This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുഹാശ്മശാനങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുഹാശ്മശാനങ്ങള്‍

അതിപ്രാചീനകാലത്ത് മൃതദേഹങ്ങള്‍ സംസ്കരിക്കുന്ന ഗുഹകള്‍. ശിലായുഗ സംസ്കാരത്തിന്റെ ആദ്യഘട്ടങ്ങളിലൊന്നും, പ്രത്യേകിച്ചു പുരാതന ശിലായുഗകാലഘട്ടങ്ങളില്‍ ഒരു രീതിയിലുമുള്ള ശവസംസ്കാര രീതികള്‍ ഉണ്ടായിരുന്നതായി തെളിവുകളില്ല.

ചെറുശിലായുഗകാലത്ത് (സു. ബി.സി. 10,000) ഇന്ത്യയില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്തിരുന്നു എന്നതിനു തെളിവ് ലഭിച്ചിട്ടുള്ളത് ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലുള്ള സാരയ്ന ഹര്‍റായ് എന്ന സ്ഥലത്തുനിന്നാണ് ഇവിടെനിന്നും ലഭിച്ച മനുഷ്യാവശിഷ്ടം 10,385 വര്‍ഷം പഴക്കമുള്ളതാണെന്നു കാര്‍ബണ്‍-14 കാലനിര്‍ണയ പ്രകാരം തിട്ടപ്പെടുത്തിയിരിക്കുന്നു. ഇവിടെ തല പടിഞ്ഞാറും കാല് കിഴക്കുമായി വച്ചാണ് മൃതദേഹങ്ങള്‍ സംസ്കരിച്ചിരുന്നതെന്നു കാണപ്പെടുന്നു.

ശിലായുഗകാലത്ത് രാജസ്ഥാനില്‍ മനുഷ്യനെ അടക്കം ചെയ്തിരുന്നു എന്നതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഖോത്താരി നദിയുടെ ഇടത്തെ കരയിലുള്ള ബാഗൂര്‍ (ഭില്‍വാഡാ ജില്ല) എന്ന സ്ഥലത്തുനിന്നും 7000 വര്‍ഷം പഴക്കമുള്ള മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെടുക്കപ്പെട്ടു. ഇവിടെ കിഴക്കു പടിഞ്ഞാറായും വടക്കു തെക്കായും മൃതദേഹങ്ങള്‍ അടക്കം ചെയ്തിരുന്നു. നവീന ശിലായുഗ സംസ്കാരകാലത്തും ഇതേ മാതിരി മൃതദേഹങ്ങള്‍ അടക്കം ചെയ്തിരുന്നു. ഇക്കാലത്ത് മൃതദേഹങ്ങള്‍ അടക്കം ചെയ്തിരുന്നത് വിവിധ രീതികളിലായിരുന്നു; മൊത്തം നിവര്‍ന്ന രീതിയിലും കൈകാലുകള്‍ മടക്കി ചരിഞ്ഞ രീതിയിലും ഇരിക്കുന്ന രീതിയിലും മൃതദേഹങ്ങള്‍ കുഴികളില്‍ വച്ചിരുന്നു. ചിലയിടങ്ങളില്‍ കാല്പാദം വിച്ഛേദിച്ചതായും തെളിവുകള്‍ സൂചിപ്പിക്കുന്നു.

ആദ്യമാദ്യം കുഴികളിലാണ് മൃതദേഹങ്ങള്‍ അടക്കം ചെയ്തിരുന്നത്. മഹാശിലായുഗത്തോടെ മൃതദേഹങ്ങള്‍ വലിയ മണ്‍കലങ്ങളിലും മറ്റും അടക്കം ചെയ്തു തുടങ്ങി. അക്കാലത്ത് കേരളത്തില്‍ ചെങ്കല്‍ വെട്ടി ഉണ്ടാക്കിയ അറകളിലും കലങ്ങളിലും മൃതദേഹങ്ങള്‍ അടക്കം ചെയ്തിരുന്നു. പാറപ്പാളികള്‍ കൊണ്ട് ഉണ്ടാക്കിയ അറകളിലും പാഥേയങ്ങളോടൊപ്പം മൃതദേഹങ്ങള്‍ അടക്കം ചെയ്തിരുന്നതായി കാണുന്നു. ഇവയില്‍ മിക്കതിലും കുറേ എല്ലുകള്‍ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. മരിച്ച ഉടനെ അടക്കം ചെയ്തതല്ല എന്നും കുറേ നാളുകള്‍ക്കുശേഷം എല്ലുകള്‍ മാത്രം സഞ്ചയിച്ചു കലങ്ങളിലും മറ്റും അടക്കം ചെയ്തതായിരിക്കാമെന്നും ഇതില്‍ നിന്നും അനുമാനിക്കാം.

മഹാശിലായുഗ സംസ്കാര കാലഘട്ടം മുതല്ക്കാണ് ശവസംസ്കാരത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഏറ്റവും കൂടുതലുള്ളത്. മിക്കവാറും തുറസ്സായ ഉയരംകൂടിയ സ്ഥലങ്ങളില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യുമ്പോള്‍ മണ്‍കലങ്ങള്‍, ശിലാ-ലോഹ-ആയുധങ്ങള്‍, ഭക്ഷ്യധാന്യങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങി അവര്‍ ഉപയോഗിച്ചിരുന്ന മിക്ക സാധനങ്ങളും മൃതദേഹത്തോടൊപ്പം അടക്കം ചെയ്തിരുന്നു. മരണാനന്തര ജീവിതത്തില്‍ ഉണ്ടായിരുന്ന വിശ്വാസത്തെയാണ് ഈ പാഥേയ സംസ്കരണം സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ വിദര്‍ഭ എന്ന സ്ഥലത്ത് മൃതദേഹത്തോടൊപ്പം കുതിരയെയും അടക്കം ചെയ്തിരുന്നതായി കാണപ്പെട്ടു.

ആദ്യമാദ്യം മനുഷ്യനെ അടക്കം ചെയ്തിരുന്നത് അവര്‍ താമസിച്ചിരുന്ന ഗുഹയിലോ പാര്‍പ്പിടസ്ഥലത്തിനകത്തോതന്നെ ആയിരുന്നു. മഹാശിലായുഗകാലത്താണ് ശ്മശാനങ്ങള്‍ എന്ന രീതിയില്‍ ഒരു പ്രത്യേക സ്ഥലത്ത് അനേകം മൃതദേഹങ്ങള്‍ സംസ്കരിക്കുന്ന രീതി പ്രചാരത്തിലായത്. മഹാശിലായുഗ സംസ്കാരത്തെ സൂചിപ്പിക്കുന്ന അനേകതരം ശ്മശാന സ്മാരകങ്ങള്‍ ഇന്നും കേരളത്തിന്റെ അങ്ങോളമിങ്ങോളം ഉണ്ട്. നീലഗിരി കാടുകളിലും മറ്റും താമസിക്കുന്ന കാട്ടുനായ്ക്കന്മാരും ചോളനായ്ക്കന്മാരും ഇന്നും മൃതിയടഞ്ഞവരെ പാഥേയങ്ങളോടൊപ്പം, താമസിച്ചിരുന്ന ഗുഹകളില്‍ തന്നെ അടക്കം ചെയ്യുന്നതായി കാണാം. ഈ രീതിക്കു ചെറുശിലായുഗം മുതല്‍ നിലനിന്നിരുന്ന ശവസംസ്കാര രീതിയോടു സാമ്യമുണ്ട്.

(ഡോ. പി. രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍