This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുണ്ടര്‍ട്ട് നിഘണ്ടു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുണ്ടര്‍ട്ട് നിഘണ്ടു

മലയാളത്തിലെ ആദ്യ നിഘണ്ടു. ജര്‍മന്‍ പാതിരി ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണ് ഇതിന്റെ കര്‍ത്താവ്. 1839-നും 1850-നും ഇടയ്ക്കാണ് ഇതിന്റെ രചന. ഒന്നാം പതിപ്പ് 1872-ല്‍ ബാസല്‍മിഷന്‍ ട്രസ്റ്റുകാര്‍ പ്രസിദ്ധീകരിച്ചു. 1962-ല്‍ രണ്ടാം പതിപ്പും പുറത്തിറങ്ങി (സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം). ശരിയായ പേര് എ മലയാളം ആന്‍ഡ് ഇംഗ്ലീഷ് ഡിക്ഷ്ണറി എന്നാണ്. ഡെമ്മി 1/8 സൈസില്‍ 1116 പേജാണ് ഗുണ്ടര്‍ട്ട് നിഘണ്ടുവിനുള്ളത്. മുഖവുരയും പ്രസാധകന്റെ കുറിപ്പും ഇംഗ്ലീഷിലാണ്.

ദ്രാവിഡ ഭാഷാപഠനത്തില്‍ ഈ നിഘണ്ടുവിനു ശ്രദ്ധേയമായ സ്ഥാനമുണ്ട്. ഇന്തോ-യൂറോപ്യന്‍ ഭാഷകളെപ്പറ്റിയുള്ള അറിവ് തീരെ പരിമിതമായിരുന്ന കാലഘട്ടത്തിലാണ് ഈ നിഘണ്ടുവിനു രൂപം കൊടുത്തത്. തെക്കന്‍ മലയാളത്തിനുവേണ്ടി വരാപ്പുഴ മിഷനറി ആശ്രമത്തിലെ മലയാളം-പോര്‍ച്ചുഗീസ്, പോര്‍ച്ചുഗീസ് - മലയാളം എന്നീ നിഘണ്ടുക്കള്‍, കോട്ടയത്തെ സി.എം.എസ്. പ്രസ്സിലെ പ്രസിദ്ധീകരണങ്ങള്‍ എന്നിവയാണ് പ്രമാണങ്ങളായെടുത്തത്. വടക്കന്‍ മലയാളം ഗുണ്ടര്‍ട്ട് തന്നെ കൈകാര്യം ചെയ്തു. വളരെ ശ്രദ്ധാപൂര്‍വം എല്ലാ കാര്യങ്ങളും വിശദമായി മനസ്സിലാക്കിയാണ് ഇതു തയ്യാറാക്കിയത്. സാധാരണ നിഘണ്ടുകള്‍ക്കില്ലാത്ത സവിശേഷതകള്‍ ഗുണ്ടര്‍ട്ട് നിഘണ്ടുവിനുണ്ട്. ശാസ്ത്രീയമായ അവലോകനം ഇതിന്റെ പ്രത്യേകതയാണ്. ഒരു പദത്തിന്റെ അര്‍ഥം പറയുന്നതിന് മുന്‍പ് അതിന്റെ മൂലധാതു ഏതാണെന്നും അതിന് ഏതെല്ലാം അര്‍ഥം വരാമെന്നും ഇംഗ്ലീഷിലും മലയാളത്തിലും വ്യക്തമാക്കുന്നു. ഉദാ. ആട്ടം: ATTAM (5) VN ആടുക,Moving,play,Dance,Comedy പാട്ടും ആട്ടവും തുടങ്ങി, ഒരാട്ടവും അനക്കവുമില്ല perfect Silence. ആട്ടം മുട്ടിയാല്‍ കൊട്ടത്തടത്തില്‍ (Poverb). ചിലപ്പോള്‍ മറ്റു ദ്രാവിഡ ഭഷകളില്‍ ഈ പദം ഏതേതു രൂപത്തില്‍ കാണുന്നുവെന്നും പറയുന്നു. മലയാളത്തില്‍ പിന്നീടുണ്ടായ ഒരു നിഘണ്ടുവിലും ഇത്തരത്തില്‍ വിശദമായ ഒരു രീതി സ്വീകരിച്ചിട്ടില്ല. ദേശീയമായ മറ്റു ഭാഷകളില്‍ നിന്നു മാത്രമല്ല പേര്‍ഷ്യന്‍, അറബി, പോര്‍ച്ചുഗീസ് തുടങ്ങിയ അന്യഭാഷകളില്‍നിന്നുപോലും മലയാളത്തില്‍ കടന്നു കൂടിയിട്ടുള്ള വാക്കുകളും ഗുണ്ടര്‍ട്ട് നിഘണ്ടുവിലുണ്ട്.

ബുദ്ധിയുടെയും പ്രയത്നത്തിന്റെയും പാരമ്യതയില്‍ നിന്ന് രൂപംകൊണ്ടതാണ് ഈ നിഘണ്ടു. ഗുണ്ടര്‍ട്ടിന്റെ നിഘണ്ടു മലയാളികള്‍ക്കുവേണ്ടിമാത്രമുള്ളതല്ല. ഇംഗ്ലീഷ് അറിയാവുന്ന ഒരു വിദേശീയന് മലയാളം എന്തെന്നറിയാനും ഇത് അവസരം നല്കുന്നു. ബഹുഭാഷാപണ്ഡിതനായ ഒരു വിദേശിക്ക് മലയാളം സ്വഭാഷയായിത്തീര്‍ന്നതിന്റെ സ്മാരകമാണ് ഗുണ്ടര്‍ട്ട് നിഘണ്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍