This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുപ്ത, ഭൂപേശ് (1914 - 81)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുപ്ത, ഭൂപേശ് (1914 - 81)

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ്. 1914 ഒ. 20-നു മൈമെന്‍ സിംഗ് ജില്ലയിലെ (ബാംഗ്ലാദേശ്) ഇത്നയില്‍ ജനിച്ചു. ബാല്യത്തില്‍ത്തന്നെ സ്വാതന്ത്യസമരവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. അനുശീലന്‍ സമിതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1930-ലും 1931-ല്‍ രണ്ടുതവണയും 1933-ലും ഇദ്ദേഹത്തെ അറസ്റ്റു ചെയ്തു. 1933 മുതല്‍ 1937 വരെ തടവിലായിരുന്നു. തടവിലായിരിക്കേ എഫ്.എ.യും ബി.എ.യും പാസായി. തുടര്‍ന്ന് പഠിക്കുവാന്‍ ഇംഗ്ളണ്ടിലേക്കുപോയി. അവിടെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യസമരസെല്ലുമായും ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. മിഡില്‍ ടെമ്പിളില്‍നിന്നും നിയമബിരുദം എടുത്തശേഷം 1941-ല്‍ ഇന്ത്യയിലെത്തി കമ്യൂണിസ്റ്റ് പ്രവര്‍ത്തനം തുടര്‍ന്നു. ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്റെ (1941) സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു ഇദ്ദേഹം. 1947-ല്‍ ഇദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പശ്ചിമബംഗാള്‍ പ്രവിശ്യാ കമ്മിറ്റി അംഗമായി. ജനരക്ഷാസമിതിയുടെ സെക്രട്ടറിയായി ബംഗാളിലെ ക്ഷാമബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചിരുന്നപ്പോള്‍ 1948-ല്‍ കൊല്‍ക്കത്തയില്‍ ഒളിവില്‍ പാര്‍ട്ടിപ്രവര്‍ത്തനം നടത്തി. 1951-ല്‍ പാര്‍ട്ടിയുടെ ബംഗാളി പത്രമായ സ്വാധീനതയുടെ എഡിറ്റര്‍ ആയി. 1951 മുതല്‍ 1952 വരെ തടവിലായിരുന്നു.

1952-ല്‍ ഇദ്ദേഹം രാജ്യസഭാംഗമായി. മരണംവരെ രാജ്യസഭാംഗമായിരുന്നിട്ടുണ്ട്. പാര്‍ലമെന്റില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്നു. 1977 ജൂണ്‍ 22-ന് രാജ്യസഭയുടെ 25-ാം വാര്‍ഷികവും 100-ാം സമ്മേളനവുമായി ബന്ധപ്പെട്ട് സഭ ഇദ്ദേഹത്തെ ആദരിച്ചു.

1953 ഡി. മുതല്‍ 1954 ജനു. വരെ മധുരയില്‍ നടന്ന 3-ാം കോണ്‍ഗ്രസ്സില്‍വച്ച് ഇദ്ദേഹത്തെ പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റിയിലേക്കു തെരഞ്ഞെടുത്തു. 1956-ല്‍ പാലക്കാട്ട് വച്ചുനടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വച്ച് ഇദ്ദേഹം സെന്‍ട്രല്‍ കമ്മിറ്റി അംഗവും പോളിറ്റ്ബ്യൂറോ അംഗവുമായി. 1954 മുതല്‍ 1957 വരെയും 1966 മുതല്‍ മരണം വരെയും പാര്‍ട്ടിവാരികയായ ന്യൂഏജ്-ന്റെ പത്രാധിപരായിരുന്നു. ബുക്കാറസ്റ്റില്‍ നടന്ന അന്താരാഷ്ട്ര കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളുടെ പ്രിപ്പറേറ്ററി സമ്മേളനത്തിലും, 1957-ലും 1960-ലും 1969-ലും നടന്ന ലോക കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളുടെ സമ്മേളനത്തിലും പങ്കെടുത്തു. 1959-ല്‍ പാര്‍ട്ടി പ്രതിനിധിയായി പീക്കിങ് സന്ദര്‍ശിച്ചു. ലോകസമാധാന കൗണ്‍സില്‍ അംഗവും ആയിരുന്നു ഇദ്ദേഹം. അവിവാഹിതനായിരുന്ന ഇദ്ദേഹം മരിക്കുമ്പോള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സില്‍ സെക്രട്ടറിയും സെന്‍ട്രല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ആയിരുന്നു. 1981 ആഗസ്റ്റ് 6-നു മോസ്കോയില്‍ അന്തരിച്ചു.

(പി. സുഷമ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍