This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുല്‍സാര്‍ (1936 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുല്‍സാര്‍ (1936 - )

ഗുല്‍സാര്‍

കവി, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയന്‍. 1936 ആഗ. 18-ന് പഞ്ചാബിലെ ഝലം ജില്ലയിലെ ദീന(നിലവില്‍ പാകിസ്താന്റെ ഭാഗം)യില്‍ ഒരു സിഖ് കുടുംബത്തില്‍ ജനിച്ചു. മഖന്‍സിങ് കല്‍റാ, സുജര്‍ കൗര്‍ എന്നിവരാണ് ഗുല്‍സാറിന്റെ മാതാപിതാക്കള്‍. സാമ്പൂരന്‍സിങ് കല്‍രാ എന്നാണ് ഇദ്ദേഹത്തിന് മാതാപിതാക്കള്‍ നല്കിയ പേര്. ദാരിദ്ര്യം നിറഞ്ഞ ജീവിതസാഹചര്യങ്ങളില്‍ കാര്‍ മെക്കാനിക്കായി ജോലി ചെയ്തിരുന്നു. കവിതയില്‍ ശോഭിക്കാന്‍ കഴിഞ്ഞതോടെ ഗുല്‍സാര്‍ ദീന്‍വി എന്ന തൂലികാനാമം സ്വീകരിച്ചു. പ്രോഗ്രസ്സീവ് റൈറ്റേഴ്സ് അസോസിയേഷന്റെ യോഗങ്ങളില്‍ പങ്കെടുക്കവേ ചലച്ചിത്ര സംവിധായകനായ ബിമല്‍റോയിയെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ ചിത്രമായ 'ബന്ദിനി' (1963)യില്‍   ഗാനമെഴുതാന്‍ അവസരം ലഭിക്കുകയും ചെയ്തു. എസ്.ഡി. ബര്‍മന്‍ ആയിരുന്നു ഗുല്‍സാറിന്റെ  വരികള്‍ക്ക് ഈണം പകര്‍ന്നത്. തുടര്‍ന്ന് ബിമല്‍റോയിയുടെ 'കാബൂളിവാല'യില്‍ സംവിധാന സഹായിയായി. 70-കളിലും 80-കളിലുമായി ഗുല്‍സാര്‍ രചിച്ച ഒട്ടുമിക്ക ഗാനങ്ങള്‍ക്കും ഈണം പകര്‍ന്നത് എസ്.ഡി. ബര്‍മന്റെ മകനായ ആര്‍.ഡി. ബര്‍മനായിരുന്നു. ക്രമേണ ചലച്ചിത്ര സംവിധാന രംഗത്തേക്കുകൂടി പ്രവേശിച്ച ഗുല്‍സാര്‍, ഒരേസമയം സംവിധാനവും ഗാനരചനയും നിര്‍വഹിച്ച ചലച്ചിത്രങ്ങളായ 'ലിബാസ്' (1988), 'ഇജാസത്' (1957), 'ആംഗുര്‍' (1982), 'കുശ്ബു' (1975), 'മോസം' (1985), 'ആന്ഥി' (1975), 'ഇരേ അപ്നേ' (1976) എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് ആര്‍.ഡി. ബര്‍മനായിരുന്നു. കിഷോര്‍കുമാര്‍, ലതാമങ്കേഷ്കര്‍, ആശാഭോസ്ലേ തുടങ്ങിയവര്‍ ആലപിച്ച ഇതിലെ ഒട്ടുമിക്ക ഗാനങ്ങളും സംഗീതാസ്വാദകരില്‍ വലിയ അംഗീകാരം നേടി. മുസാഫിര്‍ ഹുന്‍ യാരോ, തേരേ ബിനാ സിന്ദഗി സേ കോയി, മേരേ കുച്ച് സാമാന്‍ തുടങ്ങിയ ഗാനങ്ങള്‍ ഇന്ത്യന്‍ ചലച്ചിത്ര സംഗീത രംഗത്തെ എക്കാലത്തെയും അവിസ്മരണീയ ഗാനങ്ങളാണ്. 90-കളുടെ അവസാനത്തോടെ ജഗജിത്ത് സിങ്ങുമൊത്തുള്ള ഗസല്‍ ആല്‍ബങ്ങളും ഏ.ആര്‍. റഹ്മാനുമൊത്തുള്ള ചലച്ചിത്ര ഗാനങ്ങളും വന്‍ ഹിറ്റുകളായി മാറി. ദില്‍സേ (1998), സാഥിയ, ഫിസ, ഗുരു, യുവരാജ്, സ്ലംഡോഗ് മില്യനെയര്‍, രാവണ്‍ തുടങ്ങി നൂറോളം ചലച്ചിത്രങ്ങള്‍ക്ക് ഗാനരചനയും 20-ല്‍പ്പരം ചലച്ചിത്രങ്ങള്‍ക്ക് സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.

ചലച്ചിത്ര സംവിധായകന്‍ എന്ന തലത്തില്‍, ഗുല്‍സാറിന്റെ ആദ്യകാല ചലച്ചിത്രങ്ങളില്‍ മിക്കതിലും ഒരു ഇടതുപക്ഷ വീക്ഷണം കാണാവുന്നതാണ്. അടിയന്തിരാവസ്ഥയെ വിമര്‍ശിക്കുന്ന ചിത്രമായ 'ആന്ഥി' ഇക്കാരണത്താല്‍ കുറച്ചുകാലത്തേക്ക് നിരോധിക്കപ്പെട്ടിരുന്നു. സാഹിത്യരചനകളെ അവലംബിച്ചുള്ള കഥകള്‍ക്ക് ഗുല്‍സാര്‍ ചലച്ചിത്രഭാഷ നല്കുകയുണ്ടായി. ഷെയ്ക്സ്പിയറിന്റെ കോമഡി ഒഫ് എറേഴ്സിന്റെ അവലംബമായിരുന്നു 'ആംഗൂര്‍' എന്ന ചലച്ചിത്രം. 'കോഷിഷ്' 1972-ല്‍ മികച്ച തിരക്കഥയ്ക്കും 'മോസം' എന്ന ചിത്രം 1976-ല്‍ രണ്ടാമത്തെ മികച്ച ചിത്രത്തിനും മാച്ചിസ് 1996-ലെ മികച്ച ജനപ്രിയ സിനിമയ്ക്കുമുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. 1991, 98 വര്‍ഷങ്ങളില്‍ മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാര്‍ഡ് ഗുല്‍സാറിന് ലഭിച്ചു. ഗാനരചനയ്ക്ക് ഏറ്റവുമധികം തവണ ഫിലിം ഫെയര്‍ അവാര്‍ഡിന് അര്‍ഹനായിട്ടുള്ളതും ഗുല്‍സാര്‍, 2002-ല്‍ ഫിലിം ഫെയറിന്റെ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരത്തിന് അര്‍ഹനായി.

മിര്‍സാ ഗാലിബ്, ജംഗിള്‍ബുക്ക്, ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡ് തുടങ്ങി നിരവധി ടെലിവിഷന്‍ പരമ്പരകള്‍ക്കായി ഗാനങ്ങളും സംഭാഷണവും രചിച്ചു. ഗുല്‍സാര്‍ രചിച്ച ധുവാന്‍ എന്ന ഉര്‍ദു ചെറുകഥാ സമാഹാരത്തിന് 2002-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

'സ്ളംഡോഗ് മില്ല്യനെയറി'ലെ ജയ്ഹോ എന്ന ഗാനം അന്തര്‍ദേശീയതലത്തില്‍ 2008-ലെ ഓസ്കാര്‍ പുരസ്കാരത്തിനും 2009-ലെ ഗ്രാമി പുരസ്കാരത്തിനും അര്‍ഹമായി. സാഹിത്യ-ചലച്ചിത്രരംഗങ്ങളിലെ സംഭാവനകള്‍ക്ക് ഭാരത സര്‍ക്കാര്‍ ഇദ്ദേഹത്തെ 2004-ല്‍ പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു.

പ്രശസ്ത നടിയായ രാഖിയായിരുന്നു ഭാര്യ. പിന്നീട് ഇവര്‍ വിവാഹമോചിതരായി. ഇവരുടെ മകള്‍ മേഘ്നാഗുല്‍സാര്‍ ചലച്ചിത്ര സംവിധായികയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍