This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൂര്‍ണിക്ക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൂര്‍ണിക്ക

Guernica

സ്പാനിഷ് ചിത്രകാരനായ പാബ്ലോ പിക്കാസ്സോയുടെ പ്രസിദ്ധമായ രചന. സ്പെയിനിലെ ആഭ്യന്തരയുദ്ധത്തില്‍ ഗൂര്‍ണിക്കാപ്പട്ടണം കത്തിയെരിയുന്നതിന്റെ ദയനീമായ ദൃശ്യാവിഷ്കാരമാണ് ഈ അര്‍ധ-അമൂര്‍ത്തപെയിന്റിങ്. 3.5 മീ x 7.8 മീ. വലുപ്പമുള്ള ഈ കൂറ്റന്‍ ചിത്രം 1937-ല്‍ നടന്ന പാരിസ് അന്താരാഷ്ട്ര പ്രദര്‍ശനത്തിലെ സ്പാനിഷ് പവലിയനില്‍ പ്രദര്‍ശിപ്പിക്കുന്നതിനുവേണ്ടിയാണ് പിക്കാസ്സോ വരച്ചത്.

തന്റെ സ്റ്റുഡിയോയില്‍ സ്ഥലം തികയാതെ വരുമെന്നതിനാല്‍ റുദെസ്ഗ്രാന്റ്സ്-അഗസ്റ്റിന്‍സില്‍ ഒരു പഴയ കെട്ടിടത്തിന്റെ രണ്ടു നിലകള്‍ വാടകയ്ക്കെടുത്ത് പിക്കാസ്സോ ചിത്രരചനയിലേര്‍പ്പെട്ടു. ആഭ്യന്തരയുദ്ധത്തിനിടയില്‍ 1937 ഏ. 26-നു ഗൂര്‍ണിക്കാപ്പട്ടണം ഫ്രാങ്കൊയുടെ ജര്‍മന്‍ ബോംബര്‍വിമാനങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കി. ഒരു ചന്തദിവസം ഏറ്റവും തിരക്കേറിയ സമയത്തായിരുന്നു നടുക്കുന്ന ഈ സംഭവം നടന്നത്. യാതൊരു യുദ്ധപ്രാധാന്യവുമില്ലാതിരുന്ന, ആറുലക്ഷത്തോളംവരുന്ന ബാസ്ക് വര്‍ഗക്കാരുടെ ആവാസകേന്ദ്രമായിരുന്ന പട്ടണത്തിനു നേരെയുണ്ടായ ആക്രമണം പിക്കാസ്സോയെ രോഷം കൊള്ളിച്ചു. തന്റെ ചിത്രത്തിനുവേണ്ട ആശയം ഇതുതന്നെയാണെന്നദ്ദേഹം നിശ്ചയിച്ചു. പത്തുദിവസംകൊണ്ട് 25 സ്കെച്ചുകള്‍ തയ്യാറാക്കി. കാള, കൊല്ലപ്പെട്ട കുതിര, വിളക്കേന്തി ജനലിലൂടെ താഴേക്കു കുനിഞ്ഞുനോക്കുന്ന സ്ത്രീ എന്നിവ ഇക്കൂട്ടത്തില്‍പ്പെടും. പതിനൊന്നാം ദിവസം ചിത്രകാരന്‍ ഏകദേശം 8 മീ. നീളവും 3.5 മീ. ഉയരവുമുള്ള ഒരു കൂറ്റന്‍ കാന്‍വാസ് തയ്യാറാക്കി. മുറിയുടെ ഉയരം ഈ ക്യാന്‍വാസിനെ ഉള്‍ക്കൊള്ളത്തക്കതായിരുന്നില്ല എന്നതിനാല്‍ ചരിച്ചുവച്ചാണ് കാന്‍വാസില്‍ ജോലി തുടങ്ങിയത്. ഏണികളും പ്രത്യേകതരം നീളമുള്ള ബ്രഷുകളും ഉപയോഗിച്ച് ഏറെ പ്രയാസപ്പെട്ടാണ് പിക്കാസ്സോ ഇതില്‍ പെയിന്റു ചെയ്തത്. കൂട്ടുകാരിയായ ഡോറമാറിന്റെ സാന്നിധ്യം അദ്ദേഹത്തിന് പ്രചോദനമേകി. ചിത്രരചനയുടെ ഓരോ പടിയും അവര്‍ ഫിലിമിലാക്കുകയുണ്ടായി. ഒരു മാസത്തെ അശ്രാന്ത പരിശ്രമം കൊണ്ട് ചിത്രം പൂര്‍ത്തിയായി. അപ്പോഴേക്കും സംഭവം നടന്ന് വെറും രണ്ടുമാസം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച് ഇത്ര ഭീതിജനകമായൊരു ചിത്രം ഒരു ചിത്രകാരനും അതിനു മുമ്പു രചിച്ചിരിക്കയില്ല. സംഭീതരായി വാവിട്ടു നിലവിളിക്കുന്ന പട്ടണവാസികളെക്കൂടി ചിത്രീകരിക്കുന്ന ഈ പെയിന്റിങ്ങിനു കറുപ്പും വെളുപ്പും ചാരനിറവും മാത്രമാണ് തിരഞ്ഞെടുത്തത്. ദൃശ്യത്തിന്റെ ഭീകരത ദ്യോതിപ്പിക്കാന്‍ ഈ നിറക്കൂട്ട് ഏറെ സഹായകമായി.

ഗൂര്‍ണിക്ക

ഭീതിയുടെ ആവേഗംകൊണ്ട് തല മുകളിലേക്കുയര്‍ത്തി നില്‍ക്കുന്ന മുറിവേറ്റ അശ്വമാണ് മധ്യത്ത്. മുകളിലായി കണ്ണിന്റെ ആകൃതിയില്‍ സൂര്യന്‍, കൃഷ്ണമണിയുടെ സ്ഥാനത്ത് ഒരു വൈദ്യുതബള്‍ബ്, അശ്വത്തിന്റെ കുളമ്പിനിടയില്‍ കൊല്ലപ്പെട്ട പോരാളി. അയാളുടെ ഒരു കൈയില്‍ അറ്റുപോയ വാള്‍, മറ്റേ കൈ ചേതനയറ്റ് കിടക്കുന്നു. ചിത്രത്തിന്റെ ഇടത്തേയറ്റത്ത് വിദൂരതയിലേക്ക് നോക്കി നില്‍ക്കുന്ന ഒരു കാളയാണ്. അതിനു താഴെയായി കുഞ്ഞിന്റെ ചേതനയറ്റ ശരീരവും പേറി മുകളിലേക്കു ദൃഷ്ടി പായിച്ച് അലമുറയിട്ടു കരയുന്ന സ്ത്രീ. ചിത്രത്തിന്റെ വലതുഭാഗത്ത് മൂന്നു സ്ത്രീരൂപങ്ങളുണ്ട്. കത്തിയെരിയുന്ന വീട്ടില്‍നിന്നും വസ്ത്രത്തിനു തീപിടിച്ച് അലറി വിളിച്ചുകൊണ്ട് പുറത്തേക്കു വീഴുന്ന ഒരുവള്‍. ഇതൊന്നും ശ്രദ്ധിക്കാനാവാതെ ഓടി രക്ഷപ്പെടുന്ന മറ്റൊരുവള്‍. ഇനിയുമൊരുവളുടെ തലമാത്രം കാണാം-കൈയിലൊരു വിളക്കുമാത്രം നീട്ടിപ്പിടിച്ചുകൊണ്ട്.

ആദ്യം തുടങ്ങിയതില്‍ നിന്നും പല മാറ്റങ്ങളും 'ഗൂര്‍ണിക്ക' പൂര്‍ത്തിയായപ്പോള്‍ അതില്‍ വരുത്തുകയുണ്ടായി. തുടക്കത്തില്‍ ഒരു വാതില്‍പ്പുറ ദൃശ്യമായിരുന്നു ചിത്രകാരന്റെ മനസ്സില്‍. പിന്നീടദ്ദേഹം വൈദ്യുത ബള്‍ബ്, ഓടുപാകിയ തറ, മേശ തുടങ്ങി ഒരു മുറിക്കുതകുന്ന ചിട്ടവട്ടങ്ങള്‍ ഒരുക്കിയതായി കാണാം. ചിത്രമപ്പാടെ കറുപ്പും വെളുപ്പും കൊണ്ടു നിറഞ്ഞതായിരിക്കണമെന്ന തീരുമാനമായിരുന്നിരിക്കണം ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ദുരന്തത്തിന് ആക്കം കൂട്ടാനിത് എത്രമാത്രം ഉതകി എന്നു എടുത്തു പറയേണ്ടതില്ല. പെയിന്റിങ്ങിനുപയോഗിച്ച സങ്കീര്‍ണമായ സിംബലുകളിലും രൂപങ്ങളിലും നിറത്തിലുമൊന്നും തന്നെ പ്രത്യാശയുടെ നേരിയ ലാഞ്ചന പോലും കാണാനില്ല. സ്ത്രീരൂപമേന്തിയ വിളക്കുപോലും ദുരന്തത്തെ മാത്രമാണ് പ്രകാശിപ്പിക്കുന്നത്. ആദ്യ സ്കെച്ചുകളില്‍ കാള ചിത്രത്തിന്റെ മധ്യഭാഗത്തേക്കു നോക്കിയായിരുന്ന നില്പ്. അതിന്റെ ശിരസ്സ് തിരിച്ചുവച്ച് അദൃശ്യമായൊരു ചക്രവാളത്തെ തേടുന്ന രീതിയിലാക്കി പിന്നീട്. സ്പാനിഷ് പോപ്പുലര്‍ മുന്നണിയുടെ ഇടതുപക്ഷ ചായ്വ് വ്യക്തമാക്കുന്ന രീതിയില്‍ ചുരുട്ടിയ മുഷ്ടിയുമായിട്ടായിരുന്നു പോരാളി ആദ്യം കിടന്നിരുന്നത്.

അതുവരെ താന്‍ പ്രയോഗിച്ചിട്ടുള്ള എല്ലാ സങ്കേതങ്ങളും 'ഗൂര്‍ണിക്ക'യുടെ രചനയില്‍ പിക്കാസ്സോ പ്രയോജനപ്പെടുത്തി. ക്യൂബിസത്തിലെ പരന്ന, ശിഥില രൂപങ്ങള്‍, ആദിമ ആഫ്രിക്കന്‍ ചിത്രരചനയിലെ കരുത്തുറ്റ അമൂര്‍ത്തരൂപങ്ങള്‍, തന്റെ തന്നെ രചനയായ മിനോറ്റാര്‍ പരമ്പരയിലെ സിംബലുകള്‍-എല്ലാം ആ വലിയ കാന്‍വാസില്‍ സ്ഥാനം പിടിച്ചു. കൊടിയ മാനവദുരന്തത്തിന്റെ നിത്യസ്മാരകമായി നിലകൊള്ളുന്ന 'ഗൂര്‍ണിക്ക'യുടെ പ്രാധാന്യത്തിനു മുന്‍പില്‍ ഈ വക സങ്കേതമേന്മകളുടെ പ്രാധാന്യം എടുത്തു പറയേണ്ടതായിട്ടില്ല.

സ്വന്തം രചനകളെക്കുറിച്ച് സാധാരണയായി മൗനം ദീക്ഷിക്കാറുള്ള പിക്കാസ്സോ 'ഗൂര്‍ണിക്ക'യെക്കുറിച്ച് 1944-ല്‍ ഒരു അമേരിക്കന്‍ പട്ടാളക്കാരനോട് ചിലതു പറയുകയുണ്ടായി. ചിത്രത്തിലെ കാള പലരും ധരിച്ചതുപോലെ ഫാസിസമല്ലെന്നും പ്രത്യുത മൃഗീയതയും അന്ധകാരവും ആണെന്നും അശ്വം ജനശക്തിയെ പ്രതിനിധാനം ചെയ്യുന്നു എന്നുമാണ് അദ്ദേഹം വിശദീകരിച്ചത്. കാള ഈ സന്ദര്‍ഭത്തിലെ വില്ലനാണെന്നും അദ്ദേഹം ധ്വനിപ്പിച്ചു. എന്നാല്‍ ചിത്രത്തിലെ അശ്വത്തെപ്പോലെതന്നെ കാളയും നിസ്സഹായനാണ് എന്നാണ് ചില കലാനിരൂപകന്മാര്‍ക്ക് തോന്നിയത്. പീഡിതരും പീഡിപ്പിക്കുന്നവരും എന്ന വ്യത്യാസം ഇതിലെ രൂപങ്ങള്‍ക്കിടയ്ക്ക് കാണാനവര്‍ക്കു കഴിഞ്ഞില്ല. അവരെ സംബന്ധിച്ചിടത്തോളം ശത്രു അല്ലെങ്കില്‍ ഈ ദുരന്തത്തിനു കാരണക്കാരായവര്‍ ഈ കാന്‍വാസിലെങ്ങും തന്നെ ദൃശ്യമാവുന്നില്ല. ആധുനിക യുദ്ധക്കെടുതിക്കിരയാവുന്നവരുടെ ശത്രു തികച്ചും അജ്ഞാതവും നിര്‍വ്യക്തവും ആണെന്ന മരവിപ്പിക്കുന്ന സത്യമാണ് ഇവിടെ വെളിവാക്കുന്നത്.

പൂര്‍ത്തിയായി ആഴ്ചകള്‍ക്കകം തന്നെ ഈ കൂറ്റന്‍ ചുവര്‍ചിത്രം പാരിസിലെ ലോകമേളയില്‍ സ്പാനിഷ് പവിലിയന്റെ കവാടത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. വളരെയേറെ വിവാദങ്ങള്‍ ഇളക്കിവിട്ട ഈ ചിത്രത്തിന്റെ പേരില്‍ രാഷ്ട്രീയമായും കലാപരമായും പിക്കാസ്സോയ്ക്ക് വളരെയേറെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. സ്പെയിനിനെ വേദനയുടെയും മരണത്തിന്റെയും കയങ്ങളില്‍ മുക്കിയ പട്ടാളനടപടികളോടുള്ള വിദ്വേഷം പ്രകടിപ്പിക്കുക മാത്രമായിരുന്നു തന്റെ ഉദ്ദേശ്യം എന്നു പറഞ്ഞിട്ടും ഫ്രാങ്കോ അനുകൂലികള്‍ തൃപ്തരായില്ല. മറുവശത്ത് റിപ്പബ്ലിക്കന്‍ അനുകൂലികളും വളരെയൊന്നും തൃപ്തരല്ലായിരുന്നു. വളരെ പ്രകടമായി സമരാവേശം ഉള്‍ക്കൊള്ളുന്ന ആയുധമേന്താന്‍ ആഹ്വാനം നല്കുന്ന എന്തെങ്കിലുമായിരുന്നു അവര്‍ പിക്കാസ്സോയില്‍നിന്നും പ്രതീക്ഷിച്ചത്. കലാനിരൂപകര്‍ക്കും ഒട്ടേറെ പറയാനുണ്ടായിരുന്നു. ചിത്രത്തിലെ 'നോക്കുകുത്തി രൂപങ്ങളും വിനാശകരമായ അത്യുക്തിയും' ഒരു നിരൂപകന് അരോചകമായി തോന്നി. എന്നാല്‍ ബ്രിട്ടീഷ് നിരൂപകനായ ഹെര്‍ബര്‍ട്ട് റീഡ് ഇതിനോട് വിയോജിച്ചു. പിക്കാസ്സോയുടെ സിംബലുകള്‍ വിനാശകരമാണ് എങ്കില്‍ ഹോമര്‍, ദാന്തെ, സെര്‍വാന്റിസ് എന്നീ മഹാരഥന്മാരുടെ സിംബലുകളും വിനാശകരം തന്നെ എന്ന് റീഡ് പ്രതിവചിച്ചു. സാമാന്യമായതിനു വികാരാവേഗം പ്രചോദനം നല്കുമ്പോള്‍ മാത്രമാണ് സ്ഥായിയായ, അനശ്വരമായ കല ജനിക്കുന്നത്. 'ഗൂര്‍ണിക്ക'യ്ക്കു മാത്രമായി ഒരു ലക്കം പ്രസിദ്ധീകരിച്ച കാഷിയേ ദ് ആര്‍ട്ട് (Cashier d' Art) എന്ന മാസികയില്‍ മിച്ചെല്‍ ലെയ്റിസ് എഴുതിയ ലേഖനത്തില്‍ ഇങ്ങനെ കാണുന്നു: 'പിക്കാസ്സോ നമുക്കായി ഒരു പ്രഭാതവിളംബരം അയയ്ക്കുന്നു.: നാം സ്നേഹിക്കുന്നവയെല്ലാം മൃതമാകുകയാണ്'.

പിക്കാസ്സോയുടെ പ്രസിദ്ധി വാനോളമുയര്‍ത്തിയ 'ഗൂര്‍ണിക്ക' പാരിസ് ലോകമേള കഴിഞ്ഞയുടന്‍ നോര്‍വേ, ലണ്ടന്‍, ലിവര്‍പൂള്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. പ്രദര്‍ശനങ്ങളില്‍ നിന്നുമുള്ള ആദായം സ്പാനിഷ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളതായിരുന്നു. ന്യൂയോര്‍ക്കിലെ മോഡേണ്‍ ആര്‍ട്ട് മ്യൂസിയത്തിന് പിക്കാസ്സോ കടം കൊടുത്ത ചിത്രം വീണ്ടും 44 വര്‍ഷം കഴിഞ്ഞ് 1981-ല്‍ ജന്മനാട്ടില്‍ തിരിച്ചെത്തി. മാഡ്രിഡിലെ പ്രദോ (Prado) മ്യൂസിയത്തിലാണിതു സൂക്ഷിക്കപ്പെട്ടിട്ടുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍