This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുഹ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുഹ

ഭൂതലത്തില്‍ ഉള്‍ഭാഗം പൊള്ളയായിട്ടുള്ള നൈസര്‍ഗികച്ഛിദ്രങ്ങള്‍ക്കുള്ള പൊതു പേര്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ ചുണ്ണാമ്പുകല്‍പ്പാറപോലുള്ളവയെ പരിപൂര്‍ണമായി ലയിപ്പിച്ചു മാറ്റുന്നതിന്റെ ഫലമായാണ് മിക്ക ഗുഹകളും രൂപമെടുത്തിട്ടുള്ളത്. കാര്‍ബണ്‍ ഡയോക്സൈഡ് അലിഞ്ഞുചേര്‍ന്നിട്ടുള്ള വെള്ളത്തിന് ശുദ്ധമായ കാല്‍സ്യം കാര്‍ബണേറ്റിനെ (ചുണ്ണാമ്പുകല്‍പ്പാറ)അലിയിക്കാന്‍ പ്രയാസവുമില്ല. അട്ടികളായി സ്ഥിതിചെയ്യുന്ന പാറമടക്കുകള്‍ക്കിടയിലുള്ള ചുണ്ണാമ്പുകല്ലുകളാണ് ഇപ്രകാരം വെള്ളത്തില്‍ ലയിക്കുന്നത്. ഈ കാല്‍സ്യം കാര്‍ബണേറ്റ് ലായനി പാറകള്‍ക്കിടയിലൂടെ ഒലിച്ചിറങ്ങിപ്പോകുന്നതിന്റെ ഫലമായി ഗുഹകളും ഗഹ്വരങ്ങളും മറ്റും അവശേഷിക്കുന്നു. നിര്‍വചനപ്രകാരം ഭൂതലത്തിലെ വിദരങ്ങള്‍, ഓവുചാലുകള്‍, പാറമടകള്‍ എന്നിവയൊക്കെ ഗുഹകളായി പരിഗണിക്കപ്പെടേണ്ടവയാണ്. എന്നാല്‍ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഗുഹകള്‍ മണ്ണിനടിയിലേക്കു വ്യാപിച്ച് സാമാന്യം വലുപ്പത്തില്‍ അറകളായോ, മച്ചുകളായോ കാണപ്പെടുന്ന ഗഹ്വരങ്ങള്‍ മാത്രമാകുന്നു. പാറയോ മണ്ണോ കൊണ്ടുള്ള മേല്‍ക്കട്ടി ഗുഹയുടെ ഒരു അവശ്യ സവിശേഷതയാണ്. ഗുഹകള്‍ ഇരുളടഞ്ഞവയും ചിലപ്പോള്‍ മനുഷ്യനു കടന്നുപോകാന്‍ കഴിയുന്നത്ര വലുപ്പമുള്ളവയുമായിരിക്കും. ഗുഹയോടു സാദൃശ്യമുള്ള ചെറിയ ഭൂരൂപങ്ങള്‍ ഗഹ്വരങ്ങള്‍ (caverns) എന്ന പേരിലറിയപ്പെടുന്നു.

കെന്റിക്കിലെ മാമത്ത്ഗുഹ

മേല്പറഞ്ഞതരം ചുണ്ണാമ്പുകല്‍പ്പാറയുടെ ലയനം വളരെ അദ്ഭുതകരമായ ഫലങ്ങളാണ് ഉളവാക്കിയിട്ടുള്ളത്. യു.എസ്സിലെ കെന്റക്കിയിലുള്ള ചുണ്ണാമ്പുകല്‍പ്രദേശത്ത് 60,000-ലേറെ സിങ്ക് ഹോളുകളും (sink holes) നൂറുകണക്കിന് ഗുഹകളുമുണ്ട്. 50 കി.മീ. പരസ്പര ബന്ധിതമായ ഇടനാഴികളോടുകൂടിയ മാമത്ത് കേവ് ഇക്കൂട്ടത്തില്‍പ്പെടുന്നു. യോര്‍ക്ക് ഷെയറിലെ ഇങ്കിള്‍ബറോ ചരിവുകളില്‍ കാണപ്പെടുന്ന ഗേപ്പിങ് ഗില്‍ എന്ന സിങ്ക് ഹോള്‍ ചുണ്ണാമ്പുകല്‍ ഗുഹയ്ക്ക് ഉത്തമോദാഹരണമാണ്. 160 മീ. നീളവും 37 മീ. ഉയരവുമുള്ള ഈ ഗുഹയില്‍ എത്തിച്ചേരാന്‍ 120 മീ. ദൈര്‍ഘ്യമുള്ള ഒരു ഷാഫ്റ്റ് കടക്കണം.

ന്യൂമെക്സിക്കോയിലെ കാള്‍സ്ബാന്‍ഡ് ഗുഹകള്‍
ബാര്‍ബാര്‍ ഗുഹകള്‍

അടുത്തടുത്തായി വിന്യസിക്കപ്പെട്ടിട്ടുള്ള ഗുഹകളെല്ലാം ചേര്‍ന്നതാണ് ഗുഹാവ്യൂഹം. ഇവ ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു കടക്കാവുന്ന രീതിയിലായിരിക്കണമെന്നില്ല. ഒരേ പ്രക്രമത്തിലൂടെ ഉരുത്തിരിഞ്ഞവയും ജലം, വായു എന്നിവ പരസ്പരം കൈമാറ്റം ചെയ്യുന്നവയുമായ ഗുഹകളെ പൊതുവായി ഒരേ വ്യൂഹത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഗുഹകളെയും ഗുഹാവ്യൂഹങ്ങളെയും കുറിച്ചുള്ള പഠനത്തിന് ഗുഹാവിജ്ഞാനീയം എന്നുപറയുന്നു. ഉപോഷ്ണമേഖലയില്‍പ്പെട്ടതും മഴ കുറവുള്ളതുമായ ചുണ്ണാമ്പുകല്‍ പ്രദേശങ്ങളില്‍ (Karst) പ്രത്യേക ഭൂപ്രക്രമങ്ങളിലൂടെ ഗുഹകളും ഗുഹാവ്യൂഹങ്ങളും സൃഷ്ടിക്കപ്പെടുന്നതു സാധാരണയാണ്. ഇത്തരത്തിലുണ്ടാകുന്ന ഗുഹകളുടെ മുഖം നൈസര്‍ഗികമായിരിക്കും. മനുഷ്യന് ഞെങ്ങിഞെരുങ്ങി കടന്നുപോകാവുന്നതു മുതല്‍ അകത്തളം പോലെ വിശാലമായതു വരെ വ്യത്യസ്ത വലുപ്പത്തിലുള്ള ശതക്കണക്കിനു ഗുഹകളാണ് കാഴ്സ്റ്റ്-സ്ഥലാകൃതി കാഴ്ചവയ്ക്കുന്നത്. മുഖഭാഗത്തുനിന്ന് തിരശ്ചീനമായോ, നേരിയ ചരിവോടെയോ നീളുന്ന ഗുഹകളും ധാരാളമുണ്ട്. ഗുഹാമുഖത്തു നിന്ന് കുത്തനെ താഴെ, നൂറുകണക്കിന് മീറ്റര്‍ അടിയിലായി വര്‍ത്തിക്കുന്ന ഉള്ളറകളുള്ളവയുമുണ്ട്. ഇവയുടെ അടിത്തട്ടിലെത്താന്‍ പര്‍വതാരോഹണത്തിനുപയോഗിക്കുന്ന ഉപകരണങ്ങള്‍ തന്നെ വേണ്ടിവരുന്നു. ഉള്ളറ പല തട്ടിലുള്ള മച്ചുകളായി, തൂക്കായുള്ള ഭിത്തികളോടെ കാണപ്പെടുന്നയിനം ഗുഹകളുമുണ്ട്. രംഗമണ്ഡപങ്ങളോളം വിശാലമായ അറകള്‍ തന്നെ ഇടുങ്ങി കുടുസ്സായ തുരങ്കങ്ങള്‍വഴി പരസ്പരം ബന്ധിതമായ നിലയില്‍ കാണപ്പെടുന്നവയാണ് മറ്റൊരിനം. ഗുഹകളുടെ അടിത്തട്ടില്‍ അരുവികളും തടാകങ്ങളും കാണപ്പെടുന്നതും വിരളമല്ല. ലോകത്തിലെ മിക്ക രാജ്യങ്ങളിലും ഏതെങ്കിലും തരത്തില്‍പ്പെട്ട ഗുഹകള്‍ കാണാന്‍ കഴിയും.

പല ചുണ്ണാമ്പുകല്‍ ഗുഹകളിലും, ഗുഹാ ഭിത്തികളിലും മേല്‍ക്കൂരകളിലുമുള്ള വിള്ളലുകളിലൂടെ ബൈകാര്‍ബണേറ്റ് ലായനി ഒലിച്ചിറങ്ങുന്നു. ഇതിലെ വെള്ളം ആവിയായിപ്പോകുന്നതിന്റെ ഫലമായി കാല്‍സ്യം കാര്‍ബണേറ്റിന്റെ നീണ്ട തൂണുകള്‍ ജന്മമെടുക്കുന്നതു കാണാം. ഗുഹകളുടെ മേല്‍ക്കട്ടിയില്‍ നിന്ന് ശരറാന്തലുകള്‍ തൂക്കിയിട്ടതുപോലെ കാണപ്പെടുന്ന ഇത്തരം ചുണ്ണാമ്പുകല്‍ രൂപങ്ങളെ സ്റ്റാലക്റ്റൈറ്റുകള്‍ (stalactites) എന്നു വിളിക്കുന്നു. തറയില്‍ നിന്നു ഉയര്‍ന്നു വരുന്ന കട്ടികൂടിയ തൂണുകളാണ് സ്റ്റാലഗ്മൈറ്റുകള്‍ (stalagmites) എന്നറിയപ്പെടുന്നത്.

എടയ്ക്കല്‍ ഗുഹ
ഹവായിദ്വീപിലെ കെയ്ലുവാ കോനാ സമുദ്രഗുഹ

ഭൂജലത്തിന്റെ വിലയന പ്രക്രിയയിലൂടെ രൂപം കൊണ്ട ഗുഹകള്‍ കാഴ്സ്റ്റ്-സ്ഥലാകൃതിയില്‍ മാത്രമല്ല ചുണ്ണാമ്പുകല്ല്, മാര്‍ബിള്‍, ഡോളമൈറ്റ്, ജിപ്സം, കല്ലുപ്പ് തുടങ്ങിയ ശിലാപടലങ്ങളുടെ ആധിക്യമുള്ള പ്രദേശങ്ങളിലും കണ്ടുവരുന്നു. അമേരിക്കയിലെ അപ്പലേച്ചിയന്‍ പര്‍വതങ്ങളിലുള്ള ഇത്തരം ഗുഹകള്‍ ധാരാളമായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നവയാണ്. കാഴ്സ്റ്റ്-സ്ഥലാകൃതി വ്യാപകമായുള്ള യുഗോസ്ലാവിയയിലും സ്പെയിന്‍, ഫ്രാന്‍സ്, ബെല്‍ജിയം, ബള്‍ഗേറിയ തുടങ്ങിയ ഇതര യൂറോപ്യന്‍ രാജ്യങ്ങളിലും മേല്പറഞ്ഞ രീതിയിലുള്ള ഗുഹകള്‍ ധാരാളമായുണ്ട്. ദക്ഷിണ ചൈന, തെ.കി. ഏഷ്യ, ആസ്റ്റ്രേലിയ, ന്യൂസിലന്‍ഡ്, പസിഫിക്കിലെ ചില ദ്വീപുകള്‍ എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള നൂറുകണക്കിനു ഗുഹകള്‍ കാണാം. അന്റാര്‍ട്ടിക്കയില്‍പ്പോലും ഗുഹകള്‍ കാണപ്പെടുന്നു.

അഗ്നിപര്‍വത ജന്യങ്ങളായ ലാവാപടലങ്ങള്‍ക്കിടയിലും ഗുഹകള്‍ രൂപം കൊണ്ടിട്ടുണ്ട്. ദക്ഷിണ അമേരിക്കയിലെ ആന്‍ഡീസ് മേഖല, വടക്കേ അമേരിക്കയിലെ കാലിഫോര്‍ണിയന്‍ തീരം, അലാസ്കാ, ജപ്പാന്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങിലും ഇത്തരം ഗുഹകള്‍ കാണപ്പെടുന്നു.

ഭൂവിജ്ഞാനീയം അഭിവൃദ്ധിപ്പെടുന്നതിനു മുന്‍പ് ഗുഹകള്‍, അഗാധമായവ പ്രത്യേകിച്ചും, ഭൂചലനമോ അഗ്നിപര്‍വത പ്രക്രിയയോമൂലം ഉണ്ടായതെന്ന ധാരണയാണ് നിലവിലിരുന്നത്. 18-ാം ശ. ത്തോടുകൂടി ഭൂമിയുടെ പരിണാമദശകള്‍ മനസ്സിലാക്കുവാനുള്ള നീക്കത്തിന്റെ ഭാഗമായി ജീവാശ്മങ്ങളെ (fossils) തേടിയുള്ള പഠന പരിശ്രമങ്ങളാണ് ഗുഹാവിജ്ഞാനീയത്തിനു തുടക്കമിട്ടത്. ഗുഹകളുടെ നിര്‍മിതിയില്‍ ഭൂജലത്തിനുള്ള പങ്ക് ഇങ്ങനെ വെളിച്ചത്തായി.

അതിപുരാതന കാലത്ത് ഗുഹകള്‍ മനുഷ്യന് പാര്‍പ്പിട സൗകര്യം പ്രദാനം ചെയ്തിരുന്നു. ഗുഹകളില്‍ നിന്നു കണ്ടെടുത്തിട്ടുള്ള എല്ലുകള്‍, മറ്റുപകരണങ്ങള്‍, കലാരൂപങ്ങള്‍ എന്നിവ ഇതിനു തെളിവാണ്. ആഫ്രിക്കയിലെ സ്റ്റെക്ക് ഫൌണ്ടന്‍ ഗുഹകളില്‍ നിന്നു ലഭിച്ച അവിശിഷ്ടങ്ങള്‍ വച്ചുനോക്കുമ്പോള്‍ മനുഷ്യപ്പിറവി ആദ്യമുണ്ടായത് ആ വന്‍കരയിലാണെന്ന നിഗമനത്തില്‍ എത്തിച്ചേരാം. പരിണാമ ദശയിലെ കുറേക്കൂടി വികസിതമായ ഒരു ഘട്ടത്തെക്കുറിക്കുന്ന തെളിവുകള്‍ ചൈനയിലെ ഗുഹകളില്‍ കണ്ടെത്തിയിട്ടുണ്ട്. നൂതനയുഗത്തിലെ മനുഷ്യനെ സംബന്ധിച്ച സൂചനകള്‍ ലഭ്യമായത് ജര്‍മനിയിലെ ഒരു ഗുഹയില്‍ നിന്നാണ്.

പുരാതന ശിലായുഗം മുതലേ ഗുഹകളെ ആരാധനാലയങ്ങളും പാര്‍പ്പിടങ്ങളുമായി ഉപയോഗിക്കുന്നില്‍ മനുഷ്യന്‍ തത്പരനായിരുന്നു. മനുഷ്യനെപ്പോലെതന്നെ മറ്റു ജീവികള്‍ക്കും ഗുഹകള്‍ അഭയം നല്കിയിരുന്നു. സ്ഥിരമായ ആര്‍ദ്രോഷ്ണാവസ്ഥ നിലനിര്‍ത്തുന്ന ഇരുള്‍മൂടിയ ഗുഹാന്തരങ്ങള്‍ മൃഗങ്ങള്‍ക്കും, കൃമികീടങ്ങള്‍ക്കും താണയിനം സസ്യങ്ങള്‍ക്കും അനുയോജ്യമായ പാര്‍പ്പിടങ്ങളായി മാറി. ഗുഹാതലങ്ങളില്‍ മാത്രം ജീവിച്ചു പോരുന്ന പ്രത്യേകയിനം ജന്തുക്കളില്‍ കാഴ്ചയ്ക്കുതകുന്ന നയനങ്ങളോ, തൊലിയിലെ വര്‍ണവസ്തുക്കളോ കാണപ്പെടുന്നില്ല. ഗുഹകള്‍ക്കുള്ളില്‍ത്തന്നെ ജീവിതചക്രം പൂര്‍ത്തിയാക്കുന്നവയായിരുന്നു ഇവയെല്ലാം. ഗുഹാവാസികളില്‍ ചിലന്തി, ക്ഷുദ്രപ്രാണികള്‍, കൃമികള്‍ എന്നിവയും ഉള്‍പ്പെടുന്നു. ആജന്മം ഗുഹകളില്‍ കഴിയുന്ന സസ്തനികള്‍ വിരളമാണ്. ഭാഗികമായി ഗുഹകളിലും വിദരങ്ങളിലും മാളങ്ങളിലും കഴിയുന്നവ ധാരാളമുണ്ട്. എലി, നരിച്ചീര്‍ തുടങ്ങിയ ജീവികള്‍ ഏറിയസമയവും ഭൂമിക്കടിയിലാണ് കഴിയുന്നത്. ഇവ ഗുഹാപരിസ്ഥിതി ഇഷ്ടപ്പെടുന്നവയാണ്. എന്നാല്‍ ഈ ഇഷ്ടത്തിന്റെ കാരണങ്ങള്‍ ഇപ്പോഴും ഗവേഷണ തലത്തിലാണ്.

ഗുഹകളുടെ ഉദ്ഭവം പലവിധത്തിലാണ്. ഗുഹകളെ ഉള്‍ക്കൊള്ളുന്ന ശിലാപടലങ്ങളുമായി അവയ്ക്കുള്ള കാലികബന്ധം അടിസ്ഥാനപ്പെടുത്തി പൊതുവേ രണ്ടുതരം ഗുഹകളുണ്ട്. ആതിഥേയശില തണുത്തുറയുകയോ, നിക്ഷിപ്തമാവുകയോ ചെയ്യുന്ന സന്ദര്‍ഭത്തിലുണ്ടാകുന്നതാണ് ആദ്യത്തെ വിഭാഗം. ഇവയെ മൗലിക ഗുഹകള്‍ (primary caves) എന്നു വിശേഷിപ്പിക്കുന്നു. രണ്ടാമത്തെ വിഭാഗമായ അന്തരോത്പന്ന ഗുഹകള്‍ (secondary caves), ആതിഥേയ ശിലകള്‍ക്ക് പ്രസ്തരപരമായ (statigraphic) സ്ഥായിത്വം കൈവന്നതില്‍ പിന്നീട് ഉണ്ടായവയാണ്. യുഗാന്തരങ്ങള്‍ക്കുശേഷം ഉരുത്തിരിയുന്നതും ഇക്കൂട്ടത്തില്‍പ്പെടും. ചുണ്ണാമ്പുകല്‍ പ്രദേശങ്ങളില്‍ വിലയന പ്രക്രിയയിലൂടെ നിര്‍മിക്കപ്പെടുന്ന എല്ലാ ഗുഹകളും രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നു. മനുഷ്യനിര്‍മിതമായ തുരങ്കങ്ങളില്‍ സാങ്കേതികത്തകരാറുമൂലം വിള്ളലുകളും കോടരങ്ങളും ഉണ്ടാകുന്നതുപോലെ ശിലാപടലങ്ങളുടെ കെട്ടുറപ്പിനനുസൃതമായി മൗലികഗുഹകളുടെ മേല്‍ക്കട്ടികള്‍ ഇടിഞ്ഞമര്‍ന്നുവെന്നു വരാം. വിസ്തൃതമായ ഗുഹാവ്യൂഹങ്ങളോടനുബന്ധിച്ചാണ് ഇങ്ങനെ ഉണ്ടാവുന്നതെങ്കില്‍ അത് അനേകം അന്തരോത്പന്ന ഗുഹകളുടെ രൂപീകരണത്തിന് കാരണമാകുന്നു. ഈ രണ്ടു പ്രക്രിയകളും ഒന്നിക്കുന്നതിന്റെ ഫലമായി രൂപം കൊള്ളുന്ന ഗുഹകളുമുണ്ട്.

1. മൗലിക ഗുഹകള്‍.

മാഡ്രിയയിലെ സാവോ വിന്‍സെന്റേയിലുള്ള ലാവാ ഗുഹകള്‍

i. ലാവാഗുഹകള്‍ (Lava caves). അഗ്നിപര്‍വതമുഖങ്ങളില്‍ നിന്ന് പൊട്ടിയൊഴുകുന്ന ലാവ തണുക്കുമ്പോള്‍ നാനാ വിധത്തിലുള്ള ഗുഹകള്‍ സൃഷ്ടിക്കപ്പെടുന്നു. ഏതാണ്ട് സ്തംഭാകൃതിയുള്ള ഇത്തരം ഗുഹകള്‍ ലാവയുടെ ഗതിക്കു സമാന്തരമായ ദിശയില്‍ നീളുന്നു. മേല്‍ത്തട്ടിലുണ്ടാകുന്ന അപരദനത്തിന്റെ ഫലമായി വിള്ളലുണ്ടാവുന്നതിലൂടെയാണ് ഇത്തരം ഗുഹകള്‍ പ്രത്യക്ഷപ്പെടുന്നത്. സാധാരണയായി ഉപരിപടലങ്ങള്‍ക്ക് അഞ്ചോ ആറോ മീറ്ററിലേറെ കനം ഉണ്ടാവാറില്ല. വലിയ ഷാഫ്റ്റുകള്‍ക്കുള്ളില്‍ക്കൂടി നൂറുകണക്കിന് മീ. ദൂരം നടന്നെത്താം. മേല്പറഞ്ഞ തരത്തിലുള്ള ലാവാഷാഫ്റ്റുകള്‍ മിക്കപ്പോഴും വരിയായി, ഒന്നിനോടൊന്നു ബന്ധിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്നു. ഗുഹയ്ക്ക് ഒന്നിലേറെ മുഖങ്ങള്‍ ഉണ്ടാകുന്നതും സാധാരണമാണ്. ശാഖകളായി പിരിയുന്ന ഷാഫ്റ്റുകള്‍ പ്രയേണ വിരളമാണ്. എന്നാല്‍ കാലിഫോര്‍ണിയയിലെ കാറ്റഗോം ഗുഹയില്‍ ഒരേ ലാവാഷാഫ്റ്റ് പല ശാഖകളായി പിരിഞ്ഞു കാണുന്നു. സമീപത്തു കാണുന്ന ക്രിസ്റ്റല്‍ഗുഹയില്‍ ട്യൂബുകള്‍ പല തട്ടിലായാണ് സൃഷ്ടിക്കപ്പെടുന്നത്. ലാവാപടലങ്ങള്‍ ഒന്നിനുമുകളിലൊന്നായി വിവിധ സമയങ്ങളില്‍ അട്ടിയിട്ട് ഉണ്ടായതുകൊണ്ടാണ് ഇപ്രകാരം സംഭവിച്ചത്. സിലിണ്ടര്‍ മാതൃകയില്‍ പൊള്ളയായ ലാവാട്യൂബുകളെ സൃഷ്ടിക്കുന്നതില്‍ ഘനീഭവിക്കുന്ന ലാവയ്ക്കൊപ്പം അത് പുറത്തേക്കുവിടുന്ന ബാഷ്പസഞ്ചയത്തിനും പങ്കുണ്ട്. ചൂടുകൂടിയ ബാഷ്പങ്ങള്‍ ചെലുത്തുന്ന അതിയായ മര്‍ദം ഗുഹകളുടെ മേല്‍ക്കട്ടികള്‍ തകര്‍ന്നു വീഴാതെ ക്രമേണ സ്ഥായിത്വം കൈവരിക്കുന്നതിനു സഹായിക്കുന്നു.

പൊതുവേ, സ്തംഭാകൃതിയിലുള്ള ഈയിനം ഗുഹകളുടെ മേല്‍ക്കട്ടിയില്‍നിന്ന് നാനാമാതൃകയിലുള്ള ലാവാശില്പങ്ങള്‍ തൂങ്ങിക്കിടക്കുന്നത് സാധാരണമാണ്. ധാതുഘടകങ്ങളുടെ സാന്നിധ്യം മൂലമുണ്ടാകുന്ന വര്‍ണാവേശം (colouration) ഈ ശില്പങ്ങള്‍ക്കൊപ്പം ഗുഹാന്തര്‍ഭാഗത്തിനും നയനാനന്ദകരമായ വര്‍ണശബളിമ നല്കാറുണ്ട്. ശൈത്യം കൂടുതലുള്ള മേഖലകളിലെ ലാവാഗുഹകള്‍ക്കുള്ളില്‍, തണുത്ത കാറ്റടിക്കുന്നതുമൂലം ഭിത്തികളില്‍ ഹിമകണങ്ങള്‍ പറ്റിപ്പിടിക്കുന്നതു പതിവാണ്. ഈ ഹിമകണങ്ങള്‍ ഒരുമിച്ചുകൂടി ഭിത്തികളെ ഹിമാച്ഛാദിതമാക്കുന്നു.

ലോകത്തിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും, പ്രത്യേകിച്ച് വ. പടിഞ്ഞാറെ അമേരിക്കയില്‍, ലാവാഗുഹകള്‍ ധാരാളമായുണ്ട്. അറിയപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നീളം കൂടിയ ഗുഹ കനേറി ദ്വീപുകളിലെ കെവാ ദെ ലോസ്വെര്‍ദേ (6.1 കി.മീ.) ആണ്. ഐസ്ലന്‍ഡ്, ജപ്പാന്‍, മെക്സിക്കോ, കെനിയ, ഹവായ് ദ്വീപുകള്‍ എന്നിവിടങ്ങളില്‍ വലുപ്പമേറിയ ലാവാഗുഹകള്‍ ധാരാളമുണ്ട്.

ii. കോറല്‍ ഗുഹകള്‍ (Coral caves). ഉഷ്ണമേഖലയിലെ ആഴം കുറഞ്ഞ സുമുദ്രഭാഗങ്ങളില്‍ വളരുന്ന പവിഴപ്പുറ്റുകള്‍ക്കിടയില്‍ പരസ്പരബന്ധം ഉണ്ടാവുമ്പോള്‍, അവയ്ക്കിടയ്ക്ക് പൊള്ളയായ ഗഹ്വരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. സമുദ്രനിരപ്പു താഴുന്നതിനിടയാകുമ്പോള്‍ ഈ കോറല്‍ ഗുഹകള്‍ പുറത്തേക്കു കാണപ്പെടും. തുടര്‍ന്ന് തിരമാലകളുടെ പ്രവര്‍ത്തനഫലമായി ഈ ഗഹ്വരങ്ങള്‍ വലുതാകുകയോ മൂടിപ്പോകുകയോ ചെയ്യുന്നു. ഇങ്ങനെയുണ്ടാകുന്ന ദുര്‍ഗമങ്ങളായ കോറല്‍ ഗുഹകള്‍ ഭൂജലത്തിന്റെ വറ്റാത്ത ഉറവകളായോ പെട്രോളിയത്തിന്റെ കനത്ത സംഭരണികളായോ വര്‍ത്തിക്കുന്നു.

2. അന്തരോത്പന്ന ഗുഹകള്‍. ആതിഥേയ ശിലകളുടെ നിക്ഷേപമോ സഞ്ചയനമോമൂലമാണ് ഇത്തരം ഗുഹകള്‍ ഉണ്ടാകുന്നത്. ബലകൃതമോ (mechanical), രാസികമോ (chemical) അല്ലെങ്കില്‍ രണ്ടും കൂടിയ പ്രക്രിയകളിലൂടെയോ ആണ് ഇത്തരം ഗുഹകള്‍ സൃഷ്ടിക്കപ്പെടുന്നത്. മേല്പറഞ്ഞ പ്രക്രിയകളില്‍ ഏതിനാണ് പ്രാമുഖ്യം എന്നതിനെ ആശ്രയിച്ച് അന്തരോത്പന്ന ഗുഹകളെ പലതായി തിരിക്കാം. വിവര്‍ത്തനിക (tectonic) പ്രക്രിയകളില്‍പ്പെട്ട ഭൂചലനം, അന്തര്‍വേധനം (intrusion), അഗാധതലത്തിലുള്ള വലനം (folding), സ്ഥാനീയമായ അവതലനം (subsidence), അപരൂപണം (shearing) എന്നിവയൊക്കെ ശിലാപടലങ്ങള്‍ക്കിടയില്‍ വിദരങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. ഈ വിദരങ്ങളില്‍ ഹിമം ഉറയാനിടയായാല്‍, വ്യാപ്തക്കൂടുതല്‍മൂലമുണ്ടാകുന്ന സമ്മര്‍ദംവഴി വികസിച്ച് ഗുഹാരൂപം പ്രാപിക്കും. അതുപോലെതന്നെ വിദരങ്ങളില്‍നിന്നുള്ള നീരുറവകള്‍ കാലക്രമത്തില്‍ നീരൊഴുക്കിലൂടെ അഗാധങ്ങളായ ചുരങ്ങളെ വാര്‍ത്തെടുക്കുന്നു; ഇവ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗുഹകളായി പരിണമിക്കും.

നദികള്‍, തടാകങ്ങള്‍, സമുദ്രം എന്നിവയുടെ തീരങ്ങളില്‍ ജലത്തിന്റെ ബലകൃത പ്രവര്‍ത്തനംമൂലം ഗഹ്വരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും അനുകൂല സാഹചര്യങ്ങളില്‍ ഗുഹകളായി മാറുകയും ചെയ്യാറുണ്ട്. കടല്‍ത്തീരത്ത് മുനമ്പുകളുടെയും കോടികളുടെയും (promontory) അരികിലാണ് ഇമ്മാതിരി ഗുഹകള്‍ രൂപമെടുത്തു കാണുന്നത്. സമുദ്രനിരപ്പു താണിട്ടുള്ളതിന്റെ വ്യക്തമായ സൂചനകള്‍ നല്കുന്നവയാണ് ഈയിനം ഗുഹകള്‍. കാപ്രിയിലെ ബ്ളൂ ഗ്രെറ്റോ, സ്റ്റാഫ ദ്വീപിലെ ഫിങ്ഗാല്‍ ഗുഹ, ഹെബ്രിഡീസ്, സാന്‍ഡിയാഗോയിലെ ലാ ജോളാ ഗുഹകള്‍ എന്നിവ കടല്‍ത്തീര ഗുഹകള്‍ക്ക് ഒന്നാംതരം ഉദാഹരണങ്ങളാണ്. ഉള്‍നാടന്‍ ജലാശയങ്ങളുടെ അരികുകളിലും സാമാന്യം വലുപ്പമുള്ള ഗുഹകള്‍ കണ്ടെത്തിയിട്ടുണ്ട്. ആദികാലം മുതല്ക്കേ മനുഷ്യന്‍ ഇവയെ താവളങ്ങളാക്കിയിരുന്നു. ചാവുകടലിന്റെ തീരത്തുള്ള ഗുഹാതലത്തില്‍നിന്ന് കണ്ടെടുത്തിട്ടുള്ള രേഖകള്‍ (Dead Sea Scrolls) മനുഷ്യോത്പത്തിയെപ്പറ്റിയുള്ള വിലപ്പെട്ട അറിവുകള്‍ ലഭ്യമാക്കിയവയാണ്. ജോര്‍ദാന്‍ തീരത്ത് പ്രോത്ഥാനം സംഭവിച്ചു എന്നതിന് ഈ ഗുഹകള്‍ തെളിവു നല്കുന്നു. നദികള്‍ പാര്‍ശ്വഭിത്തികള്‍ തുരന്ന് ഗുഹകള്‍ സൃഷ്ടിച്ചിട്ടുള്ളതിനു ധാരാളം ഉദാഹരണങ്ങളുണ്ട്. യു.എസ്സില്‍ കൊളറാഡോ നദീമാര്‍ഗത്തിലുള്ള മാര്‍ബിള്‍ ഗോര്‍ജ് ചുരത്തിന്റെ ഭിത്തിയില്‍ നിര്‍മിതമായിരിക്കുന്ന റെഡ്വാള്‍ കാവേണ്‍ ഇതിലൊന്നാണ്. ഹിമാനികള്‍ ഒഴുകിനീങ്ങുമ്പോള്‍ ആധാരതലത്തിലെ പ്രതിബന്ധങ്ങളെ കടപുഴക്കി മാറ്റുന്നതിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഗുഹകള്‍ ആയിരക്കണക്കിനുണ്ട്.

ലോകത്തിലെ അതിവിശാലങ്ങളായ ഗുഹകളും ഗുഹാവ്യൂഹങ്ങളും പിറവിയെടുത്തിട്ടുള്ളത് താരതമ്യേന കാഠിന്യം കുറഞ്ഞ ആതിഥേയശിലകളുടെ രാസിക വിലയനം (chemical dissolution) മൂലമാണ്. നോ: എലിഫന്റാ എല്ലോറ; ഗുഹാക്ഷേത്രങ്ങള്‍; ഗുഹാചിത്രങ്ങള്‍; ചുണ്ണാമ്പുകല്ല്

(എ. മിനി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%81%E0%B4%B9" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍