This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുരുമുഖി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുരുമുഖി

പഞ്ചാബി ഭാഷയുടെ ലിപി. രണ്ടാമത്തെ സിക്കുഗുരുവായ അംഗദ് ആണ് ഗുരുമുഖിയുടെ ഉപജ്ഞാതാവ്. ഗുരു നാനാക്ക് ഉപദേശിച്ച ഗീതങ്ങള്‍ എഴുതിയെടുക്കുന്നതിനാണ് ഇദ്ദേഹം ഈ ലിപിമാല ഉണ്ടാക്കിയതെന്നു കരുതപ്പെടുന്നു. ബ്രാഹ്മിലിപിയാണ് ഇതിന്റെ അടിസ്ഥാനം. ഗുരുമുഖത്തുനിന്നു വന്ന ലിപിയായതിനാല്‍ ഗുരുമുഖി എന്ന പേര്‍ സിദ്ധിച്ചു. ശൗരസേനി, പൈശാചി എന്നീ അപഭ്രംശങ്ങളില്‍നിന്ന് ഉടലെടുത്ത ആധുനിക പഞ്ചാബിഭാഷയുടെ വളര്‍ച്ചയോടൊപ്പമാണ് ഗുരുമുഖിയും പ്രചരിച്ചത്. കാലാന്തരത്തില്‍ ഗുരുമുഖി പഞ്ചാബിയുടെ പൊതുവായ ലിപിയായിത്തീര്‍ന്നു. ഗുരുമുഖി പ്രാബല്യത്തില്‍ വരുന്നതിനുമുന്‍പ് സിക്കുകാരുടെ സ്തോത്രങ്ങളും ആരാധനാഗീതങ്ങളും ലാണ്ട, ദേവനാഗരി എന്നീ ലിപികളില്‍ എഴുതിപ്പോന്നിരുന്നു. പഞ്ചാബിയുടെ ദേശീയ അക്ഷരമാലയായ ലാണ്ട മുഖ്യമായും പഞ്ചാബിലെയും സിന്ധിയിലെയും കച്ചവടക്കാരാണ് ഉപയോഗിച്ചിരുന്നത്. സമൂഹത്തിലെ ഉന്നതന്മാര്‍ സ്വീകരിച്ചത് ദേവനാഗരി ആയിരുന്നു. ലാണ്ട ലിപിയില്‍ രചിക്കുന്ന സ്തോത്രങ്ങള്‍ തെറ്റായി ഉച്ചരിക്കാന്‍ വഴിയുണ്ടെന്നു കണ്ട ഗുരു വിശുദ്ധ മതഗ്രന്ഥത്തിന്റെ രചനയ്ക്ക് സ്വന്തമായൊരു ലിപി ഉണ്ടാക്കേണ്ടതാണെന്നു വിശ്വസിച്ചു. തത്ഫലമായി രൂപപ്പെടുത്തിയതാണ് ഗുരുമുഖി. ഈ പുതിയ ലിപി അതിവേഗം പ്രചാരം സിദ്ധിക്കുകയും മതബോധനങ്ങള്‍ വിശ്വാസികളിലെത്തിക്കുന്നതിനുള്ള ഉപാധിയെന്ന നിലയില്‍ സിക്കുമതത്തിന്റെ ഐക്യത്തിനും കെട്ടുറപ്പിനും ആധാരമായിത്തീരുകയും ചെയ്തു.

ലാണ്ട ലിപിയുടെ പരിഷ്കരിച്ച രൂപമാണ് ഗുരുമുഖി. ദേവനാഗരിയില്‍നിന്നുകൂടി ചില ചിഹ്നങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിലെ സ്വരാക്ഷരങ്ങളുടെ ക്രമം ദേവനാഗരിയില്‍ നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു. പത്തു സ്വരങ്ങളും മുപ്പത്തിനാലു വ്യഞ്ജനങ്ങളുമടങ്ങുന്നതാണ് ഗുരുമുഖിയുടെ അക്ഷരമാല. അ, ആ, ഇ, ഈ, ഉ, ഊ, ഏ, ഐ, ഓ, ഔ എന്നിവയാണ് പത്ത് സ്വരങ്ങള്‍. ഇവയില്‍ മൂന്നെണ്ണം ഹ്രസ്വസ്വരങ്ങളും അഞ്ചെണ്ണം ദീര്‍ഘസ്വരങ്ങളും രണ്ടെണ്ണം സംയുക്തസ്വരങ്ങളും (diphthongs) ആണ്. ക, ഖ, ഗ, ഘ, ങ; ച, ഛ, ജ, ഝ, ഞ; ട, ഠ, ഡ, ഢ, റ, ണ; ത, ഥ, ദ, ധ, ന; പ, ഫ, ബ, ഭ, മ; യ, ര, ല, ള, വ, ഷ, സ, ഹ എന്നിവയാണ് വ്യഞ്ജനങ്ങള്‍. വ്യഞ്ജനങ്ങള്‍ക്കു പ്രത്യേകം പ്രത്യേകം പേരുകളുണ്ട്- അ-കണ്ണ, ഇ-ഇസിയ, ര, സാ, സ, ഹാ ഹാ എന്നിങ്ങനെ. സ്വരത്തില്‍ തുടങ്ങുന്ന പദങ്ങളുടെ കൂട്ടത്തില്‍ ചില പ്രത്യേക ചിഹ്നങ്ങള്‍ ചേര്‍ക്കുന്നു. ഉദാഹരണത്തിന് അ, ഐ, ഔ എന്നീ സ്വരങ്ങളിലാരംഭിക്കുന്ന പദങ്ങളുടെ തുടക്കത്തില്‍ 'ഐറ' എന്നും ഇ, എ എന്നീ സ്വരങ്ങളിലാരംഭിക്കുന്ന പദങ്ങളുടെ കൂടെ 'ഇറി' എന്നും ഉ, ഒ എന്നീ സ്വരങ്ങളിലാരംഭിക്കുന്ന പദങ്ങളുടെ കൂടെ 'ഉറു' എന്നും ചേര്‍ക്കണം. പദത്തിന്റെ അവസാനം വരുന്ന വ്യഞ്ജനാക്ഷരങ്ങളിലടങ്ങിയിരിക്കുന്ന 'അകാരം' ഉച്ചരിക്കാറില്ല.

(എ.ബി. രഘുനാഥന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍