This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുരുക്കള്‍, എം.കെ. (1869 - 1929)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുരുക്കള്‍, എം.കെ. (1869 - 1929)

കേരളീയ സംസ്കൃത പണ്ഡിതനും ഗ്രന്ഥകാരനും. കൊ.വ. 1044 കുംഭം 4-നു (1869) കോഴിക്കോട് താലൂക്കില്‍ എലത്തൂര്‍ അംശത്തില്‍ മരക്കാട്ടേരി എന്ന ദരിദ്രകുടുംബത്തില്‍ രാരിച്ചന്റെയും ഉണ്ണിച്ചിരയുടെയും പുത്രനായി കോരപ്പന്‍ എന്ന എം.കെ. ഗുരുക്കള്‍ ജനിച്ചു. കോരപ്പന് എട്ടു മാസം പ്രായമുള്ളപ്പോള്‍ പിതാവ് മരിച്ചു. സംസ്കൃത പണ്ഡിതനായ തലശ്ശേരിയിലെ കുഞ്ഞിക്കണ്ണന്‍ ഗുരുക്കളുടെ ശിഷ്യനായി. സംസ്കൃതകാവ്യാലങ്കാരങ്ങളില്‍ വ്യുത്പത്തി സമ്പാദിച്ചു. അമ്മ മരിച്ചതോടെ കോരപ്പന്‍ പഠനം നിര്‍ത്തി തൊഴിലിലേര്‍പ്പെട്ടു. അഞ്ചുവര്‍ഷക്കാലം എഴുത്തു പാഠശാല നടത്തി. കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍ മരിച്ചപ്പോള്‍ അദ്ദേഹം തലശ്ശേരിയില്‍ നടത്തിയിരുന്ന സംസ്കൃതപാഠശാല കോരപ്പന്‍ ഏറ്റെടുത്തു നടത്തി. പിന്നീട് കോട്ടൂര്‍, കാപ്പാട്, കാരപ്പറമ്പ് എന്നീ സ്ഥലങ്ങളില്‍ അധ്യാപകനായ കോരപ്പന്‍ ഗുരുക്കള്‍ എന്ന പേരില്‍ അറിയപ്പെട്ടു. കുറച്ചുനാള്‍ ചെന്നൈ ക്രിസ്ത്യന്‍ കോളജില്‍ മലയാളം മുന്‍ഷിയായി സേവനമനുഷ്ഠിച്ചു. 1897-ല്‍ കൂലോത്തു വളപ്പില്‍ കല്യാണിയമ്മയെ വിവാഹം ചെയ്തു. 1902-ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ മലയാളം പണ്ഡിറ്റായി നിയമനം ലഭിച്ച ഗുരുക്കള്‍ ഉദ്യോഗത്തില്‍ നിന്നു പിരിയുന്നതു വരെ (1926) അവിടെ തുടര്‍ന്നു.

ചമ്പത്തില്‍ ചാത്തുക്കുട്ടി മന്നാടിയാരുടെ ഉത്തരരാമചരിതത്തെക്കുറിച്ചെഴുതിയ നിരൂപണമാണ് ഇദ്ദേഹത്തിന്റെ ആദ്യലേഖനം. മിതവാദി, കൈരളി, ഭാഷാപോഷിണി, കേരള ചന്ദ്രിക, കേരള പത്രിക, മനോരമ എന്നിവയില്‍ എഴുതിയ ലേഖനങ്ങളാണ് ആദ്യകാല രചനകള്‍. പുനര്‍ജന്മം, ഇന്ദ്രിയവാദം, സര്‍വജ്ഞതാവാദം, അഹിംസാവ്രതം, യാഗീയ ഹിംസ തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പണ്ഡിതോചിതമായ ലേഖനങ്ങളാണ് ഇവ. മതങ്ങളെപ്പറ്റിയുള്ള പഠനമായ മുക്തിവിവേകം, ഉപനിഷദ് വ്യാഖ്യാനങ്ങളുടെ പിന്‍ബലത്തോടെ വിഗ്രഹാരാധനയെ ന്യായീകരിക്കുന്ന 'വിഗ്രഹാരാധന', വ്യാകരണവിഷയകമായ 'പ്രവേശക വ്യാകരണത്തിന്റെ തിങന്തം' തുടങ്ങിയവയും സമാഹാരിക്കപ്പെടാതെ കിടക്കുന്നു. ശൈവതന്ത്രസിദ്ധങ്ങളായ 64 കലകളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്ന കലാവിദ്യാവിവരണം, ഭാഷാപോഷിണിയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണ്. 1929 ജൂല. 1-ന് എം.കെ. ഗുരുക്കള്‍ അന്തരിച്ചു.

(എ.ബി. രഘുനാഥന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍