This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൂഗിള്‍ സെര്‍ച്ച്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൂഗിള്‍ സെര്‍ച്ച്

Google search

ഇന്റര്‍നെറ്റില്‍ നിന്നുള്ള വിവരങ്ങള്‍ തിരയുന്നതിന് ഉപയോഗിക്കുന്ന സെര്‍ച്ച് എഞ്ചിനുകളില്‍ നിലവില്‍ ഏറ്റവും പ്രചാരത്തിലുള്ള സെര്‍ച്ച് എഞ്ചിന്‍. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ ഇന്‍കോര്‍പ്പറേഷന്‍ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ സെര്‍ച്ച് എഞ്ചിന്‍ 1997 സെപ്. 15-നാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. സെര്‍ജി ജിന്‍, ലാറി പേജ് എന്നീ ഗവേഷണ വിദ്യാര്‍ഥികളാണ് ഇത് തയ്യാറാക്കിയത്. ലോകത്തില്‍ ഇന്ന് പ്രചാരത്തിലുള്ള വെബ്സൈറ്റുകളുടെ റാങ്ക് നിശ്ചയിക്കുന്ന അലക്സ റാങ്കിങ്ങില്‍ വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതും ഗൂഗിള്‍ വെബ്സൈറ്റാണ്. പ്രതിദിനം 91 മില്യണ്‍ പേര്‍ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ ഉപയോഗിക്കുന്നതായി കമ്പനി അവകാശപ്പെടുന്നു. 28,000,000 കോടി അമേരിക്കന്‍ ഡോളറാണ് പരസ്യവിപണിയിലൂടെ 2010-ല്‍ കമ്പനി നേടിയ ആദയം.

മറ്റു സെര്‍ച്ച് എഞ്ചിനുകളില്‍ നിന്ന് വ്യത്യസ്തമായി ഇരുപത്തിയഞ്ചോളം തിരയല്‍ സവിശേഷതകളാണ് ഗൂഗിള്‍ സെര്‍ച്ചിനുള്ളത്. പര്യായപദങ്ങള്‍, കാലാവസ്ഥാ മുന്നറിയിപ്പ്, സമയ മേഖല, ഭൂപടം, ഓഹരിനിലവാരം, ചലച്ചിത്രപ്രദര്‍ശനസമയങ്ങള്‍, അക്ഷരത്തെറ്റു പരിശോധന, വെബ് പേജ് വിവര്‍ത്തനം, ഫോണ്‍ബുക്ക്, നിര്‍വചനങ്ങള്‍ തുടങ്ങിയവയൊക്കെ പ്രത്യേകമായി ഇതിലൂടെ തിരയാനാകും. പേജ് റാങ്കിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിളില്‍ തിരച്ചില്‍ നടത്തുമ്പോള്‍ വെബ് വിലാസങ്ങളും വിവരങ്ങളും പ്രത്യക്ഷപ്പെടുക. ഇതിനായി നിരവധി മാനദണ്ഡങ്ങളും ഗൂഗിള്‍ സെര്‍ച്ചില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏകദേശം 200-ലധികം രഹസ്യ മാനദണ്ഡങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. വെബ് പേജുകളുടെ പട്ടികയ്ക്ക് ഒപ്പം തന്നെ ഫയല്‍ ഇനങ്ങളും തിരച്ചില്‍ ഫലത്തില്‍ ഗൂഗിള്‍ ലഭ്യമാക്കും. സെര്‍ച്ച് എഞ്ചിനെ 124-ലധികം ഭാഷകളില്‍ സെറ്റ് ചെയ്ത് ഉപയോഗിക്കാനുള്ള അവസരവും ഗൂഗിള്‍ ഉപയോക്താവിന് നല്കുന്നുണ്ട്.

ഗൂഗിളില്‍ തിരച്ചില്‍ നടത്തുന്നവരുടെ മുന്നിലേക്ക് തങ്ങളുടെ വെബിലെ വിവരങ്ങള്‍ ആദ്യം ലഭ്യമാക്കാന്‍ ഒട്ടു മിക്ക കമ്പനികളും പല തന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ട്. ഇവ ഗൂഗിളിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാകുമ്പോള്‍ ഇത്തരം വെബ്സൈറ്റുകളിലെ വിവരങ്ങള്‍ തിരച്ചില്‍ ഫലത്തില്‍ മുന്നില്‍ നില്‍ക്കുകയും ചെയ്യും.

ഉപയോക്താക്കളുടെ തിരച്ചില്‍ സൂചകങ്ങളെ ലളിതമായ ടെക്സ്റ്റ് ആയാണ് ഗൂഗിള്‍ സ്വീകരിക്കുന്നത്. പിന്നീടതിനെ ഒറ്റയ്ക്കോ വിവിധ ഘടകങ്ങളായോ തിരച്ചിലിന് ഉപയോഗിക്കുന്നു. അതുകൊണ്ട,് തിരച്ചില്‍ ഫലത്തില്‍ ഈ വാക്കുകളോ വാക്യങ്ങളോ ഒക്കെ വരുന്ന വെബ്സൈറ്റുകളിലെ വിവരങ്ങള്‍ മുന്നിലെത്തും. സാധാരണ തിരയല്‍രീതി കൂടാതെ കുറച്ചുകൂടി ഉയര്‍ന്ന തരത്തിലുള്ള തിരച്ചില്‍രീതികളും ഗൂഗിള്‍ സാധ്യമാക്കുന്നുണ്ട്.

ഗൂഗിളിന്റെ മുഖ്യതാളില്‍ ഉള്ള 'ഞാന്‍ ഭാഗ്യവാനാണെന്ന് തോന്നുന്നു' എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ ഉപയോക്താക്കള്‍ക്ക് തിരച്ചില്‍ ഫലത്തിലെ ആദ്യ വെബ്പേജില്‍ നേരിട്ടെത്താം. ഈ രീതിയില്‍, മറ്റു തിരച്ചില്‍ ഫലങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കുകയില്ല. ഈ ബട്ടണ്‍ 2009 ഒ. 30-ന് ഗൂഗിള്‍ പേജില്‍ നിന്ന് ഒഴിവാക്കിയെങ്കിലും പിന്നീടത് പുനഃസ്ഥാപിച്ചു.

ഗൂഗിളില്‍ തിരയുന്നതിന് നിരവധി രീതികള്‍ ഉപയോഗിക്കാനാകും. 'or' എന്ന വാക്കുപയോഗിച്ച് ഒന്നിനെ അല്ലെങ്കില്‍ മറ്റൊന്നിനെ തിരയാം. "ഉപയോഗിച്ച് തിരയുമ്പോള്‍... ചിഹ്നങ്ങള്‍ക്കിടയിലെ വാക്ക് പൂര്‍ണമായും ലഭിക്കുന്ന ഫലങ്ങളായിരിക്കും ലഭിക്കുക. വാക്കുകള്‍ക്കിടയില്‍ + ചിഹ്നമുപയോഗിച്ചും തിരയാനാകും. ഇതു കൂടാതെ, define, stocks, site, allintitle, link എന്നിങ്ങനെയുള്ളവ തിരയേണ്ടവയ്ക്ക് മുന്നില്‍ ഉപയോഗിച്ചും നമുക്ക് വേണ്ട രീതിയില്‍ ഗൂഗിളില്‍ തിരച്ചില്‍ നടത്താനാകും. വെബ് പേജുകള്‍ കൂടാതെ ചിത്രങ്ങള്‍, ഭൂപടങ്ങള്‍, വാര്‍ത്തകള്‍, പ്രമാണങ്ങള്‍, സമൂഹങ്ങള്‍ തുടങ്ങിയവയും ഗൂഗിളില്‍ തിരയാനാകും.

ഗൂഗിള്‍ ആഡ്വേഡ്സ്, ആഡ്സെന്‍സ്, എസ്.എം.എസ്, ടൂള്‍ബാര്‍, ജിമെയില്‍, ഗൂഗിള്‍ ലാബ്സ് തുടങ്ങിയവയും ഗൂഗിളിന്റേതായി ഇപ്പോഴുണ്ട്. പ്രധാന താളിലെ ലോഗോ പ്രത്യേക അവസരങ്ങള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതും ഗൂഗിളിന്റെ പ്രത്യേകതയാണ്. അതുപോലെ www.google.com എന്ന പ്രധാന വിലാസം കൂടാതെ ഓരോ രാജ്യത്തെയും അടിസ്ഥാനമാക്കിയും മറ്റും 160-ലധികം ഡൊമെയ്നുകള്‍ ഗൂഗിള്‍ എന്ന ഈ അമേരിക്കന്‍ കമ്പനിയുടേതായുണ്ട്.

(എം. ബഷീര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍