This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൂര്‍ഖാ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (ജി.എന്‍.എല്‍.എഫ്)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൂര്‍ഖാ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (ജി.എന്‍.എല്‍.എഫ്)

വടക്കന്‍ പശ്ചിമ ബംഗാളിലെ ഒരു രാഷ്ട്രീയ കക്ഷി. 1980 ഏ. 5-ന് മഞ്ചുവില്‍ സുഭാഷ് ഘീസിങ്ങിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ ജി.എന്‍.എല്‍.എഫ് വടക്കന്‍ പശ്ചിമബംഗാള്‍ ഉള്‍പ്പെടുത്തുന്ന ഡാര്‍ജിലിങ്, കുര്‍സിയോങ്, കലിംപോങ് തുടങ്ങിയ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നേപ്പാളി ഭാഷ സംസാരിക്കുന്ന ഒരു സംസ്ഥാനം-ഗൂര്‍ഖാലാന്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് എണ്‍പതുകളില്‍ സായുധ സമരത്തിലേര്‍പ്പെട്ടു. 1985-86 വര്‍ഷത്തില്‍ പ്രക്ഷോഭം അതിന്റെ മൂര്‍ധന്യത്തിലെത്തി. ഗൂര്‍ഖാലാന്‍ഡ് എന്ന ആവശ്യം 1986-ല്‍ പാര്‍ലമെന്റ് നിരാകരിച്ചു. ഇതോടെ അക്രമം പൊട്ടിപ്പുറപ്പെട്ടു. ജി.എന്‍.എല്‍.എഫിന്റെ ആവശ്യങ്ങളോട് തുടക്കത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിന് നേരിയ പിന്തുണയുണ്ടായിരുന്നുവെങ്കിലും അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ സമരത്തെ അവര്‍ ദേശീയവിരുദ്ധമായി കണക്കാക്കി. 'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി ജി.എന്‍.എല്‍.എഫ് 1988-ല്‍ 40 ദിവസത്തെ ബന്ദ് നടത്തുകയുണ്ടായി. രണ്ടുവര്‍ഷങ്ങള്‍ക്കിടയില്‍ ജി.എന്‍.എല്‍.എഫിന് തങ്ങളുടെ 200 പ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടമായി. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ താത്പര്യാര്‍ഥം കേന്ദ്ര ആഭ്യന്തരമന്ത്രി ഭൂട്ടാസിങ്ങും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസുവും ജി.എന്‍.എല്‍.എഫ്. നേതാവ് സുഭാഷ് ഘീസിങ്ങും മറ്റുദ്യോഗസ്ഥന്മാരും തമ്മില്‍ നടന്ന ചര്‍ച്ചകളുടെ ഫലമായി 1988 ജൂണ്‍ 25-ന് മെമ്മോറാണ്ടം ഒഫ് സെറ്റില്‍മെന്റ് എന്ന ഒത്തുതീര്‍പ്പു വ്യവസ്ഥയിലെത്തുകയും ഗൂര്‍ഖാലാന്‍ഡ് എന്ന ആവശ്യത്തിനു പകരമായി ഡാര്‍ജിലിങ് ഗൂര്‍ഖാ ഹില്‍ കൗണ്‍സില്‍ രൂപീകൃതമാവുകയും ചെയ്തു. ഇതോടെ ഡാര്‍ജിലിങ് കുന്നുകളില്‍ സമാധാനം നിലവില്‍വന്നു. സുഭാഷ് ഘീസിങ് കൗണ്‍സിലിന്റെ ചെയര്‍മാനായി.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ദേശീയ നിയമത്തില്‍ നിന്നും ഹില്‍ കൗണ്‍സിലിനെ ഒഴിവാക്കണമെന്ന് ഘീസിങ് ആവശ്യപ്പെട്ടു. ഇതിനായി 1989-ല്‍ ഡി.ജി.എച്ച്.സി. ഉള്‍പ്പെടെ മറ്റനേകം വടക്കു കിഴക്കന്‍ കുന്നിന്‍ പ്രദേശങ്ങള്‍ക്കൊപ്പം ഭരണഘടനാ ഭേദഗതിക്കു ശ്രമിച്ചുവെങ്കിലും പ്രസ്തുത ബില്‍ പരാജയപ്പെട്ടു. 1992-ല്‍ പാര്‍ലമെന്റ് പാസാക്കിയ ഭേദഗതിയില്‍ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ എന്ന ആശയം വന്നപ്പോള്‍ ഡാര്‍ജിലിങ്ങിനെ മാത്രം ഒഴിവാക്കി. ഇതിന് കേന്ദ്രഗവണ്‍മെന്റിനു പ്രേരണയായത് പശ്ചിമബംഗാള്‍ ഗവണ്‍മെന്റിന്റെ നിലപാടാണെന്ന് ജി.എന്‍.എല്‍.എഫ്. ആരോപിച്ചു. ഡാര്‍ജിലിങ്ങിലെ തിരിച്ചടി ജി.എന്‍.എല്‍.എഫില്‍ ഭിന്നിപ്പുണ്ടാക്കി. ചേതന്‍ ഷെര്‍പ്പയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആള്‍ ഇന്ത്യാ ഗൂര്‍ഖാ ലീഗിന് രൂപം നല്കുകയും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടുകയും ചെയ്തു. 1996, 98, 99 വര്‍ഷങ്ങളില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ ജി.എന്‍.എല്‍.എഫ്. ബഹിഷ്കരിച്ചു. എന്നാല്‍, 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡാര്‍ജിലിങ് മണ്ഡലത്തില്‍ ജി.എന്‍.എല്‍.എഫ്. കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുകയും ചെയ്തു.

പാര്‍ട്ടിക്കകത്തെ ആഭ്യന്തര ഭിന്നിപ്പുകളും ഡാര്‍ജിലിങ് ഗൂര്‍ഖാ ഹില്‍ കൗണ്‍സിലിലെ അഴിമതിയാരോപണങ്ങള്‍ക്കും നടുവില്‍ 2000-ത്തോടെ 'ഗൂര്‍ഖാലാന്‍ഡ്' എന്ന പഴയ ആവശ്യം ജി.എന്‍.എല്‍.എഫ്. വീണ്ടും ഉയര്‍ത്തി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍