This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുര്‍മുഖ് സിങ് ലളിതോന്‍ (1888 - 1977)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുര്‍മുഖ് സിങ് ലളിതോന്‍ (1888 - 1977)

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനിയും വിപ്ലവകാരിയും. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ലളിതോന്‍ ഖുര്‍ദ് എന്ന സ്ഥലത്ത് 1888-ല്‍ ജനിച്ചു. പട്ടാളക്കാരനായിരുന്ന സര്‍ദാര്‍ ഹോഷ്നക് സിങ്ങും പ്രേം കൗറുമായിരുന്നു അച്ഛനമ്മമാര്‍. കാനഡയിലേക്കു കുടിയേറുന്നതിനായി 'കോമ ഗദമരു'വില്‍ യാത്രയായ സംഘത്തില്‍ ഇദ്ദേഹവും ഉണ്ടായിരുന്നു. ലക്ഷ്യം സാധിക്കാന്‍ ഗത്യന്തരമില്ലാതായ സംഘം നാട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുന്നതിനായി രൂപംകൊണ്ട വിപ്ലവപ്രസ്ഥാനമായ ഗദര്‍പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായി. ബോംബും മറ്റു സ്ഫോടക സാമഗ്രികളും നിര്‍മിക്കുന്നതില്‍ വ്യാപൃതനായിരുന്ന സിങ്ങിനെ അറസ്റ്റുചെയ്യുകയും ലാഹോര്‍ ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്തി ആന്‍ഡമാനിലേക്കു നാടുകടത്തുകയും ഇദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു. എട്ടു വര്‍ഷക്കാലം ആന്‍ഡമാന്‍ തടവറയില്‍ കഴിഞ്ഞ സിങ് അവിടെ ജയിലിലുണ്ടായിരുന്ന രാഷ്ട്രീയത്തടവുകാരെ സംഘടിപ്പിക്കുന്നതിനു മുന്‍കൈ എടുത്തു. ഇന്ത്യയിലെതന്നെ ജയിലില്‍ പാര്‍പ്പിക്കുന്നതിനായി ഇദ്ദേഹത്തെ തിരികെ കൊണ്ടുവരുന്ന യാത്രയില്‍ ട്രെയിനില്‍നിന്നു ചാടി (1923) രക്ഷപ്പെട്ടു. വേഷപ്രച്ഛന്നനായി പഞ്ചാബിലെത്തി വീണ്ടും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായി. പിന്നീട് ബാബാ പൃഥി സിങ് ആസാദ്, ഉദം സിങ് എന്നിവരോടൊത്ത് അഫ്ഗാനിസ്താനിലേക്കു കടന്ന ലളിതോന്‍ പലവട്ടം പാര്‍ട്ടികാര്യങ്ങള്‍ക്കായി പഞ്ചാബിലേക്കു വന്നിരുന്നു. സോവിയറ്റ് യൂണിയനിലെത്തിയ സിങ് കമ്യൂണിസ്റ്റു പാര്‍ട്ടിയുമായി ബന്ധപ്പെട്ടു. ഇക്കാലത്തു കാബൂളില്‍വച്ച് അറസ്റ്റിലായ സിങ്ങിന് ഒരു വര്‍ഷത്തിലധികം ജയിലില്‍ കഴിയേണ്ടിവന്നു.

1935-ല്‍ ഇന്ത്യയിലേക്കു തിരിച്ചുവന്ന് ഗുര്‍മുഖ് ലാല്‍തന്‍ഡ എന്ന പേരില്‍ ഒരു പത്രം ആരംഭിച്ചുവെങ്കിലും അധികം താമസിയാതെ വീണ്ടും അറസ്റ്റിലായി. 1936-ല്‍ ഇദ്ദേഹത്തെ വീണ്ടും ആന്‍ഡമാന്‍ ദ്വീപുകളിലേക്കു നാടുകടത്തി. ജയിലില്‍ ഇദ്ദേഹം നടത്തിയ ചരിത്രപ്രസിദ്ധമായ നിരാഹാര സമരത്തിന്റെ ഫലമായാണ് ഇന്ത്യന്‍ തടവുകാരെ മേലില്‍ ആന്‍ഡമാനിലേക്കയയ്ക്കണ്ട എന്നു ബ്രിട്ടീഷ് ഗവണ്‍മെന്റ് തീരുമാനിച്ചത്. 1946-ല്‍ ഇദ്ദേഹത്തെ മോചിപ്പിച്ചു. വീണ്ടും ഇദ്ദേഹം കമ്യൂണിസ്റ്റു പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചു.

ജീവിതം മുഴുവന്‍ ത്യാഗത്തിന്റെയും തടവറവാസത്തിന്റെയും യാതനകള്‍ മാത്രം സ്വയം ഏറ്റുവാങ്ങിയ ഗുര്‍മുഖ് സിങ് ഉന്നതമായ വിശ്വാസ പ്രമാണങ്ങളുടെയും ത്യാഗസുരഭിലമായ രാജ്യസ്നേഹത്തിന്റെയും പ്രതീകമാണ്. പുറമേ നിശബ്ദനായ പ്രവര്‍ത്തകനായിരുന്ന സിങ്ങിനു രാഷ്ബിഹാരി ബോസ്, വിഷ്ണു ഗണേഷ് പിംഗളേ എന്നിവരുമായും ലോക കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ഉന്നതനേതാക്കന്മാരുമായും അടുത്ത ബന്ധമുണ്ടായിരുന്നു. ലളിതോന്‍ സിക്കുമതാനുയായിയായിരുന്നെങ്കിലും മതേതര വീക്ഷണത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്നു.

1977 മാ. 13-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍