This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുപ്ത, ദേശബന്ധു (1900 - 51)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുപ്ത, ദേശബന്ധു (1900 - 51)

ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനി. ദേശബന്ധു ഗുപ്ത 1900 ജൂല. 14-നു പാനിപത്തിലുള്ള ഒരു വൈശ്യകുടുംബത്തില്‍ ജനിച്ചു. പിതാവ് ഷാബിലാല്‍.

ദേശബന്ധുവിന്റെ പ്രാഥമിക വിദ്യാഭ്യാസം തൊഴിലധിഷ്ഠിതമായ വിധത്തിലുള്ളതായിരുന്നു. ഒരു മുനിസിപ്പല്‍ സ്കൂളിലും ആര്യവേദി സ്കൂളിലും പഠനം പൂര്‍ത്തിയാക്കിയ ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി ഡല്‍ഹിയിലുള്ള ഹിന്ദുകോളജില്‍ ചേര്‍ന്നു. അവിടെ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ദേശീയ വിമോചനപ്രസ്ഥാനത്തില്‍ ചേര്‍ന്ന് അറസ്റ്റ്വരിച്ചു.

വീട്ടിലെ യാഥാസ്ഥിതികമായ ചുറ്റുപാട്, ആര്യസമാജിന്റെ സ്വാധീനം, മിയാന്‍വാലി ജയിലിലെ കൂട്ടുകെട്ട്, ഗാന്ധിജിയുടെ വ്യക്തിത്വം തുടങ്ങിയവ ദേശബന്ധുവിനെ വളരെ സ്വാധീനിച്ചിരുന്നു. നിസ്സഹകരണപ്രസ്ഥാനത്തില്‍ പങ്കെടുത്ത് ജയിലിലായി. പിന്നീട് സ്വന്തം നാട്ടില്‍ പോയി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ഡല്‍ഹിയില്‍ പ്രിന്‍സ് ഓഫ് വെയില്‍സിന്റെ വരവിനോട് അനുബന്ധിച്ച് അധികാരികള്‍ അധഃകൃതവര്‍ഗക്കാരുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചു. എന്നാല്‍ ദേശബന്ധു ഇതിനെ എതിര്‍ത്തു. 1923-ല്‍ ഇദ്ദേഹം ഡല്‍ഹി കോണ്‍ഗ്രസ്സിന്റെ പ്രവിശ്യാ പബ്ലിസിറ്റി സെക്രട്ടറിയായി. മുപ്പതുവര്‍ഷക്കാലം ഇദ്ദേഹം ഈ പദവിയിലിരുന്നു. പിന്നീട് തേജ് എന്ന പത്രത്തിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചു. 1942-ലെ ക്വിറ്റ് ഇന്ത്യാസമരത്തെത്തുടര്‍ന്ന് 1945 വരെ ജയിലിലായി. സ്വാതന്ത്യാനന്തരം ഇദ്ദേഹം പാര്‍ലമെന്റംഗമായി. 1948-ല്‍ ഇദ്ദേഹത്തെ ആള്‍ ഇന്ത്യ ന്യൂസ് പേപ്പര്‍ എഡിറ്റേര്‍സ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റായി തെരഞ്ഞെടുത്തു. 1951-ലെ ഒരു വിമാനാപകടത്തില്‍ ഇദ്ദേഹം അന്തരിച്ചു. ഇദ്ദേഹത്തിന്റെ സ്മരണാര്‍ഥം ഡല്‍ഹിയില്‍ ദേശബന്ധു എന്ന പേരില്‍ ഒരു കോളജ് പ്രവര്‍ത്തിക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍