This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൃഹനിര്‍മാണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൃഹനിര്‍മാണം

മനുഷ്യവാസത്തിനോ അല്ലാതെയോ, ഏതു നിര്‍മാണ വസ്തുക്കള്‍ കൊണ്ടായാലും അസ്തിവാരം, ചുവരുകള്‍, മേല്‍ക്കൂരകള്‍, പുകക്കുഴലുകള്‍, വെള്ളത്തിനും വെളിച്ചത്തിനും വേണ്ടിയുള്ള സംവിധാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന നിര്‍മാണം. സ്ഥലം, പരിസരം, നിര്‍മാണരീതി എന്നിങ്ങനെയുള്ള വിവിധഘടകങ്ങളെ അനുയോജ്യമാംവിധം സംയോജിപ്പിച്ചാണ് ഗൃഹനിര്‍മാണം നടത്തുന്നത്. വെളിച്ചം, ചൂട്, തണുപ്പ് എന്നിവയുടെ നിയന്ത്രണം; ശബ്ദനിയന്ത്രണം; നിര്‍മാണ വസ്തുക്കളുടെ ഈട് എന്നിവയും ഗൃഹനിര്‍മാണത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നു.

ഓരോ രാജ്യത്തിനും അതിന്റെ തനതായ ഗൃഹനിര്‍മാണ രീതിയും അതിനനുസൃതമായ നിയമങ്ങളും നിലവിലുണ്ട്. ഇന്ത്യയിലെ കെട്ടിട നിര്‍മാണ നിയമങ്ങള്‍ 'നാഷണല്‍ ബില്‍ഡിങ് കോഡ് ഒഫ് ഇന്ത്യ'യില്‍ പ്രതിപാദിച്ചിട്ടുണ്ട്. പൊതുകെട്ടിടങ്ങള്‍ (പള്ളികള്‍, ആഡിറ്റോറിയം, തിയെറ്ററുകള്‍, അമ്പലങ്ങള്‍ മുതലായവ), സ്ഥാപനമന്ദിരങ്ങള്‍ (ഹോസ്റ്റലുകള്‍, ആശുപത്രികള്‍, സ്കൂളുകള്‍ മുതലായവ), താമസത്തിനുള്ള കെട്ടിടങ്ങള്‍ (വീടുകള്‍, ഹോട്ടലുകള്‍), വ്യാപാര മന്ദിരങ്ങള്‍ (ഫാക്ടറികള്‍, സ്റ്റോറുകള്‍, ആഫീസുകള്‍ തുടങ്ങിയവ), വര്‍ക്ക് ഷോപ്പുകള്‍, വെയര്‍ ഹൌസുകള്‍ എന്നിങ്ങനെ ഉപയോഗരീതിയുടെയും സൗകര്യങ്ങളുടെയും അടിസ്ഥാനത്തില്‍ കെട്ടിടങ്ങളെ പല വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. എങ്കിലും പൊതുവേ 'ഗൃഹങ്ങള്‍' എന്നു സൂചിപ്പിക്കുന്നത് മനുഷ്യരുടെ താമസത്തിനുള്ള വീടുകളെയാണ്. അതിപുരാതനകാലം മുതലേ ഉപയോഗിച്ചുവരുന്ന മണ്ണുമുതല്‍ ആധുനികയുഗത്തിലെ ഫൈബര്‍ റീഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക്സ് വരെയുള്ള നിരവധി സാമഗ്രികള്‍ ഗൃഹനിര്‍മാണ വസ്തുക്കളുടെ കൂട്ടത്തില്‍പ്പെടുന്നു. പൗരാണിക കാലത്ത് മനുഷ്യന്‍, മണ്ണ്, കല്ല്, മരം, വയ്ക്കോല്‍, ഓല മുതലായ പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ നിര്‍മിച്ചിരുന്നു. ആധുനിക മനുഷ്യന്‍ കല്ലിനു പുറമേ ഇരുമ്പും ഉരുക്കും സിമന്റും പ്ലാസ്റ്റിക് സാധനങ്ങളും മറ്റുമുപയോഗിച്ച് വന്‍കെട്ടിടങ്ങള്‍ നിര്‍മിക്കുന്നു. ഇന്നത്തെ നിര്‍മാണ സാമഗ്രികളില്‍ ഏറ്റവും പ്രധാനമായത് സിമന്റും കോണ്‍ക്രീറ്റും തന്നെയാണ്. അതുകാരണം കെട്ടിട നിര്‍മാണരംഗത്ത് ഇരുമ്പിന്റെ ഉപയോഗം ഏറെ വര്‍ധിച്ചു. മുന്‍കാലങ്ങളിലും ഇപ്പോഴും ഒന്നുപോലെ കെട്ടിട നിര്‍മാണരംഗത്ത് ഉപയോഗിക്കുന്ന ഒരു പ്രകൃതിദത്തവസ്തു മരമാണ്.

കേരളീയശൈലിയിലുള്ള ഒരു ഭവനം

ഗൃഹനിര്‍മാണം മൂലധന രൂപീകരണത്തിന് സഹായകമായ ഒരു പ്രധാന ഘടകമാണ്. ഗൃഹനിര്‍മാണവും കുടുംബസംഘടനയും തമ്മില്‍ അടുത്ത ബന്ധമുണ്ട്. ഏതു സംസ്കാരത്തിലും ഭവന നിര്‍മാണവും കുടുംബ സംവിധാനവും ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ബന്ധപ്പെട്ടു കിടക്കുന്നു. ഉത്പാദന-ഉപഭോഗ പ്രക്രിയകളെ സഹായിക്കുന്നതിനാല്‍ പാര്‍പ്പിടം സാമ്പത്തിക സംവിധാനവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇക്കാരണങ്ങളാല്‍ നിര്‍മിക്കപ്പെടുന്ന ഗൃഹവും അതു നിര്‍മിക്കുന്നവരുടെ ജീവിതരീതിയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. നിര്‍മിക്കപ്പെടുന്ന ഗൃഹത്തിന്റെ തരവും ആകൃതിയും പരിസരവുമായി ഇണങ്ങുന്നതായിരിക്കണം.

ഗൃഹനിര്‍മാണം കുടുംബത്തിലെ അംഗങ്ങളുടെ ചുമതലയാണെങ്കിലും ഇന്ന് ഗവണ്‍മെന്റ് തലത്തില്‍ ഈ പ്രവര്‍ത്തനത്തിന് സഹായ സഹകരണങ്ങള്‍ ലഭ്യമാണ്. വിവിധ ഗവണ്‍മെന്റുകള്‍ ഏറ്റെടുക്കുന്ന ഗൃഹനിര്‍മാണ പദ്ധതികള്‍ക്ക് വലുതായ അന്തരമുണ്ട്. വ്യവസായവത്കരണം ത്വരിതപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒരു ഗവണ്‍മെന്റ്, തൊഴിലാളികള്‍ക്കുവേണ്ടി പ്രത്യേക പാര്‍പ്പിടങ്ങള്‍ നിര്‍മിച്ചു കൊടുക്കാന്‍ ബാധ്യസ്ഥമാണ്. സാമൂഹ്യ സേവനത്തിന്റെ ഭാഗമായി സമൂഹത്തിലെ ദരിദ്രജനങ്ങള്‍ക്കു ഗൃഹങ്ങള്‍ നിര്‍മിച്ചു നല്കേണ്ടതാണ്. വ്യവസായ പുരോഗതി നേടിയ രാജ്യങ്ങളില്‍ ചില പ്രത്യേക വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കായി ഗൃഹനിര്‍മാണം നടത്തുന്നതിന്റെ ചുമതല സ്വകാര്യ സഹായ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചു ദശകത്തിലേറെക്കാലമായി പാവപ്പെട്ടവര്‍ക്കുള്ള ഗൃഹങ്ങള്‍ നിര്‍മിക്കുന്നതിനുവേണ്ട സബ്സിഡിയുടെ ഒരു ഭാഗം ഗവണ്‍മെന്റും നഗര അധികാരികളും കൂടി പങ്കിട്ടു വരുന്നു. ഗൃഹനിര്‍മാണ രംഗത്തുള്ള അപര്യാപ്തതയെ നേരിടാന്‍ മിക്ക രാജ്യങ്ങളും സബ്സിഡികളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. ഇത്തരം സബ്സിഡികള്‍ ഗവണ്‍മെന്റിന്റെ സ്വന്തം ഭവനങ്ങള്‍ക്കുള്ള കുറഞ്ഞ വാടകനിരക്കിന്റെ രൂപത്തിലോ നിര്‍മാണച്ചെലവിന്റെ ഒരു ഭാഗമായോ കുറഞ്ഞ പലിശ നിരക്കുള്ള വായ്പയായോ ആണ് നല്കപ്പെടുന്നത്.

ഇന്ത്യയില്‍ ഏഴാം പദ്ധതിയുടെ ആരംഭത്തില്‍ ഉദ്ദേശം 24.7 ദശലക്ഷം വീടുകളുടെ (18.8 ദശലക്ഷം ഗ്രാമപ്രദേശങ്ങളിലും 5.9 ദശലക്ഷം നഗരപ്രദേശങ്ങളിലും) കുറവുണ്ടായിരുന്നതായി കണക്കാക്കിയിരുന്നു. 1985-90 കാലയളവില്‍ 16.2 ദശലക്ഷം വീടുകള്‍ (12.4 ദശലക്ഷം ഗ്രാമപ്രദേശങ്ങളിലും 3.8 ദശലക്ഷം നഗരപ്രദേശങ്ങളിലും) നിര്‍മിക്കപ്പെട്ടു. എട്ടാം പദ്ധതിയുടെ ആരംഭത്തില്‍ 29.3 ദശലക്ഷം വീടുകളുടെ കുറവാണുണ്ടായിരുന്നത്. 1989 മേയ് മാസത്തില്‍ ഗവണ്‍മെന്റ് ഒരു ദേശീയ ഭവനനിര്‍മാണ നയം പ്രഖ്യാപിച്ചു. ഇന്ത്യാഗവണ്‍മെന്റ് സ്ഥാപനമായ 'ഹഡ്കോ' ആണ് ഭവനനിര്‍മാണ രംഗത്തുള്ള പ്രമുഖ സാങ്കേതിക-ധനസഹായ സ്ഥാപനം. 1970-ല്‍ സ്ഥാപിതമായ ഹഡ്കോ സാമ്പത്തികമായി ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവരുടെ ഗൃഹനിര്‍മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഭവന നിര്‍മാണ രംഗത്ത് സാമ്പത്തിക സഹായം നല്കാനായി ഒരു ദേശീയ ഭവനനിര്‍മാണ ബാങ്കും ഇന്ത്യാ ഗവണ്‍മെന്റ് സ്ഥാപിച്ചിട്ടുണ്ട്. ഭവനനിര്‍മാണ സഹകരണ സംഘങ്ങള്‍ ഈ രംഗത്ത് വ്യക്തമായ പങ്കു വഹിക്കുന്നു.

കേരളത്തില്‍. ഒന്നാം പഞ്ചവത്സരപദ്ധതിയുടെ തുടക്കത്തോടുകൂടിയാണ് വ്യാപകമായ രീതിയില്‍ കേന്ദ്രസഹായത്തോടെ ഗൃഹനിര്‍മാണ പദ്ധതികള്‍ കേരളിത്തിലാരംഭിച്ചത്. നാലാം പദ്ധതി ആയപ്പോഴേക്കും പത്തു ഭവനനിര്‍മാണ പദ്ധതികള്‍ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്നു. താഴ്ന്ന വരുമാനക്കാര്‍ക്കുള്ള ഭവനനിര്‍മാണപദ്ധതി, പാവപ്പെട്ടവര്‍ക്കുള്ള ഭവനനിര്‍മാണ പദ്ധതി, കുടിപാര്‍പ്പ് പദ്ധതി, വ്യവസായ തൊഴിലാളികള്‍ക്കായുള്ള ഭവനനിര്‍മാണ പദ്ധതി, ഗ്രാമീണ ഭവനനിര്‍മാണ പദ്ധതി, ദുര്‍ബല വിഭാഗങ്ങള്‍ക്കായുള്ള ഭവനനിര്‍മാണ പദ്ധതി, സഹകരണ ഭവനനിര്‍മാണ പദ്ധതി, തോട്ടം തൊഴിലാളികള്‍ക്കായുള്ള ഭവന നിര്‍മാണ പദ്ധതി, ചേരിമെച്ചപ്പെടുത്തല്‍ പദ്ധതി എന്നിവയാണിവ. സാമൂഹിക-സാമ്പത്തികരംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനം സൃഷ്ടിച്ച ഭൂപരിഷ്കരണനിയമം കേരളത്തില്‍ നടപ്പില്‍ വരുകയും ഹൌസിങ് ബോര്‍ഡ് രൂപീകരിക്കുകയും ചെയ്തതോടുകൂടി ഗൃഹനിര്‍മാണരംഗത്ത് ഒരു പുതിയ ഉണര്‍വ് സംജാതമായി. 1971 മാര്‍ച്ച് 5-നു പ്രവര്‍ത്തനമാരംഭിച്ച ഹൌസിങ് ബോര്‍ഡിന്റെ നിയമമനുസരിച്ച് കേരളത്തിലെ ഭവനനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും ഏകോപിപ്പിക്കുകയും ചെയ്യുക എന്ന കര്‍ത്തവ്യം ഈ ബോര്‍ഡില്‍ നിക്ഷിപ്തമായി. ഹൗസിങ് ബോര്‍ഡ് സ്വയം ആവിഷ്കരിക്കുന്ന പദ്ധതികളെക്കൂടാതെ പുനര്‍നിര്‍മാണ പദ്ധതി, പുനരധിവാസപദ്ധതി, നഗര-പട്ടണ-ഗ്രാമവികസനപദ്ധതി, തെരുവു നിര്‍മാണ പദ്ധതി, ഭൂവികസന പദ്ധതി, ആഫീസ് നിര്‍മാണപദ്ധതി, വിദ്യാഭ്യാസസ്ഥാപനനിര്‍മാണ പദ്ധതി, ടൂറിസ്റ്റ് ഭവനനിര്‍മാണ പദ്ധതി തുടങ്ങിയ മറ്റു പദ്ധതികളും ഹൌസിങ് ബോര്‍ഡിന്റെ ചുമതലയില്‍പ്പെട്ടവയാണ്.

1981-ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ പാര്‍പ്പിടക്കമ്മി 1.26 ലക്ഷമാണ്. നിലവിലുള്ള വീടുകളില്‍ത്തന്നെ 6 ലക്ഷം വീടുകള്‍ വാസയോഗ്യമല്ല. കൂടാതെ ഓരോ വര്‍ഷവും ഏതാണ്ട് ഒരു ലക്ഷം പുതിയ വീടുകള്‍ ആവശ്യമായി വരുന്നു. ഗൃഹനിര്‍മാണ രംഗത്ത് സംസ്ഥാനത്ത് പതിനാലോളം ഏജന്‍സികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇവയില്‍ പ്രാധാന്യമര്‍ഹിക്കുന്നത് കേരള സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ്, കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് ഹൌസിങ് ഫെഡറേഷന്‍, പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, കേരള മത്സ്യത്തൊഴിലാളി ക്ഷേമ കോര്‍പ്പറേഷന്‍, വിശാല കൊച്ചി വികസന അതോറിറ്റി, തിരുവനന്തപുരം വികസന അതോറിറ്റി, കോഴിക്കോട് വികസന അതോറിറ്റി, സര്‍ക്കാര്‍ ഏജന്‍സികളായ റവന്യൂ ബോര്‍ഡ്, പൊതുമരാമത്തു വകുപ്പ്, പട്ടികജാതിക്ഷേമ വകുപ്പ്, പട്ടികവര്‍ഗക്ഷേമ വകുപ്പ്, തൊഴില്‍ വകുപ്പ് എന്നിവയാണ്. ഈ ഏജന്‍സികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഗൃഹനിര്‍മാണ പദ്ധതികളോടു ബന്ധപ്പെട്ട് അതാതു കാലയളവില്‍ വ്യത്യസ്തങ്ങളായ ചട്ടപ്രകാരം നിലവില്‍ വന്നവയാണ്. സമൂഹത്തിലെ ഏതു തുറയില്‍പ്പെട്ട പൗരനും പ്രയോജനപ്പെടത്തക്കവണ്ണം വായ്പത്തുക, വാര്‍ഷികത്തവണ, പലിശ എന്നിവ ക്രമീകരിച്ചിരിക്കുന്നു. ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഏറ്റവും പ്രയോജനം ലഭ്യമാകും വിധമാണ് ഈ ഗൃഹനിര്‍മാണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. മിക്ക ഗൃഹനിര്‍മാണ വായ്പാ സംവിധാനങ്ങളിലും ദുര്‍ബല വിഭാഗങ്ങള്‍ക്കു സബ്സിഡിയും കുറഞ്ഞ പലിശനിരക്കും അനുവദിച്ചിരിക്കുന്നു.

കേരളത്തില്‍ ചെലവുകുറഞ്ഞ ഗൃഹനിര്‍മാണം പ്രായോഗികമാക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ആരായുവാന്‍ 1972-ല്‍ കെ.എസ്. പരീഖ് അധ്യക്ഷനായി ഒരു കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയിലെ മറ്റംഗങ്ങള്‍ കെ. മാധവന്‍, ലാറി ബക്കര്‍, കെ.സി. അലക്സാണ്ടര്‍ എന്നീ വിദഗ്ധരായിരുന്നു. അറിയപ്പെട്ട സങ്കേതങ്ങളും നിര്‍മാണ വസ്തുക്കളും അനുയോജ്യമാംവിധം തിരഞ്ഞെടുത്തും നിര്‍മാണത്തിന്റെ ഓരോ ഇനവും അതിന്റെ ധര്‍മം നോക്കി വിശകലനം ചെയ്തും നിര്‍മാണച്ചെലവ് കുറയ്ക്കാമെന്നാണ് ഈ കമ്മിറ്റി അഭിപ്രായപ്പെട്ടത്. അപൂര്‍വ വൈദഗ്ധ്യമോ യന്ത്രവത്കൃത മുറകളോ മുതല്‍മുടക്കോ അധികം ആവശ്യമില്ലാത്ത സങ്കേതങ്ങളാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ചെലവു കുറഞ്ഞ ഗൃഹനിര്‍മാണമെന്ന ആശയം ഇന്നു കുറേയൊക്കെ വ്യാപകമായിട്ടുണ്ട്. പാരമ്പര്യ ഗൃഹനിര്‍മാണ വസ്തുക്കളും നിര്‍മാണരീതികളും മൊത്തത്തില്‍ ഉപേക്ഷിച്ചോ ഭാഗികമായി വ്യതിയാനം വരുത്തിയോ നിര്‍മാണച്ചെലവ് കുറയ്ക്കാവുന്നതാണ്. ഗൃഹനിര്‍മാണ രംഗത്ത് ചെലവ് കുറയ്ക്കാന്‍ വേണ്ടി താഴെ പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. നിര്‍മാണ രീതികളും സങ്കേതങ്ങളും ഉചിതമായി തിരഞ്ഞെടുക്കുക, ചെലവു കുറഞ്ഞവയെങ്കിലും ഈടും ഉറപ്പുമുള്ള അനുയോജ്യമായ നിര്‍മാണ വസ്തുക്കള്‍ ഉപയോഗിക്കുക, ചുരുങ്ങിയ സമയം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കത്തക്ക രീതിയില്‍ നിര്‍മാണ ജോലികള്‍ ക്രമീകരിച്ച് അധികച്ചെലവ് ഒഴിവാക്കുക. ഇത്തരം ഗൃഹനിര്‍മാണത്തിനായി പണിസ്ഥലത്തു നിര്‍ത്തുന്ന തൊഴിലാളികളുടെ എണ്ണവും അവര്‍ ചെയ്യുന്ന ജോലിയുടെ അളവും ലാഭകരമാക്കി നിയന്ത്രിക്കേണ്ടതാണ്. പരിചയസമ്പന്നരായ മേല്‍നോട്ടക്കാരും ആവശ്യമായി വരും. ചെലവു കുറഞ്ഞ ഭവനങ്ങള്‍ നിര്‍മിക്കാന്‍ ജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി കേരളത്തിലെ എല്ലാ ജില്ലകളിലും നിര്‍മിതി കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഗവണ്‍മെന്റ് മുന്‍കൈയെടുത്തു. ഓരോരുത്തരുടെയും സാമ്പത്തിക പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് പരമാവധി സൗകര്യങ്ങളുള്ള വീടുകള്‍ നിര്‍മിക്കുവാന്‍ നിര്‍മിതി കേന്ദ്രങ്ങള്‍ വേണ്ട സഹായങ്ങള്‍ ചെയ്തുവരുന്നു. ജില്ലാതല നിര്‍മിതികേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് സംസ്ഥാനതലത്തിലുള്ള നിര്‍മിതികേന്ദ്രമാണ്.

വികസിത രാഷ്ട്രങ്ങളെ അപേക്ഷിച്ച് അവികസിത രാഷ്ട്രങ്ങളിലെ പാര്‍പ്പിട ദാരിദ്യ്രത്തിന്റെ കാരണങ്ങളില്‍ പ്രധാനം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യയാണ്. ദ്രുതഗതിയിലുള്ള വ്യവസായവത്കരണംമൂലം ഗ്രാമപ്രദേശങ്ങളില്‍ നിന്നും പട്ടണങ്ങളിലേക്കുള്ള തൊഴിലന്വേഷകരുടെ പ്രവാഹം വ്യവസായ സ്ഥാപനങ്ങളുടെ പ്രാന്ത പ്രദേശങ്ങളില്‍ ഗുരുതരമായ പാര്‍പ്പിട ദൌര്‍ലഭ്യം സൃഷ്ടിക്കുന്നു. ഇത് ചേരിപ്രദേശങ്ങള്‍ ഉടലെടുക്കാന്‍ ഇടയാക്കുന്നു. ജനസംഖ്യാ വര്‍ധനയ്ക്കനുസരിച്ച് ഗൃഹനിര്‍മാണ രംഗത്ത് ഇന്ത്യയുടെ പ്രവര്‍ത്തനം ഒട്ടും തൃപ്തികരമല്ല. വര്‍ധമാനമായ തോതിലുള്ള ഗൃഹനിര്‍മാണച്ചെലവ്, ആസൂത്രിതമല്ലാത്ത നിര്‍മാണമേഖല, ഗൃഹനിര്‍മാണരംഗത്ത് ലഭ്യമായിക്കൊണ്ടിരിക്കുന്ന പുതിയ സങ്കേതങ്ങളും മാനങ്ങളും അവലംബിക്കുന്നതിലുള്ള വിമുഖത, ശാസ്ത്രീയമായ മേല്‍നോട്ട നിര്‍വഹണത്തിലൂടെ നിര്‍മാണ ജോലികളില്‍ വര്‍ധിച്ച ഉത്പാദനക്ഷമത കൈവരുത്തുന്നതിനുള്ള വൈമനസ്യം, പദ്ധതി വിഹിതത്തില്‍ ഗൃഹനിര്‍മാണത്തിനുള്ള വകയിരുത്തലിന്റെ കുറവ് എന്നിവ ഇന്ത്യയില്‍ ഈ രംഗത്തുള്ള വീഴ്ചയ്ക്കു പ്രധാന കാരണങ്ങളാണ്.

(എസ്. കൃഷ്ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍