This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുഹ, അരുണ്‍ ചന്ദ്ര (1892 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുഹ, അരുണ്‍ ചന്ദ്ര (1892 - )

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരനേതാവ്. 1892 മേയ് 14-ന് ഇപ്പോള്‍ ബാംഗ്ലദേശില്‍ ഉള്‍പ്പെടുന്ന ബാരിസല്‍ ടൗണില്‍ (Barisal town) കൈലാസ ചന്ദ്രയുടെയും രാജലക്ഷ്മീ ദേവിയുടെയും മകനായി ജനിച്ചു. ബാരിസല്‍ ബ്രജമോഹന്‍ സ്കൂളിലെയും കോളജിലെയും വിദ്യാഭ്യാസത്തിനുശേഷം നിയമപഠനത്തിനുവേണ്ടി കൊല്‍ക്കത്തയിലെത്തിയ ഇദ്ദേഹം പഠനം തുടരാതെ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. 1906 മുതല്‍ സ്വദേശിപ്രസ്ഥാനത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. 1910-ല്‍ ജുഗന്തര്‍പാര്‍ട്ടിയില്‍ അംഗമായി. 1916-ല്‍ ഇദ്ദേഹത്തെ അറസ്റ്റു ചെയ്തു. 1920-ല്‍ സരസ്വതി ലൈബ്രറി സ്ഥാപിച്ചു. അതിനുശേഷം കൊല്‍ക്കത്തയില്‍വച്ചുനടന്ന കോണ്‍ഗ്രസ്സിന്റെ പ്രത്യേക സമ്മേളനത്തിലെ സ്വീകരണകമ്മിറ്റിയില്‍ അംഗമായി. 1920-ന് ശേഷം നിസ്സഹരണ പ്രസ്ഥാനവുമായി യോജിച്ചു പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുകൊണ്ടു. ഇദ്ദേഹം 1923-ല്‍ സ്ഥാപിച്ച ശ്രീ സരസ്വതി പ്രസ് പില്‍ക്കാലത്ത് ഇന്ത്യയിലെ പ്രമുഖ പ്രസ്സുകളിലൊന്നായിത്തീര്‍ന്നു. സാരഥി, സ്വാഥിനാഥ എന്നീ വാരികകള്‍ ആരംഭിച്ചതും ഇദ്ദേഹമാണ്. 1930-ല്‍ ചിറ്റഗോങ് കേസില്‍ ഇദ്ദേഹം അറസ്റ്റ്ചെയ്യപ്പെട്ടു. പിന്നീട് ഇദ്ദേഹം ബംഗാള്‍ പ്രദേശ് കമ്മിറ്റിയുടെ സെക്രട്ടറിയായി. 1941-ല്‍ വ്യക്തിസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന് അറസ്റ്റുചെയ്ത് വിചാരണകൂടാതെ ഇദ്ദേഹത്തെ ജയിലില്‍ പാര്‍പ്പിച്ചു. 1946-ല്‍ ജയിലില്‍നിന്നു മോചിതനായ ഇദ്ദേഹം ഭരണഘടനാനിര്‍മാണ സമിതിയില്‍ അംഗമായിരുന്നു. മൂന്നു തവണ (1952, 57, 62) ലോക്സഭാംഗമായിരുന്നിട്ടുണ്ട്. 1953 മുതല്‍ 57 വരെ സാമ്പത്തികകാര്യങ്ങള്‍ക്കായുള്ള സഹമന്ത്രിയായി സേവനമനുഷ്ഠിക്കുകയുണ്ടായി.

ഒരു എഴുത്തുകാരന്‍ കൂടിയായിരുന്ന അരുണ്‍ ചന്ദ്ര ഗുഹയുടെ മുഖ്യകൃതി ഫസ്റ്റ് സ്പാര്‍ക് ഒഫ് റവല്യൂഷന്‍ (1972) ആണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍