This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുല്‍മാര്‍ഗ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുല്‍മാര്‍ഗ്

ജമ്മു-കാശ്മീരിലെ ബാരമുള്ള ജില്ലയിലെ ഒരു സുഖവാസകേന്ദ്രം. സമുദ്രനിരപ്പില്‍ നിന്ന് 2,800 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പട്ടണം പ്രസിദ്ധമായ ഒരു വിനോദസഞ്ചാര കേന്ദ്രവുമാണ്. ശ്രീനഗറില്‍ നിന്ന് 51 കി.മീ. തെ. പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ പട്ടണത്തെ റോഡുമാര്‍ഗം ശ്രീനഗറുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ഗുല്‍മാര്‍ഗ്

3 കി.മീ. നീളവും പലയിടങ്ങളിലും ഒരു കിലോമീറ്ററോളം വീതിയുമുള്ള ഒരു ചെറുതാഴ്വര പ്രദേശമാണ് ഗുല്‍മാര്‍ഗ്. അര്‍ധ ചന്ദ്രാകൃതിയിലുള്ള താഴ്വരയുടെ ഇരുവശങ്ങളിലുമായി നിരവധി കുന്നുകള്‍ കാണപ്പെടുന്നു. കുന്നുകളുടെ മുകള്‍ത്തട്ട് ഇടതിങ്ങിവളരുന്ന പൈന്‍മരങ്ങളാലും ദേവദാരുവൃക്ഷങ്ങളാലും ആവൃതമാണ്.

ഗുല്‍മാര്‍ഗില്‍ നിന്നു കാണാവുന്ന മഞ്ഞണിഞ്ഞ നങ്ഗ പര്‍വതത്തിന്റെ വിദൂരദൃശ്യവും (ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ചാമത്തെ പര്‍വതം), മനോഹരമായ കാശ്മീര്‍ താഴ്വരയും, വേനല്‍ക്കാലങ്ങളില്‍ ഇവിടെ അനുഭവപ്പെടുന്ന സുഖകരമായ കാലാവസ്ഥയും ഗുല്‍മാര്‍ഗിന് 'ഇന്ത്യയിലെ സുഖവാസകേന്ദ്രങ്ങളുടെ റാണി' എന്ന സ്ഥാനം നേടിക്കൊടുത്തിരിക്കുന്നു. പൂത്തുലഞ്ഞു നില്‍ക്കുന്ന മൈതാനങ്ങളും അവയ്ക്കു തണലേകിക്കൊണ്ടു വശങ്ങളിലായി കാണപ്പെടുന്ന ദേവദാരു, പൈന്‍ തുടങ്ങിയ വൃക്ഷങ്ങളും ചേര്‍ന്നുള്ള കാഴ്ച വളരെ ആകര്‍ഷകമാണ്. ഗുല്‍മാര്‍ഗ് എന്ന സ്ഥലനാമത്തിന്റെ അര്‍ഥം തന്നെ 'പൂക്കളുടെ മൈതാനം' എന്നാകുന്നു.

സുഖവാസ കേന്ദ്രമായ ഗുല്‍മാര്‍ഗില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഏറെയുണ്ട്. ഉല്ലാസയാത്രയ്ക്കനുയോജ്യമായതാണ് ഇവിടത്തെ പൈന്‍മരങ്ങള്‍ക്കിടയിലൂടെ ചുറ്റിവളഞ്ഞുള്ള പാത. ഇതിനു പുറമേ ടെന്നീസ്, ഗോള്‍ഫ്, പോളോ തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഗോള്‍ഫ് കോഴ്സ് എന്ന പ്രശസ്തി നേടിയതാണ് ഇവിടത്തെ ഗോള്‍ഫ് ഗ്രൌണ്ട്. ഇന്ത്യയില്‍ ഏറ്റവും നല്ല ഗോള്‍ഫ് കോഴ്സും ഗുല്‍മാര്‍ഗിലേതുതന്നെ. ശൈത്യകാലത്ത് സ്കീകളില്‍ തെന്നിപ്പായുന്നതിന് ഇവിടത്തെ മഞ്ഞുമൂടിയ മൈതാനം ഉപയോഗിക്കുന്നു.

വസന്തകാലത്ത് ഗുല്‍മാര്‍ഗിന്റെ മലയടിവാരങ്ങളില്‍ പൂക്കള്‍ നിറഞ്ഞുകാണുന്നത് ഹൃദയഹാരിയായ ഒരു കാഴ്ചയാണ്; 'ഫിറോസ്പൂര്‍ നള്ള' എന്ന ഒരരുവിയും ഇതുവഴി ഒഴുകുന്നുണ്ട്. ഇവിടെയുള്ള ബാബാ റിഷി എന്ന ഇസ്ലാം വിശുദ്ധന്റെ ശവകുടീരം സന്ദര്‍ശിക്കുന്നതിനായി ധാരാളം മുസ്ലിം തീര്‍ഥാടകരും ഇവിടെ എത്താറുണ്ട്.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍