This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുസ്താവ് II അഡൊള്‍ഫസ് (1594 - 1632)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുസ്താവ് II അഡൊള്‍ഫസ് (1594 - 1632)

Gustav II Adolphus

സ്വീഡനിലെ മുന്‍ രാജാവ്. 1594 ഡി. 9-നു സ്റ്റോക്ഹോമില്‍ ചാള്‍സ് കത-ന്റെയും അദ്ദേഹത്തിന്റെ ദ്വിതീയ പത്നിയായ ക്രിസ്റ്റീനയുടെയും മകനായി ഗുസ്താവ് ജനിച്ചു. 1611-ല്‍ 17-ാമത്തെ വയസ്സില്‍ സ്വീഡനിലെ രാജാവായി. ഇദ്ദേഹത്തെ ഭരണത്തില്‍ സഹായിച്ചത് ചാന്‍സലറായ ഓക്സണ്‍ സ്റ്റിയര്‍ന്നാ എന്ന പ്രഭുവായിരുന്നു. ബ്രാന്‍ഡന്‍ ബര്‍ഗിലെ ഇലക്റ്ററുടെ മകളായ മരിയ എലിയോനോരയെ 1620-ല്‍ ഇദ്ദേഹം വിവാഹം കഴിച്ചു. 1613-ല്‍ സ്വീഡന്റെ ശത്രുവായ ഡെന്മാര്‍ക്കുമായി നാര്‍ഡ് (Knared) എന്ന സ്ഥലത്തു വച്ച് ഒരു സമാധാനക്കരാറില്‍ ഇദ്ദേഹം ഒപ്പുവച്ചു. 1617-ല്‍ റഷ്യയുമായുണ്ടായ സ്റ്റോള്‍ ബാവാ സന്ധിയനുസരിച്ച് ബാള്‍ട്ടിക് പ്രവിശ്യകളായ ഗറീലിയയും ഇന്‍ഗ്രിയയും സ്വീഡനു ലഭിച്ചു. ബാള്‍ട്ടിക് പ്രദേശത്തുനിന്നു റഷ്യയുടെ തിരോധാനത്തിന് ഇത് വഴിതെളിച്ചു. 1621-ല്‍ പോളണ്ട് ആക്രമിക്കുകയും ചില ബാള്‍ട്ടിക് പ്രവിശ്യകളിലേക്കുള്ള സ്വീഡന്റെ പരമാധികാരം പോളണ്ടിനെക്കൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്തു. സ്റ്റം (Stuhm) എന്ന സ്ഥലത്തുവച്ച് പോളിഷ് സൈന്യത്തെ ഗുസ്താവ് II പരാജയപ്പെടുത്തിയെങ്കിലും ആള്‍ട്ടമാര്‍ക് വെടിനിര്‍ത്തല്‍ കരാര്‍പ്രകാരം ഇരുകൂട്ടരും യുദ്ധത്തില്‍ നിന്ന് പിന്‍മാറി. അതോടുകൂടി പോളണ്ടിലെ രാജാവായ സിജിസ്മണ്ട് III (ഭ. കാ. 1592-1604) സ്വീഡനുമേലുള്ള തന്റെ അവകാശം വേണ്ടെന്നുവച്ചു. പ്രൊട്ടസ്റ്റന്റുകാരുടെ സംരക്ഷകനായ ഇദ്ദേഹം മുപ്പതാണ്ടു യുദ്ധത്തില്‍ ജര്‍മനിയുടെ ജനറലായ ടില്ലിയെ ബ്രൈട്ടന്‍ ഫെല്‍ഡ് യുദ്ധത്തില്‍ (1631) തോല്പിച്ചു. മ്യൂനിക്കുവരെ പടനയിച്ചു. എന്നാല്‍ 1632 ന. 6-നു ലുട്സെണ്‍ യുദ്ധത്തില്‍ ഗുസ്താവ് II കൊല്ലപ്പെട്ടു. സ്റ്റോക്ഹോം തലസ്ഥാനമാക്കിയതും, ഡോര്‍പട്ട് സര്‍വകലാശാല (ഇന്നത്തെ ടാര്‍ട്ടു സര്‍വകലാശാല) സ്ഥാപിച്ചതും ഗുസ്താവിന്റെ കാലത്താണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍