This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുപ്ത, ശിവപ്രസാദ് (1883 - 1944)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുപ്ത, ശിവപ്രസാദ് (1883 - 1944)

ദേശീയ നേതാവും പത്രപ്രവര്‍ത്തകനും. 1883 ജൂണില്‍ ബനാറസ്സിലെ ഒരു ഭൂപ്രഭു കുടുംബത്തില്‍ നറോത്തം ദാസിന്റെയും ജയ്നി ദേവിയുടെയും മകനായി ജനിച്ചു. പേര്‍ഷ്യന്‍, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ വളരെ ചെറുപ്പത്തിലേ ഇദ്ദേഹം ശീലിച്ചു. ഭഗവതിദേവിയുമായുള്ള വിവാഹം 13-ാം വയസ്സില്‍ നടന്നു.

വീട്ടിലെ ഉന്നത ജീവിത സാഹചര്യങ്ങളും സാമ്പത്തിക സൗകര്യങ്ങളും ശിവപ്രസാദിനെ സ്വാധീനിച്ചില്ല. ലളിതമായ ജീവിതവും പാവങ്ങളോടുള്ള സഹാനുഭൂതിയും ഇദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ക്രമേണ ദേശീയധാരയിലേക്കുവന്ന ശിവപ്രസാദ് ഗുപ്ത ഗാന്ധിജിയുടെ അനുയായി ആയി മാറി.

ഹിന്ദു-മുസ്ലിം മൈത്രിക്കുവേണ്ടി എന്നും നിലകൊണ്ട വ്യക്തിയായിരുന്ന ശിവപ്രസാദ്. കാശി വിദ്യാപീഠത്തിന്റെ സ്ഥാപകന്‍ എന്ന നിലയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് വളരെയധികം സംഭാവനകള്‍ നല്കിട്ടുണ്ട്. ആജ് എന്ന ഹിന്ദി ദേശീയപത്രം ഇദ്ദേഹം ആരംഭിച്ചു. ഹിന്ദിയില്‍ പല പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു പ്രഭാഷകന്‍ എന്ന നിലയിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു 1930-32 കാലത്ത് ഇദ്ദേഹം ജയില്‍വാസം അനുഭവിക്കുകയുണ്ടായി.

വന്‍കിട വ്യവസായശാലകള്‍ക്ക് പകരം സഹകരണാടിസ്ഥാനത്തിലുള്ള ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന അഭിപ്രായക്കാരനായിരുന്ന ഗുപ്ത. ഗാന്ധിജിയും സുബാഷ്ചന്ദ്രബോസും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളില്‍ ഗുപ്ത ബോസിന്റെ ഭാഗത്തായിരുന്നു. 1944-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍