This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുപ്ത രാജവംശം (300 - 550)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുപ്ത രാജവംശം (300 - 550)

മഗധ ആസ്ഥാനമാക്കി ഇന്ത്യ ഭരിച്ചിരുന്ന രാജവംശം. എ.ഡി. 3-ാം ശ.-ത്തിലെ അവസാന ദശകങ്ങളില്‍ ശ്രീഗുപ്തനാണ് ഗുപ്ത രാജവംശം സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ പുത്രനായ ഘടോല്‍ക്കചനായിരുന്നു ഈ രാജവംശത്തിലെ രണ്ടാമത്തെ രാജാവ്. ഘടോല്‍ക്കചന്റെ പുത്രനായ ചന്ദ്രഗുപ്തന്‍ I ആണ് യഥാര്‍ഥ ഭരണാധികാരം പുലര്‍ത്തിയ ആദ്യത്തെ രാജാവ്. ഇദ്ദേഹം രാജാവായത് 318 ഡി. 20-ന് ആണെന്നും 320 ഫെ. 26-നാണെന്നും രണ്ട് അഭിപ്രായമുണ്ട്. ‘മഹാരാജാധിരാജ’ എന്ന സ്ഥാനം നേടിയ ഇദ്ദേഹം ഗുപ്തരാജ്യത്തെ ഒരു പ്രമുഖ രാഷ്ട്രീയ ശക്തിയാക്കി വളര്‍ത്തുന്നതില്‍ വിജയം കൈവരിച്ചു. അതുകൊണ്ട് ചന്ദ്രഗുപ്തന്‍ I നെയാണ് യഥാര്‍ഥ ഗുപ്തരാജവംശ സ്ഥാപകനായി ചരിത്രകാരന്മാര്‍ കണക്കാക്കുന്നത്. ലിച്ഛവിരാജവംശത്തിലെ കുമാരദേവിയായിരുന്നു ഇദ്ദേഹത്തിന്റെ പത്നി. ചന്ദ്രഗുപ്തന്‍ ഭരണാധികാരമേറ്റതിന്റെ ഓര്‍മയ്ക്കാണ് 320-ല്‍ ഗുപ്തവര്‍ഷം ആരംഭിക്കുന്നത്. മഗധ, അലഹബാദ്, അയോധ്യ എന്നീ പ്രദേശങ്ങള്‍ അക്കാലത്ത് ഗുപ്ത സാമ്രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. ചന്ദ്രഗുപ്തന്‍ I ന്റേതെന്ന് വിശ്വസിക്കുന്ന മെഹറൌളി ശാസനത്തില്‍ നിന്നും ഇദ്ദേഹം ബംഗാളിലെ രാജാക്കന്മാരുടെ ഒരു സൈനിക സഖ്യത്തെ തകര്‍ത്തുവെന്നും സിന്ധൂനദീതടം കടന്ന് വാഹ്ലികരെ തോല്പിച്ചു എന്നുമുള്ള വിവരങ്ങള്‍ ലഭിക്കുന്നു. ചന്ദ്രഗുപ്തന്‍ വാകാടകരുടെയും ശകന്മാരുടെയും മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്തിയെന്നും ഒരഭിപ്രായമുണ്ട്. ഇദ്ദേഹം ഒരു രാജസദസ്സ് വിളിച്ചുകൂട്ടിയതായും അതില്‍വെച്ച് സമുദ്രഗുപ്തനെ അടുത്ത കിരീടാവകാശിയായി തിരഞ്ഞെടുത്തതായും പറയുന്നു. 335-ല്‍ ഇദ്ദേഹം നിര്യാതനായി.

ഗുപ്തസാമ്രാജ്യം ക്രിസ്താബ്ദം നാലാംനൂറ്റാണ്ടിന്റെ ഒടുവില്‍


സമുദ്രഗുപ്തന്‍ (335-75). ഇന്ത്യയിലെ കഴിവുറ്റ രാജാക്കന്മാരിലൊരാളായി കരുതപ്പെടുന്ന സമുദ്രഗുപ്തന്‍ ചന്ദ്രഗുപ്തന്റെ മക്കളില്‍ ഏറ്റവും പ്രാപ്തനെന്ന നിലയ്ക്കാണ് ഭരണാധികാരം ഏല്ക്കുന്നത്. ഇന്ത്യയിലെ വിദേശാധിപത്യം അവസാനിപ്പിച്ച് ഒരു സ്വതന്ത്രഭരണത്തിന്റെ കീഴില്‍ ഏകീകരണം നേടിയെടുക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. ഈ ലക്ഷ്യ പ്രാപ്തിക്ക് വേണ്ടി ഇദ്ദേഹം മറ്റു രാജ്യങ്ങളുടെ നേരെ ഒരാക്രമണ പരമ്പരതന്നെ തുടങ്ങിവച്ചു. അലഹബാദിലെ ഒരു അശോകസ്തംഭത്തില്‍ കൊത്തിവച്ചിട്ടുള്ള സംസ്കൃത ശാസനം സമുദ്രഗുപ്തന്റെ സൈനിക വിജയങ്ങളുടെ പൂര്‍ണവിവരണം ഉള്‍ക്കൊള്ളുന്നു. സമുദ്രഗുപ്തന്റെ സേനാധിപനായിരുന്ന ഹരിസേനനാണ് ഈ ശിലാരേഖയുടെ രചയിതാവ്. ഉത്തരേന്ത്യന്‍ കാശ്മീര്‍, രജപുതാന, പശ്ചിമ പഞ്ചാബ്, സിന്ധ്, ഗുജ്റാത്ത് എന്നീ പ്രദേശങ്ങള്‍ ഒഴികെയുള്ള എല്ലാരാജ്യങ്ങളും ദക്ഷിണേന്ത്യയില്‍ കാഞ്ചീപുരംവരെയും സമുദ്രഗുപ്തന്റെ സാമ്രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും കീഴടക്കിയ രാജ്യങ്ങളെ സ്വന്തം സാമ്രാജ്യത്തില്‍ ലയിപ്പിച്ചപ്പോള്‍, ദക്ഷിണേന്ത്യയില്‍ ഇദ്ദേഹം പരാജിതനാക്കിയ രാജാക്കന്മാര്‍ക്ക് അവരവരുടെ രാജ്യങ്ങള്‍ തിരികെ കൊടുത്തു. വിദേശ രാജ്യങ്ങള്‍പോലും സമുദ്രഗുപ്തനെ ആദരിച്ചിരുന്നു. സൈനിക വിജയങ്ങളെത്തുടര്‍ന്ന് സമുദ്രഗുപ്തന്‍ ഒരു അശ്വമേധയാഗം നടത്തി. സൈനിക രംഗത്തെ സമുദ്രഗുപ്തന്റെ നേട്ടങ്ങളെ കണക്കിലെടുത്ത് ഡോ.വിന്‍സെന്റ് സ്മിത്ത് ഇദ്ദേഹത്തെ ഇന്ത്യന്‍ നെപ്പോളിയന്‍ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. യോദ്ധാവും സമരതന്ത്രജ്ഞനും ആയിരുന്നതിനു പുറമേ ഇദ്ദേഹം ഒരു കവിയും ഗായകനും കൂടി ആയിരുന്നു. കലകളെയും ശാസ്ത്രങ്ങളെയും ഇദ്ദേഹം പരിപോഷിപ്പിച്ചു. വൈഷ്ണവമതാനുയായി ആയിരുന്ന ഇദ്ദേഹം മറ്റു മതങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും ഔത്സുക്യം കാണിച്ചു. സമുദ്രഗുപ്തന്റെ ഭരണകാലത്തോടെയാണു ഇന്ത്യാചരിത്രത്തിലെ സുവര്‍ണയുഗം ആരംഭിക്കുന്നത്.

ചന്ദ്രഗുപ്തവിക്രമാദിത്യന്‍(375-414). സമുദ്രഗുപ്തന്റെ മരണശേഷം ചന്ദ്രഗുപ്തന്‍ II സിംഹാസനാരോഹണം ചെയ്തു. കഴിവുറ്റ ഒരു ഭരണധികാരിയായിരുന്നു ചന്ദ്രഗുപ്തന്‍. ഗുപ്തസാമ്രാജ്യം അതിന്റെ വികാസത്തിന്റെ ഉച്ചകോടിയിലെത്തിയത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്. ബ്രഹ്മപുത്ര മുതല്‍ സിന്ധുവരെയും, ഹിമാലയം മുതല്‍ വിന്ധ്യന്‍വരെയും ഗുപ്തസാമ്രാജ്യം വ്യാപിച്ചു. മധ്യ ഇന്ത്യയിലെ രാഷ്ട്രീയ ശക്തിയായിരുന്ന വാകാടകരുമായുള്ള സഖ്യവും പശ്ചിമ ഇന്ത്യയിലെ ശകന്മാരെ നശിപ്പിച്ചതുമാണ് ചന്ദ്രഗുപ്തന്‍ II-ന്റെ രാഷ്ട്രീയരംഗത്തെ മികച്ച നേട്ടങ്ങള്‍. പുത്രിയായ പ്രഭാവതിയെ വാകാടക രാജാവായ രുദ്രസേനന് വിവാഹം ചെയ്ത് കൊടുത്താണ് വാകാടകരുമായി ചന്ദ്രഗുപ്തന്‍ ബന്ധം സുദൃഢമാക്കിയത്. ശകന്മാരുമായുള്ള യുദ്ധത്തില്‍ വിജയം കൈവരിക്കുന്നതിന് ഇത് ഇദ്ദേഹത്തിന് സഹായകമായി. ശകന്മാരുമായുള്ള യുദ്ധം ജയിച്ചതിനെത്തുടര്‍ന്ന് ചന്ദ്രഗുപ്ന്‍ 'വിക്രമാദിത്യശകാരി' എന്ന ബിരുദം സ്വീകരിച്ചു. കല, ശാസ്ത്രം, സംസ്കൃതസാഹിത്യം എന്നിവയ്ക്കു വളരെയേറെ പ്രേത്സാഹനം ലഭിച്ചത് ഈ ഭരണകാലത്താണ്. ഫാഹിയാന്റെ യാത്രാവിവരണങ്ങളില്‍ നിന്ന് ചന്ദ്രഗുപ്തന്റെ ഭരണവൈദഗ്ധ്യം പ്രകടമാകുന്നുണ്ട്. ഒരു പണ്ഡിതനും കവിയും കൂടിയായിരുന്നു ചന്ദ്രഗുപ്തന്‍. കാളിദാസനുള്‍പ്പെടെ നവരത്നങ്ങള്‍ എന്നു ഖ്യാതിനേടിയ ഒന്‍പതു കവികള്‍ ഇദ്ദേഹത്തിന്റെ സദസ്സിനെ അലങ്കരിച്ചിരുന്നു. ഉത്തരേന്ത്യയില്‍ വിക്രമാദിത്യനെ ചുറ്റി പ്രചാരത്തില്‍ ഇരിക്കുന്ന പല ഐതിഹ്യങ്ങളിലെയും കഥാനായകന്‍ ചന്ദഗുപ്തന്‍ II ആണെന്നാണ് പണ്ഡിതമതം.

പില്ക്കാല ഗുപ്ത രാജാക്കന്മാര്‍. ചന്ദ്രഗുപ്ത വിക്രമാദിത്യന്റെ മരണശേഷം കുമാരഗുപ്തന്‍ I (415-55) രാജ്യഭരണമേറ്റു. ഇദ്ദേഹം കഴിവുറ്റ ഒരു ഭരണാധികാരിയായതുകൊണ്ട് ഗുപ്ത സാമ്രാജ്യത്തിന്റെ ദേശീയ ഭദ്രതയ്ക്ക് കോട്ടം തട്ടിയില്ല. കുമാരഗുപ്തനെത്തുടര്‍ന്ന് സ്കന്ദഗുപ്തന്‍ (455-67) രാജാവായി. പില്ക്കാല ഗുപ്തരാജാക്കന്മാരില്‍ സ്കന്ദഗുപ്തനായിരുന്നു ഏറ്റവും പ്രാപ്തനായ ഭരണാധികാരി. ഹൂണരുടെ ആക്രമണത്തെ തടഞ്ഞു നിര്‍ത്താന്‍ സാധിച്ചത് ഇദ്ദേഹം എടുത്ത നടപടികളുടെ ഫലമായിട്ടാണ്. സ്കന്ദഗുപ്തന്‍ സുദര്‍ശന അണക്കെട്ടിനു ചില അറ്റകുറ്റപ്പണികള്‍ ചെയ്തതായി ഗിര്‍നാറിലെ ഒരു സ്തംഭ ശാസനത്തില്‍ നിന്നു വ്യക്തമാകുന്നു. പിന്നീട് രാജ്യം ഭരിച്ച രാജാക്കന്മാരുടെ കാലം മുതല്‍ ഗുപ്തസാമ്രാജ്യം ക്ഷയിച്ചു തുടങ്ങി. ഹൂണരുടെ അടിക്കടിയുള്ള ആക്രമണങ്ങള്‍ക്കുപുറമേ യശോധര്‍മന്റെ തന്ത്രപരമായ സൈനികനീക്കങ്ങളുംകൂടി ആയപ്പോള്‍ 6-ാം ശതാബ്ദത്തോടുകൂടി ഗുപ്ത സാമ്രാജ്യത്തിന്റെ ശക്തി പൂര്‍ണമായും നശിച്ചു. തുടര്‍ന്നുള്ള പ്രധാന ഗുപ്ത രാജാക്കന്മാര്‍ പുരുഗുപ്തന്‍ (467-73), കുമാരഗുപ്തന്‍ II (473-76), ബുദ്ധഗുപ്തന്‍ (477-95), കുമാരഗുപ്തന്‍ III തുടങ്ങിയവരായിരുന്നു. ജീവിതഗുപ്തന്‍ II ആയിരുന്നു അവസാനത്തെ ഗുപ്തരാജാവ്.

ഭരണ സമ്പ്രദായവും സാമൂഹിക വ്യവസ്ഥിതിയും. ഫാഹിയാന്റെ യാത്രാവിവരണങ്ങളില്‍ നിന്നും ഗുപ്തശാസനങ്ങളില്‍ നിന്നും അന്നത്തെ ഭരണസംവിധാനത്തെയും സാമൂഹികവ്യവസ്ഥയെയും കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നു. രാജവാഴ്ചയില്‍ അധിഷ്ഠിതമായിരുന്നു രാജ്യഭരണം. ജനങ്ങളുടെ ക്ഷേമത്തിന് ഉത്തരവാദിയായിരുന്നു രാജാവ്. സൈന്യാധിപനും ന്യായാധിപനും എല്ലാം രാജാവുതന്നെ. രാജാവ് സ്വേച്ഛാധിപതിയായിരുന്നുവെങ്കിലും പ്രജാഹിതത്തിന് തികച്ചും വിധേയമായിരുന്നു അദ്ദേഹത്തിന്റെ സ്വേച്ഛാധിപത്യം. ഭരണസൌകര്യത്തെ മുന്‍നിര്‍ത്തി ഗുപ്തസാമ്രാജ്യം പല തലത്തില്‍ വിഭജിക്കപ്പെട്ടിരുന്നു. 'ഭുക്തി' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രവിശ്യയായിരുന്നു ഏറ്റവും വലിയ ഘടകം. ഓരോ ഭുക്തിയും 'വിഷയം' എന്ന പേരില്‍ ജില്ലകളായി വിഭജിക്കപ്പെട്ടിരുന്നു. ഏറ്റവും ചെറിയ ദേശഘടകം ഗ്രാമമായിരുന്നു. ഭുക്തിയുടെ ഭരണം വൈസ്രോയിയും വിഷയത്തിന്റേത് അയുക്തകനും നടത്തിപ്പോന്നു. ഗ്രാമികനാണ് ഗ്രാമം ഭരിച്ചുപോന്നത്.

നീതിന്യായ നിര്‍വഹണത്തിന് പ്രത്യേകം ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു. പുരോഗമനോന്മുഖമായ ഒരു നീതിന്യായ വ്യവസ്ഥയായിരുന്നു ഗുപ്തസാമ്രാജ്യത്തിലേത്. ഗുപ്തസാമ്രാജ്യത്തിലുടനീളം സഞ്ചരിച്ച ഫാഹിയാന് തികഞ്ഞ സുരക്ഷിതത്വബോധത്തോടെ യാത്രചെയ്യുവാന്‍ കഴിഞ്ഞിരുന്നു. ജനങ്ങള്‍ക്ക് താങ്ങാനാവാത്ത നീതിഭാരം ഉണ്ടായിരുന്നില്ല. ജനങ്ങള്‍ പൊതുവേ സംതൃപ്തരും സന്തുഷ്ടരുമായിരുന്നു. സൗജന്യ വൈദ്യസഹായവും അവര്‍ക്ക് ലഭിച്ചിരുന്നു. വ്യക്തിസ്വാതന്ത്യവും അനുവദിച്ചിരുന്നു. ജനക്ഷേമനിരതമായ ഏകാധിപത്യമായിരുന്നു ഗുപ്ത രാജാക്കന്മാരുടെ ഭരണം.

ഗുപ്തകാലത്ത് യാഥാസ്ഥിതിക ഹിന്ദുമതത്തിന് അനന്യമായ പ്രോത്സാഹനം ലഭിച്ചതുകാരണം ബ്രാഹ്മണമേധാവിത്വത്തില്‍ അധിഷ്ഠിതമായ ജാതിവ്യവസ്ഥ അതിന്റെ സഹജമായ ദൂഷ്യഫലങ്ങളോടെ നിലവില്‍ വന്നു. അസ്പൃശ്യത എന്ന സാമൂഹികാനാചാരം നിലവില്‍ വന്നിരുന്നെന്നും ഫാഹിയാന്റെ യാത്രാവിവരണങ്ങളില്‍ നിന്നും മനസ്സിലാക്കാം. ചണ്ഡാളര്‍ സാധാരണ ജനങ്ങളില്‍ നിന്നും അകന്ന് നഗരങ്ങള്‍ക്ക് പുറത്ത് താമസിക്കേണ്ടിവന്നു. വേട്ടയാടല്‍, മീന്‍പിടിത്തം മുതലായവ അവരുടെ തൊഴിലുകളായിരുന്നു. ഗുപ്തകാലത്ത് സ്ത്രീകളുടെ നിലയ്ക്ക് ഇടിവ് തട്ടിയിരുന്നു. അവര്‍ പുരുഷമേധാവിത്വത്തിന് വിധേയരായിരുന്നു. വിധവാവിവാഹം പ്രോത്സാഹിപ്പിച്ചിരുന്നില്ല.

സാമ്പത്തിക രംഗത്ത് ഗുപ്തസാമ്രാജ്യം വമ്പിച്ച പുരോഗതി നേടി. വിദേശ രാജ്യങ്ങളുമായുള്ള വാണിജ്യബന്ധവും വ്യവസായരംഗത്തെ സജീവ പ്രവര്‍ത്തനങ്ങളും സമ്പത്സമൃദ്ധിക്കു വഴിയൊരുക്കി. ഓരോ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളിക്കും അവരവരുടേതായ സംഘടനകള്‍ ഉണ്ടായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സാങ്കേതിക വിദഗ്ധര്‍ മഗധയിലേക്ക് പ്രവഹിച്ചിരുന്നു.

സാംസ്കാരിക വികാസം. ഇന്ത്യന്‍ സംസ്കാരത്തിന്റെ വസന്തകാലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു കാലഘട്ടമായിരുന്നു ഗുപ്തകാലം. സമുജ്ജ്വലമായ ഒരു സാംസ്കാരികോത്കര്‍ഷമായിരുന്നു ഈ കാലത്തിന്റെ പ്രത്യേകത. മതവും സാഹിത്യവും കലകളും ശസ്ത്രവും വിപുലമായ വികാസം നേടിയത് ഈ കാലത്താണ്.

മതം. ബ്രാഹ്മണരുടെനാട് എന്നാണ് ഫാഹിയാന്‍ ഗുപ്തസാമ്രാജ്യത്തെ വിളിക്കുന്നത്. ബുദ്ധമതം ക്രമേണ ക്ഷയിക്കുകയും ഹിന്ദുമതം അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നതായിട്ടാണ് ഫാഹിയാന്‍ പ്രസ്താവിക്കുന്നത്. ഗുപ്തരാജാക്കന്മാരുടെ സംരക്ഷണത്തില്‍ ഹിന്ദുമതം കൂടുതല്‍ പ്രചാരമാര്‍ജിച്ചു. ശിവന്‍, വിഷ്ണു, സൂര്യന്‍, ദുര്‍ഗ മുതലായ ദൈവങ്ങള്‍ പൂര്‍വാധികം ആരാധിക്കപ്പെട്ടുതുടങ്ങി. ധാരാളം ഹിന്ദുമത ഗ്രന്ഥങ്ങള്‍ ഈ കാലത്ത് രചിക്കപ്പെട്ടു. വായു-മത്സ്യ-വിഷ്ണു പുരാണങ്ങള്‍ ഈ കാലഘട്ടത്തിന്റെ സംഭാവനകളാണ്. ഭാഗവത പുരാണത്തിന് ഇക്കാലത്ത് പ്രചുര പ്രചാരം ലഭിച്ചു. ഒട്ടനവധി ഹിന്ദുക്ഷേത്രങ്ങളും ഉയര്‍ന്നുവന്നു.

സാഹിത്യം. സംസ്കൃതഭാഷ, ഗുപ്തരാജാക്കന്മാരുടെ രക്ഷാകര്‍ത്തൃത്വത്തില്‍ ശ്രേഷ്ഠമായ ഒരു പദവി കൈവരിച്ചു. മഹത്തായ പല കൃതികളും അത് ഭാവിതലമുറയ്ക്കു കാഴ്ചവച്ചു. കാളിദാസന്റെ ശാകുന്തളം, രഘുവംശം മുതലായ കൃതികള്‍ ഈ കാലഘട്ടത്തിന്റെ സൃഷ്ടികളാണ്. പഞ്ചതന്ത്രകഥകള്‍ രചിക്കപ്പെട്ടതും അമരകോശ കര്‍ത്താവായ അമരസിംഹന്‍ ജീവിച്ചിരുന്നതും ഈ കാലത്താണ്. സ്മൃതികള്‍, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, ഭഗവദ്ഗീത മുതലായവയുടെ പരിഷ്കരിച്ച പതിപ്പുകള്‍ ഗുപ്തകാലത്ത് പ്രകാശനം ചെയ്തു. വാത്സ്യായനന്‍, ഈശ്വരകൃഷ്ണന്‍, ശബരന്‍ തുടങ്ങി പല പ്രഗല്ഭരായ തത്ത്വശാസ്ത്രജ്ഞന്മാരും ചിന്തകരും തങ്ങളുടെ കൃതികള്‍ കൊണ്ട് ഹിന്ദുതത്ത്വശാസ്ത്രത്തെ സമ്പന്നമാക്കിയതും ഈ കാലഘട്ടത്തിലാണ്. ഗണിതശാസ്ത്രം, ജ്യോതിശ്ശാസ്ത്രം, വൈദ്യം എന്നീ രംഗങ്ങളിലും ഗുപ്തകാലം മികച്ച സംഭാവനകള്‍ നല്കിയിട്ടുണ്ട്. ആര്യഭടന്റെ ആര്യഭടീയം, വരാഹമിഹിരന്റെ പഞ്ചസിദ്ധാന്തിക, ബൃഹത്സംഹിത എന്നീ ഗ്രന്ഥങ്ങള്‍, വാഗ്ഭടന്റെ അഷ്ടാംഗഹൃദയം ഇവയെല്ലാം ഗുപ്തകാലകൃതികളാണ്. ജ്യോതിശ്ശാസ്ത്രജ്ഞനായ ബ്രഹ്മഗുപ്തനും ഗണിതശാസ്ത്രജ്ഞനായ ഭാസ്കരാചാര്യന്‍ ഒന്നാമനും ഈ കാലത്തുതന്നെയാണ് ജീവിച്ചിരുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ഇങ്ങനെ വിജ്ഞാനത്തിന്റെ വിവിധ മേഖലകളില്‍ ഗുപ്തകാലം അഭൂതപൂര്‍വമായ പുരോഗതി നേടിയിരുന്നു.

കല. ചിത്രകല, പ്രതിമാശില്പം, വാസ്തുവിദ്യ എന്നീ രംഗങ്ങളിലും ഗുപ്തകാലം ഇന്ത്യാചരിത്രത്തിലെ സുവര്‍ണയുഗമാണ്. ഹൂണരുടെയും മുസ്ലിങ്ങളുടെയും ആക്രമണങ്ങള്‍മൂലം ഇക്കാലത്തെ നിരവധി സ്മാരകങ്ങള്‍ പില്ക്കാലത്ത് നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഗുപ്തകാലത്തെ വാസ്തുവിദ്യയുടെ മാതൃകകള്‍ നമുക്ക് വളരെ ദുര്‍ലഭമായിട്ടേ ലഭിച്ചിട്ടുള്ളു. എങ്കിലും ദേവഗറിലെ ദശാവതാരക്ഷേത്രം, അലഹബാദിനരികെയുള്ള ഗാര്‍വ എന്ന സ്ഥലത്തെ പ്രതിമാശില്പങ്ങള്‍, മഥുരയിലെ ധ്യാനനിരതനായിരിക്കുന്ന ബുദ്ധന്റെ പ്രതിമ മുതലായവ ഗുപ്തകാലശൈലിയുടെ മാതൃകകളാണ്. ഗുപ്തകാലത്ത് ഇന്ത്യക്കാര്‍ക്ക് ലോഹസംസ്കരണ വിദ്യയിലുണ്ടായിരുന്ന വൈദഗ്ധ്യത്തിന്റെ മികച്ചതെളിവാണ് മെഹറൗളിയിലെ ഇരുമ്പുസ്തംഭം. അനേകശതാബ്ദങ്ങളായിട്ടും ഇതു തുരുമ്പ് പിടിക്കാതെ നില്‍ക്കുന്നു.

ഗുപ്തസംസ്കാരം ജാവ, സുമാത്ര, ബാലി, ബോര്‍ണിയോ,ചൈന തുടങ്ങി ഏഷ്യയിലെ പല രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഗുപ്തകാലത്ത് ഇന്ത്യക്കാര്‍ ധാരാളമായി തെ.കിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങളിലേക്കു കുടിയേറിപ്പാര്‍ക്കുകയും അവിടെ തങ്ങളുടേതായ സാമ്രാജ്യങ്ങള്‍ സ്ഥാപിച്ച് ഇന്ത്യന്‍ സംസ്കാരത്തിലും ജീവിതരീതിയിലും അധിഷ്ഠിതമായ ഒരു വിശാല ഭാരതത്തിന് അടിത്തറപാകുകയും ചെയ്തു. നോ: ചന്ദ്രഗുപ്തന്‍ I; ചന്ദ്രഗുപ്തന്‍ II; ഫാഹിയാന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍