This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുര്‍ദയാല്‍ സിങ് (1933 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുര്‍ദയാല്‍ സിങ് (1933 - )

പഞ്ചാബി നോവലിസ്റ്റ്. പഞ്ചാബിലെ ഫരീദ്കോട്ടില്‍ ജയ്ടു എന്ന സ്ഥലത്ത് 1933 ജനു. 10-നു ജനിച്ചു. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നും പഞ്ചാബിയില്‍ എം.എ. ബിരുദം നേടിയശേഷം സ്കൂള്‍ അധ്യാപകനായും പിന്നീട് ഫരീദ്കോട്ടിലെ ബ്രിജീന്ദര്‍ കോളജിലെ അധ്യാപകനായും സേവനമനുഷ്ഠിച്ചു. 1971-ല്‍ ഇദ്ദേഹം ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു.

ചെറുകഥാകൃത്തായാണ് ഗുര്‍ദയാല്‍ സിങ് സാഹിത്യത്തില്‍ രംഗപ്രവേശം ചെയ്തത്. പിന്നീട് നോവലുകളിലേക്ക് ശ്രദ്ധ തിരിച്ചു. മഠി ദ ദീവാ (1965), അയ് ഹോയേ (1966), അധ് ചാന നി രാത് (1972), ആനി ഘോരെ ദ ദാന്‍ (1976) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്ത നോവലുകള്‍. മഠി ദ ദീവായും അയ് ഹോയേയും ഹിന്ദിയിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മഠി ദാ ദീവാ റഷ്യനിലേക്കും പരിഭാഷപ്പെടുത്തുകയുണ്ടായി. അധ് ചാന നി രാത് 1975-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടി. നാഷണല്‍ ബുക്ക് ട്രസ്റ്റ് ഈ ഗ്രന്ഥം മിക്ക ഭാരതീയ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ബാ കലം ഖൂദ്, സഗീഫൂല്‍, ഓ പരാഘര്‍ കുത്താ തേ ആദ്മി എന്നിവയാണ് ഗുര്‍ദയാല്‍ സിങ്ങിന്റെ പ്രമുഖ ചെറുകഥാ സമാഹാരങ്ങള്‍. ബാലസാഹിത്യരംഗത്തും ഇദ്ദേഹം ശ്രദ്ധേയമായ സംഭാവനകള്‍ നല്കി. ഇരുപതിലധികം ഗ്രന്ഥങ്ങള്‍ ഇദ്ദേഹം പഞ്ചാബിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

നാനക് സിങ്ങിനെയും ജസ്വന്ത് സിങ്ങിനെയുംപോലെ പഞ്ചാബി നോവല്‍സാഹിത്യത്തില്‍ തന്റേതായ ഒരു പാരമ്പര്യം സൃഷ്ടിക്കാന്‍ ഗുര്‍ദയാല്‍ സിങ്ങിനു കഴിഞ്ഞിട്ടുണ്ട്. ആദര്‍ശപരതവിട്ട് യഥാതഥ രൂപത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച ഗുര്‍ദയാല്‍ തന്റെ ജന്മദേശമായ മാളവത്തിലെ ജനങ്ങളുടെ ജീവിതരീതിയും സാഹചര്യങ്ങളും പശ്ചാത്തലമാക്കിക്കൊണ്ട് മനുഷ്യന്റെ സങ്കീര്‍ണമായ പ്രശ്നങ്ങളെ അവലോകനം ചെയ്യുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍