This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൂഢതത്ത്വവാദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൂഢതത്ത്വവാദം

നിഗൂഢ വസ്തുക്കളെ സംബന്ധിക്കുന്ന തത്ത്വശാസ്ത്രം അഥവാ നിഗൂഢ രഹസ്യവിജ്ഞാനീയം. കുലീനമല്ലാത്ത നിഗൂഢവിശ്വാസങ്ങളും അവ്യക്തമായ മാന്ത്രികപ്രയോഗങ്ങളും കൊണ്ട് ഉറപ്പിച്ചുനിര്‍ത്തിയിട്ടുള്ള ഈ തത്ത്വശാസ്ത്രം പ്രകൃത്യതീതമായ ശക്തികളുടെ അസ്ഥിത്വം ഊന്നി ഉറപ്പിക്കുന്നു. അതിനാല്‍ ശാസ്ത്രീയമായ അടിത്തറയോടുകൂടിയ ഒരു സമീപനം ഈ വിഷയത്തില്‍ അസാധ്യമാണ്. പ്രകൃത്യതീതമോ ആത്മലോകസംബന്ധമോ ഐന്ദ്രജാലികമോ ആയ ശാസ്ത്രം എന്നും ഇതിനെ പറയാവുന്നതാണ്. പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനഫലമായി നാം അനുഭവിച്ചറിയുന്ന ഭൌതിക പ്രപഞ്ചത്തിനുമപ്പുറം എന്തോ ഉണ്ടെന്നും അവ ശാസ്ത്രീയവും ഭൌതികവുമായ നിരീക്ഷണത്തിന്റെ പരിധിയില്‍പ്പെടുന്നതല്ലെന്നും ഉള്ള വാദത്തില്‍ അധിഷ്ഠിതമാണ് ഗൂഢതത്ത്വവാദം.

ഗൂഢതത്ത്വവാദത്തില്‍ വിശ്വസിച്ചുകൊണ്ട് മനുഷ്യര്‍ പലതരം മിസ്റ്റിക് ധാരണകളും വച്ചുപുലര്‍ത്തുന്നുണ്ട്. ജാലവിദ്യയും മന്ത്രവാദവുമൊക്കെ ഇതിന്റെ ഭാഗമാണ്. കണ്‍കെട്ടുവിദ്യ, പ്രവചനശക്തി എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനമേഖലയാണ് ഭാവിഫലപ്രവചനകല അഥവാ മാന്ത്രിക വിദ്യയാല്‍ ഭാവിഫലങ്ങളോ നിഗൂഢ രഹസ്യങ്ങളോ അറിയാന്‍ ശ്രമിക്കല്‍. ജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, പ്രേതങ്ങളെക്കൊണ്ടു ഭാവി ഫലം പറയിക്കല്‍ (ആഭിചാരം, പിശാചുവിദ്യ), മരിച്ച ആത്മാക്കളുമായുള്ള ബന്ധം സ്ഥാപിക്കല്‍, മന്ത്രയഷ്ടി പ്രയോഗിക്കല്‍, അക്കങ്ങളുപയോഗിച്ചുള്ള ഭാവിഫലപ്രവചന വിദ്യ, നിഗൂഢ ദൃശ്യങ്ങള്‍ സ്ഫടികത്തിലൂടെ നോക്കിക്കാണല്‍ (crystal-gazing) എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. പഞ്ചേന്ദ്രിയങ്ങളുടെ ഗ്രഹണശക്തിക്ക് അതീതമായ ഗ്രാഹകത്വം നിലനില്‍ക്കുന്നു എന്ന വിശ്വാസമാണ് ഗൂഢതത്ത്വവാദങ്ങളുടെ അടിസ്ഥാനം.

മതവിശ്വാസവും ഗൂഢതത്ത്വവാദവും പരസ്പരം ബന്ധപ്പെട്ടു കുഴഞ്ഞുമറിഞ്ഞ ഒരു അവസ്ഥയാണുള്ളത്. മിക്കവാറും എല്ലാ മതങ്ങളും ഗൂഢതത്ത്വവാദത്തില്‍ അധിഷ്ഠിതമാണ്. 'പ്രാര്‍ഥനയാലും ബലികളാലും സ്വാധീനശക്തി പ്രയോഗിക്കാവുന്നതും ജ്ഞാനത്തിനു പകരം വിശ്വാസംകൊണ്ട് ഗ്രഹിക്കാവുന്നതുമായ ഒരു പ്രകൃത്യതീത ശക്തിയുടെ നിയന്ത്രണത്തിനു വിധേയമാണ് ലോകം' എന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന വിശ്വാസാചാരങ്ങളുടെ ഒരു പദ്ധതിയായി പല മതങ്ങളെയും നിര്‍വചിക്കാവുന്നതാണ്. അമ്പലത്തിലോ പള്ളിയിലോ പോയി വഴിപാടുകഴിച്ചാല്‍ മനസ്സില്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ സാധിക്കുമെന്നുള്ള വിശ്വാസം നിഗൂഢതത്ത്വവാദത്തിന്റെയും ഭാഗം തന്നെയാണ്. ക്ഷേത്രങ്ങളുടെയും പള്ളികളുടെയും മറ്റു പല ആരാധനാലയങ്ങളുടെയും നിലനില്പിനു കാരണം ഈ വിശ്വാസംതന്നെയാണ്. എന്നാല്‍ വ്യാപകമായ പ്രചാരം കൊണ്ടും കാലപ്പഴക്കംകൊണ്ടും മതസംബന്ധമായ വിശ്വാസങ്ങളെ ഗൂഢതത്ത്വവാദത്തിനു പുറത്തുള്ള ഒരു വിശ്വാസ സംഹിതയായി കാണാന്‍ സമൂഹത്തിനു കഴിയുന്നു എന്നു മാത്രം. അമേരിക്കയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും ഉടലെടുത്തിട്ടുള്ള ചില പുതിയ മതങ്ങള്‍ പൂര്‍ണമായും ഗൂഢതത്ത്വവാദത്തെ അംഗീകരിക്കുന്നവയാണ്.

ശാസ്ത്രത്തിന്റെയും സാങ്കേതിക വിജ്ഞാനത്തിന്റെയും വളര്‍ച്ച നിഗൂഢവിജ്ഞാനത്തിന്റെ ചുരുള്‍ അഴിക്കാന്‍ ഏറെ സഹായകമായിട്ടുണ്ട്. നിഗൂഢരഹസ്യമായി കരുതിയിരുന്ന പല വസ്തുതകളും മനുഷ്യമനസ്സിന്റെ സങ്കീര്‍ണ പ്രവര്‍ത്തന ഫലമാണെന്ന് ഇന്ന് ഏറെക്കുറെ തെളിഞ്ഞിട്ടുണ്ട്. ഗൂഢതന്ത്രത്തില്‍ ഉള്‍പ്പെടുത്തി പ്രയോഗിച്ചിരുന്ന പല വിദ്യകളും ഇന്നു 'പാരാസൈക്കോളജി' എന്ന മനശ്ശാസ്ത്രശാഖയുടെ ഭാഗമായി മാറിയിട്ടുണ്ട്. ആളുകളെ അര്‍ധജാഗ്രതാവസ്ഥയിലാക്കി കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്ന വിദ്യ (ഹിപ്പ്നോസിസ്) ഈ ശാസ്ത്രശാഖയുടെ ഭാഗമാണ്. വളരെക്കാലം ഇതു ഗൂഢതത്ത്വശാസ്ത്രത്തിന്റെ ഭാഗമായി ഉപയോഗപ്പെടുത്തിയിരുന്നു. അതുപോലെതന്നെ ഗൂഢതന്ത്രത്തിന്റെ ഭാഗമായിരുന്ന ദിവ്യദൃഷ്ടി, പ്രവചനശക്തി, മനസ്സിന്റെ ഇന്ദ്രിയാതീതമായ ശക്തി, പരഹൃദയജ്ഞാനം എന്നിവയും ഇന്നു പാരാസൈക്കോളജിയുടെ പ്രവര്‍ത്തന മേഖലകളാണ്. കണ്‍കെട്ട്, ടെലിപ്പതി (ഇന്ദ്രിയസഹായമില്ലാതെയുള്ള പരസ്പര അന്തഃകരണ ജ്ഞാനവിദ്യ അഥവാ ഇന്ദ്രിയാതീത സന്ദേശം), പ്രവചനം എന്നിവ പഞ്ചേന്ദ്രിയങ്ങളുടെ ഗ്രഹണശക്തിക്ക് അതീതമായ ഗ്രാഹകത്വ (extra sensory perception) ത്തിന്റെ ഘടകങ്ങളാണ്. ഇവയും സൈക്കോകിനിസിസ്സും (psychokinesis) ചേര്‍ന്നതാണ് പാരാസൈക്കോളജിയുടെ പ്രധാന പഠന വിഷയം. ഈ വിഷയങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന വിശ്വാസ്യത ഇപ്പോള്‍ നഷ്ടമായിട്ടുണ്ട്. എന്നാല്‍ മനുഷ്യന്റെ ഓര്‍മശക്തിയെക്കുറിച്ചും വൈകാരിക ഭാവങ്ങളെക്കുറിച്ചും ഇന്നും നിഗൂഢത നിലനില്‍ക്കുന്നു.

ഗൂഢതത്ത്വവാദം അതു പ്രചരിച്ചിരുന്ന ലോകത്തിന്റെ പല ഭാഗത്തും ശോഷിച്ചാണ് വരുന്നതെങ്കിലും ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ ഇതിന് ഇപ്പോഴും വ്യാപകമായ പ്രചാരം ഉണ്ട്. ഇന്ത്യയിലും തിബറ്റിലുമാണ് ഇപ്പോള്‍ ഗൂഢതത്ത്വവാദത്തിനു കൂടുതല്‍ പ്രചാരമുള്ളത്. ഭരണകര്‍ത്താക്കള്‍ മുതല്‍ സാധാരണ പൗരന്മാര്‍വരെ ഇതിന്റെ വശീകരണ ശക്തിയില്‍ ആകൃഷ്ടരായിട്ടുണ്ട്. ഗൂഢതത്ത്വവാദവുമായി യോഗവിദ്യയ്ക്കുള്ള ബന്ധമാണ് ഇതിന്റെ പ്രധാന കാരണം. യോഗവിദ്യയിലൂടെ മനുഷ്യന്റെ കായികവും മാനസികവുമായ ആരോഗ്യം വര്‍ധിപ്പിക്കാന്‍ കഴിയും എന്ന വിശ്വാസം ഇന്നു പരക്കെയുണ്ട്. വൈദ്യശാസ്ത്രം കൊണ്ട് ഭേദപ്പെടുത്താന്‍ അസാധ്യമെന്നു വിധിയെഴുതിയിട്ടുള്ള പല രോഗങ്ങളും യോഗാഭ്യാസത്തില്‍ക്കൂടി ഭേദപ്പെട്ടതായി അതിന്റെ വക്താക്കള്‍ പറയുന്നു. യോഗവിദ്യയില്‍ക്കൂടി മനസ്സിന്റെ ശക്തി അപാരമായി വര്‍ധിപ്പിക്കാനും കഴിയുമത്രെ. കുണ്ഡലിനി ശക്തിയെ ഉണര്‍ത്തിയാണ് യോഗികള്‍ അതീന്ദ്രിയ കഴിവുകള്‍ നേടുന്നതത്രെ. അതിനാല്‍ ഗൂഢതത്ത്വവാദം ശാസ്ത്രത്തിന് വെല്ലുവിളിയായി ഇന്നും അവശേഷിക്കുന്നു എന്നു ചിലര്‍ വിശ്വസിക്കുന്നു.

ഗൂഢതത്ത്വവാദത്തോട് വിയോജിപ്പ് പുലര്‍ത്തുന്നവര്‍ ധാരാളമുണ്ട്. ശാസ്ത്രത്തിനോ ബുദ്ധിക്കോ ഉള്‍ക്കൊള്ളാന്‍ ഇന്ന് കഴിയാത്ത കാര്യങ്ങളുണ്ടാകാം; എന്നാല്‍ അവ എക്കാലവും ഗൂഢമായിക്കൊള്ളണമെന്നില്ല എന്നവര്‍ വാദിക്കുന്നു. എന്തായാലും ഗൂഢതത്ത്വവാദം വാസ്തവത്തില്‍ കൂടുതല്‍ പഠനം അര്‍ഹിക്കുന്ന ഒരു വിഷയമാണ്. മനുഷ്യമനസ്സിന്റെ നിഗൂഢമായ പല കഴിവുകളും ഈ വഴിയുള്ള ശരിയായ പഠനത്തിലൂടെ മനസ്സിലാക്കാന്‍ കഴിയും. മതാചാര്യന്മാരുടെ തെറ്റായ സമീപനംമൂലം ഈ വിഷയം ഇന്നു ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ശാസ്ത്രീയ സമീപനത്തില്‍ക്കൂടി മനുഷ്യനു ഗ്രഹിക്കാന്‍ കഴിയാത്ത പല നിഗൂഢതകളും ഇന്നും നിലനില്‍ക്കുന്നതിനാല്‍ ഗൂഢതത്ത്വവാദത്തിന് ഇപ്പോഴും പ്രസക്തിയുണ്ട്. ശാസ്ത്രീയ പുരോഗതി ഏറി വരുന്തോറും നിഗൂഢതത്ത്വവാദത്തിന്റെ പ്രസക്തി കുറയും എന്നതില്‍ സംശയമില്ല. നോ: യോഗതത്ത്വവാദം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍