This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുരുത്വകേന്ദ്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുരുത്വകേന്ദ്രം

Centre of Gravity

ഒരു വസ്തുവിന്റെ ഓരോ ബിന്ദുവിലും അനുഭവപ്പെടുന്ന ഗുരുത്വബലങ്ങളുടെ പരിണതബലം പ്രയോഗിക്കപ്പെടുന്ന സ്ഥാനം.

ഒരു വസ്തുവിനെ അനേകം കണങ്ങളുടെ ഒരു സമൂഹമായി പരിഗണിക്കാവുന്നതാണ്. അതിലെ എല്ലാ കണങ്ങളെയും ഭൂമി അതിന്റെ കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കുന്നു. ഈ ആകര്‍ഷണ ബലങ്ങള്‍ സമാന്തരങ്ങള്‍ ആണ്. ഈ സമാന്തരബലങ്ങള്‍ എല്ലാം കൂട്ടിയാല്‍ കിട്ടുന്നതായിരിക്കും, ഭൂമി ആ വസ്തുവില്‍ പ്രയോഗിക്കുന്ന മൊത്തം ആകര്‍ഷണബലം അഥവാ ഗുരുത്വബലം. ഈ ഗുരുത്വബലം വസ്തുവിലെ ഒരു പ്രത്യേക ബിന്ദുവില്‍ കേന്ദ്രീകരിച്ചിരിക്കുന്നതായി നമുക്കനുഭവപ്പെടുന്നു. ഇപ്രകാരം ഭാരം കേന്ദ്രീകരിച്ചിരിക്കുന്നതായി തോന്നുന്ന നിശ്ചിതബിന്ദുവാണ് ആ വസ്തുവിന്റെ ഗുരുത്വകേന്ദ്രം. ഭൂമിക്കു മാത്രമല്ല ഏതൊരു ഖഗോള വസ്തുവിനും ഇതു ബാധകമാണ്.

ഏകസമാനഘടനയുള്ള ഏതൊരു വസ്തുവിനും ഗുരുത്വകേന്ദ്രവും ജ്യാമിതീയകേന്ദ്രവും ഒന്നുതന്നെ ആയിരിക്കും. ഉദാഹരണമായി ഗോളാകൃതിയിലുള്ള ഒരു വസ്തുവിന്റെ കേന്ദ്രം തന്നെയാണ് അതിന്റെ ഗുരുത്വകേന്ദ്രവും. ഒരു ത്രികോണത്തകിടിന്റെ ഗുരുത്വകേന്ദ്രമാകട്ടെ അതിന്റെ മാധ്യകങ്ങളുടെ പ്രതിച്ഛേദകബിന്ദു ആയിരിക്കും. സാധാരണഗതിയില്‍ ഗുരുത്വകേന്ദ്രം വസ്തുവിനുള്ളില്‍ത്തന്നെയാകും സ്ഥിതിചെയ്യുക. എന്നാല്‍ ചില പ്രത്യേക ആകൃതിയുള്ള വസ്തുക്കളുടെ കാര്യത്തില്‍ ഗുരുത്വകേന്ദ്രം വസ്തുവിന് പുറത്തുമാകാം. ഉദാ. വളയം.

നിയതമായ ആകൃതിയോ ഏകസമാനതയോ ഇല്ലാത്ത വസ്തുവിന്റെ ഗുരുത്വകേന്ദ്രം പരീക്ഷണംവഴി നിര്‍ണയിക്കാം. വസ്തു പലബിന്ദുക്കളില്‍ നിന്നു തൂക്കിയിട്ട് അവയില്‍നിന്നെല്ലാം ലംബങ്ങള്‍ വരയ്ക്കുക, അവയെല്ലാം ഒരു ബിന്ദുവില്‍ പ്രതിച്ഛേദിക്കുന്നതായി കാണാം. ഈ ബിന്ദുവായിരിക്കും ആ വസ്തുവിന്റെ ഗുരുത്വകേന്ദ്രം.

വസ്തുവിന്റെ ആകൃതിയില്‍ മാറ്റമുണ്ടാകുന്നില്ലെങ്കില്‍ ഗുരുത്വകേന്ദ്രം എപ്പോഴും ഒരേ ബിന്ദുതന്നെ ആയിരിക്കും. എന്നാല്‍ വസ്തുവിന്റെ ആകൃതിയോ പ്രത്യേകഭാഗങ്ങളുടെ ഭാരമോ വ്യതിയാനപ്പെട്ടാല്‍ ഗുരുത്വകേന്ദ്രത്തിന്റെ സ്ഥാനവും മാറും. വിമാനം പറക്കുന്നതിനിടയില്‍ ഇന്ധന ടാങ്കിലെ ഇന്ധനം കുറയുകയോ യുദ്ധവിമാനത്തില്‍നിന്നും ബോംബുകളും ഷെല്ലുകളും വര്‍ഷിക്കുകയോ ചെയ്യുന്നതോടനുബന്ധിച്ച് അതിന്റെ ഗുരുത്വകേന്ദ്ര സ്ഥാനത്തിനും മാറ്റം വരും. യുദ്ധവിമാനങ്ങളുടെയും മറ്റും രൂപകല്പനയില്‍ ഇക്കാര്യം പ്രത്യേകം പരിഗണിക്കാറുണ്ട്.

വസ്തുക്കളുടെ സന്തുലനസ്ഥിതി (equillibrium) അവയുടെ ഗുരുത്വകേന്ദ്രത്തിന്റെ സ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗുരുത്വകേന്ദ്രത്തില്‍ക്കൂടി വരയ്ക്കുന്ന ലംബരേഖ അതിനെ താങ്ങിനിര്‍ത്തുന്ന വിസ്തീര്‍ണത്തിനുള്ളില്‍ക്കൂടി കടന്നുപോകുന്നുവെങ്കില്‍ ആ വസ്തു സന്തുലിതാവസ്ഥയിലായിരിക്കും. മറിച്ച് ലംബരേഖ പാദത്തിനു പുറത്തേക്കു നീങ്ങിയാല്‍ വസ്തു സന്തുലിതാവസ്ഥ കൈവിട്ട് മറിയുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍