This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുത്രേ, എഡ്വിന്‍ (1886 - 1959)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുത്രേ, എഡ്വിന്‍ (1886 - 1959)

Guthrie, Edwin

അമേരിക്കന്‍ സാമൂഹിക ശാസ്ത്രജ്ഞന്‍.അമേരിക്കയിലെ ലിങ്കണ്‍ സംസ്ഥാനത്തുള്ള നെബ്രാസ്ക(Nebraska)യില്‍ 1886-ല്‍ ജനിച്ചു. മുത്തച്ഛന്‍ മന്ത്രിയും അച്ഛന്‍ പിയാനോ സ്റ്റോറിന്റെ മാനേജരും ആയിരുന്നു. മാതാവായ ഹാരിയറ്റ് പിക്കറ്റ് ഗുത്രേ (Harriet Pickett) വിവാഹത്തിനു മുന്‍പ് ഒരു പ്രാഥമിക സ്കൂള്‍ അധ്യാപികയായിരുന്നു. ഈ ദമ്പതികളുടെ അഞ്ചു മക്കളില്‍ മൂത്തവനായിരുന്നു ഗുത്രേ.

കുട്ടിക്കാലത്തുതന്നെ പഠനത്തില്‍ ഗുത്രേ പ്രത്യേക സാമര്‍ഥ്യം പ്രകടിപ്പിച്ചിരുന്നു. 1903-ല്‍ നെബ്രസ്കാ സര്‍വകലാശാലയില്‍ ചേര്‍ന്നു ഗണിതശാസ്ത്രം മുഖ്യവിഷയമായും തത്ത്വശാസ്ത്രം ഉപവിഷയമായും പഠിച്ചു ബി.എ. ബിരുദം കരസ്ഥമാക്കി. തുടര്‍ന്ന് തത്ത്വശാസ്ത്രം മുഖ്യവിഷയവും ഗണിതശാസ്ത്രവും മനഃശാസ്ത്രവും ഉപവിഷയങ്ങളുമായി പഠിച്ച്, 1910-ല്‍ അവിടെ നിന്നും എം.എ ബിരുദവും കരസ്ഥമാക്കി. ഹാരിസണ്‍ ഫെലോഷിപ്പ് ലഭിച്ചതിനെത്തുടര്‍ന്നു പെന്‍സില്‍വേനിയ സര്‍വകലാശാലയില്‍ ചേര്‍ന്നു. 1912-ല്‍ അവിടെ നിന്നും ഡോക്ടര്‍ ബിരുദം നേടി.

ഔദ്യോഗിക ജീവിതത്തിന്റെ ആദ്യത്തെ അഞ്ചുവര്‍ഷം ഹൈസ്കൂളില്‍ ഗണിതശാസ്ത്ര അധ്യാപകനായി സേവനം അനുഷ്ഠിച്ചു. പിന്നീട് തത്ത്വശാസ്ത്ര അധ്യാപകനായി വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ ചേര്‍ന്ന ഇദ്ദേഹം ജീവിതകാലം മുഴുവനും അവിടെത്തന്നെയാണ് സേവനം അനുഷ്ഠിച്ചത്. വില്യം സേവറി (William Savery) ആയിരുന്നു തത്ത്വശാസ്ത്ര വിഭാഗത്തിന്റെ മേധാവി. ഗുത്രേയും സേവറിയും പിന്നീട് ആജീവനാന്ത സുഹൃത്തുക്കളായിത്തീര്‍ന്നു. 1918-ല്‍ ഗുത്രേ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി ഉയര്‍ത്തപ്പെട്ടു. 1919-ല്‍ ഇദ്ദേഹം അവിടെത്തന്നെ മനഃശാസ്ത്ര വിഭാഗത്തില്‍ ചേര്‍ന്നു; 1925-ല്‍ മനഃശാസ്ത്രത്തിന്റ അസോസിയേറ്റ് പ്രൊഫസര്‍ ആയും 1928-ല്‍ പ്രൊഫസറായും ഇദ്ദേഹം നിയമിതനായി.

മനഃശാസ്ത്രരംഗത്ത് മികച്ച സംഭാവന നല്കുന്ന വ്യക്തികള്‍ക്കായി അമേരിക്കന്‍ സൈക്കോളജിക്കല്‍ ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സ്വര്‍ണമെഡല്‍ നേടുന്ന രണ്ടാമത്തെ മനഃശാസ്ത്രജ്ഞന്‍ എന്ന ഖ്യാതിയും ഇദ്ദേഹത്തിനുണ്ട്. 1945-ല്‍ നെബ്രാസ്കാ സര്‍വകലാശാല എല്‍. എല്‍. ഡി ബിരുദം നല്കി ഇദ്ദേഹത്തെ ആദരിച്ചു. ഇതേവര്‍ഷം തന്നെ അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്റെ പ്രസിഡണ്ടായും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

1920-ല്‍ ഇദ്ദേഹം ഹെലന്‍ മാക്ഡൊണാള്‍ഡിനെ വിവാഹം കഴിച്ചു. ഗുത്രേയുടെ പ്രവര്‍ത്തനങ്ങളെ ഇവര്‍ കാര്യമായി സഹായിച്ചിരുന്നു. ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഇറ്റലി, ഹംഗറി, തുടങ്ങിയ രാജ്യങ്ങളില്‍ ഇദ്ദേഹം വ്യാപകമായ തോതില്‍ പര്യടനം നടത്തിയിരുന്നു. 1959-ല്‍ ഗുത്രേ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍