%E0%B4%B0%E0%B4%A3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍