This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുരുപാദസ്വാമി, എം.എസ്. (1923 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുരുപാദസ്വാമി, എം.എസ്. (1923 - )

ജനതാദള്‍ നേതാവും മുന്‍കേന്ദ്രമന്ത്രിയും. 1923 ജനു. 8-നു ജനിച്ചു. മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദവും ലഖ്നൌ യൂണിവേഴ്സിറ്റിയില്‍നിന്ന് മാസ്റ്റര്‍ബിരുദവും നിയമബിരുദവും സമ്പാദിച്ചു. പിന്നീട് ബാംഗ്ളൂരില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. ചെറുപ്പത്തില്‍ത്തന്നെ സ്വതന്ത്യ്രസമരത്തില്‍ പങ്കെടുത്തിരുന്നു. മൈസൂര്‍ സ്റ്റുഡന്റ്സ് എയിഡ് ആന്‍ഡ് ഗൈഡന്‍സ് ക്ളബ്ബിന്റെ പ്രസിഡന്റായിരുന്നു ഇദ്ദേഹം. 1946-48 കാലത്ത് പ്രജാമാതയുടെ എഡിറ്ററായി സേവനമനുഷ്ഠിച്ചു. 1948-53 കാലത്ത് മൈസൂര്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ്, സോഷ്യലിസ്റ്റ് ഗില്‍ഡിന്റെ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. പ്രജാസോഷ്യലിസ്റ്റുപാര്‍ട്ടിയുടെ അംഗമെന്നനിലയില്‍ 1952-ല്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് പി.എസ്.പി. പാര്‍ലമെന്ററിപാര്‍ട്ടി സെക്രട്ടറിയായി. തിബറ്റ് കമ്മിറ്റിയുടെ പ്രസിഡന്റ്, പ്രജാസോഷ്യലിസ്റ്റുപാര്‍ട്ടിയുടെ നാഷണല്‍ എക്സിക്യൂട്ടീവ് അംഗം (1957-63), മൈസൂര്‍ സ്റ്റേറ്റ് പി.എസ്.പി. യുടെ ചെയര്‍മാന്‍ (1958-60) എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. രണ്ടുപ്രാവശ്യം (1960-ലും 66-ലും) രാജ്യസഭാംഗമായി. ലോക്സഭാംഗങ്ങളുടെ ഇന്‍ഫോര്‍മല്‍ കണ്‍സള്‍ടേറ്റീവ് കമ്മിറ്റി, മീഡിയാ ഒഫ് മാസ്സ് കമ്യൂണിക്കേഷന്‍ കമ്മിറ്റി (ചന്ദാ കമ്മിറ്റി), പാര്‍ലമെന്റ് പബ്ലിക് അണ്ടര്‍ടേക്കിങ്സ് കമ്മിറ്റി എന്നിവയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1967-ല്‍ കേന്ദ്രത്തിന്റെ ആറ്റോമിക് എനര്‍ജി വിഭാഗത്തില്‍ സ്റ്റേറ്റ് മിനിസ്റ്റര്‍ ആയി സേവനമനുഷ്ഠിച്ചു. പിന്നീട് ഇദ്ദേഹം ജനതാപാര്‍ട്ടിയിലും തുടര്‍ന്ന് ജനതാദളിലും ചേര്‍ന്നു. 1989-ലെ വി.പി. സിംഗ് മന്ത്രിസഭയില്‍ പെട്രോളിയം രാസവസ്തു വകുപ്പു മന്ത്രിയായിരുന്നു. ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, പൊളിറ്റിക്കല്‍ പില്‍ഗ്രിമേജ്, കമ്മ്യൂണലിസം എന്നിവയാണ് ഗുരുപാദസ്വാമിയുടെ പ്രധാന കൃതികള്‍. പാര്‍ലമെന്റ് സ്റ്റഡീസിന്റെ എഡിറ്ററായിരുന്നു.

(പി. സുഷമ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍