This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുരു നാനാക്ക് (1469 - 1539)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുരു നാനാക്ക് (1469 - 1539)

സിക്കുമതത്തിന്റെ സ്ഥാപകനും ആത്മീയ ആചാര്യനും ഒന്നാമത്തെ ഗുരുവും. മധ്യകാലഘട്ടത്തിലെ ഏറ്റവും പ്രമുഖനായ വ്യക്തി എന്ന ഖ്യാതിയും ഇദ്ദേഹത്തിനുണ്ട്. 1469 ഏ. 15-ന് (സംവത്വര്‍ഷം 1526 വൈശാഖ മാസത്തില്‍ വെളുത്തപക്ഷം മൂന്നാം ദിവസം) പഞ്ചാബിലെ ഷേഖ്പുരാ ജില്ലയിലെ തല്‍വണ്ടി ഗ്രാമത്തില്‍ ജനിച്ചു. തല്‍വണ്ടി പ്രവിശ്യയുടെ ഭരണാധിപനായിരുന്ന റായ്ബുലാറിന്റെ 'പട്വാരി'യായി ജോലിനോക്കിയിരുന്ന മേഹ്ത്താകാലു ആയിരുന്നു പിതാവ്. കാരുണ്യവതിയും ഉദാരമനസ്കയും പതിഭക്തയുമായിരുന്ന തൃപ്തയായിരുന്നു മാതാവ്. ഇവരുടെ രണ്ടാമത്തെ സന്താനമായിരുന്നു നാനാക്ക്; നാനകി എന്ന പുത്രിയായിരുന്നു ആദ്യ സന്താനം.

ഗുരു നാനാക്ക്

നാനാക്കിന്റെ അമാനുഷികശക്തിവൈഭവത്തെ സൂചിപ്പിക്കുന്ന നിരവധി അദ്ഭുതസംഭവങ്ങള്‍ ഐതിഹ്യരൂപത്തില്‍ സൂക്തിമാലികകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ജനനസമയത്തു ഒരു വലിയ മനുഷ്യനെപ്പോലെ നാനാക്ക് ചിരിച്ചിരുന്നു എന്നു പ്രസവശുശ്രൂഷ ചെയ്തിരുന്ന മുസ്ലിം വനിത അയല്‍ക്കാരോട് പറഞ്ഞിരുന്നതായി ഒരു ഐതിഹ്യം ഉണ്ട്. നാനാക്കിന്റെ ജനനസമയത്തു സ്വര്‍ഗീയഗാനം പണ്ഡിതന്മാര്‍ ശ്രവിച്ചിരുന്നതായി ചില സൂക്തിമാലികകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുടുംബജ്യോത്സ്യനായ ഹര്‍ദയാല്‍ കുട്ടിയെ കണ്ട ഉടനെ കൈകൂപ്പി വണങ്ങിയെന്നും ശിശു രാജകീയ സിംഹാസനത്തില്‍ ഇരിക്കുമെന്നും ഹിന്ദുക്കളും മുസ്ലിങ്ങളും ശിശുവിനെ ആരാധിക്കുമെന്നും പ്രവചിച്ചുവെന്നുള്ള ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. നാനാക്കിന്റെ മരണശേഷമാണ് ഐതിഹ്യങ്ങള്‍ പലതും ഉദ്ഭവിച്ചിട്ടുള്ളത്. ഗുരു നാനാക്കിന്റെ ജീവചരിത്രകാരനായ

ഡോ. ഗോപാല്‍ സിങ് ഇപ്രകാരം പ്രസ്താവിക്കുന്നു. 'ധാരാളം അദ്ഭുത സിദ്ധികള്‍ നാനാക്കിനുണ്ടായിരുന്നതായി സൂക്തിമാലികകള്‍ പ്രസ്താവിക്കുന്നുണ്ടെങ്കിലും നാനാക്ക് എപ്പോഴും പറഞ്ഞിരുന്നത്   തനിക്കുള്ള ഏക അദ്ഭുതസിദ്ധി എങ്ങനെ നേരായ മാര്‍ഗത്തില്‍ക്കൂടി ജീവിച്ച് ദൈവസാക്ഷാത്കാരം നേടി ജീവന്‍മുക്തി സാധ്യമാക്കാമെന്ന് ജനങ്ങളെ ഉപദേശിക്കാനുള്ള കഴിവു മാത്രമാണ് എന്നാണ്'.

നാനാക്കിനെ സംബന്ധിച്ചുള്ള സൂക്തിമാലികകളില്‍ അതിശയോക്തികള്‍ കടന്നുകൂടിയിട്ടുണ്ടെങ്കിലും നാനാക്ക് നിരവധി സവിശേഷതകളുടെ ഉറവിടമായിരുന്നു എന്നതില്‍ തര്‍ക്കമില്ല. ബാലനായിരിക്കുമ്പോള്‍ത്തന്നെ നാനാക്ക് തന്റെ അസാധാരണത്വം വെളിപ്പെടുത്തിയിരുന്നു. സമപ്രായക്കാരില്‍ താത്പര്യം ഇല്ലാതിരുന്ന നാനാക്ക് അഞ്ചാംവയസ്സില്‍ ദൈവീക കാര്യങ്ങളില്‍ താത്പര്യം പ്രകടിപ്പിച്ചു തുടങ്ങി. അശരണരെ സഹായിക്കുന്നതിലും സാധുക്കള്‍ക്ക് അന്നവും വസ്ത്രവും ദാനം ചെയ്യുന്നതിലും നാനാക്ക് സന്തോഷവും ആഹ്ലാദവും കണ്ടെത്തി. വിദ്യാഭ്യാസരംഗത്തും നാനാക്ക് അസാധാരണത്വം പ്രകടിപ്പിച്ചിരുന്നു. പണ്ഡിറ്റ് ഗോപാല്‍ എന്ന ഗുരുവിന്റെ കീഴിലാണ് നാനാക്ക് വിദ്യാഭ്യാസം ആരംഭിച്ചത്. എന്നാല്‍ പാഠശാലയിലേക്കു പുറപ്പെടുന്ന നാനാക്ക് പലപ്പോഴും വനാന്തരങ്ങളില്‍ കഴിഞ്ഞിരുന്ന സന്ന്യാസിമാരുടെയും ഫക്കീര്‍മാരുടെയും അടുത്തേക്കായിരുന്നു പോയിരുന്നത്. സന്ന്യാസിമാരും ഫക്കീര്‍മാരുമായുള്ള ചര്‍ച്ചകളില്‍നിന്നു ഭക്തി-സൂഫി പ്രസ്ഥാനങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ നാനാക്കിനു കഴിഞ്ഞിരുന്നു. ക്രമേണ നാനാക്ക് മതഗ്രന്ഥങ്ങള്‍ വായിച്ചുതുടങ്ങി. അതോടെ പാഠശാലയിലെ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു.

നാനാക്കിന്റെ പ്രത്യേക വൈഭവങ്ങളെ മനസ്സിലാക്കാന്‍ പിതാവായ കാലുവിന് കഴിഞ്ഞിരുന്നില്ല. മകന്റെ അസാധാരണത്വത്തില്‍ ദുഃഖിതനായ പിതാവ് ഭൗതികാതീത ചിന്തകളില്‍നിന്ന് പുത്രനു മോചനം ഉണ്ടാകട്ടെ എന്നു കരുതി നാനാക്കിനെ വീട്ടുജോലികളില്‍ നിയോഗിച്ചു. മാടുമേയ്ക്കലായിരുന്നു ഇതില്‍ പ്രധാനം. എന്നാല്‍ ഇവയൊന്നും തന്നെ നാനാക്കിനെ തന്റെ പാതയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പര്യാപ്തമായില്ല. ഇക്കാലത്തും സന്ന്യാസിമാരുമായുള്ള ബന്ധം നാനാക്ക് തുടര്‍ന്നുവന്നു. കുറേനാളുകള്‍ക്കുശേഷം നാനാക്കിനെ ഒരു സംസ്കൃത വിദ്യാലയത്തില്‍ ചേര്‍ത്തു. നാനാക്കിനോട് പ്രത്യേക മമത പുലര്‍ത്തിയിരുന്ന റായ്ബുലാറിന്റെ നിര്‍ദേശാനുസരണമായിരുന്നു ഈ നടപടി. രണ്ടു വര്‍ഷത്തെ അവിടത്തെ അധ്യയനംകൊണ്ടു ഹിന്ദു പുരാണങ്ങളിലും മതഗ്രന്ഥങ്ങളിലും നാനാക്ക് പ്രാവീണ്യം നേടി. ഇവിടെയും നാനാക്ക് തന്റെ അസാമാന്യമായ ബുദ്ധിശക്തിയും കഴിവും പ്രകടിപ്പിച്ചിരുന്നു. ബ്രിജനാഥ് എന്ന അധ്യാപകനായിരുന്നു സംസ്കൃത പാഠശാല നടത്തിയിരുന്നത്. എല്ലാ പ്രബന്ധാരംഭത്തിലും 'ഓം' എന്നു കുറിക്കാന്‍ ബ്രിജനാഥ് നിര്‍ബന്ധിക്കുമായിരുന്നു. ഒരിക്കല്‍ നാനാക്ക് ബ്രിജനാഥിനോട് ഓംകാരത്തിന്റെ അര്‍ഥം ചോദിച്ചു. ബ്രിജനാഥ് അമ്പരന്നു നിന്നപ്പോള്‍ നാനാക്ക് തന്നെ ഓംകാരാര്‍ഥം വ്യക്തമാക്കിക്കൊണ്ട് ഒരു ശ്ലോകം ചൊല്ലി. ബ്രിജനാഥില്‍നിന്നും ലഭിച്ചതിലും ഏറെ ജ്ഞാനം നാനാക്ക് സന്ന്യാസിമാരില്‍നിന്നും നേടിയിരുന്നു. സന്ന്യാസിമാരും ഫക്കീര്‍മാരുമായുള്ള സംവാദം നാനാക്ക് തുടര്‍ന്നുവന്നു. ചിലപ്പോള്‍ ഇദ്ദേഹം സ്വയം ധ്യാനനിമഗ്നനായും കാണപ്പെട്ടു. നിരാശനായ പിതാവ് റായ്ബുലാറിന്റെ ഉപദേശപ്രകാരം നാനാക്കിനെ ഒരു മുസ്ലിം മദ്രസ്സയില്‍ ചേര്‍ത്തു. മദ്രസ്സ നടത്തിയിരുന്ന സൂഫി പണ്ഡിതന്റെ കീഴില്‍ നാനാക്ക് പേര്‍ഷ്യന്‍ ഭാഷ അഭ്യസിച്ചു.

കുടുംബജീവിതത്തില്‍ ബന്ധനസ്ഥനാക്കിയാല്‍ നാനാക്കിന്റെ സ്വഭാവത്തില്‍ മാറ്റം ഉണ്ടാകും എന്ന ധാരണയില്‍ ബന്ധുക്കള്‍ നാനാക്കിനെ വിവാഹത്തിനു നിര്‍ബന്ധിച്ചു. 1485 ഏ.1-നു 16-ാം വയസ്സില്‍ നാനാക്ക് വിവാഹിതനായി. ചോനവംശത്തില്‍പ്പെട്ട ഖത്രി മൂല്‍ചന്ദിന്റെ പുത്രി സുലഖ്നിയായിരുന്നു വധു. വിവാഹാനന്തരം 12 വര്‍ഷക്കാലം സുല്‍ത്താന്‍പൂരിലെ നവാബ്ദൌലത്ത്ഖാന്റെ കണക്കെഴുത്തുകാരനായി നാനാക്ക് ജോലി നോക്കി. ഇക്കാലത്ത് നിത്യവും പ്രഭാതത്തില്‍ സമീപത്തുള്ള പുഴയില്‍ കുളിക്കാന്‍ ഇദ്ദേഹം പോകുമായിരുന്നു. സ്നാനാന്തരം നാനാക്ക് അല്പനേരം പുഴക്കരയില്‍ ധ്യാനനിരതനായി ഇരിക്കുക പതിവായിരുന്നു. ക്രമേണ ഇദ്ദേഹം ഒരു ഭക്തസമാജം സംഘടിപ്പിച്ചു. സായാഹ്നങ്ങളില്‍ അവര്‍ ഒരുമിച്ചിരുന്നു കീര്‍ത്തനങ്ങള്‍ പാടുകയും പ്രഭാഷണം നടത്തുകയും പതിവാക്കി. ഹിന്ദുക്കളും മുസ്ലിങ്ങളും ഈ പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഭജനയോഗങ്ങളില്‍ ദിനംപ്രതി അംഗങ്ങള്‍ വര്‍ധിച്ചുവന്നു. ലാഹോറിലും സിലോണിലുമൊക്കെ വ്യാപാരബന്ധമുണ്ടായിരുന്ന മാന്‍സുഖ് എന്ന ഒരു പ്രമുഖന്‍ നാനാക്കിന്റെ ശിഷ്യത്വം സ്വീകരിച്ചതോടെ ഹിന്ദുമതത്തിലും ഇസ്ലാംമതത്തിലുംപെട്ട നിരവധി പേര്‍ നാനാക്കിന്റെ അനുയായികളായി മാറി. ഇത് ഹിന്ദു-മുസ്ലിം മതനേതാക്കളെ അസ്വസ്ഥരാക്കി. അവര്‍ നാനാക്കിനെതിരെ പലവിധ ഒളിപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു. 30-ാം വയസ്സില്‍ നാനാക്ക് സുല്‍ത്താന്‍പൂരിലെ കണക്കെഴുത്തു ജോലി ഉപേക്ഷിക്കുകയും മുഴുവന്‍ സമയവും ആത്മീയ കാര്യങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്തു.

1499-ല്‍ സുല്‍ത്താന്‍പൂരിനടുത്തുവച്ച് നാനാക്കിന് ജ്ഞാനോദയം ഉണ്ടായി എന്നു കരുതപ്പെടുന്നു. പിന്നീട് ഏതാണ്ട് 30 വര്‍ഷക്കാലം തന്റെ ആശയപ്രചാരണത്തിനായി നാനാക്ക് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ചുറ്റി സഞ്ചരിച്ചു. ഹിന്ദുക്കളുടെ ജാതീയമായ അന്ധതയ്ക്ക് എതിരെയും മുസ്ലിം ഭരണാധികാരികളുടെ ക്രൂരതയ്ക്കെതിരെയും നാനാക്ക് സംസാരിച്ചു. വേഷത്തിലും ആചാരത്തിലും ഹിന്ദുവും മുസ്ലിമുമായിത്തീരുന്നവര്‍ യഥാര്‍ഥ ജീവിതത്തില്‍ മൃഗത്തെക്കാള്‍ മോശമാണെന്നു നാനാക്ക് ജനങ്ങളെ ബോധ്യപ്പെടുത്തി. അതുകൊണ്ടാണ് നാനാക്ക് പ്രഖ്യാപിച്ചത്: 'ഹിന്ദുവും മുസല്‍മാനും ഇല്ല' എന്നും മനുഷ്യന് 'ഒരു ദൈവവും ഒരു മാര്‍ഗവും' മാത്രമേയുള്ളൂവെന്നും. ജാതിയുടെ പേരില്‍ 'അവര്‍ണര്‍' എന്നു പറയുന്നവര്‍ക്കു ജീവിതസൗകര്യങ്ങള്‍ നിഷേധിച്ചിരുന്നതിനെ നാനാക്ക് എതിര്‍ത്തിരുന്നു. സൗകര്യം കിട്ടുമ്പോഴൊക്കെ അവരുമൊത്ത് ഇദ്ദേഹം പന്തിഭോജനം നടത്തുകയും ചെയ്തു. ഹിന്ദുമതത്തെയും ഇസ്ലാം മതത്തെയും അതിന്റെ തനിരൂപത്തില്‍ അംഗീകരിക്കാന്‍ കഴിയാതിരുന്ന നാനാക്ക്, രണ്ടുമതത്തിലെയും നല്ല അംശങ്ങള്‍ സ്വീകരിച്ചുകൊണ്ട് പുതിയ ഒരു മതത്തിനു രൂപം കൊടുക്കുകയാണ് ചെയ്തത്. ഹിന്ദുമതത്തില്‍ നിലനിന്നിരുന്ന 'സതി' സമ്പ്രദായത്തെയും വിഗ്രഹാരാധനയെയും ഹിന്ദുമതത്തിലും ഇസ്ലാംമതത്തിലും നിലനിന്നിരുന്ന ദേവപൂജയെയും ദിവ്യപൂജയെയും നാനാക്ക് എതിര്‍ത്തു. ദൈവമൊഴികെ ആരെയും ആരാധിക്കാതിരിക്കാനും മരിച്ചവരുടെ മുമ്പില്‍ ശിരസ്സ് നമിക്കാതിരിക്കാനും നാനാക്ക് ജനങ്ങളെ ഉപദേശിച്ചു.

ധാര്‍മികമൂല്യങ്ങളില്‍ അടിയുറച്ച ഒരു ജീവിതസിദ്ധാന്തത്തിന് രൂപം നല്കുകയായിരുന്നു ഗുരു നാനാക്കിന്റെ ലക്ഷ്യം. 'നിങ്ങള്‍ നിങ്ങളോടെങ്ങനെ പെരുമാറുന്നോ അതുപോലെ അന്യരോടും പെരുമാറുക' എന്നാണ് ഗുരു നാനാക്ക് ജനങ്ങളെ ഉപദേശിച്ചത്. അമിതഭാഷണവും അമിതഭക്ഷണവും വര്‍ജിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ലളിതജീവിതം, ഋജുബുദ്ധി, ആത്മാര്‍ഥത, സ്വഭാവശുദ്ധി എന്നീ ഗുണങ്ങള്‍ ജനങ്ങള്‍ക്ക് ഉണ്ടായിരിക്കണം എന്നും ഇദ്ദേഹം ഉദ്ബോധിപ്പിച്ചു. മദ്യം, പുകയില തുടങ്ങിയ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതിനെയും മാംസം കഴിക്കുന്നതിനെയും ഇദ്ദേഹം നിരുത്സാഹപ്പെടുത്തി. മനുഷ്യന്റെ കര്‍മത്തിലാണ് നാനാക്ക് വിശ്വസിക്കുന്നത്. ഇദ്ദേഹം പറഞ്ഞു: 'സത്കര്‍മങ്ങള്‍ ചെയ്യാത്ത ആര്‍ക്കും മോക്ഷമില്ലെന്നാണ് ദൈവവചനം. ഗോത്രമോ മതമോ ഏതായിരുന്നുവെന്ന് ദൈവം ചോദിക്കാറില്ല. ഓരോരുത്തരും എന്ത് ചെയ്തു എന്നാണ് ദൈവം തിരക്കുക.'

1500 ഫെ.-യില്‍ നാനാക്ക് തന്റെ പ്രസിദ്ധങ്ങളായ യാത്രാപരിപാടികള്‍ ആരംഭിച്ചു. സന്തതസഹചാരിയായിരുന്ന മര്‍ദാനയെ മാത്രമേ ഇദ്ദേഹം ഒപ്പം കൂട്ടിയിരുന്നുള്ളൂ. തല്‍വണ്ടിയിലേക്കായിരുന്നു ആദ്യയാത്ര. അവിടെനിന്നു അമൃത്സര്‍, ലാഹോര്‍, എമീനാബാദ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ഇദ്ദേഹം തന്റെ ആശയ പ്രചരണം നടത്തി. നീണ്ട 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജന്മനാട്ടില്‍ തിരിച്ചെത്തിയത്. അപ്പോഴേക്കും നാട്ടില്‍ നിരവധി മാറ്റങ്ങള്‍ സംഭവിച്ചുകഴിഞ്ഞിരുന്നു. റായ്ബുലാര്‍ അവിടെ ഒരു സൌജന്യ ഭോജനശാല പണികഴിപ്പിച്ചിരുന്നു; ഹിന്ദു മുസ്ലിം വ്യത്യാസമില്ലാതെ തനിക്കു ജനപ്രീതി നേടിക്കൊടുക്കുമെന്നായിരുന്നു റായ്ബുലാറിന്റെ വിശ്വാസം. നാനാക്ക് ഈ ആശയത്തോട് യോജിച്ചിരുന്നില്ല. കുറച്ചു നാളുകള്‍ക്കുശേഷം നാനാക്ക് മര്‍ദാനയോടൊപ്പം വീണ്ടും കിഴക്കോട്ടുള്ള യാത്ര തുടര്‍ന്നു. ഭീകരമായ വനാന്തരങ്ങളിലൂടെ യാത്രചെയ്ത് അവര്‍ കസൂരിലെത്തി. പിന്നീട് ചുനിയാര്‍, മാള്‍വ, ബംഗാള്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം സരസ്വതീനദീതീരത്തെ 'ഭോ' എന്ന പ്രദേശത്ത് കുറച്ചുനാള്‍ താമസിച്ചു. അവിടെ പാര്‍ത്തിരുന്ന ഹിന്ദുപണ്ഡിതന്മാര്‍ക്ക് ശരിയായ ഭക്തിമാര്‍ഗത്തെക്കുറിച്ച് ഉപദേശം നല്കിയശേഷം നാനാക്ക് ഹരിദ്വാറിലേക്കുപോയി. അവിടെ തീര്‍ഥാടകരെ അഭിസംബോധനചെയ്തുകൊണ്ട് മനസ്സിലെ മാലിന്യം കഴുകി കളയാത്തിടത്തോളം കാലം ഗംഗാസ്നാനം കൊണ്ട് പ്രയോജനം ഇല്ല എന്ന് നാനാക്ക് ഉപദേശിച്ചു. ഹരിദ്വാര്‍ സന്ദര്‍ശനത്തിനുശേഷം നാനാക്ക് വസ്ത്രധാരണരീതിമാറ്റി; ഹിന്ദുസന്ന്യാസിയെ അനുസ്മരിപ്പിക്കുന്ന ഉടയാടയും മുസ്ലിം ഫക്കീറിന്റെ തൊപ്പിയും ഇദ്ദേഹം ധരിക്കുവാന്‍ തുടങ്ങി. ഹരിദ്വാറില്‍നിന്നു പാനിപ്പത്തിലേക്കും അവിടെനിന്നു ഡല്‍ഹിവഴി വൃന്ദാവനത്തിലേക്കും പോയി. അവിടെവച്ച് കൃഷ്ണലീലയില്‍ സംബന്ധിക്കാനിടയായ നാനാക്ക് പ്രസ്തുത ഉത്സവം പങ്കാളികള്‍ക്കു മാനസികോല്ലാസം മാത്രമേ പ്രദാനം ചെയ്യുന്നുള്ളൂവെന്നും ആധ്യാത്മികാനുഭൂതി പകരുന്നില്ലെന്നും അഭിപ്രായപ്പെട്ടു. ഗോരഖ്മാതായായിരുന്നു പിന്നീട് നാനാക്ക് സന്ദര്‍ശിച്ചത്. അവിടെനിന്നും നാനാക്കും മര്‍ദാനയും കാശിയിലെത്തി. കാശിയില്‍ വച്ച് ബ്രാഹ്മണപുരോഹിതനായ പണ്ഡിറ്റ് ചതുര്‍ദാസുമായി നാനാക്ക് നടത്തിയ സംവാദം പ്രശസ്തമാണ്. കാശിക്കടുത്ത് പൂസയില്‍ വച്ച് നാനാക്ക് കബീറിനെ സന്ദര്‍ശിച്ചു. കബീര്‍ നാനാക്കിനെ വളരെയധികം സ്വാധീനിക്കുകയുണ്ടായി. സിക്കുമതഗ്രന്ഥമായ 'ആദിഗ്രന്ഥ'ത്തില്‍ കബീറിന്റെ ഒട്ടേറെ ഉദ്ധരണികള്‍ അടങ്ങിയിട്ടുണ്ട്. പൂസയില്‍നിന്നും കിഴക്കോട്ട് നീങ്ങിയ നാനാക്കും മര്‍ദാനയും ആധുനിക ബംഗാളും അസമും അടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കാമന്ദ്രയില്‍ എത്തി. സുല്‍ത്താന്‍പൂരിലേക്കുള്ള മടക്കയാത്ര ബ്രഹ്മപുത്ര നദീതീരം വഴിയും കടലോരം വഴിയും ആയിരുന്നു. പുരിയില്‍ എത്തിയ നാനാക്ക് ജഗന്നാഥക്ഷേത്രത്തില്‍ ആരതി അര്‍പ്പിക്കുന്ന രീതിയെ വിമര്‍ശിക്കുകയും പ്രസിദ്ധമായ ഒരു ഭക്തിഗാനം പാടി ക്ഷേത്രത്തിനു സമര്‍പ്പിക്കുകയും ചെയ്തു. പുരിയില്‍നിന്നും നാനാക്കും മര്‍ദാനയും മധ്യഇന്ത്യയിലേക്കു പുറപ്പെട്ടു. പിന്നീട് നാലുവര്‍ഷം കഴിഞ്ഞശേഷമാണ് അവര്‍ സുല്‍ത്താന്‍പൂരില്‍ തിരിച്ചെത്തിയത്.

1506-ല്‍ നാനാക്ക് തന്റെ രണ്ടാംപര്യടനം ആരംഭിച്ചു. തല്‍വണ്ടിയില്‍നിന്നും മര്‍ദാനയുമൊത്ത് തെക്കോട്ടു യാത്രതിരിച്ച നാനാക്ക് സിര്‍സയായിരുന്നു ആദ്യം സന്ദര്‍ശിച്ചത്. അവിടെവച്ച് പീര്‍മഖ്ദും ബഹാ ഉദ്ദീന്‍ ഖുറേഷിയുടെ അനന്തരാവകാശിയുമായി നടത്തിയ സംവാദം പ്രസിദ്ധമാണ്. സിര്‍സയില്‍നിന്നും ബിക്കാനീര്‍, മാര്‍വാര്‍, ജയ്സാല്‍മീര്‍, ജോധ്പൂര്‍ വഴി നാനാക്ക് അജ്മീറിലെത്തി. അജ്മീറില്‍നിന്നു തെക്കോട്ട് യാത്ര തുടര്‍ന്ന നാനാക്കും മര്‍ദാനയും തെക്കേ ഇന്ത്യയിലെ പ്രധാനസ്ഥലങ്ങള്‍ എല്ലാം സന്ദര്‍ശിച്ച് കന്യാകുമാരിയില്‍ എത്തി. കന്യാകുമാരിയില്‍നിന്നും ലങ്കയിലേക്ക് പോയ നാനാക്കിന് അവിടത്തെ രാജാവ് ശിവനാഭില്‍നിന്നു ഗംഭീരസ്വീകരണം ലഭിച്ചു. രണ്ടരവര്‍ഷം ലങ്കയില്‍ കഴിച്ചുകൂട്ടിയ നാനാക്കിന് അവിടെ ഒട്ടേറെ ശിഷ്യന്മാര്‍ ഉണ്ടായി. ലങ്കയില്‍നിന്നുള്ള മടക്കയാത്ര ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരദേശത്തു കൂടിയായിരുന്നു. കടലോര പട്ടണങ്ങള്‍ കടന്ന് 1508-ല്‍ നാനാക്കും സംഘവും ജൂനഗഡിലെത്തി. അവിടെനിന്നും അവര്‍ സുദമാന്‍പുരിവഴി മുള്‍ട്ടാന്‍ സന്ദര്‍ശിച്ച് തല്‍വണ്ടിയില്‍ എത്തിയതോടെ രണ്ടാംഘട്ട പര്യടനം അവസാനിച്ചു. നാനാക്ക് തല്‍വണ്ടിയിലെത്തി ഏതാനും നാള്‍ കഴിഞ്ഞപ്പോള്‍ റായ്ബുലാര്‍ അന്തരിച്ചു.

1514-ല്‍ നാനാക്ക്  തന്റെ മൂന്നാം പര്യടനം ആരംഭിച്ചു. വടക്കന്‍ പ്രദേശങ്ങളിലേക്കുള്ള ഈ യാത്ര ഒരു വര്‍ഷം നീണ്ടു. 1518-ല്‍ മര്‍ദാനയോടൊപ്പം നാനാക്ക് പടിഞ്ഞാറന്‍ മുസ്ലിം രാജ്യത്തേക്കുള്ള പര്യടനം ആരംഭിച്ചു. ഈ യാത്രയില്‍ നാനാക്ക് ഗോരഖ്ഹത്രി, പെഷവാര്‍, മക്ക, മദീന, ബാഗ്ദാദ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ഈ കാലഘട്ടത്തില്‍ നാനാക്കിന്റെ ഒരു ശിഷ്യന്‍ ലാഹോര്‍ പട്ടണപാര്‍ശ്വത്തില്‍ കര്‍ത്താപൂര്‍ എന്ന ഗ്രാമം പണിത് ഗുരുവിനായി സമര്‍പ്പിച്ചു. 1621-ല്‍ 52-ാം വയസ്സില്‍ നാനാക്ക് കര്‍ത്താര്‍പ്പൂരിലേക്ക് താമസം മാറ്റി. ഇതു നാനാക്കിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി. മാതാപിതാക്കളെയും ഭാര്യയെയും രണ്ട് പുത്രന്മാരെയും ഇദ്ദേഹം കൂടെ കൂട്ടിയിരുന്നു. ഏഴുവര്‍ഷക്കാലം ഒരു സാധാരണക്കാരനെപ്പോലെ നാനാക്ക് ഇവിടെ വസിച്ചു. നാനാക്കിന്റെ അനുയായികളില്‍ പലരും കര്‍ത്താര്‍പൂരിലേക്കു താമസം മാറ്റി. ഇവിടെ താമസിക്കുമ്പോഴാണ് നാനാക്ക് തന്റെ ചില പ്രധാന ഗ്രന്ഥങ്ങള്‍ രചിച്ചതും സിക്കുമതത്തിന്റെ അടിത്തറ പാകിയതും.

ഗ്രാമവാസികള്‍ കര്‍ത്താപൂരില്‍ നിത്യവും നാനാക്കിന്റെ മന്ദിരത്തില്‍ സമ്മേളിക്കുക പതിവായിരുന്നു. അത്തരം സമ്മേളനങ്ങളില്‍ ഇദ്ദേഹം മര്‍ദാനയുടെ മനോഹര വാദ്യ പശ്ചാത്തലത്തില്‍ പാടി അവതരിപ്പിച്ച ഗാനങ്ങള്‍ വാര്‍മല്‍ഹാര്‍, വാര്‍മഝ്, വാര്‍ആശ, ജപ്ജി എന്നീ കൃതികളില്‍ സമാഹരിച്ചിട്ടുണ്ട്. വാര്‍മല്‍ഹറില്‍ മനുഷ്യന്റെ ഉത്പത്തിയും മായാമോഹങ്ങളും അഹങ്കാരവും അവനുവരുത്തിവയ്ക്കുന്ന വിനകളുമാണ് പരാമര്‍ശനം. പതിതമനസ്സിലെ സംഘട്ടനങ്ങളും അതിനെ നേര്‍വഴിക്ക് നയിക്കേണ്ടതിന്റെ ആവശ്യകതയും അതിനുവേണ്ടിയുള്ള യജ്ഞത്തില്‍ ഒരു യഥാര്‍ഥ ഗുരുവിനുള്ള പങ്കും ഈ കൃതികളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. മനുഷ്യന്റെ പതനകാരണങ്ങളാണ് വാര്‍മഝിലെ പ്രധാന പ്രതിപാദ്യം.

നാനാക്കിന്റെ ഉറ്റസഹചാരിയായിരുന്ന മര്‍ദാന ആയിടയ്ക്ക് അന്തരിച്ചതിനെത്തുടന്ന് അദ്ദേഹത്തിന്റെ മകന്‍ ഷാങ്സാദ നാനാക്കിന്റെ സംഘത്തില്‍ ചേര്‍ന്നു. അതിനുശേഷമാണ് നാനാക്ക് വാര്‍ആശ രചിച്ചത്. പദാര്‍ഥങ്ങളെക്കുറിച്ചും ആത്മാവിനെക്കുറിച്ചും അവയ്ക്ക് പരമാത്മാവുമായുള്ള ബന്ധത്തെക്കുറിച്ചും ഈ ഗ്രന്ഥത്തില്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. നാനാക്കിന്റെ പ്രബലകൃതികളില്‍ ഒന്നായ ജപ്ജി എഴുതുന്നതിനുമുമ്പ് നാനാക്കിന്റെ മാതാപിതാക്കള്‍ അന്തരിച്ചു. സനാതനസത്യമാണ് ഇതിലെ പ്രമേയം.

പ്രഭാതകീര്‍ത്തനങ്ങളും രാവിലെത്തെയും വൈകുന്നേരത്തെയും സമൂഹഭജനയും കര്‍ത്താപൂര്‍ നിവാസികളുടെ ദിനചര്യയുടെ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഭാഗമായിത്തീര്‍ന്നു. സമൂഹഭോജനവും പതിവായി നടന്നുവന്നു. ഗാര്‍ഹസ്ഥ്യം വെടിയാതെതന്നെ ഈശ്വരനെ പ്രാപിക്കാന്‍ കഴിയുമെന്ന ഗുരുവിന്റെ ഉപദേശം അനേകരെ ആകര്‍ഷിച്ചു. മോക്ഷം ലഭിക്കണമെങ്കില്‍ അഹങ്കാരം വെടിയണമെന്നും യോഗമുറകള്‍ അനുഷ്ഠിച്ചാല്‍ മാത്രം പോരാ എന്നും നാനാക്ക് വ്യക്തമാക്കി. അവനവന്റെ മോചനത്തിനു വേണ്ടിയല്ല, സമുദായത്തിന്റെ മോചനത്തിനുവേണ്ടിയാവണം പ്രാര്‍ഥിക്കാന്‍ എന്നും ഇദ്ദേഹം അനുയായികളെ ഉപദേശിച്ചു. ഇക്കാലത്താണ് സിദ്ധഗോഷ്ഠ, ഓംകാര്‍, ആശാപട്ടി, ഥിഥ് എന്നീ കൃതികള്‍ ഇദ്ദേഹം രചിച്ചത്. തന്റെ പര്യടനത്തില്‍ ശിഷ്യത്വം സ്വീകരിച്ചിരുന്നവര്‍ കര്‍ത്താപൂരില്‍ എത്തി ഇവിടത്തെ ജീവിതമാതൃക തങ്ങളുടെ നാട്ടിലും പ്രചരിപ്പിക്കാന്‍ തുടങ്ങിയതോടെ ഒരു മതം എന്ന നിലയില്‍ സിക്കുമതം പ്രവര്‍ത്തനം ആരംഭിച്ചു എന്നു പറയാം.

ഗുരു നാനാക്കിനു പ്രായം വര്‍ധിച്ചുവന്നു. അന്ത്യം അടുത്തു എന്നു ബോധ്യമായതിനെത്തുടര്‍ന്ന് ഒരു ശിഷ്യനെ കണ്ടെത്തുകയായി ലക്ഷ്യം. യോഗികളുടെ മാര്‍ഗം തിരഞ്ഞെടുത്തിരുന്ന സ്വന്തം പുത്രന്‍ ശ്രീചന്ദ് ആ പദവിക്ക് അര്‍ഹനല്ല എന്ന് നാനാക്ക് തീരുമാനിച്ചു. 1539 സെപ്. 2-ന് ശിഷ്യനായ ലേനയ്ക്ക് 'അംഗദ്' എന്ന പേര്‍ നല്കി തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചു. സെപ്. 7-നു നാനാക്ക് കര്‍ത്താര്‍പൂരിലെ ജനങ്ങളെ തന്റെ ചുറ്റിനും വിളിച്ചുകൂട്ടി അന്ത്യദര്‍ശനത്തിന് അവസരം ഒരുക്കി. അനന്തരം കട്ടിലില്‍ കിടന്നുകൊണ്ട് ഇദ്ദേഹം ഒരു കീര്‍ത്തനം ആലപിക്കുകയും അന്തരിക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍