This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുമ്മൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുമ്മൈറ്റ്

ഒരു യുറേനിയം ധാതു. യുറേനിയത്തിന്റെ ഹൈഡ്രേറ്റഡ് ഓക്സൈഡുകളുടെ മിശ്രിതമാണിത്. യുറേനിനൈറ്റ് എന്ന ഓക്സൈഡ് ധാതു വീണ്ടും ഓക്സീകരിക്കപ്പെട്ടശേഷം അന്തരീക്ഷത്തിലെ ജലകണികകള്‍ ആഗിരണം ചെയ്യുമ്പോഴാണ് ഗുമ്മൈറ്റ് ഉണ്ടാകുന്നത്. ഇരുമ്പിന്റെ ഓക്സൈഡ്-ധാതുക്കളോടൊപ്പം ലിമണൈറ്റും മാങ്ഗനീസിന്റെ ഓക്സൈഡ് ധാതുക്കളോടൊപ്പം വാഡും എല്ലായ്പ്പോഴും കാണപ്പെടാറുള്ളതുപോലെ, പിച്ച്ബ്ലെന്‍ഡ് പോലുള്ള യുറേനിനൈറ്റുകളോടൊപ്പം ഗുമ്മൈറ്റ് കണ്ടുവരുന്നു. മറ്റു യുറേനിയം ധാതുക്കള്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍ പൊറ്റകളായോ സാന്ദ്രതകൂടിയ കട്ടകളായോ ആണ് ഗുമ്മൈറ്റ് കാണപ്പെടുന്നത്. ഇതിന്റെ തനതായ നിക്ഷേപങ്ങള്‍ പ്രായേണ വിരളമാണ്. വിവിധ പ്രദേശങ്ങളില്‍നിന്നു കിട്ടുന്ന ഗുമ്മൈറ്റുകള്‍ തമ്മില്‍ കാഴ്ചയിലും ഭൌതികഗുണങ്ങളിലും രാസഘടനയിലും അത്യധികമായ വൈജാത്യങ്ങള്‍ കാണിക്കുന്നു. ഗുമ്മൈറ്റുകളില്‍ പൊതുവേ ലെഡ്, തോറിയം തുടങ്ങിയ ലോഹങ്ങള്‍ അടങ്ങിയിരിക്കും; ജലം കൂടിയ അളവിലും. ചില സ്ഥലങ്ങളില്‍നിന്നു കിട്ടുന്ന ഗുമ്മൈറ്റ് കാഴ്ചയില്‍ കട്ടിപിടിച്ച പശ പോലെയാണിരിക്കുന്നത്. അതുകൊണ്ടാണ് ഈ വസ്തുവിന് 'ഗുമ്മൈറ്റ്' എന്ന പേരുണ്ടായത്.

(ഡോ. എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍