This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുന്തര്‍, ഇഗ്നാസ് (1725 - 75)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുന്തര്‍, ഇഗ്നാസ് (1725 - 75)

Gunther,Ignaz

ജര്‍മന്‍ റൊക്കോക്കോ ശില്പി. ഇംഗോള്‍സ്റ്റാതിനടുത്തുള്ള അല്‍ത്മാന്‍സ്റ്റേയ്ന്‍ എന്ന സ്ഥലത്ത് 1725 ന. 22-നു ജനിച്ചു. പിതാവില്‍നിന്നും ആശാരിപ്പണി പഠിച്ചു. 1743 മുതല്‍ മ്യൂണിക്കിലെ ശില്പിയായ യോഹാന്‍ ബാപ്റ്റിസ്റ്റ് സ്ത്രോബിന്റെ കീഴില്‍ ശില്പകല അഭ്യസിക്കാന്‍ തുടങ്ങി. 1750 മുതല്‍ പലയിടങ്ങളിലും ചുറ്റിക്കറങ്ങി മാന്‍ഹൈമിലെ പോള്‍ എഗെല്ലിന്റെ അടുത്തെത്തി. 1752-ല്‍ എഗെല്ലിന്റെ മരണത്തെത്തുടര്‍ന്ന് ഇഗ്നാസ് ഗുന്തര്‍ വിയന്നയിലെ അക്കാദമിയില്‍ ചേര്‍ന്നു.

ഇഗ്നാസ് ഗുന്തര്‍ നിര്‍മിച്ച ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ എന്ന ശില്പം

വിയന്നയില്‍നിന്നും മ്യൂണിക്കിലെത്തിയ ഗുന്തര്‍ സ്വന്തമായി ശില്പകലാപ്രവര്‍ത്തനം തുടങ്ങി. 1760-62-ല്‍ പണിത റോട്ടാം സത്രത്തിലെ അള്‍ത്താരയായിരുന്നു ആദ്യം ഏറ്റെടുത്ത പ്രവൃത്തികളിലൊന്ന്. പ്രസിദ്ധമായ ഹോളി ട്രിനിറ്റി, ഹെയ്ന്റിക്ക് ചക്രവര്‍ത്തി, കുനിഗുന്‍ഡെ ചക്രവര്‍ത്തിനി, സെന്റ് പീറ്റര്‍ ഡാമിയന്‍, സെന്റ് നോത്ബുര്‍ഗ എന്നീ ശില്പങ്ങള്‍ ഈ അള്‍ത്താരയെ അലങ്കരിക്കുന്നു. മ്യൂണിക്കിലെ വെമിയാണ്‍ (weryarn) പാരിഷ് ചര്‍ച്ചിലുള്ള അനണ്‍സിയേഷന്‍, യൂറോപ്യന്‍ റൊക്കോക്കോ ശൈലിയുടെ മഹനീയ മാതൃകയായി ഗണിക്കപ്പെടുന്നു. ഇവിടത്തെ പിയാത്ത, ഇമ്മാക്കുലേത്ത, മേറ്റര്‍ ഡോളാറോസ, മാലാഖമാരുടെയും വിശുദ്ധന്മാരുടെയും പ്രതിമകള്‍ എന്നിവ ഇതേ ആര്‍ജവമുള്‍ക്കൊള്ളുന്നവയാണ്.

വിയന്നയിലെ അക്കാദമിയില്‍ പഠിക്കുമ്പോള്‍ നവോത്ഥാന ശില്പകലയെക്കുറിച്ച് മനസ്സിലാക്കാനിടയായ ഇഗ്നാസ് ജോര്‍ജ് റാഫേല്‍ ഡോണറുടെ ശില്പകലാസിദ്ധാന്തം ഉള്‍ക്കൊണ്ടു നിര്‍മിച്ച പോളിക്രോം ശില്പമാണ് ഗാര്‍ഡിയന്‍ ഏഞ്ചല്‍ (1763). മ്യൂണിക്കിലെ ബര്‍ഗെര്‍സാലില്‍ നിര്‍മിച്ച ഇതായിരിക്കണം ഒരു പക്ഷേ ഗുന്തര്‍ തടിയില്‍ തീര്‍ത്ത ഏറ്റവും മഹത്തരമായ ശില്പം. മാലാഖയുടെ അലൗകിക ചാരുതയും കൈപിടിച്ചുനടക്കുന്ന ബവേറിയന്‍ കുട്ടിയുടെ റിയലിസ്റ്റിക് ശൈലിയിലുള്ള രൂപവും തമ്മിലുള്ള വൈരുധ്യവുമാണിതിന്റെ മനോജ്ഞതയ്ക്കാധാരം. നിംഫെന്‍ബുര്‍ഗിലെ കളിമണ്‍ ശില്പങ്ങള്‍ (1771), മ്യൂണിക്കിലെ സെന്റ് പീറ്റര്‍ ചര്‍ച്ചിലെ അള്‍ത്താരശില്പങ്ങള്‍, ഫ്രായെന്‍ കെര്‍ചെ കത്തീഡ്രലിന്റെ അഞ്ചു കവാടങ്ങള്‍ എന്നിവയ്ക്കു വേണ്ട മോഡലുകള്‍ നിര്‍മിച്ചതു ഗുന്തര്‍ ആയിരുന്നു. വികാരവൈവശ്യം തീരെ വിരളമായിരുന്ന റൊക്കോക്കോ കാലഘട്ടത്തില്‍ നെന്നിഞ്ഞെനിലെ പിയാത്ത (1774) ഒരു അപൂര്‍വസൃഷ്ടിയാണ്. വെയാണിലെ പിയാത്തയുമായി താരമ്യപ്പെടുത്തുമ്പോള്‍ വികാരതീവ്രത കൂടുതലാണിതിന്. നാടകീയ അഭിവ്യഞ്ജനങ്ങള്‍ കൂടാതെതന്നെ ദുരന്തത്തിന്റെ ഗഹനത ദ്യോതിപ്പിക്കാനാവുമെന്നതിനു ഒന്നാന്തതരം ദൃഷ്ടാന്തമാണിത്.

ശില്പങ്ങളുടെ ആയതിയും പേസ്റ്റല്‍ പോളിക്രോമി രീതിയും ശ്രദ്ധിച്ചാല്‍ ഗുന്തറുടെ കലയില്‍ വിയന്നീസ് പരിഷ്കൃത സമ്പ്രദായവും ബവേറിയന്‍ നാടന്‍കലയുടെ ഗാംഭീര്യവും സമ്മേളിച്ചിരിക്കുന്നു എന്നു കാണാം. 1773-ല്‍ കൊട്ടാര ശില്പിയായി ബഹുമാനിതനായ ഗുന്തര്‍ 1775 ജൂണ്‍ 26-ന് മ്യൂണിക്കില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍