This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുര്‍മുഖ് സിങ് മുസാഫിര്‍ (1899 - 1976)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുര്‍മുഖ് സിങ് മുസാഫിര്‍ (1899 - 1976)

പഞ്ചാബിലെ സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയ നേതാവും സാഹിത്യകാരനും. 1899-ല്‍ കാംബെല്‍പൂര്‍ ജില്ലയിലെ തുധോവലിലെ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചു. 19-ാം വയസ്സില്‍ അധ്യാപകനായി. 1919-ലെ ജാലിയന്‍വാലാബാഗ് സംഭവം മുസാഫിറിന്റെ ജീവിതത്തില്‍ വഴിത്തിരിവു സൃഷ്ടിച്ചു. തുടര്‍ന്ന് ഇദ്ദേഹം സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളില്‍ തത്പരനാകുകയും സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു. പല പ്രാവശ്യം അറസ്റ്റു ചെയ്യപ്പെടുകയും ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഗുരുദ്വാരകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ രംഗത്തിറങ്ങിയ ഇദ്ദേഹം 1930-ല്‍ സിക്കുമതത്തിലെ പ്രധാന പദവിയായ 'ജതേ ദാര്‍ ഒഫ് അകാല്‍തഖ്ത്' ആയി. തുടര്‍ന്ന് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയുമായി.

ജവാഹര്‍ലാല്‍ നെഹ്റുവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഗുര്‍മുഖ് സിങ്, സ്വാതന്ത്ര്യാനന്തരം പഞ്ചാബില്‍ കോണ്‍ഗ്രസ്സിന്റെ അടിത്തറ ഉറപ്പിക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചു. 1948-ല്‍ കോണ്‍സ്റ്റിറ്റ്യൂവന്റ് അസംബ്ലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം പഞ്ചാബ് പി.സി.സി. പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1952-ല്‍ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടെങ്കിലും താമസിയാതെ പഞ്ചാബ് ലെജിസ്ളേറ്റീവ് കൗണ്‍സിലറായപ്പോള്‍ ലോക്സഭാഅംഗത്വം രാജിവച്ച് പഞ്ചാബ് മുഖ്യമന്ത്രിയായി സ്ഥാനമേല്ക്കുകയാണുണ്ടായത്.

ദേശസ്നേഹ പ്രചോദിതമാണ് മുസാഫിറിന്റെ മിക്ക സാഹിത്യ സൃഷ്ടികളും. സാമ്രാജ്യത്വത്തിനെതിരെയുള്ള ആക്രോശം ആദ്യകാല കവിതകളില്‍ കാണാം. ജീവന്‍ പന്ഥ് മുസാഫ്രെയ്ന്‍, സേഹജ്സേതി തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ കവിതാസമാഹാരങ്ങള്‍. പഞ്ചാബി ചെറുകഥാ ചരിത്രത്തിലും ഇദ്ദേഹത്തിനു പ്രമുഖ സ്ഥാനമുണ്ട്. സാമൂഹിക വീക്ഷണമുള്ള കഥകളാണ് മുസാഫിറിന്റേത്. വഖരീ ദുനിയ, സസ്താ തമാശാ, ആന്‍ഹ് നേ ദേ ബോത് കത്ഥാ ബോപയിയാം എന്നീ കഥാസമാഹാരങ്ങള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. രാഷ്ട്രീയ പ്രമേയങ്ങളും ജയില്‍ ജീവിതാനുഭവങ്ങളും ഇദ്ദേഹത്തിന്റെ കഥകളിലും കവിതകളിലും തുടിച്ചു നില്‍ക്കുന്നു. പത്രപ്രവര്‍ത്തന രംഗത്തും മുസാഫിര്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 20-ാം ശ.-ത്തിലെ ചില രക്തസാക്ഷികളെക്കുറിച്ച് ഇദ്ദേഹം എഴുതിയ അനുസ്മരണങ്ങളാണ് ബീസ് വീം സദീ ദെ ഷഹീദ് എന്ന ഗ്രന്ഥം. 1976-ല്‍ ഗുര്‍മുഖ് സിങ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍