This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുരു ദത്ത് (1925 - 64)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുരു ദത്ത് (1925 - 64)

ഇന്ത്യന്‍ ചലച്ചിത്രസംവിധായകന്‍. ജനപ്രീതിയും കലാമേന്മയും ഒത്തുചേര്‍ന്ന ചലച്ചിത്രങ്ങളുടെ ശില്പിയായ ഇദ്ദേഹം നടനും നിര്‍മാതാവും കൂടിയായിരുന്നു.

ഗുരു ദത്ത് ശിവശങ്കര്‍ പാദുകോണ്‍ 1925 ജൂല.-യില്‍ മംഗലാപുരത്തു ജനിച്ചു. നന്നേ കുട്ടിക്കാലത്തുതന്നെ ഗുരു ദത്തിന്റെ കുടുബം ബംഗാളില്‍ സ്ഥിരവാസമാക്കി. ബംഗാളിന്റെ സാംസ്കാരിക മണ്ഡലം ഗുരു ദത്തിന്റെ കലയില്‍ നിത്യമായ സ്വാധീനം ചെലുത്തിയിരുന്നു. പില്ക്കാലത്ത് ബിമല്‍ മിത്രയുടെ പ്രശസ്ത ബംഗാളി നോവലായ സാഹിബ് ബീബി ഔര്‍ ഗുലാം ചലച്ചിത്രത്തിലേക്കു പകര്‍ത്താന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചതും ബംഗാളിനോടുള്ള ആകര്‍ഷണംതന്നെ.

ഗുരു ദത്ത്

ഇദ്ദേഹത്തിന്റെ കലാഭിരുചിയുടെ തുടക്കം ചിത്രകല, സംഗീതം, നൃത്തം ഇവയിലായിരുന്നു. പ്രശസ്ത നര്‍ത്തകനായ ഉദയശങ്കറിന്റെ കീഴില്‍ നൃത്തം പഠിച്ചു. ഉദയശങ്കര്‍ കല്പന എന്ന ചിത്രം നിര്‍മിച്ചപ്പോള്‍ അതിലദ്ദേഹത്തെ സഹായിച്ചു. 1944-ല്‍ പൂനയിലെത്തി പ്രഭാത് സ്റ്റുഡിയോയില്‍ ചേര്‍ന്നു. ഏതാനും ചിത്രങ്ങളില്‍ സഹസംവിധായകനായും ലഖാറാണിയില്‍ നടനായും ഹം ഏക് ഹൈയില്‍ നൃത്തസംവിധായകനായും പ്രവര്‍ത്തിച്ചു. പ്രഭാതില്‍ നടനായിരുന്ന ദേവാനന്ദ് നവകേതന്‍ എന്ന ചലച്ചിത്രനിര്‍മാണസ്ഥാപനമാരംഭിച്ചപ്പോള്‍ ആദ്യചിത്രത്തിന്റെ സംവിധാനച്ചുമതല ഗുരു ദത്തിനെയേല്പിച്ചു. അങ്ങനെ 1951-ല്‍ ഗുരുദത്ത് സംവിധാനം ചെയ്ത ആദ്യചിത്രമായ ബാസി പുറത്തുവന്നു. നടനെന്ന നിലയ്ക്ക് പിന്നീട് ഏറെ പ്രശസ്തനായിത്തീര്‍ന്ന ബല്‍രാജ് സാഹ്നിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. താന്‍ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ ബാസിലാണ് ഗുരു ദത്ത് ആദ്യമായി നായകവേഷത്തില്‍ അഭിനയിച്ചത്.

1954-ല്‍ ഗുരു ദത്ത് ഫിലിംസിന്റെ ബാനറില്‍ ഇദ്ദേഹം സ്വന്തമായി ചലച്ചിത്ര നിര്‍മിതിയാരംഭിച്ചു. ആദ്യമായി നിര്‍മിച്ച ചിത്രം ആര്‍-പാര്‍. തുടര്‍ന്നു നിര്‍മിച്ച ആറു ചിത്രങ്ങളില്‍ സി.ഐ.ഡി., ചൗദ്വിന്‍ കാ ചാന്ദ് എന്നിവ തികഞ്ഞ കച്ചവട ചിത്രങ്ങളായിരുന്നു. ഇവയുടെ സംവിധാനച്ചുമതല മറ്റാളുകളെ ഏല്പിക്കയാണു ചെയ്തത്. സി.ഐ.ഡി.യിലാണ് വഹീദാ റഹ്മാന്‍ ആദ്യമായി നായികാവേഷമണിയുന്നത്. ഗുരു ദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളായ പ്യാസാ, കാഗസ് കേ ഫൂല്‍, സാഹിബ് ബീബി ഔര്‍ ഗുലാം എന്നിവ നിര്‍മിക്കപ്പെട്ടതും ഈ കാലയളവില്‍ത്തന്നെ. പ്യാസ ഒരു സാഹിത്യകാരന്റെയും കാഗസ് കേ ഫൂല്‍ ഒരു ചലച്ചിത്ര സംവിധായകന്റെയും കഥ പറയുന്നു. ഈ ചലച്ചിത്രങ്ങളില്‍ കലാകാരനായ ഗുരു ദത്തിന്റെ ആത്മാംശമുണ്ട്.

കാഗസ് കേ ഫൂലിന്റെയും സാഹിബ് ബീബി ഔര്‍ ഗുലാമിന്റെയും സാമ്പത്തിക പരാജയത്തെത്തുടര്‍ന്ന് ഗുരു ദത്ത് നിര്‍മാണവും സംവിധാനവും നിര്‍ത്തിവച്ചു. പിന്നീട് മറ്റുള്ളവരുടെ ചിത്രങ്ങളില്‍ അഭിനയിക്കുക മാത്രം ചെയ്തു. നടിയും ഗായികയുമായ ഗീതാദത്തായിരുന്നു ഭാര്യ. ഉറക്കഗുളിക കണക്കിലേറെ കഴിച്ചതിനെത്തുടര്‍ന്ന് 1964 ഒ.-ല്‍ ഇദ്ദേഹം മരണമടഞ്ഞു.

(വിജയകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍