This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുരുഗ്രന്ഥസാഹിബ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുരുഗ്രന്ഥസാഹിബ്

സിക്കുകാരുടെ ആദ്യത്തെ മതഗ്രന്ഥം. സിക്കുമതസ്ഥാപകനായ ഗുരുനാനാക്കും മൂന്നാമത്തെ ഗുരുവായ അമര്‍ദാസും സമാഹരിച്ചു വച്ചിരുന്ന സിദ്ധന്മാരുടെയും മറ്റും രചനകളെ ഉപയോഗിച്ചുകൊണ്ട്, അഞ്ചാമത്തെ ഗുരുവായ അര്‍ജുന്‍ദേവ് ആണ് ഇത് ചിട്ടപ്പെടുത്തിയത്. ഭായി ഗുര്‍ദാസ് പകര്‍ത്തിയെഴുതിയ ഈ ഗ്രന്ഥം സുവര്‍ണ ക്ഷേത്രത്തിലെ ഹരിമന്ദറില്‍ സൂക്ഷിച്ചിട്ടുണ്ട്. ആദിഗ്രന്ഥ് എന്ന പേരിലും ഗുരുഗ്രന്ഥസാഹിബ് അറിയപ്പെടുന്നു.

ഗുരുഗ്രന്ഥസാഹിബ്

നാനാക്ക്, അംഗദ്, അമര്‍ദാസ്, രാംദാസ്, അര്‍ജുന്‍ദേവ് എന്നീ ആദ്യത്തെ അഞ്ചു ഗുരുക്കളുടെ 6,000 മന്ത്രങ്ങളും ഒന്‍പതാമത്തെ ഗുരുവായ തേജ് ബഹാദൂറിന്റെ 115 രചനകളുമാണ് ഇതിലെ പ്രധാന ഉള്ളടക്കം. ഇതിനു പുറമേ നാമദേവ്, രവിദാസ് തുടങ്ങിയവരുടെയും കബീര്‍, ഫരീദ് എന്നീ ഭക്തകവികളുടെയും നിരവധി ഗ്രാമീണ ഗായകരുടെയും രചനകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗുരുനാനാക്കിന്റെ മരണശേഷം 65 വര്‍ഷം കഴിഞ്ഞാണ് ഈ ഗ്രന്ഥം സമാഹരിച്ചത്.

രൂപഘടന

1. ഗുരുനാനാക്കിന്റെ ജപുജി

2. ആസാ, ധനാശ്രീ എന്നീ രാഗങ്ങളിലുള്ള ഒന്‍പതു കീര്‍ത്തനങ്ങള്‍

3. ഗൗരി, ആസാ, ധനാശ്രീ എന്നീ രാഗങ്ങളിലുള്ള കീര്‍ത്തനങ്ങള്‍

4. മുപ്പത്തിയൊന്നു രാഗങ്ങളിലെ കീര്‍ത്തനങ്ങള്‍

5. ശ്ലോകങ്ങളും വിട്ടുപോയ കൃതികളും രാഗമാലയും. ആകെ 5894 കീര്‍ത്തനങ്ങള്‍. ഇതില്‍ അര്‍ജുന്‍ 2216,ഗുരുനാനാക്ക് 976, അംഗദ് 61, അമര്‍ദാസ് 907, രാംദാസ് 679, തേജ് ബഹാദൂര്‍ 113, പിന്നെ ഭക്തകവികളും സൂഫികളും രചിച്ച 937 കൃതികളും.

ആദ്യഭാഗമായ ജപുജി ഗുരുനാനാക്ക് രചിച്ച സ്തോത്രങ്ങളുടെ സമാഹാരമാണ്. ഇതില്‍ 38 മൂലമന്ത്രങ്ങളും 38 പൗരി (പടി)കളും ഒരു ശ്ലോകവുമാണുള്ളത്. സിക്കുകാര്‍ ഈ ഭാഗമാണ് പ്രഭാത പ്രാര്‍ഥനയ്ക്കുപയോഗിക്കുന്നത്.

14-ാം ശ.-ത്തിലും 15-ാം ശ.-ത്തിലും ഭാരതത്തില്‍ നിലനിന്ന ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമാണ് ഈ ഗ്രന്ഥം. ഇതിലെ ഓരോ കീര്‍ത്തനത്തിലും ഈശ്വരാധിഷ്ഠിതമായ ജീവിതദര്‍ശനം നിഴലിക്കുന്നു. സത്യമാണ് ദൈവമെന്നു ഇതുദ്ഘോഷിക്കുന്നു. വര്‍ണവ്യവസ്ഥയെയും ജാതിവ്യവസ്ഥയെയും എതിര്‍ത്തുകൊണ്ട്, വിശ്വസാഹോദര്യത്തിന്റെ അനിവാര്യത ഉയര്‍ത്തിപ്പിടിക്കുന്നു. ഉദാത്തമായ ചിന്തയും സാന്ദ്രമായ ഭക്തിയുംകൊണ്ട് സമ്പന്നമാണ് ഇതിലെ കവിതകള്‍.

"മനസ്സുകീഴടക്കുന്നോന്‍

ലോകത്തെകീഴടക്കുന്നു

വിശ്വാസം മണ്ണ്

സത്യം വിത്ത്

അങ്ങനെ കൃഷിചെയ്യൂ

"കോപാഗ്നിമാരകമത്രേ

ഇതിലെ രചനകള്‍ വൃത്തനിബദ്ധവും സംഗീതാത്മകവുമാണ്. നല്ലൊരു ഗായകന്‍ കൂടിയായിരുന്ന ഗുരുനാനാക്ക് കീര്‍ത്തനങ്ങളെല്ലാം അവ പാടേണ്ട രാഗങ്ങളുടെ ക്രമത്തിലാണ് തരംതിരിച്ചിട്ടുള്ളത്. ഓരോ ശ്ലോകത്തോടുമൊപ്പം അതിന്റെ സംഗീതത്തെക്കുറിച്ചുള്ള സൂചന ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും 31 രാഗങ്ങളാണ് ഇതിലുള്ളത്.

വിഭിന്ന ദേശങ്ങളിലും സാമൂഹ്യ ചുറ്റുപാടുകളിലുമുള്ള സിദ്ധന്മാരുടെ രചനകളുടെ സമാഹാരമായതിനാല്‍ ഇത് മധ്യകാലഘട്ടങ്ങളിലെ ഇന്ത്യയിലെ പ്രാദേശിക ഭാഷാഭേദങ്ങളുടെ മാതൃകകൂടിയായിരിക്കുന്നു. 'സന്ത്ഭാഷ' എന്നാണ് പൊതുവേ അറിയപ്പെടുന്നത്. വ്രജഭാഷ, പടിഞ്ഞാറന്‍ ഹിന്ദി, കിഴക്കന്‍ പഞ്ചാബി, ലാഹ്ന്‍ഡി, സിന്ധി എന്നീ ഭാഷകളിലുള്ള രചനകളും ഇതിലുണ്ട്. പശ്ചിമ, പൂര്‍വ, ദക്ഷിണ അപഭ്രംശം, സംസ്കൃതം, പേര്‍ഷ്യന്‍, അറബിക്, മറാഠി എന്നിവയുടെ സ്വാധീനവും ഇതില്‍ കാണാം.

സമാനമായ ആധ്യാത്മികാനുഭൂതിയാണ് ഇതിലെ മിക്കരചനകളും ആവിഷ്കരിക്കുന്നതെങ്കിലും, ബിംബകല്പനയിലെ മൌലികത കൊണ്ടും വൈജാത്യം കൊണ്ടും ഓരോ രചനയും നൂതനമായ അനുഭൂതിയാണ് ജനിപ്പിക്കുന്നത്.

1704-ല്‍ പത്താമത്തെ ഗുരുവായ ഗുരുഗോവിന്ദസിങ് ഇതിന്റെ മൂന്നാമത്തെ പരിഷ്കൃത രൂപം തയ്യാറാക്കി. ഇദ്ദേഹം തന്റെ പിതാവായ തേജ്ബഹാദൂറിന്റെ 115 രചനകള്‍ കൂടി ഇതിലുള്‍പ്പെടുത്തി. രശമ്ഗ്രന്ഥ് എന്നാണിത് അറിയപ്പെടുന്നത്. തനിക്കുശേഷം ഈ ഗ്രന്ഥത്തെ ഗുരുവായി പരിഗണിക്കണമെന്ന് ഗോവിന്ദസിങ് ആവശ്യപ്പെട്ടു. അതുകൊണ്ടാണ് ഇത് ഗുരുഗ്രന്ഥസാഹിബ് എന്നറിയപ്പെടുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍