This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുവാഹത്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുവാഹത്തി

ഗുവാഹത്തി പട്ടണം

അസം സംസ്ഥാനത്തെ ഏറ്റവും വലിയ നഗരം. ബ്രഹ്മപുത്രാനദിയുടെ വലതു പാര്‍ശ്വത്തിലായി സ്ഥിതിചെയ്യുന്ന ഈ നഗരം കാംരൂപ് ജില്ലയുടെ ആസ്ഥാനം കൂടിയാണ്. അസമിന്റെ തലസ്ഥാനമായ ദിസ്പൂര്‍ സ്ഥിതിചെയ്യുന്നത് ഗുവാഹത്തി നഗരത്തിലാണ്. മുന്‍പ് 'പ്രാഗ്ജ്യോതിഷ്പുരം' എന്നറിയപ്പെട്ടിരുന്ന ഈ നഗരം നരകാസുര രാജാവാണ് സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു. അന്ന് നഗരം നദിയുടെ ഇരുകരകളിലേക്കും വ്യാപിച്ചിരുന്നു. ഹിന്ദുരാജാക്കന്മാരുടെ കാലം മുതല്‍ ബ്രിട്ടീഷ് ഭരണകാലംവരെ (1874) അസം മേഖലയുടെ തലസ്ഥാന നഗരവുമായിരുന്നു ഗുവാഹത്തി. ജനസംഖ്യ 808021 (2009).

ഗുവാഹത്തിയില്‍ നിന്ന് ഷില്ലോങ്ങിലേക്ക് ഒന്നാംകിട രാജപാത നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ഈ നഗരം അസമിലെ റെയില്‍ കേന്ദ്രം കൂടിയാണ്. കേരളത്തിലെ തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളുമായി ഇവിടേക്ക് പ്രതിവാര റയില്‍ ബന്ധം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. സമീപസ്ഥങ്ങളായ എണ്ണപ്പാടങ്ങള്‍ ഗുവാഹത്തിയെ ഒരു വ്യവസായ വാണിജ്യ കേന്ദ്രമായി വളര്‍ത്തിയിരിക്കുന്നു. കൊല്‍ക്കത്തയുമായി ദിവസേനയുള്ള വിമാനസര്‍വീസിലൂടെ ഭാരതത്തിലെ ഇതരകേന്ദ്രങ്ങളുമായി വ്യോമബന്ധം സ്ഥാപിക്കപ്പെട്ടിട്ടുമുണ്ട്. ഗുവാഹത്തിയിലെ വിമാനത്താവളം 'ബോര്‍ജ്ഹര്‍' എന്ന പേരിലറിയപ്പെടുന്നു. അസം സര്‍വകലാശാലയുടെ അസ്ഥാനവും ഈ നഗരത്തിലാണ്. സംസ്ഥാനത്തുള്ള പ്രധാന ചികിത്സാലയങ്ങളും ഗുവാഹത്തിയിലാണ് പ്രവര്‍ത്തിക്കുന്നത്. നഗരത്തിനടുത്തുതന്നെയുള്ള കാമാഖ്യ, ഉമാനന്ദ് എന്നീ പുണ്യക്ഷേത്രങ്ങളും ഹജോയിലെ ബുദ്ധമത ക്ഷേത്രവും ഗുവാഹത്തിയുടെ വിനോദ സഞ്ചാരപ്രാധാന്യം വര്‍ധിപ്പിക്കുന്നു. പിജോയിലെ ബുദ്ധിസ്റ്റ് കേന്ദ്രവും പ്രസിദ്ധമാണ്.

16-ാം ശ.-ത്തിന്റെ അവസാനത്തില്‍ ഗുവാഹത്തി കോചരാജ്യത്തിന്റെ ഭാഗമായിരുന്നു; അതിനു മുന്‍പുള്ള ചരിത്രം ലഭ്യമല്ല. 17-ാം ശ.-ത്തില്‍ മുസ്ലിങ്ങളുടെ ആക്രമണത്തിനു വിധേയമായ ഗുവാഹത്തി തുടര്‍ന്ന് അരനൂറ്റാണ്ട് ഇവരുടെ അധീനതയിലായിരുന്നു. 1781-ല്‍ മുസ്ലിങ്ങള്‍ 'കാമരൂപ'ത്തില്‍ നിന്ന് തുരത്തപ്പെട്ടതോടെ ഗുവാഹത്തി അഹോം രാജാക്കന്മാരുടെ ആസ്ഥാനമായി. 1826-ലെ ആദ്യത്തെ ബര്‍മായുദ്ധാവസാനത്തില്‍ അസം പ്രദേശത്ത് ബ്രിട്ടീഷ് ആധിപത്യം ഉറച്ചതോടെ ഗുവാഹത്തി ഭരണകേന്ദ്രവുമായിത്തീര്‍ന്നു. 1868-ലെ ഭൂചലനത്തിന്റെ ഫലമായി ഗുവാഹത്തിയിലെ ഒട്ടുമുക്കാല്‍ സൗധങ്ങളും തകര്‍ന്നടിയുകയുണ്ടായി. 1878-ല്‍ ഇത് മുനിസിപ്പല്‍ പട്ടണമായി.

ഗുവാഹത്തിയുടെ ദക്ഷിണഭാഗത്ത് ഇടതൂര്‍ന്ന വനങ്ങളാണുള്ളത്. ഏതാണ്ട് അര്‍ധ ചന്ദ്രാകൃതിയില്‍ കാണപ്പെടുന്ന ഈ വനങ്ങള്‍ ബ്രഹ്മപുത്രയുമായി ചേര്‍ന്ന് ഗുവാഹത്തിയുടെ നൈസര്‍ഗിക സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. വര്‍ഷകാലത്ത് ബ്രഹ്മപുത്ര രണ്ടു കി. മീറ്ററോളം വീതിയില്‍ കരകവിഞ്ഞൊഴുകി നഗരത്തില്‍ പ്രളയക്കെടുതികള്‍ സൃഷ്ടിക്കാറുണ്ട്. അടുത്ത കാലത്ത് നദീതീരത്ത് വന്‍ മതിലുകള്‍ കെട്ടി സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.

ഗുവാഹത്തി മുനിസിപ്പല്‍ കോര്‍പ്പറേഷനിലാണ് നഗരഭരണം നിക്ഷിപ്തമായിരിക്കുന്നത്. ഇന്ത്യയുടെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വച്ച് ഐ.ഐ.ടി. ഉള്‍പ്പെടെയുള്ള ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്ളത് ഗുവാഹത്തിയിലാണ്.

നദീതുറമുഖം എന്ന നിലയില്‍ നൂറ്റാണ്ടുകളായി തന്നെ ഇന്ത്യയിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളില്‍ ഒന്നാണ് ഗുവാഹത്തി. ഇക്കാരണത്താല്‍ സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ ഏറിയ പങ്കും ഗുവാഹത്തിയില്‍ നിന്നു ലഭ്യമാകുന്ന നികുതിയാണ്. വാണിജ്യ-വ്യാപാര-യാത്രാ സേവനങ്ങളാണ് പൊതുവേയുള്ള സാമ്പത്തിക സ്രോതസ്സുകള്‍. ഗുവാഹത്തിയിലെ തേയില നിര്‍മാണകേന്ദ്രം ലോകത്തില്‍ വച്ചുതന്നെ ഏറ്റവും വലിയ തേയില ശാലകളില്‍ ഒന്നാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പെട്രോളിയം ശുദ്ധീകരണശാല ഗുവാഹത്തിയിലെ നൂന്‍മാത്തിയില്‍ പ്രവര്‍ത്തിക്കുന്നു. ഗുവാഹത്തിയിലെ നെഹ്റു സ്റ്റേഡിയം ഒട്ടേറെ ദേശീയ കായിക മത്സരങ്ങള്‍ക്ക് വേദിയാകാറുണ്ട്. കൂടാതെ കൗക്തോ ഇന്‍ഡോര്‍ സ്റ്റേഡിയം തുടങ്ങിയവയും ഇവിടെ സ്ഥിതിചെയ്യുന്നു.

വൈവിധ്യമാര്‍ന്ന സ്ഥാപനങ്ങളും ലൈബ്രറികളും നിറഞ്ഞ പാന്‍ ബാസാര്‍, വാണിജ്യ ഉത്പന്നങ്ങളുടെ വിപണന കേന്ദ്രമായ ഫാന്‍സി ബാസാര്‍, ഗണേശ്ഗുരി, യാത്രാ-താമസ സൗകര്യങ്ങളാല്‍ സമ്പന്നമായ പാല്‍റ്റണ്‍ ബാസാര്‍, പഴം-പച്ചക്കറി എന്നീ നാടന്‍ വിഭവങ്ങള്‍ക്ക് പ്രശസ്തമായ ബെല്‍ ടോലാ ബാസാര്‍, നവീന വാണിജ്യ മേഖലയായ ജി.എസ്. റോഡ് തുടങ്ങിയവ ഗുവാഹത്തിയുടെ പ്രത്യേകതകളാണ്.

രണ്ടാം ലോകയുദ്ധത്തിന്റെ സ്മരണകള്‍ ഉയര്‍ത്തുന്ന 'ഗുവാഹത്തി വാര്‍ സെമിത്തേരി', ക്രൂയിസ് നദി, ഉമാനന്ദക്ഷേത്രം, കാമാഖ്യക്ഷേത്രം, ബസിസ്തക്ഷേത്രം, നവഗ്രഹക്ഷേത്രം, ഉഗ്രതാരാക്ഷേത്രം, ബാലാജിക്ഷേത്രം, ഗുവാഹത്തി പ്ലാനറ്റേറിയം, അസം സംസ്ഥാന മ്യൂസിയം, നെഹ്റു പാര്‍ക്ക്, അസം മൃഗശാല, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുടങ്ങി തീര്‍ഥാടക-വിനോദസഞ്ചാരകേന്ദ്രങ്ങളും ഗുവാഹത്തിയെ ആകര്‍ഷണീയമാക്കുന്നു.

(എ. മിനി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍